വാടകയ്ക്കൊരു ഹൃദയം (വീട്)

1454860136
Representative image. Photo Credit: Jorm Sangsorn/istockphoto.com
SHARE

ഹൃദയസ്പർശിയായ ഒരു പഴയ ചലച്ചിത്രത്തിന്റെ പേരാണിത്. പക്ഷേ എനിക്ക് പറയാനുള്ളത് ഹൃദയം വാടകയ്ക്കു കൊടുത്ത കഥയല്ല. എന്റെ വീട് വാടകയ്ക്ക് കൊടുത്ത കഥയാണ്. ഭീകരമായ ഒരു നഷ്ടത്തിന്റെയും ചതി യുടെയും കഥ!

കോട്ടയത്തെ എന്റെ വീട് 2005 മുതൽ  ഞാൻ വിൽക്കാൻ ശ്ര   മിച്ചിരുന്നു. ഓരോ തടസ്സങ്ങൾ വന്നിട്ട് വിൽപ്പന നടന്നില്ല. അങ്ങനെ ആ  രണ്ടു നില വീട് ഞാൻ മുകളിലും താഴെയുമായി രണ്ടു ഫാമിലിക്ക് വാടകയ്ക്കു കൊടുത്തു. ഇടയ്ക്കിടെ വാടകക്കാർ മാറിമാറി വന്നെങ്കിലും ഒടുവിൽ രണ്ടു കൂട്ടർ ദീർഘകാലം താമസിച്ചു. ഇരുകൂട്ടരും വളരെ നല്ലവർ. ഓരോ വർഷവും എഗ്രിമെന്റ് പുതുക്കും. ഞാൻ ചോദിക്കാതെ തന്നെ അവർ കഴിയും പോലെ വാടക കൂട്ടി തന്നു. എനിക്ക് അടിക്കടി അങ്ങോട്ടു ചെല്ലാൻ പറ്റാത്ത സാഹചര്യത്തിൽ അല്ലറ ചില്ലറ റിപ്പയറുകൾ അവർ തന്നെ ചെയ്യിക്കുകയും ചിലവായ തുക വാടകയിൽ കുറവ് ചെയ്തിട്ടു ബാക്കിയും കണക്കും കൃത്യമായി എനിക്കയച്ച തരികയും ചെയ്തു പോന്നു. അങ്ങനെ സുഖകരമായി വർഷങ്ങൾ കടന്നു പോകെ താഴത്തെ നിലയിൽ താമസിച്ചവർ വീടൊഴിഞ്ഞു പോയി.

വീട് ആകെ മോശമായി. അത് പണിഞ്ഞ ആർക്കിട്ക്ട് നെ ക്കൊണ്ടു തന്നെ ഒന്ന്  പണി ചെയ്യിച്ച് ഭംഗിയാക്കി. റിപ്പയറുകൾ എല്ലാം ചെയ്തു.  മുഴുവൻ പെയിന്റ് ചെയ്തു. മുറ്റത്ത് ചരൽ വിരിച്ചു. മൂന്നു ലക്ഷം രൂപ ഡിം! എന്നാലെന്താ വീട് കുട്ടപ്പനായില്ലേ? പണിയും ഒക്കെയായി നാലഞ്ചു മാസം വാടകക്കാരില്ലാതെ താഴത്തെ നില കിടന്നു. അതും ഒരു നഷ്ടം. ഏതായാലും ഒടുവിൽ ഒരു ഫാമിലിയെ കിട്ടി. എനിക്ക് തീരെയും പോകാൻ പറ്റാത്തതു കാരണം പരിചയമുള്ള ഒരു ബ്രോക്കർ ആണ് എല്ലാം ചെയ്തത്. മുപ്പത്തയ്യായിരം അഡ്വാൻസ്, പതിനായിരം വാടക! അഡ്വാൻസ് തന്ന്  ജനുവരി 15ന് അവർ താമസമാക്കി. ഫെബ്രുവരി 15ന് വാടക കൃത്യമായി അക്കൗണ്ട് ൽ വന്നു. സംഗതി സ്മൂത്ത്‌!

അപ്പോഴതാ രാജീവ്‌ എന്ന പുതിയൊരു  ബ്രോക്കർ എന്റെ ഫോണിൽ പ്രത്യക്ഷനാകുന്നു.

"അമ്മേ വീട് വിൽക്കാനുണ്ടെന്നു കേട്ടു. ഒരാൾ  വലിയ താത്പര്യത്തോടെ വന്നിട്ടുണ്ട്. " ഞാൻ അമ്പരന്നു. ഇരുപതു വർഷമായി പത്രത്തിൽ പരസ്യം കൊടുത്തിട്ടും  ബ്രോക്കർമാർ ആളുകളെ കൊണ്ടു വന്നിട്ടും വിൽപ്പന നടന്നില്ല. നല്ലവരായ അയൽക്കാർ ഓരോന്നു പറഞ്ഞ് വാങ്ങാൻ വരുന്നവരെ ഓടിക്കും. എന്തു ചെയ്യാനാണ്? ഇപ്പോഴും എനിക്ക് വിശ്വാസം വന്നില്ല. ഏതായാലും രാജീവിന്റെ പാർട്ണർ വിഷ്ണു ഒരു ഫാമിലിയെ കൊണ്ടു  വന്ന് വീടു കാണിച്ചു. അവർക്ക് നന്നേ ബോധിച്ചു. ഞാൻ പറഞ്ഞ  വിലയിൽ നിന്ന് കുറച്ചു കൊടുത്ത് വിലയിലും ധാരണയായി. എഗ്രിമെന്റ് ഒപ്പിട്ട് അഡ്വാൻസും വാങ്ങി. എത്രയും വേഗം കാര്യം നടത്തണം എന്നു തീരുമാനിച്ചു. ഏതിനും ഒരു സമയമുണ്ടല്ലോ എ ന്ന്  ഞാൻ ആശ്വസിച്ചു.

വാടകക്കാരോട് മാറിത്തരാൻ  വിനയപൂർവം ഞാനപേക്ഷിച്ചു. മുകളിൽ  പാർക്കുന്ന  വിമൽ കുറേ വർഷങ്ങളായി താമസിക്കുന്നു എങ്കിലും എഗ്രിമെന്റ് പുതുക്കിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളു. എന്നിട്ടും എതിരഭിപ്രായം ഒന്നുമില്ലാതെ വേറെ വീടന്വേഷിച്ചു കണ്ടുപിടിച്ച് വിമൽ മാറിപ്പോയി. അവസാന ദിവസം വരെയുള്ള വാടക തന്ന്, കറന്റ് ബില്ലും വാട്ടർ ചാർജ്ജും അടച്ച് കണക്കു തീർത്തിട്ടാണ് അവൻ പോയത്.

ഇനിയാണ് കഥയിൽ ഒരു ട്വിസ്റ്റ്‌ വരുന്നത്. താഴെ താമസിച്ചിരുന്ന പയ്യൻ (പേര് പറയുന്നില്ല )ഇത്ര വേഗം മാറാൻ പറഞ്ഞതിൽ പരിഭവിച്ചു. വിൽക്കാൻ പോകുന്നു എന്ന് പറഞ്ഞില്ല എന്ന് കുറ്റപ്പെടുത്തി. വിൽക്കാൻ പറ്റുമെന്നു ഒരു ഊഹവും ഉണ്ടായിരുന്നില്ല എന്ന സത്യം എത്ര പറഞ്ഞിട്ടും അവന് ബോധ്യമായില്ല. പിന്നെയും പിന്നെയും ആരോപിച്ചു കൊണ്ടിരുന്നു. എന്നാലും വേറെ വീടു കണ്ടു പിടിച്ചു. പിന്നെ ഒരു ഡിമാന്റ് വച്ചു.

"ആന്റി ആ അഡ്വാൻസ് മടക്കി തരണം. പുതിയ വീട്ടിൽ കൊടുക്കാൻ പണമില്ല. അഡ്വാൻസ് കൊടുക്കാതെ വീടു കിട്ടില്ല."

"താക്കോൽ തരാതെ ആരെങ്കിലും അഡ്വാൻസ് തിരിച്ചു തരുമോ?" എന്റെ സംശയം.

"ആന്റി പൈസ ഇല്ലാഞ്ഞിട്ടാണ്. ഉടനെ മാറും. അപ്പോൾ തന്നെ താക്കോൽ തരും."

ഓ ദേവിയുടെ മനസ്സ് വെയിലത്തു വച്ച വെണ്ണ പോലെ ഉരുകാൻ തുടങ്ങി.

പെട്ടെന്ന് മാറാൻ പറഞ്ഞിട്ടല്ലേ... പാവം. ഞാനൊരു പൊട്ടിയാണ്. ഉടനെ മുപ്പത്തിനായിരം ജി പേയിൽ ഇട്ടു കൊടുത്തു. അയ്യായിരം പിടിച്ചു വച്ചത് വലിയ മിടുക്കാണ് എന്നായിരുന്നു എന്റെ വിചാരം.

"അത് താക്കോൽ തന്നിട്ട് തരാം " ഞാൻ പറഞ്ഞു.

ഉടനെ വന്നു  അടുത്ത ഡിമാൻഡ്.

"വീട് വിൽക്കും എന്ന് ആന്റി പറഞ്ഞില്ല. ബ്രോക്കർമാർക്ക് പതിനായിരം കമ്മീഷൻ കൊടുത്താണ് ഞാൻ വീടെടുത്തത്. ആന്റി ആ ബ്രോക്കർ മാരോടു പറഞ്ഞ് അത് തിരിച്ചു മേടിച്ചു തരണം."

"ശ്ശെടാ അവർ എന്റെ വല്ലവരുമാണോ ഞാൻ പറഞ്ഞാൽ കമ്മീഷൻ തിരിച്ചു തരാൻ?" എന്ന് പറഞ്ഞെങ്കിലും അവൻ പറഞ്ഞതിന്റെ പേരിൽ അവരിൽ എനിക്ക് പരിചയമുള്ള ഒരാളെ ഞാൻ വിളിച്ചു.

"മറ്റൊരാളെ ഇടപാട് ചെയ്തു. അയാളാണ് വീടെടുത്തു കൊടുത്തതും കമ്മീഷൻ വാങ്ങിയതും."എന്നായി ആ ബ്രോക്കർ.

ഞാൻ വിവരം അവനോട് പറഞ്ഞു.

"ആന്റി തരണമെന്ന് ഞാൻ ഒരിക്കലും പറയില്ല. പക്ഷേ അവരുടെ കയ്യിൽ നിന്ന് വാങ്ങിതരണം. അല്ലെങ്കിൽ ഞാൻ ആറു മാസം കഴിഞ്ഞേ മാറൂ. എണ്ണായിരം  എങ്കിലും എനിക്ക് കിട്ടണം."

ഞാൻ വീണ്ടും ബ്രോക്കറുടെ കാലുപിടിച്ചു.

"ആന്റി കമ്മീഷൻ ഇല്ലാതെ രണ്ടാമത്  വീടെടുത്തു കൊടുക്കാമെന്നു ഞങ്ങൾ പറഞ്ഞതാണ്. പക്ഷേ അയാൾ വേറെ ആൾ വഴി വീടെടുത്തു. ഞങ്ങൾ എന്തു ചെയ്യാനാണ്. ഒരു ബ്രോക്കറും  കമ്മീഷൻ തിരിച്ചു കൊടുക്കില്ല "എന്ന് പറഞ്ഞ് ബ്രോക്കർ കയ്യൊഴിഞ്ഞു. 

"ആന്റി ബ്രോക്കറെ വിളിക്ക്, മരുമകനെക്കൊണ്ട് വിളിപ്പിക്ക് "എന്നൊക്കെ മിനിറ്റിൽ പത്തു പ്രാവശ്യം വിളിച്ച് അവൻ എന്നെ ശല്യപ്പെടുത്തി.

"എന്റെ മകൻ മരിച്ചിട്ട് ദിവസങ്ങളെ ആയിട്ടുള്ളു. എനിക്ക് ഒരു കടുത്ത ഹാർട്ട്‌ അറ്റാക്ക് വന്ന് റെസ്റ്റിലാണ്. എനിക്ക് സംസാരിക്കാൻ വയ്യ,"എന്നൊക്കെ കേണു പറഞ്ഞിട്ടും അവൻ ചെവിക്കൊണ്ടില്ല. 

"ലക്ഷങ്ങൾ കിട്ടുവല്ലേ അവരോടു തന്നെ നഷ്ടപരിഹാരം മേടിക്ക് എന്ന് ബ്രോക്കർ മാരും അവനെ പിരികേറ്റി.

ഒടുവിൽ ഗതി കെട്ടു ഞാൻ എണ്ണായിരം ഇട്ടു കൊടുത്തു.

ഫെബ്രുവരി പതിനഞ്ചു മുതൽ മാർച്ച്‌ ഇരുപത്തി മൂന്നു വരെയുള്ള വാടക തരാതെ അത്രയും നാൾ ഉപയോഗിച്ചതിന്റെ കറന്റ് ബില്ലും വാട്ടർ ചാർജ്ജും തരാതെ അവൻ മാറിപ്പോയി. പിന്നെ മിനിറ്റിൽ നൂറ് തവണ വിളി തുടങ്ങി. ബാക്കി അയ്യായിരത്തിനു വേണ്ടി. ഒടുവിൽ സഹികെട്ട് 'കൊണ്ടുപോയി തിന്നട്ടെ 'എന്ന് പറഞ്ഞ് ഞാൻ അതും അയച്ചു കൊടുത്തു. വിഡ്ഢി യായ ഞാൻ ദയ കൂടി അഡ്വാൻസ് ആദ്യമേ കൊടുത്തില്ലേ? പിന്നെന്തു  ചെയ്യാൻ. ഒടുവിൽ അവൻ താക്കോൽ ഏല്പിച്ചു.

ഇതെല്ലാം വെറുതെ തട്ടിപ്പാണെന്ന് എന്നെപ്പോലെയുള്ള ശുദ്ധ മണ്ടർക്കു മനസ്സിലാവില്ല.

ആവശ്യം നമ്മുടേതാണ്. വാടകക്കാരൊഴിയാതെ വീടു വിൽക്കാനാവില്ല. എന്റെ ആ ഗതികേടിനെ അവർ മുതലെടുത്തു.

"ഞങ്ങൾ ദൈവ വിശ്വാസികളാണ്. ആരെയും പറ്റിക്കുകയില്ല. ഞങ്ങളുടെ ദൈവം കൂടെയുണ്ട്. ഞങ്ങൾക്ക് അതുമതി " എന്നൊരു കലക്കൻ ഡയലോഗ് കൂടി എന്റെ വാട്സ്ആപ്പ് ൽ ഇട്ടിട്ടാണ് അവൻ അടങ്ങിയത്. ബെസ്റ്റ് എന്നല്ലാതെ എന്തുപറയാൻ.

ഹൃദയം പോലെയുള്ള വീടു വാടകയ്ക്കു കൊടുക്കുകയും ഇത്രയും നഷ്ടപരിഹാരം കൊടുത്ത് ഹൃദയം വീണ്ടെടുക്കുകയും ചെയ്ത ഞാൻ വീണ്ടും ആശുപത്രിയിലായി. പോരെ?

എന്റെ കൂട്ടുകാരോട് ഒന്ന് പറയട്ടെ. നമ്മുടെ വീട് നമ്മുടെ ഹൃദയമാണ്. അത് വാടകയ്ക്കു കൊടുത്താൽ ചിലപ്പോൾ ഫലം ഇതൊക്കെയാവും.സൂക്ഷിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS