വീണ്ടുമൊരു ക്രിസ്തുമസ്

img6
Representative image. Photo Credit: thuronphoto/istockphoto.com
SHARE

"വർഷങ്ങളായി കോളം എഴുത്തുകയല്ലേ, ക്രിസ്‌മസ്  വരുമ്പോൾ എല്ലാക്കൊല്ലവും അതേ കുറിച്ചാണോ എഴുതാറുള്ളത്?" മിലിയുടെ കുസൃതി ചോദ്യം.

"ക്രിസ്‌മസ്‌ നെ കുറിച്ച് പലതവണ എഴുതിയിട്ടുണ്ട്. എന്നാലും എല്ലാക്കൊല്ലവും അതേക്കുറിച്ച് എഴുതാറില്ല." എന്റെ മറുപടി.

"എന്നാൽ ഇത്തവണ ക്രിസ്മസിനെക്കുറിച്ചു തന്നെ എഴുതൂ." കുട്ടി വീണ്ടും പറഞ്ഞു.

 ആഘോഷങ്ങളും ഉത്സവങ്ങളുമൊക്കെ എന്റെ ജീവിതത്തിൽ നിന്ന് മാഞ്ഞു പോയിട്ട് വർഷങ്ങളായി എന്നൊരിക്കൽക്കൂടി പറയട്ടെ. എന്നാലും എൻ്റെ മകൾ അവളുടെ കുട്ടികൾക്കു വേണ്ടി ആഘോഷങ്ങൾ ഒരുക്കുമ്പോൾ ഞാൻ മാറി നിൽക്കാറില്ല. മനസ്സിൽ ഓർമകളുടെ വർണങ്ങൾ ഇന്നും വിളറിപ്പോയിട്ടില്ല.

 "പഴയ ക്രിസ്‌മസ്‌ കാലങ്ങളെക്കുറിച്ചൊന്നു പറയൂ " പഴങ്കഥകൾ കേൾക്കാൻ കുട്ടികൾക്കെന്തിഷ്ടമാണ്. 

 ഏറ്റവും നല്ല ആഘോഷമാണ് ക്രിസ് മസ്  എന്ന് കുട്ടിക്കാലം മുതലേ എനിക്ക് തോന്നാറുണ്ട്. ഡിസംബർ, മഞ്ഞ്, തണുത്ത രാത്രികളും കുളിരുന്ന പ്രഭാതങ്ങളും, ഡിസംബർ ഫ്ലവേർസ് എന്ന് ഞങ്ങൾ വിളിക്കുന്ന വയലറ്റ് പൂക്കൾ, രാത്രികളിൽ അകലെ നിന്ന് കേട്ടു തുടങ്ങി അടുത്തെത്തുന്ന ക്രിസ്‌മസ്‌ കരോൾ, പ്ലം കേക്ക് ഇതൊക്കെയാണ് ഞങ്ങളുടെൺകുട്ടിക്കാല ഓർമകളിലെ ക്രിസ്മസ് ! 

ഇന്നത്തെപ്പോലെ അക്കാലത്ത് കടകളും തെരുവുകളും മുഴുവൻ ക്രിസ്മസ് അലങ്കാരങ്ങൾ കൊണ്ട് നിറയാറില്ല. കടകൾ തന്നെ അന്ന് കുറവാണ്. അതിൽ തന്നെ ചിലതിലേ നക്ഷത്രങ്ങളും പുൽക്കൂടിലും ക്രിസ്‌മസ് ട്രീയും മറ്റ് അലങ്കാരവസ്തുക്കളും ഉണ്ടാവാറുള്ളു.അതും വളരെ പരിമിതമായി. ക്രിസ്‌മസ് പരീക്ഷാകാലത്തു തന്നെ ഇതൊക്കെ വന്നു നിറയും. സ്കൂൾ വിട്ടു പോരുമ്പോൾ ഞാനും കൂട്ടുകാരികളും വഴിയരികിൽ അതൊക്കെ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. അന്ന് ക്രിസ്തീയ ഭവനങ്ങളിൽ മാത്രമേ നക്ഷത്രവിളക്കുകൾ തൂക്കിയിയിട്ട് അകത്തു ബൾബ് തെളിക്കാറുള്ളു. അയൽ പക്കത്തെ ഉമ്മറത്ത് തൂങ്ങുന്ന ആ ചുവന്ന നിറമുള്ള നക്ഷത്രം കൊതിയോടെ ഞങ്ങൾ നോക്കി നിന്നിട്ടുണ്ട്. ആ റോഡിൽ അന്ന് അത്തരം വീടുകൾ രണ്ടോ മൂന്നോ മാത്രമേയുള്ളു. ഞങ്ങളെപ്പോലെ കുറച്ചു മലയാളികൾ ഉണ്ടെങ്കിലും അന്ന് അതൊരു തമിഴ് തെരുവായിരുന്നു. (ഇപ്പോഴല്ല. പലരും മാറിപ്പോയി. പുതിയ വീടുകളും താമസക്കാരും വന്നു. വളരെ പ്രിയപ്പെട്ട ചിലർ വയസ്സായി മൺമറഞ്ഞു.). ഞങ്ങൾ ക്രിസ് മസ്‌ ആഘോഷിച്ചിരുന്നില്ല എന്ന് പറഞ്ഞു കൂടാ. നക്ഷത്രങ്ങളും പുൽക്കുടിലുമൊക്കെയുള്ള വീടുകളിൽ നിന്ന് വലിയ പാത്രങ്ങളിൽ എത്തുന്ന വിഭവങ്ങൾ ഞങ്ങളുടെ വീടുകളിലും ആഘോഷം നിറച്ചു. (അവിടെയൊക്കെ അക്കാലത്ത് അങ്ങനെയായിരുന്നു. ഓണത്തിന് അയൽ വീടുകളിൽ ഞങ്ങൾ പായസവും ഉപ്പേരികളുമൊക്കെ കൊടുക്കും. ദീപാവലിയുള്ളവർ ആ സമയത്ത് മധുരപലഹാരങ്ങൾ തരും. ക്രിസ് മസിന് ഇവരും തരും. എല്ലാ ആഘോഷങ്ങളും എല്ലാവരും പങ്കിടുന്ന രീതി ഞങ്ങൾ കോട്ടയത്ത് താമസിച്ചിരുന്ന ചുറ്റുപാടിലും ഉണ്ടായിരുന്നു. പക്ഷേ ഇവിടെ ഈ ഫ്ലാറ്റ് സമുച്ചയത്തിൽ അങ്ങനെ ഒരു പതിവ് ഇല്ല.)

ഞങ്ങളുടെ കൂട്ടുകാരായ കുറെ കുസൃതി ചെറുക്കന്മാർ വർണശബളമായ ക്രിസ്‌മസ് രാത്രി ആഘോഷങ്ങൾ കാണാൻ അവരുടെ കൂട്ടുകാരോടൊപ്പം പള്ളിയിൽ പോകും. പാതിരാ കുർബാന കൂടും. ഞങ്ങൾ പെൺകുട്ടികൾ അസൂയപ്പെടും. ഞങ്ങളെ വിടുകയില്ലല്ലോ. കുട്ടികളുടെ മനസ്സിൽ ജാതിമത വ്യത്യാസങ്ങളില്ലല്ലോ. ആഘോഷങ്ങളുടെ രസമല്ലേ അവർക്കു പ്രധാനം.

ഇന്ന് എല്ലായിടത്തും ആഘോഷങ്ങളുടെ പൊടിപൂരമല്ലേ? കടകളും റോഡുകളും അലങ്കാരവസ്തുക്കൾ കൊണ്ടു നിറയുന്നു.എന്തെല്ലാം ആകൃതികൾ, എത്രയോ വിഭിന്നതകൾ, ഏതെല്ലാം നിറങ്ങൾ. ആർഭാടങ്ങളുടെ വെടിക്കെട്ട്. അതൊക്കെ കാണുമ്പോൾ എനിക്ക് നേരിയ ഒരു നിരാശ തോന്നും. ശാന്തമായ, ഭക്തി നിർഭരമായ പ്രതീക്ഷയുടെ വെളിച്ചം പകരുന്ന ഒരാഘോഷമാണ് എന്റെ കുട്ടിക്കാല ഓർമകളിലെ ക്രിസ്‌മസ്‌! 

സ്കൂളുകളിലെ ക്രിസ്‌മസ്‌ സെലിബ്രേഷൻ, അതാണ് ഞങ്ങളുടെ ക്രിസ്‌മസ്‌. മിലിയും കൂട്ടുകാരും വിവരിച്ചു. പരീക്ഷ തീരുന്ന ദിവസമാവും മിക്കവാറും ആഘോഷം. ക്രിസ്‌മസ് എത്താനൊന്നും നിൽക്കണ്ട. എന്റെ കൊച്ചു കൂട്ടുകാർ പറയുന്നു. തമാശ അതൊന്നുമല്ല. വർഷങ്ങളായി സ്ഥിരം പരിപാടികളാണ് ആഡിറ്റോറിയത്തിൽ  അരങ്ങേറുന്നത്.. എൽ കെ ജി മുതൽ കാണുന്നതാണെങ്കിലും ഞങ്ങൾ ഉത്സാഹത്തോടെ കാണും. നിർബന്ധമായും ഒരു ക്രിസ്‌മസ് നാടകം, അതിൽ ജീസസും മേരിയും ജോസഫും ഉണ്ടാവും. പിന്നെ നരച്ച താടി വച്ച ആ രാജാക്കന്മാരും. മാതാവിന്റെ നീല ഉടുപ്പിനും വെള്ള ശിരോവസ്ത്രത്തിനും പോലും മാറ്റമുണ്ടാവില്ല. പക്ഷേ കൊല്ലം തോറും അഭിനേതാക്കൾ മാറും. ചിലപ്പോൾ ഒരു മാർഗം കളി. പിന്നെ തട്ട് പൊളിപ്പൻ പാട്ടുകൾ, ഡാൻസ് കൾ. കണ്ണും കാതും മനസ്സും നിറയും. സാന്താക്ലാസ് ഇല്ലാത്ത ക്രിസ്‌മസുണ്ടോ.? വേഷം കെട്ടി അദ്ദേഹവും എത്തും. പിന്നെയുള്ള ഡാൻസ് ആണ് ഡാൻസ്.സ്കൂളിലെ വാദ്യസംഗീതവൃന്ദം അമൃത സംഗീതം പൊഴിക്കും. കുട്ടികൾ മുഴുവൻ സ്വയം മറന്ന് തുള്ളിക്കളിക്കും. പരിപാടികൾ തീർന്ന് ജനഗണമന പാടി പുറത്തിറങ്ങുമ്പോഴാണ് അടുത്ത തമാശ. സ്കൂളിന്റെ വക ക്രിസ്മസ് കേക്ക് ! ഓരോ കുട്ടിക്കും പ്ലം കേക്കിന്റെ ഒരു ചെറിയ പീസ്. അത് കൊടുക്കുന്നത് വാതിൽക്കൽ വച്ചാണ്. പുറത്തേക്കിറങ്ങുന്നവർ കേക്ക് വാങ്ങി പോക്കോളണം. ടീച്ചേഴ്‌സോ ആയമാരോ കേക്ക് തുണ്ടുകൾ നിറച്ച ട്രേയുമായി വാതിലിനിരുപുറത്തും നിൽപ്പുണ്ടാവും. അവിടത്തെ ഒരു തള്ളും ഇടിയുമാണ് ഞങ്ങളുടെ ക്രിസ്‌മസ് പരിപാടിയുടെ ക്ലൈമാക്സ്.! ചിലർ പ്ലം കേക്ക് വേണ്ടാ എന്ന് മുഖം ചുളിക്കും. അത് തട്ടി പറിക്കാനുള്ള ബഹളമാണ് അടുത്ത തമാശ! പിന്നെ സന്തോഷത്തോടെ വീട്ടിലേയ്ക്ക്. അവധി തുടങ്ങുകയല്ലേ ? കുട്ടിക്കൂട്ടത്തോടൊപ്പം ഞാനും ചിരിച്ചു.

പണ്ടൊക്കെ  സ്കൂളടച്ചാൽ ഞങ്ങൾ പോകുന്നത് അമ്മവീട്ടിലേയ്ക്ക്.അല്ലെങ്കിൽ അച്ഛന്റെ തറവാട്ടിലേക്ക്. എല്ലായിടത്തും കസിൻ സഹോദരങ്ങളുമായി അടിച്ചു പൊളിക്കും അവധി കഴിഞ്ഞാൽ പിന്നെ വീട്ടിലേയ്ക്കു മടക്കം. ഇപ്പോൾ അങ്ങനെയാണോ? കേരളത്തിനകത്തുള്ള റിസോർട്ടുകൾ. പിന്നെ കേരളത്തിനു പുറത്തുള്ള സുഖവാസകേന്ദ്രങ്ങൾ. അതും കഴിഞ്ഞിപ്പോൾ വിദേശയാത്രകളാണ് അവധിക്കാലവിനോദങ്ങൾ. വീട്ടിലൊതുങ്ങിക്കൂടി ക്രിസ്‌മസ്‌ ആഘോഷിക്കുന്നതിൽ എന്ത് ത്രില്ലാനുള്ളത് എന്നാണ് കുട്ടികൾ മാത്രമല്ല, മുതിർന്നവരും ചോദിക്കുന്നത്. ആസ്ട്രേലിയായോ, സിംഗപ്പൂരോ, തായ്‌ലാൻഡോ ഒക്കെ ഒന്ന് സന്ദർശിച്ചു വന്നുകൂടെ എന്ന് അവർ നമ്മളോടും ചോദിച്ചേക്കും.  

എന്നാൽ പണ്ടത്തെപ്പോലെ ക്രിസ്‌മസ്‌ ആഘോഷിക്കുന്നവർ ഇപ്പോഴുമുണ്ട്. പഴയ വിശ്വാസങ്ങൾ സൂക്ഷിക്കുന്നവരാകാം. മേൽപ്പറഞ്ഞ യാത്രകളൊന്നും വിദൂര സ്വപ്നങ്ങളിൽ പോലും ഇല്ലാത്തവരാകാം.  സാമ്പത്തികമായും വെറും സാധാരണക്കാരാകാം.പള്ളിയിലെ ആഘോഷങ്ങൾ കഴിഞ്ഞെത്തിയാൽ വീട്ടിൽ വിഭവങ്ങളൊരുക്കി അയൽക്കാർക്കുകൂടി കൊടുത്ത് തൃപ്തരാകുന്നവർ. അങ്ങനെ ചില സുഹൃത്തുക്കൾ എനിക്കുണ്ട്. അവരെ കാണുമ്പൊൾ അവരോടൊപ്പം കൂടുമ്പോൾ  പഴയ കാലങ്ങൾ തിരിച്ചു വരികയാണോ എന്നെനിക്കു തോന്നാറുണ്ട്..

എങ്ങനെയായാലും സമാധാനത്തിന്റെ സന്ദേശമല്ലേ ക്രിസ്‌മസ്‌ !

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS