ചില കുറ്റവാളികളോടു തോന്നുന്ന സൗമനസ്യം

deteective-006
SHARE

കൊല്ലത്തെ ദേവനന്ദ, ആലപ്പുഴയിലെ രാഹുൽ... കുഞ്ഞുങ്ങളുടെ അപ്രതീക്ഷിത മരണവും തിരോധാനവും നാടിന്റെ മനസ്സുലയ്ക്കും. ദേവനന്ദ മടങ്ങിവരില്ലെന്ന തിരിച്ചറിവു നൊമ്പരപ്പെടുത്തുന്നതാണ്. ആ കുട്ടി എങ്ങനെ മരിച്ചെന്നു കണ്ടെത്താൻ കുറ്റാന്വേഷകർക്കു കഴിയുമെന്ന പ്രതീക്ഷയുണ്ട്. രാഹുലിന്റെ കഥ കൂടുതൽ വേദനിപ്പിക്കുന്നതാണ്. ആ കുട്ടിക്ക് എന്താണു സംഭവിച്ചതെന്നു പോലും ബന്ധുക്കൾക്കും നാട്ടുകാർക്കും അറിയില്ല.

ആലപ്പുഴ ആശ്രമം വാർഡിലെ മൈതാനത്തു ക്രിക്കറ്റ് കളിക്കാൻ പോയ 7 വയസ്സുകാരൻ രാഹുലിനെ കാണാതായതു 2005 മേയ് 18നാണ്. കണ്ടെത്താനായാൽ ഇന്നു രാഹുലിനു പ്രായം 21. എന്നാൽ 15 വർഷങ്ങൾക്കു ശേഷം രാഹുലിനെ കണ്ടെത്താൻ കഴിയാതെ കേരള പൊലീസും സിബിഐയും കോടതി മുൻപാകെ പരാജയം സമ്മതിച്ചു നിൽക്കുന്നു. രാഹുലിന്റെ ബന്ധുക്കൾ പ്രതീക്ഷയോടെ നിയമപോരാട്ടം തുടരുന്നു.

കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന കുറ്റവാളികളോടു സമൂഹവും പൊലീസും കടുത്ത നിലപാടു സ്വീകരിക്കാറുണ്ട്. ഇത്തരം കുറ്റവാളികളെ കൈകാര്യം ചെയ്യുന്നവരോടു നിയമവും സൗമനസ്യം കാട്ടാറുണ്ട്.

മഞ്ചേരിയിലെ സംഭവം

2001 ഫെബ്രുവരി 9നാണു ഏഴാം ക്ലാസ് വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്. പിറ്റേന്നു കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തി. 2 ദിവസത്തിനകം പ്രതിയായ 24കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തെളിവെടുപ്പു സമയം വൻ ജനരോഷം പ്രതിക്കെതിരെ ഉയർന്നു. നാട്ടുകാർ കൊലവിളി നടത്തി. പ്രതിയെ തങ്ങൾക്കു വിട്ടുതരാൻ പൊലീസിനോട് ആക്രോശിച്ചു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് വൈകിയതോടെ സെപ്റ്റംബർ 20 നു ജാമ്യം നേടി പ്രതി പുറത്തിറങ്ങി.

2002 ജൂൺ 27 മുതൽ കൊലക്കേസ് പ്രതിയെ കാണാതായി. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടുവളപ്പിലെ പൊട്ടക്കിണറ്റിൽ നിന്നു ജൂലൈ 6 നു പ്രതിയുടെ മൃതദേഹം കണ്ടെത്തി. പെൺകുട്ടിയുടെ പിതാവ് ഒറ്റക്കുഴൽ നാടൻതോക്ക് ഉപയോഗിച്ചു പ്രതിയെ വെടിവച്ചു കൊന്ന് 2 സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം പൊട്ടക്കിണറ്റിൽ കുഴിച്ചിട്ടെന്നായിരുന്നു പൊലീസിന്റെ അന്വേഷണ നിഗമനം. മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ കൊലപ്പെടുത്തി പ്രതികാരം ചെയ്ത പിതാവിനു വിചാരണക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

ഈ വിധിന്യായത്തിൽ കോടതി പറഞ്ഞ ഒരുകാര്യമുണ്ട്: ‘‘ദയ അർഹിക്കാത്ത കുറ്റം ചെയ്ത പ്രതിയാണ് ഈ കേസിൽ കൊല്ലപ്പെട്ടത്. മകൾ ലൈംഗികപീഡനമേറ്റു മരിച്ചതിൽ മാതാപിതാക്കൾക്കുണ്ടായ വേദന കോടതി മറക്കുകയോ, അവഗണിക്കുകയോ ചെയ്യുന്നില്ല. എന്നാൽ, പെൺകുട്ടിയുടെ പിതാവു പ്രതികാരം ചെയ്‌തു സമൂഹത്തിൽ വീണ്ടും ഞെട്ടലുണ്ടാക്കി. ഈ കുറ്റകൃത്യം നിയമവാഴ്‌ചയ്‌ക്കു മുൻപിൽ ഒരു ചോദ്യചിഹ്ന മുയർത്തി. വ്യക്‌തിതാൽപര്യത്തേക്കാൾ സമൂഹത്തിനുമൊത്തമുള്ള നന്മയ്‌ക്കാണു കോടതി മുൻതൂക്കം കൊടുക്കുന്നത്.’’

പക്ഷേ, പിതാവിന്റെ അപ്പീൽ കേട്ട മേൽക്കോടതിയിൽ കേസിന്റെ സ്വഭാവം മാറി. പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന പ്രതിയുടെ വധത്തെ കുറിച്ചു രണ്ടുതരം കഥകളാണ് അന്നു നാട്ടിൽ കേട്ടിരുന്നത്.

ഒന്ന്– മകളുടെ കൊലപാതകത്തിനു ശേഷം ഒരു രാത്രി പോലും ഉറങ്ങാൻ കഴിയാതിരുന്ന പിതാവിന്റെ കൺമുൻപിലൂടെ ജാമ്യത്തിലിറങ്ങി വെല്ലുവിളിയോടെ നടന്ന പ്രതി. അയാളെ കൊലപ്പെടുത്തി മകളുടെ കൊലയ്ക്കു പ്രതികാരം ചെയ്തു മനഃസമാധാനം തേടിയ പിതാവ്.

രണ്ട്– നാട്ടിലെ മറ്റു പല പെൺകുട്ടികളോടും പ്രതി മോശമായ രീതിയിൽ പെരുമാറിയിരുന്നു. ഇത്തരം മാനസിക വൈകല്യമുള്ള ഒരാൾ, ഒരു കൊലപാതകത്തിനു ശേഷവും നാട്ടിൽ സ്വതന്ത്രമായി നടക്കുന്നതിൽ പ്രതിഷേധം തോന്നിയ ആരോ പ്രതിയെ കൊലപ്പെടുത്തി. തനിക്കു ചെയ്യാൻ കഴിയാതെ പോയ കാര്യം ചെയ്ത അയാളെ സംരക്ഷിക്കാൻ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവു കൊലക്കുറ്റം സ്വയം ഏറ്റെടുത്തു ശിക്ഷ വരിച്ചു.

ജീവപര്യന്തം ശിക്ഷയിൽ ഇളവുതേടി പിതാവു സമർപ്പിച്ച അപ്പീൽ കേട്ട മേൽക്കോടതി രണ്ടാമത്തെ കഥയിൽ ഊന്നിയുള്ള വാദം കേട്ടു.

കൊല്ലപ്പെട്ടയാളോടു വിരോധവും വൈരാഗ്യവുമുള്ള പലരും ആ നാട്ടിലുണ്ടായിരുന്നതിനാൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനു മാത്രമാണ് അയാളോടു പ്രതികാരദാഹമെന്നു കരുതാനാവില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. ഈ പഴുത് അടച്ചു പിതാവിനെതിരായ കുറ്റം സ്ഥാപിക്കാൻ പ്രോസിക്യൂഷനും കഴിഞ്ഞിരുന്നില്ല. പിതാവിനു ലഭിച്ച ജീവപര്യന്തം ശിക്ഷ, സംശയത്തിന്റെ ഈ ആനുകൂല്യത്തിൽ മേൽക്കോടതി റദ്ദാക്കി, അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

അത്യാഗ്രഹം കുരുക്കായ കൊലയാളി

ചങ്ങനാശേരിയിലെ 13 വയസ്സുകാരൻ മഹാദേവന്റെ തിരോധാനം കൊലപാതകമായി മാറിയതു 19 വർഷങ്ങൾക്കു ശേഷമാണ്. മഹാദേവൻ ജീവനോടെയുണ്ടെന്നു ബന്ധുക്കളെയും പൊലീസിനെയും തെറ്റിധരിപ്പിക്കുന്നതിലും 19 വർഷം കൊലയാളി വിജയിച്ചു. 1995 സെപ്റ്റംബർ എട്ടിനായിരുന്നു കൊലപാതകം.  ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിയായ സൈക്കിൾ കടക്കാരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതു 2014 ഫെബ്രുവരി 26നാണ്.

സൈക്കിൾ കടയിൽ മഹാദേവൻ പോകുമായിരുന്നു. മഹാദേവൻ സ്വർണാഭരണങ്ങൾ അണിഞ്ഞു നടക്കുന്നതു കാണാൻ മാതാപിതാക്കൾക്കു സന്തോഷമായിരുന്നു. സൈക്കിൾ കടയിൽ വരുമ്പോൾ ഈ ആഭരണങ്ങൾ പ്രതി ശ്രദ്ധിച്ചിരുന്നു. എല്ലാം കൂടി 5 പവനുണ്ടെന്ന് അയാൾ ഉറപ്പിച്ചു. സൈക്കിൾ ടയറിൽ കാറ്റടിക്കാനാണു സംഭവ ദിവസം മഹാദേവൻ പ്രതിയുടെ കടയിലെത്തിയത്.

കുട്ടിയെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മറവു ചെയ്തു. കുട്ടിയുടെ ദേഹപരിശോധന നടത്തിയ കൊലയാളി നിരാശനായി. സാധാരണ മഹാദേവൻ ധരിക്കാറുള്ള ആഭരണങ്ങൾ അന്നു ദേഹത്തുണ്ടായിരുന്നില്ല. 10 ഗ്രാമിന്റെ മാല മാത്രമാണു കിട്ടിയത്. ഈ ഘട്ടത്തിൽ പ്രതിക്കു തോന്നിയ കുബുദ്ധിയാണു മഹാദേവൻ ജീവിച്ചിരിപ്പുണ്ടെന്നു ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാൻ കാരണം. 

പൊലീസ് അന്വേഷണം നടക്കുന്നതിനിടയിൽ ഊമക്കത്തുകളും അജ്ഞാത ഫോൺ സന്ദേശങ്ങളും വീട്ടിലെത്തി.

‘‘പണം തന്നാൽ മഹാദേവനെ മടക്കി നൽകാം...’’ എന്നായിരുന്നു സന്ദേശങ്ങൾ. ആദ്യം 45,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. അതു കിട്ടുമെന്നായപ്പോൾ 2 ലക്ഷം രൂപ ചോദിച്ചു. മഹാദേവനോടു ഫോണിൽ സംസാരിക്കണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടപ്പോൾ കുട്ടിയുടെ ചെരിപ്പും സൈക്കിൾ താക്കോലും തപാലിൽ അയച്ചു കൊടുത്തു. ഇന്നത്തെക്കാലത്തു പ്രതികളെ പിടികൂടാൻ ഫോൺ സംഭാഷണം മാത്രം മതി. അന്നു  പൊലീസിന് അതിനു കഴിഞ്ഞില്ല.

മഹാദേവനെ തട്ടിക്കൊണ്ടു പോയതാണെന്നും കുട്ടി ജീവിച്ചിരിപ്പുണ്ടെന്നും ബന്ധുക്കളെയും പൊലീസി നെയും തെറ്റിദ്ധരിപ്പിക്കാൻ പ്രതികൾക്കു കഴിഞ്ഞു. മഹാദേവന്റെ വീട്ടിലേക്കുള്ള ഫോൺ വിളികൾ ടെലിഫോൺ എക്സ്ചേഞ്ചിൽ നിരീക്ഷിക്കുന്നുണ്ടെന്ന സംസാരം നാട്ടിൽ പരന്നതോടെ പ്രതി വിളിക്കാതായി.

പല സ്ഥലങ്ങളിൽ നിന്നും പോസ്റ്റ് ചെയ്ത ഊമക്കത്തുകൾ കുറെക്കാലം കൂടി തുടർന്നു. കത്തുകളിലെ നിർദേശം അനുസരിച്ചു പണവുമായി പലയിടങ്ങളിലും ബന്ധുക്കൾ കാത്തുനിന്നെങ്കിലും പ്രതി വന്നില്ല. പിന്നീട് ഊമക്കത്തും കിട്ടാതായി. ഇതോടെ മഹാദേവൻ പ്രതികളുടെ ഒളിത്താവളത്തിൽ നിന്നു ചാടിപ്പോയതായി ബന്ധുക്കൾ കരുതി. പൊലീസിന്റെ അന്വേഷണവും ആ വഴിക്കായി.

വർഷം 10 കഴിഞ്ഞതോടെ കേസന്വേഷണത്തിന്റെ പുരോഗതി ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിച്ചു. ചില നിഗമനങ്ങളിൽ അവരെത്തി.

∙ കുട്ടി ജീവനോടെയുണ്ടെങ്കിൽ തിരികെ വരേണ്ട കാലമായി.

∙ കുട്ടിയുടെ തിരോധാനത്തിനു ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ടു ഫോൺ വിളിച്ചതോടെ തട്ടിക്കൊണ്ടുപോയതു ഭിക്ഷാടന മാഫിയയല്ലെന്ന് ഉറപ്പിച്ചു.

∙ പ്രതികളുടെ ലക്ഷ്യം സാമ്പത്തിക നേട്ടമാണ്. അതിനായുള്ള ഫോൺ വിളികളും ഊമക്കത്തുകളും അവസാനിപ്പിച്ചതോടെ കുട്ടി ജീവനോടെയുണ്ടാകാനുള്ള സാധ്യത കുറഞ്ഞു.

∙ ജീവനോടെയുണ്ടെങ്കിൽ എപ്പോഴെങ്കിലും, ആരോടെങ്കിലും കുട്ടി വിവരങ്ങൾ പറയും.

ആരാകും കുട്ടിയെ തട്ടിക്കൊണ്ടുപോയത്?

∙ കുട്ടിയെയും കുടുംബത്തെയും വളരെ അടുത്തു പരിചയമുള്ള ആരോ ഒരാൾ. മാതാപിതാക്കളുടെ വിലാസം, ലാൻഡ് ഫോൺ നമ്പർ എല്ലാം അറിയാവുന്ന ഒരാൾ.

∙ അങ്ങനെയുള്ള ഒരാൾ തട്ടിക്കൊണ്ടുപോയാൽ അയാളെ തിരിച്ചറിയുന്ന കുട്ടിയെ വകവരുത്താൻ സാധ്യത കൂടുതലാണ്.

∙ കുട്ടി സ്ഥിരമായി 5 പവൻ സ്വർണാഭരണങ്ങൾ ധരിക്കുന്ന വിവരം അറിയാവുന്ന ഒരാൾ. ആഭരണങ്ങൾ കവർന്നു കുട്ടിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു.

∙ തട്ടിക്കൊണ്ടുപോയ ദിവസം കുട്ടി ഒരു മാല മാത്രമാണു ധരിച്ചിരുന്നത്.

∙ അതു പ്രതിയുടെ പ്രതീക്ഷകൾ തെറ്റിച്ചു. മനസ്സിൽ കണ്ട സാമ്പത്തിക നേട്ടം ഇല്ലാതായതോടെ ബാക്കി പണം മാതാപിതാക്കളിൽ നിന്നു തട്ടിയെടുക്കാൻ മോചനദ്രവ്യം ആവശ്യപ്പെട്ടു. അതിനായി കുട്ടി ജീവനോടെയുണ്ടെന്ന നാടകം കളിച്ചു. ഇതോടെ കേസിന്റെ അന്വേഷണം മഹാദേവന്റെ വീടിനു ചുറ്റുവട്ടത്തേക്കു കേന്ദ്രീകരിച്ചു.

കുട്ടിയെ അവസാനമായി പലരും കണ്ടതു സൈക്കിളോടെയാണ്. അന്വേഷണം പഴയ സൈക്കിൾ കടയിലെത്തി. ഇതോടെ പ്രതി പതറി. അയാളെ കൂടുതൽ നിരീക്ഷിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ അയാൾ കൂടുതലായി മദ്യപിച്ചു. 

മറ്റു 2 പേരെ അടിക്കടി നേരിട്ടു കാണാൻ തുടങ്ങി. അവരെ പൊലീസ് രഹസ്യമായി ചോദ്യം ചെയ്തപ്പോളാണു 19 വർഷങ്ങൾക്കു ശേഷം കേസ് തെളിഞ്ഞത്. ആ 2 പേരാണു മൃതദേഹം മറവു ചെയ്തത്. പ്രതിക്കു വേണ്ടി ഫോൺ വിളിച്ചതും ഊമക്കത്തയച്ചും ഈ കൂട്ടുപ്രതികളാണ്.

English Summary : The Truth Behind Missing Kids Of Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ