ഒരു രണ്ടാനമ്മക്കഥ

mother-daughter-PonomarenkoNataly-Shutterstock
Representative image. Photo Credit: PonomarenkoNataly/Shutterstock.com
SHARE

അച്ഛനും അമ്മയും പിണങ്ങിയതെന്തിനാണെന്ന് ദിവ്യയ്ക്ക് അറിയുമായിരുന്നില്ല. പക്ഷേ  അവർ  എന്നെന്നേയ്ക്കുമായി പിരിഞ്ഞതാണെന്നും ഇനി ഒരിക്കലും ഒരുമിച്ചു താമസിക്കുകയില്ലെന്നും അമ്മ അവളെ  പറഞ്ഞു മനസ്സിലാക്കി. അച്ഛനും അമ്മയും ചേട്ടൻ ദേവനും  ഒരുമിച്ച്  ഇനി ഒരു കുടുംബജീവിതം ഉണ്ടാവുകയില്ലെന്ന് അവൾക്കു തോന്നി. അച്ഛൻ രണ്ടാമത് ഒരു വിവാഹം കഴിച്ചു എന്നറിഞ്ഞതോടെ അത്  ഉറപ്പായി. അവളും ദേവനും അമ്മയോടൊപ്പം, അമ്മ ജോലി ചെയ്തിരുന്ന  നഗരത്തിൽ താമസമാക്കി. ദിവ്യയെ അവിടെ  ഒരു കോൺവെന്റ് സ്കൂളിലും ദേവനെ ഒരു മിക്സഡ് സ്കൂളിലും ചേർത്തു. അമ്മയ്ക്ക് വിവാഹമോചനം സമ്മതമായിരുന്നില്ല. പക്ഷേ വേറെ  പോം വഴി ഇല്ലാതായി. അച്ഛൻ മുക്കാലും മറ്റേ സ്ത്രീയുമായുള്ള അടുപ്പത്തിൽ മുഴുകിക്കഴിഞ്ഞിരുന്നു. അമ്മ നന്നായി വാശിപിടിച്ചാണ്  മക്കളെ കൊണ്ടുപോന്നത് എന്ന് അമ്മ പലരോടും പറയുന്നത് കേട്ടിട്ടുണ്ട് . അച്ഛന് മക്കളെ വേണമെന്നൊന്നും സത്യത്തിൽ ഇല്ലായിരുന്നു. ഒരു പുതിയ ജീവിതം പ്ലാൻ ചെയ്യുന്നയാൾക്ക് പഴയ ബന്ധത്തിലെ മക്കളെന്തിന്? പിന്നെ വെറുതെ ഒരു പ്രഹസനം. പാവം ദിവ്യയ്ക്കതു മനസ്സിലായില്ല. പക്ഷേ  ദേവൻ പറഞ്ഞു. "മക്കളെ വിട്ടു തരില്ല എന്ന് പറയുമ്പോൾ അമ്മ വാശി പിടിച്ചു കൊണ്ടുപോകും. അതാണ് അയാൾക്കു വേണ്ടത്." ദേവന്റെ വാക്കുകൾ ദിവ്യയെ അമ്പരപ്പിച്ചു. ഇത്രയും ജാടയോ ആ മനുഷ്യന്! ദിവ്യ ചിന്തിച്ചു.

ആദ്യ ഭാര്യയേയും കുട്ടികളെയും വെറുതെ വിടാൻ അച്ഛൻ തയാറായിരുന്നില്ല. മക്കളുടെ ചെലവിനായി പത്തു പൈസ കൊടുക്കുകയില്ല. വാശി പിടിച്ച് കൊണ്ടുപോയവർ നോക്കട്ടെ എന്നാണ് നിലപാട്. അമ്മയ്ക്കതു സമ്മതമായിരുന്നു. "ഇത് എന്റെ കുട്ടികളാണ്. എന്റെ മാത്രം കുട്ടികൾ. അവരെ  ഞാൻ തന്നെ വളർത്തും." അമ്മ വീറോടെ പറഞ്ഞു.

പിന്നീടാണ് അച്ഛൻ പുതിയൊരു അടവെടുത്തത്. രണ്ടാം ഭാര്യയെയും കൂട്ടി ദിവ്യയുടെ സ്കൂളിലും ദേവന്റെ സ്കൂളിലും വരിക എന്ന നടപടി തുടങ്ങി. അമ്മയെ തോൽപ്പിക്കണമല്ലോ. എന്തിന് ? അതാണ് മനസ്സിലാവാത്തത്.  വിട്ടൊഴിഞ്ഞു പോയവരെ ശല്യപ്പെടുത്തുന്നതെന്തിന്?

ഒരു ദിവസം സൂസി ടീച്ചർ ക്ലാസ്സെടുത്തു കൊണ്ടിരിക്കെ പ്യൂൺ ഒരു കുറിപ്പുമായി ക്ലാസ്സിൽ വന്നു. 'ദിവ്യ' കുറിപ്പ് വായിച്ചിട്ട് ടീച്ചർ ഉറക്കെ വിളിച്ചു. ''ദിവ്യയ്ക്ക് വിസിറ്റർ ഉണ്ട്. ഹെഡ് മിസ്ട്രസ്സിന്റെ റൂമിൽ ചെല്ലൂ."  ടീച്ചർ പറഞ്ഞതു കേട്ട് ദിവ്യ ഞെട്ടി. ഇറങ്ങി ഓടിയെത്തി.  വിസിറ്ററെ കണ്ട്  അവൾ വീണ്ടും ഞെട്ടി. അച്ഛനും അയാളുടെ രണ്ടാം ഭാര്യയും. ഹെഡ് മിസ്ട്രസ്സായ കന്യാസ്ത്രീയുടെ മുഖത്ത് പതിവുള്ള ഗൗരവത്തിനു പകരം സഹതാപം. ദിവ്യയ്ക്ക് കാര്യം പിടികിട്ടി. അച്ഛൻ സിസ്റ്ററിനോട്  വിവരമെല്ലാം പറഞ്ഞിരിക്കുന്നു. അമ്മയെ ഒരുപാടു കുറ്റവും പറഞ്ഞു കാണും. നാണക്കേടായല്ലോ ദൈവമേ. ദിവ്യ മനസ്സിൽ പറഞ്ഞു. അപ്പോഴേയ്ക്ക് ഇന്റർവെല്ലിന്റെ മണി മുഴങ്ങി. ദിവ്യയെ എന്തിനാണ് സിസ്റ്റർ വിളിച്ചതെന്നറിയാൻ അവളുടെ കൂട്ടുകാർ ഓടിയെത്തി. അച്ഛനോടും രണ്ടാം ഭാര്യയോടും സംസാരിച്ചു കൊണ്ട് വരാന്തയിൽ നിൽക്കുന്ന അവളെക്കണ്ട് അവർ മാറി നിന്നു. അടുത്ത ബെല്ലടിച്ചപ്പോൾ മറ്റു കുട്ടികളോടൊപ്പം ദിവ്യയും ക്ലാസ്സിലേക്ക് മടങ്ങി. ഒരു പീരിയഡ് പോയിക്കിട്ടി. ഇനി ആ നോട്ട്സ് എഴുതിയെടുക്കണം. അയാളുടെ ഒരു വിസിറ്റ്. ദിവ്യ പിറുപിറുത്തു. ഒരു മിട്ടായി പോലും കൊണ്ടുവന്നില്ല. എന്നാൽ കുറച്ചു പൈസ തന്നോ അതുമില്ല. വെറുതെ നാറ്റിക്കാൻ വന്നതാണ്. ദിവ്യയ്ക്ക് ദേഷ്യം തോന്നി.

ലഞ്ചു ബ്രേക്കിന് കൂട്ടുകാരികൾ അവളുടെ ചുറ്റും കൂടി.

"അത് ദിവ്യയുടെ അച്ഛനാണോ?"

"അതേ."

"കൂടെ വന്നതോ? അത് ദിവ്യയുടെ അമ്മയല്ലല്ലോ."

അമ്മയെ അവരെല്ലാം കണ്ടിട്ടുണ്ട്. ഒരു നിമിഷം ദിവ്യ മിണ്ടിയില്ല. പിന്നെ പറഞ്ഞു. "അയാളുടെ പുതിയ ഭാര്യ." കൂട്ടുകാർ ഞെട്ടി, കണ്ണ് മിഴിച്ചു. അവർ ഇങ്ങനെയൊന്ന് ആദ്യം കേൾക്കുകയാണ്. "അപ്പോൾ കുട്ടിയ്ക്ക് രണ്ടാനമ്മയുണ്ട് അല്ലേ? സിൻഡ്രല്ലയെപ്പോലെ."

അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന അവർക്ക് സിൻഡ്രല്ലയുടെ കഥ പഠിക്കാനുണ്ട്. "ദിവ്യ അവരുടെ കൂടെ എവിടെയും പോകരുത്. ഉപദ്രവിക്കും. കൊല്ലും."കൂട്ടുകാർ സ്തോഭത്തോടെ വിവരിച്ചു. ദിവ്യയ്ക്ക് ഭയത്തേക്കാളേറെ അപമാനമാണ് തോന്നിയത്. വൈകുന്നേരം അവൾ സംഭവം മുഴുവൻ അമ്മയോട് വിവരിച്ചു പറഞ്ഞു. കരയുകയും ചെയ്തു. അമ്മ അവളെ ആശ്വസിപ്പിച്ചു. "അമ്മ നിന്നെ ഒരിക്കലും അവരുടെ കൂടെ വിടില്ല. അതു കൊണ്ട് രണ്ടാനമ്മ ഉപദ്രവിക്കും എന്ന പേടി വേണ്ട."  

സ്കൂളിൽ നിന്ന് തിരിച്ചെത്തിയ ദേവനും ദേഷ്യപ്പെട്ടു. "അയാൾ എന്തിനാണ് കെട്ടിക്കേറി സ്കൂളിൽ വന്നത്? അതും ആ സ്ത്രീയെയും കൊണ്ട്. എന്റെ കൂട്ടുകാർക്ക്  ഇതൊന്നുമറിയില്ല. എന്തിനാണ് എല്ലാം വിവരിച്ച് എന്നെ ആക്ഷേപിക്കുന്നത്?" അവൻ പത്താം  ക്ലാസ്സിലാണ്. വലിയ കുട്ടിയല്ലേ? കുറേക്കൂടി നാണക്കേടു തോന്നും. 

ഒരാഴ്ച ,രണ്ടാഴ്ച കടന്നു പോയി. ഒരു ദിവസം ദിവ്യ പറഞ്ഞു. "അമ്മേ പ്യൂൺ എന്തെങ്കിലും നോട്ടീസുമായി ക്ലാസ്സിൽ വരുമ്പോഴൊക്കെ എന്റെ നെഞ്ചു പിടയ്ക്കും. എന്നെക്കാണാൻ തന്തയും ഭാര്യയും വന്നതാണോ എന്ന് പേടിക്കും. കൂട്ടുകാർ എന്നെ കളിയാക്കുന്നു." "അയാളിനി വരില്ല." അമ്മ സമാധാനിപ്പിക്കാൻ നോക്കി.

"ഇല്ല. അയാൾ വരും. അമ്മയേയും ദേവനെയും എന്നെയും നാണം കെടുത്തിയേ  അടങ്ങൂ." അവളിലെ അവമാനിതയായ പെൺകുട്ടി കലിതുള്ളി. "വരരുത് എന്ന് എനിക്ക് പറയാനാവില്ല. നീ തന്നെ അയാളോട് പറയൂ." ഒടുവിൽ അമ്മ പറഞ്ഞു. ''ഇനി വരുന്നത് വരെ കാത്തിരിക്കാനൊന്നും വയ്യ. ഇപ്പോൾ ഇത് നിർത്തണം."

അവൾ ഒരു ഇൻലൻഡ് എടുത്തു വിശദമായിത്തന്നെ എഴുതി. പ്യൂൺ വരുമ്പോൾ പേടിക്കുന്നതും കൂട്ടുകാർ കളിയാക്കുന്നതുമൊക്കെ  ദയവായി ഇനി വരരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. താമസിയാതെ മറുപടി വന്നു. പേടിക്കേണ്ടന്നും ഇനി വരില്ലെന്നും. കൂടെ ഒന്നുകൂടി .ഇത് അമ്മ പറഞ്ഞു എഴുതിച്ചതല്ലേയെന്ന്. അമ്മ ആ കത്ത് കണ്ടിട്ടില്ല. ദിവ്യ സ്വയം എഴുതിയതാണ് . അതുകൊണ്ട് ആ ആരോപണം അമ്മയും ദിവ്യയും കാര്യമാക്കിയില്ല. ദേവനും ആശ്വാസമായി. 

പിന്നീട്  ദിവ്യ അച്ഛനെയും രണ്ടാനമ്മയെയും കണ്ടിട്ടില്ല.  വർഷം  പത്തുമുപ്പതു കഴിഞ്ഞു. ഇന്നും പത്രങ്ങളിൽ വരുന്ന കഥകൾ - രണ്ടാനമ്മയും അച്ഛനും ചേർന്ന് കുട്ടികളെ ദ്രോഹിച്ച കഥകൾ - ദിവ്യയെ നടുക്കും.  'രണ്ടാനമ്മ വന്നാൽ പിന്നെ അച്ഛൻ ചിറ്റപ്പൻ' എന്നൊരു ചൊല്ല് തന്നെയുണ്ട് ഞങ്ങളുടെ നാട്ടിൽ!                        

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA