മുന്നോട്ടു മുന്നോട്ട്

cherdchai chawienghong-shutterstock-rose
Representative image. Photo Credit: cherdchai chawienghong/Shutterstock.com
SHARE

എന്തു  തന്നെ സംഭവിച്ചാലും കാലത്തിന് മുന്നോട്ട് ചലിച്ചേ പറ്റൂ. ആര് തന്നെ ഇല്ലാതായാലും   ജീവിതം തുടര്‍ന്നേ തീരൂ. ഒഴിച്ചു കൂടാന്‍ പാടില്ലാത്തതായി ആരും തന്നെ ഈ ലോകത്തില്‍ ഇല്ല. (Nobody is indispensable in this world) എന്നല്ലേ ചൊല്ല്! എത്ര വലിയ ദുരന്തം ഉണ്ടായാലും പിറ്റേന്ന് സൂര്യന്‍ പതിവുപോലെ കിഴക്കുദിക്കും. പതിവു തെറ്റിക്കാതെ പടിഞ്ഞാറ് അസ്തമിക്കും. വേനലും വര്‍ഷവും വസന്തവും മാറിമാറി വന്നു പോകും.

ഇത്രയും എഴുതിയത്,   ഏറ്റവും കഠിനമായ ഒരു ദുരിതകാലത്തിലൂടെ ഞാന്‍ കടന്നു പോവുകയായിരുന്നു എന്നും അത് കൊണ്ട് 'കഥയില്ലായ്മകള്‍ ' എഴുതാന്‍ കഴിഞ്ഞില്ല എന്നും പറയാനാണ്.

ജീവിതവുമായി പതിനൊന്നു വര്‍ഷത്തെ പോരാട്ടത്തിനു ശേഷം, ഒരു അപകടത്തെ തുടര്‍ന്ന് 2013 ജനുവരി 5 മുതല്‍ കിടപ്പിലായിരുന്ന എന്റെ മകന്‍ സൂരജ് വേദനകളില്ലാത്ത ഒരു ലോകത്തേയ്ക്ക് ഈ ജനുവരി 8ന് യാത്രയായി. ഈ കഴിഞ്ഞ വര്‍ഷങ്ങള്‍ അത്രയും ഒപ്പം നിന്ന് അവനെ ശുശ്രൂഷിച്ചിട്ടും പല ആശുപത്രികളില്‍ കൊണ്ടുപോയിട്ടും ലക്ഷക്കണക്കിന്‌ പണം ചെലവഴിച്ചിട്ടും എനിക്കവനെ രക്ഷിക്കാനായില്ല. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ അവനെ ഈശ്വരന്‍ ഏറ്റുവാങ്ങണേ എന്ന് ഹൃദയമുരുകി ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. എങ്കിലും അമ്മയല്ലേ, അവന്റെ നഷ്ടം എനിക്കു താങ്ങാനായില്ല. 

തുടര്‍ന്ന് എനിക്ക്  ഗൗരവതരമായ ഒരു ഹൃദയാഘാതമുണ്ടായി. ആശുപത്രി, ആന്‍ജിയോപ്ലാസ്റ്റി, ഐ സി യു, ആശുപത്രിവാസം, പിന്നെ വീട്ടില്‍ വിശ്രമം. അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി. എന്റെ ജീവിതത്തില്‍ വീണ്ടും തീവ്ര പരീക്ഷണങ്ങളുടെ കാലം. ഒന്നും ചെയ്യാനാവാത്ത അവസ്ഥയില്‍  എഴുതുന്നതെങ്ങിനെ?

വര്‍ഷങ്ങള്‍ക്കു മുന്‍പ്, എന്റെ മകന് അപകടം സംഭവിച്ച സമയത്ത് , ഇ തു പോലൊരു മാനസികാവസ്ഥയില്‍ ഞാനെത്തിയപ്പോള്‍ കുറേനാള്‍ എഴുതാനായില്ല. 'കോളം' മുടങ്ങി. എന്റെ കഥയില്ലായ് മകള്‍' താത്പര്യത്തോടെ വായിച്ചിരുന്ന പ്രിയപ്പെട്ട വായനക്കാര്‍ (അവരില്‍ പലരും എനിക്കു പതിവായി മെയിലുകളും മെസ്സേജുകളും അയയ്ക്കുന്നവരും ഫോണില്‍ വിളിക്കുന്നവരുമായിരുന്നു.) എന്നെ നിരന്തരം ആശ്വസിപ്പിക്കുന്നതിനൊപ്പം വീണ്ടും എഴുതിത്തുടങ്ങാന്‍ എന്നെ നിര്‍ബന്ധിക്കുകയും ചെയ്തു കൊണ്ടിരുന്നു. പക്ഷേ എഴുതാനായില്ല.

ആ സമയത്ത് 'സമകാലിക മലയാളം' വാരികയിലുണ്ടായിരുന്ന ഒരു സുഹൃത്ത് വിളിച്ചു ചോദിച്ചു. "ചേച്ചീ മകനെപ്പറ്റി ഒന്നെഴുതുമോ?"

അതിന് ഏറെനാള്‍  മുന്‍പ്  ഞാന്‍ എന്റെ കാന്‍സര്‍ അനുഭവങ്ങള്‍ മലയാളം വാരികയില്‍ എഴുതിയിരുന്നു. അത് പിന്നീട് 'സാന്ത്വന സ്പര്‍ശങ്ങള്‍' എന്ന പേരില്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു. ആ പരിചയം വച്ചാവാം സുഹൃത്ത് ആ ചോദ്യം ചോദിച്ചത്.

"മകനെപ്പറ്റി എഴുതാനൊന്നും വയ്യ. പക്ഷേ മനസ്സിന്‍റെ സങ്കടം മുഴുവന്‍ ഞാനിവിടെ കുത്തിക്കുറിക്കാറുണ്ട് . അത് ഒന്ന് നോക്കൂ ." എന്ന് പറഞ്ഞ് ആ കടലാസ്സുകള്‍ തെറ്റ് തിരുത്താതെ,  ഒന്ന് കൂടി വായിച്ചു പോലും നോക്കാതെ ഞാനെടുത്തു കൊടുത്തു. ആ സുഹൃത്ത് അത് ഭംഗിയായി എഡിറ്റ്‌ ചെയ്ത് 'അമൃതമായ് അഭയമായ്‌' എന്ന പേരില്‍ അത്യന്തം ഹൃദയസ്പര്‍ശിയായ ഒരു ലേഖനമായി ആ വാരികയില്‍ പ്രസിദ്ധീകരിച്ചു. 

വീണ്ടും എഴുതാമെന്ന് തോന്നി. പേപ്പറില്‍ പേന തൊട്ടപ്പോഴൊക്കെ ഒഴുകിയത് സങ്കടങ്ങള്‍ മാത്രമായിരുന്നു.  പിന്നെപ്പിന്നെ 'കോളം' സ്റ്റൈലിലായി.

ഇപ്പോഴും വായനക്കാര്‍ തന്നെയാണ് എന്റെ പ്രധാന പ്രേരക ശക്തി. 'എഴുതൂ എഴുതൂ... അതിലും വലിയ ഒരാശ്വാസം ഒരെഴുത്തുകാരിക്ക് കിട്ടാനില്ല. ഈ ദുഃഖത്തില്‍ നിന്ന് കരകയറാന്‍ അതേയുള്ളൂ വഴി.' എന്നെന്നെ ബോധവല്‍ക്കരിക്കുന്നവര്‍.  അല്ലെങ്കില്‍ തന്നെ എഴുതുന്ന എതൊരാളിന്റെയും ശക്തി വായനക്കാര്‍ തന്നെയല്ലേ? വായനക്കാരില്ലെങ്കില്‍ എഴുത്തുകാരുണ്ടോ?   

അപ്പോള്‍ പറഞ്ഞു വന്നത്, ഞാന്‍ വീണ്ടും എഴുതിത്തുടങ്ങുന്നു. 'കഥയില്ലായ്മകള്‍' മുടങ്ങാതെ എഴുതും. വീണ്ടും നല്ല കഥകള്‍ എഴുതാന്‍ ശ്രമിക്കും. പഴയതു പോലെ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേയ്ക്ക്  വിവര്‍ത്തനങ്ങള്‍ ചെയ്യും. 

ഈശ്വരന്‍ അനുഗ്രഹിച്ചു തന്ന ഈ ജീവിതം ജീവിച്ചു തന്നെ തീര്‍ക്കണമല്ലോ.! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA