സൗഹൃദഗംഗ

gawrav-istock-amma
Representative image. Photo Credit: gawrav/istockphoto.com
SHARE

കാൻസർ എന്ന് കേട്ടാൽ ഇപ്പോഴും സമൂഹം  നടുങ്ങും. എന്നാൽ നടുക്കത്തിൽ നിന്ന് കരകയറിയ ഒരു പറ്റം ആളുകൾ നമുക്കിടയിലുണ്ട്. കാൻസർ വന്ന് ആ രോഗവും ചികിത്സയുമായി  ഒരു സന്ധിയില്ലാ സമരം തന്നെ നടത്തി രക്ഷപ്പെട്ടവർ! സർവൈവേർസ് എന്നാണ് അവരെ വിളിച്ചിരുന്നത്. പിന്നീടത് വിന്നേർസ് എന്നാക്കി. പൊരുതി ജയിച്ചവർ എന്ന അർത്ഥത്തിൽ തന്നെ. അങ്ങനെ വിന്നേർസിന്റെ ഒരു സംഘമാണ് 'കൊച്ചിൻ കാൻസർ സൊസൈറ്റി. (സിസിഎസ്) ഞങ്ങൾ കാൻസർ  രോഗികളുടെ സ്വന്തം ഡോക്ടറായ ഡോക്ടർ ഗംഗാധരന്റെ നേതൃത്വത്തിലാണ് ഈ സൊസൈറ്റി പ്രവർത്തിക്കുന്നത്. ഡോക്ടറോടൊപ്പം അനേകം പേരുടെ നിസ്വാർത്ഥ സേവനം ഈ സൊസൈറ്റിയുടെ പ്രവർത്തനത്തിന് പിന്നിലുണ്ട്. ഒരുപാട് പ്രശസ്തരും പ്രഗത്ഭരും സമുന്നതരും ഇതിൽ അംഗങ്ങളാണ്. ഇതിന്റെ വിപുലമായ പ്രവർത്തനത്തെക്കുറിച്ചു വിശദീകരിക്കാൻ ഞാനിവിടെ ഒരുമ്പെടുന്നില്ല. കാരണം എണ്ണിയാലൊടുങ്ങുന്നുന്നതല്ല ആ  സേവനങ്ങൾ. അതിന്റെ ഗുണഭോക്താക്കളിൽ ഒരാളാണ് ഞാനും.

കമ്യൂണിയൻ എന്നും കളിക്കൂട്ടം എന്നുമുള്ള പേരുകളിൽ രണ്ടു ഒത്തുകൂടലുകൾ സി സി എസിന്റെ കീഴിൽ നടത്തിയിരുന്നു. പിന്നീടത് ഒരുമിച്ച് ഒറ്റ ആഘോഷമായി നടത്താൻ തുടങ്ങി. വർഷത്തിലൊരിക്കലുള്ള ഈ സംഗമം രോഗികൾക്കും രോഗം ഭേദമായവർക്കും അവരുടെ കുടുബാംഗങ്ങൾക്കും ആഹ്ളാദത്തിന്റെ ഒരു ദിവസമാണ്. വലിയ ഒരു ഉത്സവം എന്നു തന്നെ ഇതിനെ പറയേണ്ടതുണ്ട്. സംഗീതം, നൃത്തം, കോമഡികൾ എന്നു വേണ്ട വിവിധകലാപരിപാടികൾ അവതരിപ്പിക്കപ്പെടുന്നു. രോഗികളല്ലാത്ത വലിയ പാട്ടുകാരും നർത്തകരും കുട്ടികളും പരിപാടികൾ അവതരിപ്പിച്ച് രംഗം കൊഴുപ്പിക്കുന്നു. ഇതിനിടയിൽ ചിലർ അനുഭവങ്ങൾ പങ്കിടുന്നു. ഒരിയ്ക്കൽ രോഗം വന്നു കഷ്ടപ്പെട്ടവർ അതെല്ലാം മറന്ന് എൻജോയ് ചെയ്യുന്നു. എത്രയോ ദൂരത്തു നിന്നു  പോലും ഈ പരിപാടിക്കായി ആളുകൾ എത്തിപ്പെടുന്നത് പരസ്പര സ്നേഹവും സന്തോഷവും സൗഹൃദവും പങ്കു വയ്ക്കാനാണ്.

ഒരു വിന്നർ ആയ ശേഷം ഞാൻ ഈ പരിപാടി മിസ് ചെയ്യാറില്ല. ഞാനും അവരിൽ ഒരാളാണല്ലോ. ഭീകരമായ ആ രോഗം എന്നെ പിടികൂടിയത്  എനിക്ക് മുപ്പത്തിയെട്ടു വയസ്സുള്ളപ്പോഴാണ്. 1988 ൽ.  തുടർന്ന്  പരിപൂർണമായി സുഖം പ്രാപിച്ചു എന്ന ആശ്വാസത്തോടെ ഞാൻ പതിനെട്ടു വർഷം ജീവിച്ചു. അക്കാലത്ത്  ഇങ്ങനെ ഒരു രോഗത്തിൽ നിന്ന് രക്ഷപ്പെട്ടതാണെന്ന് എന്നെ കണ്ടാൽ തോന്നുമായിരുന്നില്ല. അത്ര നല്ല റിക്കവറി ആയിരുന്നു. അതിനു ശേഷം   ജീവിതത്തിൽ എനിക്കുള്ള ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിച്ചു.  എന്റെ ജോലി, എന്റെ വീട്, മക്കളുടെ പഠിപ്പ് ,ഒന്നിനും ഒരു മുടക്കവും വരുത്തിയില്ല.  മക്കൾ പഠിത്തം പൂർത്തിയാക്കി. അവർക്ക് ജോലിയായി. അവരുടെ വിവാഹം നടത്തി. രണ്ടാൾക്കും ഓരോ കുട്ടികളുമായി. അമ്മയെന്ന നിലയിൽ കടമകൾ പൂർത്തിയാക്കി എന്ന് ഞാൻ ആശ്വസിച്ചു.   

ക്രൂരമായ വിധി ദേവിയെ അങ്ങനെ വെറുതെ വിടാൻ തയാറാകുമോ? 2005 ൽ ഞാൻ ജോലിയിൽ നിന്ന് വിരമിച്ചു. ഇനി സ്വസ്ഥമായ ജീവിതം. എഴുത്തു തുടരണം.എന്നൊക്കെ പ്ലാൻ ചെയ്തു. രോഗം വന്നതൊക്കെ ഞാൻ മറന്നിരുന്നു. അപ്പോൾ 'അങ്ങനെയങ്ങു മറന്നാലോ' എന്ന് ചോദിച്ചു കൊണ്ട്  കാൻസർ  വീണ്ടും എത്തി. ദൈവതുല്യൻ,ദൈവദൂതൻ, രക്ഷകൻ എന്നൊക്കെ ഓരോ കാൻസർ രോഗിയും ആവർത്തിച്ചു പറയുന്ന ഞങ്ങളുടെ സ്വന്തം ഡോക്ടർ, ഡോക്ടർ ഗംഗാധരൻ വീണ്ടും എന്നെ രക്ഷിച്ചു. അതി കഠിനമായ ചികിത്സയുടെ യാതനകൾ തരണം ചെയ്ത് ഞാൻ വീണ്ടുമൊരു 'വിന്നർ' ആയി.

ഇത്രയും ഇപ്പോൾ ഓർക്കാൻ കാരണം ഇക്കഴിഞ്ഞ ഞായറാഴ്ച (ഏപ്രിൽ 7) സിസിഎസ്ന്റെ പരിപാടിയിൽ ഞാൻ പങ്കെടുത്തതു കൊണ്ടാണ്. എല്ലാ തവണയുമെന്നപോലെ അതി ഗംഭീരമായ പരിപാടികൾ. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യ. എല്ലാവരും തമ്മിൽ കാണുകയും സ്നേഹബന്ധം പുതുക്കുകയും ചെയ്യാനുള്ള ഒരവസരമാണിത്. കൂട്ടത്തിൽ പുതിയ ആളുകളെ പരിചയപ്പെടുകയുമാവാം. 'ദേവിച്ചേച്ചി ഞങ്ങൾക്കൊരു മാതൃകയാണ്, ധൈര്യമാണ്, പ്രോത്സാഹനമാണ്' എന്നൊക്കെ പരിചയക്കാർ പുകഴ്ത്തുമ്പോൾ ഞാൻ  അഭിമാനപുളകിതയാകാറുണ്ട്. 'രോഗം ബാധിച്ചശേഷം 36 വർഷം   കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും നിങ്ങളുടെ ഇടയിൽ ഇങ്ങനെ വന്നു നിൽക്കാൻ കഴിയുന്നത് മഹാഭാഗ്യമായി ഞാൻ കരുതുന്നു.ഡോക്ടർമാരുടെയും മരുന്നുകളുടെയും എന്റെയും നേട്ടമാണിത്' എന്നു  പറഞ്ഞ്  ഞാനവരെ സന്തുഷ്ടരാക്കുന്നു. 'ഇനി ആ രോഗം വരില്ല. അടുത്ത വർഷം വീണ്ടും കാണാം' എന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് ഞങ്ങൾ  യാത്ര പറഞ്ഞു പിരിയുന്നത്. 

നേരത്തെ പറഞ്ഞില്ലേ, ഒരുപാട്  അംഗങ്ങളുണ്ട് സിസിഎസിൽ. അതിൽ കലാകാരന്മാരും ,ബുദ്ധിജീവികളും നിസ്വാർത്ഥസേവകരും ഉൾപ്പെടുന്നു. ഇത്തവണ 'കമ്യുണിയൻ, കളിക്കൂട്ടം' എന്നപേരുകൾ മാറ്റി 'സൗഹൃദഗംഗ' എന്നാക്കി. ഇനി ഈ ഒത്തുകൂടൽ ആ പേരിലാണ് അറിയപ്പെടുക. സൗഹൃദഗംഗയിൽ മുങ്ങിപ്പൊങ്ങി ഒരു പുതു ജീവൻ നേടിയാണ് ഞാനും എന്റെ സഹജീവികളായ വിന്നേഴ്‌സും ഇത്തവണ പിരിഞ്ഞത്. ഞങ്ങളുടെ ഡോക്ടർക്കും, സിസിഎസിനു വേണ്ടി പ്രവർത്തിക്കുന്ന ഓരോരുത്തർക്കും, സർവോപരി ഈശ്വരനും ഞങ്ങൾ നന്ദി പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS