ഇണക്കങ്ങൾ പിണക്കങ്ങൾ

HIGHLIGHTS
  • പിണങ്ങിയാൽ ഇണങ്ങണം, എന്നാലേ ജീവിതം മുന്നോട്ടു പോകൂ, അതിനു കഴിയാത്തവരാണ് എന്നെന്നേയ്ക്കുമായി അകന്നു പോകുന്നത്
explorewithinfo-shuttershock-couple-sitting
Representative image. Photo Credit: explorewithinfo/Shutterstock.com
SHARE

ഇണക്കങ്ങളും പിണക്കങ്ങളും മനുഷ്യജീവിതത്തിൽ സാധാരണമാണ്. വലിയ പിണക്കങ്ങൾ, വാശികൾ, ഇണങ്ങാനാവാത്തവിധം അകന്നു പോകുന്ന മനസ്സുകൾ അതൊക്കെ നമ്മളെ നോവിക്കും. എന്നാൽ കൊച്ചുകൊച്ചു പിണക്കങ്ങളും പിന്നീടുള്ള ഇണക്കങ്ങളും നമ്മളെ വല്ലാതെ രസിപ്പിക്കും.

ഞങ്ങളുടെ സ്കൂൾ കാലങ്ങളിൽ ചെറിയ കാര്യങ്ങളിൽ പിണങ്ങി, പെൻസിൽ  ചോദിച്ചിട്ടു തന്നില്ല, നോട്ട്  ഒന്നു കോപ്പി ചെയ്യാൻ തരൂല്ല, നെല്ലിക്ക കൊണ്ട് വന്നിട്ട് എല്ലാവർക്കും കൊടുത്തു എനിക്ക് മാത്രം തന്നില്ല, എന്നൊക്കെ പറഞ്ഞ് പിണങ്ങി രണ്ടു മൂന്നു ദിവസം കൂട്ടുകാരികൾ തമ്മിൽ പിണങ്ങി നടക്കുന്നതും (പെൺ പള്ളിക്കൂടമായതു കൊണ്ട് വേറെ പിണക്കങ്ങൾക്കു സ്കോപ്പ് ഇല്ല) പിന്നീട് എന്തെങ്കിലും  പറഞ്ഞ് ഇണങ്ങിക്കൂടുന്നതും ഇപ്പോഴും ഇടയ്ക്ക് ഓർക്കാറുണ്ട്. അന്നത്തെ കൂട്ടുകാരിൽ ചിലർ(ഇന്നവർ അമ്മുമ്മമാരാണ്) ഫോണിൽ വിളിച്ചു സംസാരിക്കുമ്പോൾ ആ പഴയ കാര്യങ്ങൾ ഓർമ്മിച്ചു പറഞ്ഞ് ഞങ്ങൾ ചിരിക്കാറുണ്ട്. എത്ര സുന്ദരമായ കൊച്ചു പിണക്കങ്ങൾ! എത്ര മധുരമുള്ള ഇണക്കങ്ങൾ!

എന്റെ കുട്ടിക്കാല ഓർമ്മകളിൽ ഇന്നും നിറം മങ്ങാതെ നിൽക്കുന്നത് നവനീതയുടെയും അരവിന്ദിന്റെയും കൗമാരപ്രണയമാണ്. അവൾക്കന്ന്  പതിന്നാലോ പതിനഞ്ചോ പ്രായം. ഞങ്ങളുടെ പ്രീഡിഗ്രി കാലം. അവൻ എഞ്ചിനീറിംഗിന് ചേർന്നിരുന്നു. പിറന്നനാൾ തൊട്ടുള്ള പരിചയം കൗമാരത്തിൽ പ്രണയമായി മാറുന്നത് സാധാരണം. നവനീത പ്രണയത്തിൽ വളരെ സിൻസിയർ. അരവിന്ദ് അങ്ങനെയല്ല. എല്ലാ പയ്യന്മാരെയും പോലെ കൂട്ടുകാരോട് പറഞ്ഞു രസിക്കാൻ ഒരു പൈങ്കിളി കഥ! അന്ന് ഇന്നത്തെപ്പോലെയാണോ? പ്രണയത്തിനു തടസ്സങ്ങൾ ഉണ്ട്. ഒന്നു കാണാനോ സംസാരിക്കാനോ അവസരങ്ങൾ കുറവ്. വല്ലപ്പോഴുമുള്ള കത്തുകൾ. അതും വീട്ടുകാരുടെ കയ്യിൽ പെട്ടാൽ തീർന്നു. അരവിന്ദിന് വെറുമൊരു തമാശ മാത്രമാണെന്നു തോന്നിയപ്പോൾ നവനീത പിണങ്ങി. അവനും അവളോട് വഴക്കിട്ടു പോയി. ആ പ്രണയം അവിടെ അവസാനിച്ചു. വർഷങ്ങൾ കഴിഞ്ഞു. അവർ രണ്ടാളും വേറെ വിവാഹം കഴിച്ചു. ഇപ്പോൾ അൻപതിലേറെ വർഷങ്ങൾ കഴിഞ്ഞിട്ടും നവനീത പറയുന്നത് ഇന്നും അവളുടെ മനസ്സിൽ അവൻ മാത്രമേയുള്ളു എന്നാണ്. പക്ഷേ അവന് മറ്റേതൊരു പരിചയക്കാരിയേയും പോലെയേ ഉള്ളൂ അവൾ. എനിക്കത് പലപ്പോഴും ബോധ്യമായിട്ടുണ്ട്. നേരിയ നിരാശയോടെ ഞാൻ ചിന്തിക്കാറുണ്ട് - പെൺകുട്ടികൾ പ്രണയത്തിൽ ഇത്രയും ആഴത്തിൽ വീഴുന്നതെന്തിന്!

കോളേജിലെത്തിയിട്ടും ഞങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും സാധാരണമായിരുന്നു. പെൺകുട്ടികൾ മാത്രമുള്ള കോളേജ് ആയതിനാൽ അവിടെ പ്രണയപരിഭവങ്ങൾ ഇല്ലല്ലോ. എന്നാലും ചില പെൺകുട്ടികൾ തമ്മിലുള്ള അമിതമായ കൂട്ടുകെട്ടിന് 'പിരി' എന്നും 'അട്രാക്ഷൻ' എന്നുമൊക്കെ പേരുണ്ടായിരുന്നു. ഇന്ന് നമ്മൾ വളരെ കോമൺ ആയി കേൾക്കുന്ന സ്വവർഗാനുരാഗത്തിന്റെ ഒരു വേർഷൻ തന്നെയായിരുന്നു അത്. പരസ്പരം കത്തുകൾ കൈമാറുക, ഇന്റർവെൽ സമയങ്ങൾ മുഴുവൻ കൈകോർത്തു നടക്കുക, ഇതൊക്കെയാണ് പതിവ്. പ്രേമയും ഗംഗയും തമ്മിൽ ഇത്തരം ഒരു ഇഷ്ടമായിരുന്നു. പ്രേമ ഞങ്ങളെക്കാൾ സീനിയർ ആണ്. അതുകൊണ്ട് അവൾക്കൊരു കാമുകന്റെ റോൾ ആണ്. പ്രേമ ആരെയെങ്കിലും ഒന്ന് നോക്കിയാൽ മതി ഗംഗ പിണങ്ങും. പിന്നെ ഒന്ന് ഇണക്കാൻ പ്രേമ പെടുന്നപാട്. കോളേജ് കഴിഞ്ഞ് അവരൊക്കെ പലവഴിക്ക് പോയി. പിന്നെ കണ്ടിട്ടുണ്ടോ, കോൺടാക്ട് ഉണ്ടായിരുന്നോ ഒന്നുമറിയില്ല.

മിക്സഡ് കോളേജിൽ പഠിക്കാൻ ചെന്നപ്പോൾ അവിടെ പിന്നെ പ്രണയങ്ങളുടെ പൊടി പൂരമല്ലേ? അവിടെയാണ് പ്രിയയെയും മുരളിയെയും ഞാൻ പരിചയപ്പെടുന്നത്. 'മെയ്‌ഡ്‌ ഫോർ ഈച്ച് അദർ' എന്ന ചൊല്ല് അന്വർഥമാക്കാൻ പോന്ന രണ്ടുപേർ. ഇടയ്ക്ക് അവർ തമ്മിൽ പിണങ്ങും. വല്ലാത്ത വാശിയാണ് പ്രിയയ്ക്ക്. രണ്ടാളുടെയും സങ്കടം കണ്ട്‌, പിണക്കം തീർക്കാൻ ഞങ്ങൾ കൂട്ടുകാർ ശ്രമിച്ച്, പരാജയപ്പെട്ട്, പിൻവാങ്ങും. മുരളി രണ്ടു മൂന്നുദിവസം ഷേവ് ചെയ്യാതെ നടക്കും. അവന്റെ മുഖത്തെ വിഷാദഭാവം പ്രിയയെ വിഷമിപ്പിക്കും. വാശി വിട്ട് അവൾ തന്നെ 'സോറി സോറി' എന്നു  പറഞ്ഞ് അവന്റെ മേൽ ചെന്നു വീഴും. ഞങ്ങൾ കൂട്ടുകാർ പോലും കോരിത്തരിക്കും. അത്ഭുതമെന്നു പറയട്ടെ. തൊട്ടതിനും പിടിച്ചതിനുമൊക്കെ പിണങ്ങുകയും പിന്നെ ഇണങ്ങുകയും ചെയ്തിരുന്ന അവരുടെ പ്രണയം വിവാഹത്തിലെത്തുക തന്നെ ചെയ്തു. ഏഴെട്ടു വർഷം അവർ കാത്തിരുന്നു . പഠിത്തം കഴിഞ്ഞ് രണ്ടാൾക്കും ജോലിയായിട്ടായിരുന്നു വിവാഹം. കുറേനാൾ കഴിഞ്ഞു കണ്ടപ്പോൾ മുരളി പറഞ്ഞു .'പിണക്കത്തിനും ഇണക്കത്തിനും ഇപ്പോഴും കുറവില്ല'. 'പ്രണയത്തിനും കുറവ് വന്നിട്ടില്ല.' പ്രിയയും പറഞ്ഞു.  

കാലം ഏറെ കഴിഞ്ഞു. ഞാൻ ഒരു ചെറിയ ഓഫീസിന്റെ തലൈവി ആയിരുന്ന കാലത്ത് ജൂനിയർ ആയി കുറെപ്പേരുണ്ടായിരുന്നു. ഒരു ക്രിസ്മസ് ആഘോഷത്തിന് ഞങ്ങൾ ഒരു ഡ്രസ്സ് കോഡ് വച്ചു. അന്ന് അതൊന്നും പതിവില്ല. ഞങ്ങൾ ഇത്തിരി പരിഷ്ക്കാരികളുടെ പ്ലാൻ ആയിരുന്നു അത്. 'ചുവപ്പും വെള്ളയും.' അതല്ലേ ക്രിസ്മസിന്റെ കളർ. 'എനിക്ക് ചുവപ്പു സാരിയില്ല.' 'എനിക്കുമില്ല.' വീണയും മീനയും എന്റെ മുന്നിലെത്തി. അടുത്ത കൂട്ടുകാരാണവർ. 'വേണമെങ്കിൽ വാങ്ങാം.' 'വേണ്ട. ഉള്ളത് ഉടുക്കാം'. അവർ തന്നെ തീരുമാനത്തിലെത്തി. ഞാൻ ഒന്നും മിണ്ടിയില്ല. പിറ്റേന്നതാ  പുതിയ ചുവപ്പു സാരിയുടുത്ത്  വീണ! മീനയുടെ മുഖം മങ്ങി. 'മാഡം ഞാനിനി അവളോട് മിണ്ടില്ല.' മീന പരാതിയുമായി വന്നു. ഇന്നലെ വാങ്ങുന്നില്ല എന്ന് പറഞ്ഞിട്ട് അവൾ പോയി വാങ്ങിയിരിക്കുന്നു. എന്നോടു  പറഞ്ഞെങ്കിൽ ഞാനും വാങ്ങിയേനെ. ഞാൻ ചിരിച്ചു. 'രാത്രിയായിപ്പോയി മാഡം. അതാ വിളിച്ചു പറയാഞ്ഞത്. വാങ്ങണമെന്ന് വിചാരിച്ചതല്ല. അങ്ങേര് വാങ്ങിക്കോളാൻ പറഞ്ഞു.' വീണയുമെത്തി. മുപ്പത്തഞ്ചും നാല്പതുമൊക്കെ വയസ്സായ പെണ്ണുങ്ങളാണ് ഇങ്ങനെ പിണങ്ങുന്നത്. ''ആട്ടെ ഏതു ക്ലാസ്സിലാ പഠിക്കുന്നത്?" എന്നു ചോദിച്ച് ഞാൻ വീണ്ടും ചിരിച്ചു. ഒപ്പം അവരും.       

ഇതെല്ലാം പറയുമ്പോൾ ഞാൻ എന്റെ അച്ഛനെയും അമ്മയെയും ഓർക്കുന്നു. ഏതാണ്ട് അറുപതു വർഷം അവർ ഒന്നിച്ചു ജീവിച്ചു. അവർ പിണങ്ങാത്ത ഒരു ദിവസം പോലും എന്റെ ഓർമ്മയിൽ ഇല്ല. വഴക്കിടുന്നതു കണ്ടാൽ തോന്നും ജീവിതത്തിൽ ഇനി യോജിക്കില്ലെന്ന്. ഓ വെറുതെ. കുറച്ചു സമയത്തേക്കേ ഉള്ളൂ. വൈകുന്നേരം രണ്ടുപേരും ഒരുങ്ങി സന്തോഷത്തോടെ പുറത്തു പോകുന്നതു കാണാം. ഷോപ്പിങ്ങിന് അല്ലെങ്കിൽ സിനിമയ്ക്ക് അല്ലെങ്കിൽ അപ്പച്ചിയെയോ കുഞ്ഞമ്മയെയോ സന്ദർശിക്കാൻ. ഞങ്ങൾ കുട്ടികൾക്ക് ഇത് ശീലമായതിനാൽ അച്ഛനമ്മമാരുടെ പിണക്കവും ഇണക്കവും ഞങ്ങൾ മൈൻഡ് ചെയ്യാറില്ല. അച്ഛൻ മരിച്ചു കഴിഞ്ഞ് നാലു വർഷം കൂടി അമ്മ ജീവിച്ചു. അമ്മ ഇടയ്ക്കിടെ എന്നോട് പറയും. 'എനിക്ക് ഒരു കൂട്ടുണ്ടായിരുന്നത് പോയി.' ഞാൻ ചിരിക്കും. 'പിണങ്ങാനും വഴക്കടിക്കാനും പിന്നെ ഇണങ്ങാനും ആളില്ലാതായി അല്ലെ?' ഞാൻ ചോദിക്കും. അമ്മയും ചിരിക്കും പിന്നെ പറയും.

'പിണങ്ങിയാൽ ഇണങ്ങണം. എന്നാലേ  ജീവിതം മുന്നോട്ടു പോകൂ. അതിനു കഴിയാത്തവരാണ് എന്നെന്നേയ്ക്കുമായി അകന്നു പോകുന്നത്.' ഞാനും അതു തന്നെ പറയുന്നു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS