ഹോംനേഴ്‌സ് ഒരു കൊലമാസ്സ്!

Gorodenkoff-shuttershock-hospital-patient
Representative image. Photo Credit: gorodenkoff/Shutterstock.com
SHARE

കൊലമാസ്സ് എന്ന പദം അഭിനന്ദനത്തിന്റേതാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഒരാൾ ഒരു നല്ല പ്രവൃത്തി ചെയ്യുമ്പോൾ അല്ലെങ്കിൽ  ഒരു വലിയകാര്യം നേടുമ്പോൾ അതുമല്ലെങ്കിൽ ഒരു വലിയ സഹായം ചെയ്യുമ്പോൾ "മാഷേ നിങ്ങൾ മാസ്സാണ്, കൊലമാസ്സ്!".എന്നൊക്കെ ന്യൂജെൻ കുട്ടികൾ പറയുന്നതു കേട്ടിട്ടുണ്ട്. ചില സിനിമകളിലും ഈ ഡയലോഗ് തകർക്കാറുണ്ട്.

മാലാഖ, യക്ഷി എന്നൊക്കെ പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ ഞാൻ കണ്ടിട്ടില്ല. അതുപോലെ 'ഹോം നഴ്സ്' എന്ന് കേട്ടിട്ടുള്ളതല്ലാതെ ഞാനത്തരമൊന്നിനെ കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു പത്തു കൊല്ലം മുൻപ് വരെ. കേട്ടിട്ടുള്ള കഥകളോ ഭീകരം. ഹോം നഴ്സുകളുടെ സേവനം തേടിയിട്ടുള്ള ഒരാൾ പോലും പറഞ്ഞില്ല സുഖശീതളമായിരുന്നു ആ സേവനം അനുഭവിച്ചുകൊണ്ടിരുന്ന കാലം എന്ന്. അവരുടെ ‌ദയാവായ്പ്പിനു വേണ്ടി കാത്തു കിടക്കേണ്ടി വന്ന ഗതികെട്ടവരെ  ശുശ്രൂഷിക്കുന്നതിനു പകരം ദ്രോഹിക്കുകയായിരുന്നത്രെ മിക്കപ്പോഴും ഈ വർഗം.

ഇതിനു അപവാദമായി സ്വന്തമായിക്കരുതി അവശരെ പരിചരിക്കുന്നവർ ഉണ്ട് എന്നതൊരു സത്യമാണ്. എന്നാലും ചീത്തപ്പേര് വരിക ഒരു കൂട്ടത്തിനു മുഴുവനുമായിട്ടായിരിക്കുമല്ലോ. വിദൂര സ്വപ്നങ്ങളിൽ പോലും പ്രതീക്ഷിക്കാത്ത അവസ്ഥകളിൽ എനിക്കും തേടേണ്ടി വന്നു ഒരു ഹോം നഴ്സിനെ. ഒരു നോവലിനോ സിനിമയ്ക്കോ പറ്റിയ വിചിത്രകഥകളാണ് എന്റെ ഹോംനഴ്സ് അനുഭവങ്ങൾ.

ഞാൻ വൃദ്ധയും രോഗിയുമാണ്. ഗുരുതരാവസ്ഥയിൽ കിടക്കുന്ന എന്റെ മകനെ ശ്രുശ്രൂഷിക്കാൻ എനിക്കു തനിയെ കഴിയില്ല. സഹായം കൂടിയേ കഴിയൂ. പലപല ഏജൻസികളെ ഞങ്ങൾ സമീപിച്ചു. പല തരത്തിലും പ്രായത്തിലും രൂപത്തിലും സ്വഭാവത്തിലുമുള്ളവർ വന്നുപോയി. ആരും നമുക്ക് പറ്റിയവരായിരുന്നില്ല. അന്ന് എന്റെ മകന്റെ ആശുപത്രിക്കാലങ്ങൾ ആയിരുന്നു. അവർക്കു മാനേജ് ചെയ്യാൻ പറ്റുമായിരുന്നില്ല. ആരും എന്നോടു വഴക്കിട്ടില്ല. ദ്രോഹിച്ചില്ല. പറ്റില്ല എന്ന് പറഞ്ഞു, യാത്ര ചോദിച്ചു പോവുകയാണുണ്ടായത്.

വെല്ലൂരിലെ സിഎംസിയിൽ മകനെ അഡ്മിറ്റ് ചെയ്ത അന്ന് തന്നെ എനിക്കൊരു സഹായിയെക്കിട്ടി. ചിത്ര എന്ന് പേരുള്ള  തമിഴ് യുവതി. അവൾ എന്റെ സന്തതസഹചാരിയായിക്കഴിഞ്ഞ നാലഞ്ചു മാസങ്ങൾ കൊണ്ട് ഹോം നഴ്‌സുകൾക്കിടയിൽ ഒരു മാലാഖയെ ഞാൻ തിരിച്ചറിഞ്ഞു.

വെറുമൊരു ഉടൽ മാത്രമായ മകനുമായി തിരികെ വീട്ടിലെത്തുമ്പോൾ ഏറ്റവും അത്യാവശ്യമായത് ഒരു ഹോം നഴ്സ് ആയിരുന്നു. പലരും വന്നു. അവരും ഞാനും മടുത്തു. അപ്പോൾ അടുത്തു പരിചമുള്ളവർ പരിചയപ്പെടുത്തിയ ഏജൻസിയിൽ നിന്ന് അതാ വരുന്നു ഒരു അവ്വയ് ഷൺമുഖി. തമിഴത്തിയല്ല. പക്ഷേ കമലഹാസന്റെ ആ സ്ത്രീ വേഷം തടി കുറഞ്ഞങ്ങു നീണ്ടാൽ എങ്ങനെ, അതു തന്നെ രോ ഗികളെ നോക്കി പരിചയമുണ്ട്. ശമ്പളമൊക്കെ അല്പം കൂടുതലാണ് എന്നാലും നഴ്‌സ് കൂടിയേ തീരൂ. രണ്ടു കൈയും നീട്ടി സ്വീകരിച്ചു. പേര് ഷണ്മുഖിയല്ല, വത്സല.

പിറ്റേന്ന് മുതൽ തുടങ്ങി ഡിമാൻഡ്‌സ്.

"ഞാൻ ഇതിനു മുൻപ് നിന്ന വീട്ടിൽ എന്നും കാരറ്റ് ജൂസ് കുടിച്ചിരുന്നു." 

"അയ്യോ അതിനിവിടെ നിവർത്തിയില്ല."  

"എന്നാൽപ്പിന്നെ അവിടെത്തന്നെ അങ്ങ് നിന്നു കൂടായിരുന്നോ?" ഞാൻ മനസ്സിൽ കരുതി. പക്ഷേ  ഞാൻ ചോദിക്കാതെ തന്നെ വത്സല  പറഞ്ഞു, 

"അവിടെ ഒരമ്മയെ നോക്കാനാ നിന്നത് അവര്‍ മരിച്ചു. അപ്പോൾ പിന്നെ അച്ഛനെ നോക്കാൻ നിന്നു. അങ്ങേരും മരിച്ചു. പിന്നെയും അവിടെ നിൽക്കാനായിരുന്നു എനിക്കിഷ്ടം. പക്ഷേ  അവരെന്നെ പറഞ്ഞു വിട്ടു. ഭാര്യയും ഭർത്താവും മാത്രമേ ഉള്ളു. രണ്ടാളും ജോലിക്കു പോകും. മക്കൾ ദൂരെയാ. പിന്നെ ആളെന്തിന് എന്നാ  പറഞ്ഞത്. പക്ഷേ അതല്ല ചേച്ചീ കാര്യം. അവർക്ക് ഒരാളോട് അടുപ്പമുണ്ട്. അതു ഞാൻ കണ്ടുപിടിച്ചു. അതോടെ എന്നെ പിരിച്ചു  വിട്ടു.''

"ശ്ശോ. ഇങ്ങനെ അപവാദം പറയല്ലേ" എനിക്ക് വിഷമം തോന്നി. ഇതേ ബിൽഡിങ്ങിൽ തന്നെയുള്ള മകളുടെ ഫ്ലാറ്റിൽ നിന്നാണ് ഭക്ഷണം. എന്ത് ഭക്ഷണം കൊടുത്താലും പിടിക്കില്ല. കുറ്റം കുറ്റം .

"എനിക്കേ നെയ്മീൻ  പൊരിച്ചത് വേണം. കണ്ടിട്ടില്ലേ കറിപൗഡറിന്റെ ഒരു പരസ്യം. വലിയ വട്ടങ്ങളായി മീൻ മുറിച്ച്, ഞങ്ങളുടെ വീട്ടിലൊക്കെ അങ്ങനെയാ." ഞാൻ ഞെട്ടി. എന്നാൽ പിന്നെ ഈ ജോലിക്ക് വന്നതെന്തിനാ എന്ന് ചോദിക്കാനാവില്ല. ആവശ്യം നമ്മുടേതാണല്ലോ.  

മകളുടെ ഫ്ലാറ്റിൽ സഹായിക്കാനെത്തുന്ന ചേടത്തി ഇവർക്ക് ഭക്ഷണമുണ്ടാക്കി വലഞ്ഞു. പിന്നെ അവർക്കു കൊടുക്കാത്ത വിഭവങ്ങൾ അവിടെ  ഉണ്ടാക്കുന്നുണ്ടോ എന്ന് സംശയം. ഞാൻ തന്നെയാണ് മറ്റേ ഫ്ലാറ്റിൽ നിന്ന് ആഹാരം പാത്രങ്ങളിലാക്കി കൊണ്ടു വന്നു കൊടുക്കുന്നത്. ഒരു ദിവസം എന്റെ മുന്നിൽ വച്ച് തന്നെ ഭക്ഷണം വേസ്റ്റ് ബക്കറ്റിലേയ്ക്ക് വലിച്ചെറിഞ്ഞു.

"ദേണ്ടെ കിടക്കുന്നു ചേച്ചി കൊണ്ടുവന്ന പുട്ട്. അത് വെന്തിട്ടില്ല."

ഞാൻ സ്തബ്ധയായി നിന്നുപോയി .

"ഞങ്ങളൊക്കെ കഴിച്ചതാണല്ലോ." ഞാൻ പതുക്കെ പറഞ്ഞു.

"ഓഫീസിൽ നിന്ന് എന്നെ വിടുമ്പോൾ നല്ല ഭക്ഷണം തരണം എന്ന് പറഞ്ഞിട്ടില്ലേ?" വത്സല പൊട്ടിത്തെറിച്ചു.

"അങ്ങനെ പറഞ്ഞിട്ടില്ല. ഞങ്ങൾ കഴിക്കുന്നതു തരും. അതിൽക്കൂടുതൽ പറ്റില്ല." ഞാൻ മെല്ലെ പറഞ്ഞു 

ഇനി എന്നെപ്പറ്റി പറയട്ടെ. ഞാൻ ക്ഷമ, സൗമ്യത ഇവയ്‌ക്കൊരു പര്യായമാണ് ! ഒരാൾ എന്നെ ചീത്തപറഞ്ഞാൽ തിരിച്ചു പറയാൻ കഴിവില്ല. നിശ്ശബ്ദയായി എല്ലാം സഹിക്കും. പിന്നെ ഒറ്റക്കിരുന്ന് ആരും കാണാതെ സങ്കടപ്പെടും.

വത്സലയുടെ താണ്ഡവം സഹിക്കവയ്യാതായിട്ടും പറഞ്ഞു വിട്ടില്ല. കാരണം ഇനിയൊരാളെ കിട്ടണ്ടെ? പാമ്പും പഴകിയതാണല്ലോ നല്ലത്. പണിയൊന്നും അത്ര നന്നായി ചെയ്യില്ല. എല്ലാത്തിനും ഞാനും കൂടണം. മകനെ കുളിപ്പിക്കാനും അവന്റെ ടോയ്‌ലറ്റ് ക്ലീൻ ചെയ്യാനും എല്ലാം ഞാൻ ചെയ്യണം. വത്സല സഹായിക്കും. ജോലി എനിക്കും ശമ്പളം അവർക്കും. ഒടുവിൽ ദൈവം തീരുമാനിച്ചു. ദേവിയെ ഈ സങ്കടത്തിൽ നിന്നു മോചിപ്പിക്കാം. വത്സലയുടെ വീട്ടിൽ ആരോ മരിച്ചു,പോകണം  .പതിനാറു  കഴിഞ്ഞേ വരൂ. ഞാൻ ഏജൻസിയിൽ വിളിച്ചു. അപ്പോൾ അവിടെ ഒരാൾ റെഡി ഉണ്ടായിരുന്നു. വത്സലയ്ക്കു പകരം അവർ വന്നു .അവരെ എനിക്കും എന്നെ അവർക്കും ബോധിച്ചതു കൊണ്ട് വത്സല  വേണ്ട എന്നും ഇവർ നിന്നോട്ടെ എന്നു ഞാൻ ഏജൻസിയെ അറിയിച്ചു .

ഈ കക്ഷിയെ , തത്കാലം സൂസമ്മ എന്ന് വിളിക്കാം. കുഴപ്പമില്ല. പേഷ്യന്റിനെ നന്നായി നോക്കും. ഭക്ഷണത്തിന് കുറ്റമില്ല. പക്ഷേ കുറ്റം മുഴുവൻ എനിക്കാണ്. തൊട്ടതും പിടിച്ചതും കുറ്റം. എനിക്കിത്രമാത്രം കുറ്റങ്ങളും കുറവുകളുമുണ്ടെന്നു ഇപ്പോഴാണ്  അറിയുന്നത്.  ഞാനൊരു സാധു. നല്ല ഒരു മഹതി എന്നാണ് ഞാൻ  ധരിച്ചു വച്ചിരുന്നത്. എന്തൊരു വിഡ്ഢിത്തം! സഹിക്കുകയെ നിവർത്തിയുള്ളു. നേരം വെളുത്താൽ തുടങ്ങും സൂസമ്മ വഴക്കിടാൻ. കാരണങ്ങൾ അവർ തന്നെ കണ്ടു പിടിക്കും. ഞാൻ നന്നായി വേഷം ധരിച്ചുകൂടാ. അത്യാവശ്യത്തിനു പോലും പുറത്തു പൊയ്ക്കൂടാ. എല്ലാം കുറ്റമാണ്. സൂസമ്മ എന്റെ അമ്മായിയമ്മ ചമഞ്ഞു നിൽപ്പാണ്. എല്ലാം സഹിച്ചിട്ടു ബാത്‌റൂമിൽ കതകടച്ചു നിന്ന് കരയുന്നത് എന്റെ പതിവായി.       

ഇതൊക്കെ എന്തോന്ന്? ഞങ്ങളുടെ അടുത്ത ഫ്‌ളാറ്റിൽ വയസ്സായ ഒരമ്മയെ നോക്കാൻ ഒരു സ്ത്രീ വന്നു. ആ അമ്മ  കിടപ്പൊന്നുമല്ല. നടക്കും, സംസാരിക്കും, തനിയെ ആഹാരം കഴിക്കും. എല്ലാത്തിനും ഒരു സഹായം വേണമെന്നേയുള്ളു. ഹോം നഴ്സ് തന്നെ വേണമെന്നൊന്നുമില്ല. പക്ഷേ വന്ന നഴ്‌സാണ് നഴ്സ്! രോഗിയുടെ മുറിയിൽ വെറുതെ കുത്തിയിരിക്കും. ഒരു പണിയും ചെയ്യുകയില്ല. ഒരു സുഖതാമസം. ങാ പിന്നെ ബ്രേക് ഫാസ്റ്റിന് ഇടിയപ്പം തന്നെ വേണം. ഉച്ചയ്ക്ക് ചിക്കൻ, മട്ടൺ, ഫിഷ് ഏതെങ്കിലും ഉണ്ടാവണം. കുടിക്കാൻ ഹോർലിക്സ്. കുളിക്കാൻ ഡോവ് സോപ്പും ഷാംപൂവും. പിന്നെയും ഡിമാൻഡ്‌സ് നീണ്ടപ്പോൾ പറഞ്ഞു വിട്ടു. അല്ലാതെ ആ വീട്ടുകാർ എന്ത് ചെയ്യും.

ഇതെല്ലാം വച്ചു നോക്കുമ്പോൾ സൂസമ്മ എത്ര ഭേദം എന്ന് ഞാൻ ചിന്തിച്ചു. എല്ലാം ഞാനങ്ങു സഹിച്ചാൽ മതിയല്ലോ. 

ഇതാ വരുന്നു അപ്പോൾ മറ്റൊരു കക്ഷി. തള്ള്, തള്ള് എന്ന് പാടിക്കൊണ്ടാണ് വരവ്. സൂസമ്മ കുറച്ചു ദിവസം ലീവ് ആയിരുന്നു പകരം വന്നതാണ്.

"ചേച്ചീ ഞങ്ങൾക്ക് കാറുണ്ട്."

ഞാൻ ഞെട്ടിയില്ല. ഇപ്പോൾ ആർക്കാണ് കാറില്ലാത്തത് ? 

"ഗൾഫിൽ നിന്ന് വന്നപ്പോൾ ഒരുലക്ഷം രൂപയാണ് എന്റെ കെട്ടിയോൻ എനിക്ക് സ്വർണം വാങ്ങാൻ തന്നത്."

ഞാനൊന്നു ഞെട്ടി.

"അത് എത്ര കൊല്ലം മുൻപാണ്?"

"ഇരുപത് മുപ്പതു കൊല്ലം മുൻപ്."

ഞാൻ ശരിക്കും ഞെട്ടി. കാരണം അന്ന് ഒരു ലക്ഷത്തിനൊക്കെ വിലയുള്ള കാലമായിരുന്നേ.

"എത്ര കാലമുണ്ടായിരുന്നു ഗൾഫിൽ റൂബിയുടെ ഹസ്ബൻഡ്?"

"കാലമൊന്നുമില്ല. ചെന്ന് കുറച്ചു നാളായതും സുഖമില്ലാണ്ടായി. ഇങ്ങു പൊന്നു."

അപ്പോഴേയ്ക്ക് ലക്ഷങ്ങൾ ഉണ്ടാക്കിയോ? തള്ളട്ടെ തള്ളട്ടെ.

"ഞങ്ങൾ തൃശൂർകാർക്ക് കരിമീൻ ഇഷ്ടമല്ല."

"ങേ ഈ തൃശൂർക്കാർ മലയാളികൾ തന്നെയല്ലേ?" ഞാൻ അമ്പരന്നു.

"ഏതു മീനും ഞങ്ങൾ തലയങ്ങു വെട്ടിക്കളഞ്ഞിട്ടു മുഴുവനെയാണ് പൊരിക്കുന്നത്."

"അയ്യോ. തല നല്ലതല്ലെ"

"അയ്യെ ഞങ്ങൾ ഒരു മീനിന്റെയും തല എടുക്കില്ല."

"ദിവസം ആയിരം തരാം രണ്ടായിരം തരാം എന്നൊക്കെ പറഞ്ഞ് എന്നെ ആളുകൾ വിളിക്കുന്നുണ്ട്. പിന്നെ ചേച്ചി വിളിച്ചതു കൊണ്ടാ ഞാൻ വന്നത്. ആശുപത്രിയിൽ ഞാൻ മൂന്നു ദിവസം നിന്നതിനു ഒരു വീട്ടുകാർ എനിക്ക് ഇരുപതിനായിരം രൂപയാണ് തന്നത്."

ഒരു മാസം കഴിഞ്ഞു സൂസമ്മ വന്നതോടെ തള്ളുകാരി പോയി. അപ്പോൾ സൂസമ്മ പുതിയ അടവ് തുടങ്ങി. എല്ലാ മാസവും അഡ്വാൻസ് വാങ്ങുക. കൊടുക്കാതെ വയ്യ. തന്നില്ലെങ്കിൽ പോകും എന്ന ഭീഷണി. അതിന്റെ കൂടെ മക്കൾ ഓരോരുത്തരായി വന്ന് ഫ്ലാറ്റിൽ താമസിക്കും. "ചേച്ചി മനു രണ്ടാഴ്ച നിന്നോട്ടെ, ഉണ്ണി നാലുമാസം നിന്നോട്ടെ", "മനുവിന്റെ ഭാര്യയ്ക്ക് ഗർഭമലസ്സി. അവളും നിന്നോട്ടെ മൂന്നു മാസം." ഇങ്ങനെ അനുവാദം ചോദിക്കും. എനിക്ക് ഒരു ഫ്ലാറ്റ് മുഴുവനും സ്വന്തമായി ഉണ്ട്. മകനെ കിടത്താൻ ഒരു മുറി മതി. അതിൽ തന്നെ ഹോം നഴ്‌സിനും കട്ടിൽ ഉണ്ട്. എനിക്ക് ഒരു ബെഡ്‌റൂം മതി. പിന്നെയുമുണ്ട് സ്ഥലം ഇഷ്ടം പോലെ. ഭക്ഷണമൊക്കെ അവർ എന്റെ ഫ്ലാറ്റിൽ ഉണ്ടാക്കാനും തുടങ്ങി. നല്ലത് എന്ന് ഞാനും കരുതി. മകളുടെ ഫ്ലാറ്റിൽ നിന്ന് കൊണ്ടുവരണ്ടല്ലോ. കറന്റ് ബില്ലും വാട്ടർ ചാർജുo കുതിച്ചു കയറി.  ഞാൻ എല്ലാം സഹിച്ചു. കാരണം സൂസമ്മ നന്നായി പേഷ്യന്റിനെ നോക്കും. വീട്ടുജോലികളിൽ എന്നെ സഹായിക്കും. അതു കൊണ്ട് ആറേഴു വർഷം  ഞാൻ ഇതെല്ലാം സഹിച്ചു. ഒടുവിൽ സൂസമ്മയുടെ അമ്മ കിടപ്പിലായതോടെ പുള്ളി സ്ഥലം വിട്ടു. എനിക്ക് തരാനുള്ള വലിയ തുക തരാതെ പറ്റിച്ചിട്ട് പോയി. ചോദിച്ചു ചോദിച്ചു ഞാൻ മടുത്തു. പിന്നെ ഞാൻ വിളിച്ചാൽ സൂസമ്മ ഫോൺ എടുക്കില്ല. വലിയ ഉദ്യോഗസ്ഥരായ മക്കളോട് ചോദിച്ചു നോക്കി. പിന്നെ കിട്ടിയത് ഫോണിലൂടെ സൂസമ്മയുടെ ചീത്തയാണ്. "എന്റെ മക്കൾ നിങ്ങളോടു കടം വാങ്ങിയോ? ഞാൻ വാങ്ങിയെങ്കിലും ഞാൻ അതിനുള്ള ജോലി ചെയ്തിട്ടുണ്ട്." പിന്നെ പറയുന്ന ശകാരവാക്കുകൾ ഇവിടെ എഴുതാൻ കൊള്ളില്ല. എന്റെ മകന് വേണ്ടി എത്രയോ ലക്ഷങ്ങൾ അല്ല കോടിയിലേറെ ഞാൻ ചെലവഴിച്ചു. അവനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അതിന്റെ കൂടെ ഒരു ലക്ഷം കൂടി പോയി എന്ന് സമാധാനിച്ചു ഞാനതു വിട്ടു.                           

ഇപ്പോൾ ഹോം നഴ്‌സ് എന്ന് കേട്ടാൽ ഞാൻ  എഴുന്നേറ്റു നിൽക്കും. എന്നിട്ടു  മനസ്സിൽ പറയും. ഹോംനഴ്സേ നിങ്ങൾ മാസ്സല്ല കൊലമാസ്സാണ്!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS