വിശ്വസങ്ങളെപ്പറ്റി വീണ്ടും

woman-perchance
Photo Credit: Representative image credited using Perchance AI Image Generator
SHARE

വിചിത്രമായ ചില വിശ്വാസങ്ങളിൽ അധിഷ്ഠിതമായ എന്റെ ചിന്തകൾ ഞാനീ പംക്തിയിലൂടെ വായനക്കാരുമായി പലതവണ പങ്കിട്ടിട്ടുണ്ട്. എങ്ങും നിറഞ്ഞവനാണ് ഈശ്വരൻ എന്ന് വിശ്വസിക്കുന്നതു കൊണ്ട് അമ്പലവും പള്ളിയും മോസ്‌കും എല്ലാം എനിക്ക് ഒരു പോലെ. പ്രവേശനം ലഭിക്കുമെന്നുള്ള ദേവാലയങ്ങളിൽ എല്ലാം തന്നെ ഞാൻ അപൂർവമായെങ്കിലും കയറി തൊഴാറുണ്ട്. അത് ഭക്തിയെക്കാൾ കൂടുതൽ കൗതുകമാണെന്ന് പറയാതെ വയ്യ. അമ്പലത്തിൽ പോലും നിത്യ സന്ദർശകയല്ലാത്ത ഞാൻ ദേവാലയങ്ങളിലെ ശിൽപ ഭംഗിയും  കൊത്തുപണികളും അവയുടെ പഴമയും എന്തിനു വിഗ്രഹങ്ങളുടെ സൗന്ദര്യം പോലും ആസ്വദിക്കാറുണ്ട്.

"ദേവി ചേച്ചി വരുന്നോ നമുക്ക് വല്ലാർ പാടത്തു പോകാം." അമ്മിണി ചോദിച്ചപ്പോൾ, "അതിനെന്താ പോകാമല്ലോ.' ഞാൻ ആ കൂട്ടുകാരിയോടൊപ്പം പോയി. ഒരുപാടു കഥകളും ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഉറങ്ങുന്ന ആ ദേവാലയം ഒന്ന് കാണണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അമ്മിണി തൊഴുതു പ്രാർഥിച്ചത് പോലെ ഞാനും നിന്നു.

കോട്ടയത്തെ താമസക്കാലത്ത് കൂട്ടുകാരോടൊപ്പം പോകാത്ത അമ്പലങ്ങളില്ല, പള്ളികളുമില്ല. പള്ളികളിൽ മിക്കവാറും പോകുന്നത് മനസ്സമ്മതങ്ങൾക്കും ,വിവാഹങ്ങൾക്കും മാമോദീസകൾക്കുമൊക്കെയാണ്. അവിടത്തെ ചടങ്ങുകൾ, ഗായകസംഘത്തിന്റെ മനോഹരമായ പാട്ടുകൾ ഭക്തി നിർഭരമായ അന്തരീക്ഷം ഇതൊക്കെ എന്നെ വളരെ ആകർഷിക്കാറുണ്ട്. 

കൂടാതെ കൂട്ടുകാരുമൊത്ത് നടന്നു വരുമ്പോൾ 'ഒന്ന് പള്ളയിൽ കയറട്ടെ ' എന്ന് അവരിലൊരാൾ പറഞ്ഞാൽ 'ഞാനും വരാം' എന്നു  പറഞ്ഞ് ഞാനും കൂടെ ചെല്ലും. മുട്ടു കുത്തി നിൽക്കാൻ  എനിക്കാവില്ല. ആരോഗ്യപ്രശ്നങ്ങളുണ്ട്. പിന്നെ ശീലവുമില്ലല്ലോ. വൃദ്ധർക്കായി ഇട്ടിരിക്കുന്ന ബഞ്ചുകളിൽ ഒന്നിൽ കണ്ണടച്ചിരുന്ന് ഞാൻ ധ്യാനിക്കും. ജീസസ് എനിക്കും പ്രിയപ്പെട്ടവൻ തന്നെ.

അമ്പലങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രദക്ഷിണം വയ്ക്കാൻ എന്റെ പാദങ്ങൾ അനുവദിക്കാത്തതു  കൊണ്ട് നടയ്ക്കൽ നിന്ന് കാര്യം പറയുക എന്നതാണ് എന്റെ രീതി. കൂടെയുള്ളവർ അമ്പലത്തിനു ചുറ്റുമൊക്കെ നടന്നു തൊഴുതു വരും വരെ ഞാനവിടെ നിൽക്കും. പൂജകൾക്ക് മുന്നേ അമ്പലം തുറക്കുമ്പോൾ ആളും ബഹളവുമുണ്ടാകില്ല. 'അകത്തു ദേവിയും  പുറത്തു ദാസിയും', അല്ലെങ്കിൽ 'അകത്തു കൃഷ്ണനും പുറത്തു ഗോപികയും', 'അകത്തു ശിവനും പുറത്തു ഭകതയും', അതാണ് എന്റെ ചിന്ത!

ഇതെല്ലാം പറയുമ്പോൾ രണ്ടു തമാശക്കഥകൾ ഓർമ്മ വരുന്നു. 

ചില വൈകുന്നേരങ്ങളിൽ മരിയ എന്ന കൂട്ടുകാരിയോടൊപ്പം ഓഫീസു വിട്ടു വരുമ്പോൾ  ഞാൻ അവരുടെ പള്ളിയിൽ കയറാറുണ്ടായിരുന്നു.  തികച്ചും സൗമ്യവും ശാന്തവുമായ പള്ളി. ഒരു സായാഹ്നത്തിൽ ഓഫീസ് ബസിൽ നിന്ന് ടൗണിൽ ഇറങ്ങിയപ്പോൾ ഞാൻ മരിയയോട് പറഞ്ഞു.  

''എനിക്ക് തിരുനക്കര അമ്പലത്തിൽ കയറണം.'' 

''ഞാനും വരുന്നു. ഞാൻ ഈ അമ്പലം കണ്ടിട്ടിട്ടില്ല. ചില അമ്പലങ്ങളിൽ പോയിട്ടുണ്ട്.'' മരിയ പറഞ്ഞു.

അങ്ങനെ ഞങ്ങൾ പടിക്കെട്ടുകൾ കയറി അമ്പലത്തിൽ പ്രവേശിച്ചു. ശ്രീകോവിലിനു മുന്നിൽ  ഞാൻ ശിവനെ കണ്ട് തൊഴുതു പ്രാർത്ഥിച്ചിട്ടു തിരിഞ്ഞു നോക്കുമ്പോൾ എന്റെ സ്നേഹിത കൈകെട്ടി നിൽക്കുന്നു. 'ഹിന്ദു ദൈവങ്ങളെ ഒന്നും ഞാൻ തൊഴുകയില്ല. ഞാൻ ഞങ്ങളുടെ ദൈവങ്ങളെയെ നമിക്കുകയുള്ളൂ' എന്നൊരു ഭാവം മുഖത്ത്. ഞാൻ നടുങ്ങി. വേറെ ആരെങ്കിലും കണ്ടാൽ പോരേ പൂരം? അഹിന്ദുക്കൾക്കു പ്രവേശനമില്ല എന്നെഴുതി വച്ചാൽ അത് കാര്യമാക്കേണ്ട. എന്നാൽ അവിശ്വാസികളെ പ്രവേശിപ്പിക്കുന്നതിനോട് എനിക്കും യോജിപ്പില്ല. പൂജാരി എന്നെ തറപ്പിച്ച്  ഒന്നു നോക്കി (ഒരു പക്ഷേ എനിക്ക് തോന്നിയതാവും) ഞാൻ മരിയയെയും കൂട്ടി പെട്ടെന്ന് പുറത്തിറങ്ങി.

ഞങ്ങളുടെ ചില കൂട്ടുകാർ അമ്പലത്തിലെ പായസം, അരവണ, പൊങ്കൽ എന്നു വേണ്ട വീട്ടിൽ പൂജ വച്ചതിന്റെ അവിലും മലരും പോലും കഴിക്കില്ല. അത് അവരുടെ വിശ്വാസം. ഞാൻ നിർബന്ധിക്കാറില്ല. അതേസമയം അമ്പലത്തിലെ ഉത്സവത്തിനു വന്ന് സദ്യ കഴിക്കുന്ന അന്യമതസ്ഥരായ സുഹൃത്തുക്കൾ എനിക്കുണ്ട്. പള്ളികളിലെ നേർച്ച സദ്യകഴിക്കാൻ ഞങ്ങൾ കൂട്ടുകാരെല്ലാവരും പോകാറുണ്ട്.

''മോസ്കിൽ കേറ്റാഞ്ഞിട്ടാ അല്ലെങ്കിൽ ഇവർ അവിടെയും കേറിയേനെ" എന്ന് ഞങ്ങളെ കളിയാക്കുന്നവരോട് ഞാൻ പറയും. 

''ഭക്ഷണത്തിലെന്താണ് ജാതിയും മതവും? ദൈവങ്ങളല്ല ഭക്ഷണമുണ്ടാക്കുന്നത്. നമ്മളെപ്പോലെ സാധാരണ മനുഷ്യർ. ഹോട്ടലിൽ  തിന്നുമ്പോൾ പാചകം ചെയ്യുന്നവരുടെ ജാതി നോക്കാറുണ്ടോ?" (പിന്നെ ഇതെല്ലം ഓരോ വിശ്വാസങ്ങളല്ലേ? നമുക്കെന്തു പറയാനാവും.)

ഇനി മറ്റൊരു കഥ !

കീമോതെറാപ്പിയെടുത്ത് മുടികൊഴിഞ്ഞ് വിരൂപയായിരുന്ന സമയത്ത് (2006 -07) ഞാൻ മൊട്ടത്തലയിൽ ഒരു സ്കാർഫ് കെട്ടിയാണ് നടന്നിരുന്നത്. വീടിനു തൊട്ടടുത്ത മുത്തുമാരിയമ്മൻ കോവിലിൽ ഞാൻ തൊഴുതു നിൽക്കുമ്പോൾ കുറെ സ്ത്രീകൾ വന്നു കയറി.  ദൂരെ എവിടെയോ നിന്ന് വന്നതാണെന്നു തോന്നി. അമ്പലവുമായി എന്തോ ബന്ധമുള്ളവരാകാം. തമിഴരാണ്. അവരുടെ വക അന്നെന്തോ പ്രത്യേക പൂജകളുണ്ടെന്നു തോന്നി. പെട്ടെന്ന് തൊഴുതു മടങ്ങിയേക്കാം എന്ന് കരുതി ഞാൻ നടയ്ക്കു മുന്നിൽ  പ്രാർത്ഥിച്ചു നിന്നു. അപ്പോൾ പിന്നിൽ ഒരു പിറുപിറുപ്പ്. ഇതാരാണ്? എന്താണ് തല മറച്ചിരിക്കുന്നത്? എന്ത് മതക്കാരിയാണ്? അമ്പലത്തിൽ കേറാൻ അനുവദിച്ചോ? ഞാൻ മെല്ലെ തിരിഞ്ഞു നോക്കി. അപ്പോഴേയ്ക്കും ക്ഷേത്രം കാര്യസ്ഥൻ പെട്ടന്ന് വന്നു പറഞ്ഞു. 

''അയ്യോ ഇത് ഇവിടെ അടുത്ത് താമസിക്കുന്ന ജാനകിയമ്മയുടെ മകളാണ്. അന്യ ജാതിയൊന്നുമല്ല." അപ്പോഴാണ് അവർ എന്നെ ശ്രദ്ധിക്കുന്നത്. സുഖമില്ല എന്നും വല്ലാതെ അവശയാണെന്നും മനസ്സിലായോ ആവോ അതോ അയാൾ തന്നെ പറഞ്ഞു കൊടുത്തോ, അവർ എന്നെ നോക്കി ഇളിഭ്യച്ചിരി ചിരിച്ചു. ചിരിച്ചു കൊണ്ടു തന്നെ ഞാൻ പറഞ്ഞു.

''എന്നും വരുന്നതാണിവിടെ. ജനിച്ചനാൾ മുതൽ എന്നെ കാണുന്നതല്ലേ? മുത്തുമാരി അമ്മയ്ക്ക് എന്നെ അറിയാം."

അപ്പോൾ സ്നേഹത്തോടെ ആ സ്ത്രീകളും ചിരിച്ചു. അവരുടെ പൂജ കഴിഞ്ഞിട്ട് പ്രസാദം വാങ്ങിയേ പോകാവൂ എന്നും എല്ലാ അസുഖവും മാറുമെന്നും അവരിൽ മുതിർന്നവർ എന്നെ അനുഗ്രഹിച്ചു പറഞ്ഞു.

ദേവാലയം ഏതായാലെന്താ? അതിനുള്ളിലെ പ്രതിഷ്ഠ ഏതു ദൈവമായാലെന്താ? നമ്മൾ വണങ്ങുന്നത് സാക്ഷാൽ ഈശ്വരനെയല്ലേ? ചിതാനന്ദൻ, ചിന്മയൻ, ചിരന്തനൻ!                   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA