തോക്ക് പിടിക്കാനറിയാത്ത അധോലോക സംഘം

Detective
SHARE

1984 ജനുവരി 22, 1989 ഏപ്രിൽ 29. ഇന്ത്യൻ പൊലീസ് സേനകളിലെ മുഴുവൻ കുറ്റാന്വേഷകരെയും നാണിപ്പിക്കുന്ന 2 തീയതികളാണിത്. കേരളത്തിൽ, നമ്മുടെ കൺമുൻപിൽ പരസ്പര ബന്ധമില്ലാത്ത 2 കൊലപാതകങ്ങൾ നടന്ന ദിവസങ്ങൾ. ജനുവരി 22 ലെ കൊലപാതകം ഇന്നും ചർച്ച ചെയ്യുന്ന കേസാണ്. ക്രൈം ത്രില്ലർ നോവലുകൾക്കും സിനിമകൾക്കും ഇതിവൃത്തമായ സുകുമാരക്കുറുപ്പ് കേസ്. ക്രിമിനൽ ഗൂഢാലോചനയിലെ പുതുമകളും പൊലീസിനെ കബളിപ്പിച്ചു മുഖ്യപ്രതി 36 വർഷം പിടികിട്ടാപ്പുള്ളിയായി തുടരുന്നതുമാണു കേസിന്റെ ആകർഷണീയത.

രണ്ടാമത്തെ കേസ് പൊതുസമൂഹം അത്രയധികം ചർച്ച ചെയ്തിട്ടില്ലെങ്കിലും കുറ്റകൃത്യത്തിന്റെ ആഴവും പരപ്പും കുറുപ്പിന്റെ കേസിനേക്കാൾ വിപുലമാണ്– കാസർകോട് ബേക്കൽ മൗവ്വലിൽ കെ.എം. ഹംസ (35) വധക്കേസ്. ദാവൂദ് ഇബ്രാഹിമിന്റെ ഡി– കമ്പനി, സ്വർണക്കള്ളക്കടത്ത്, അന്നത്തെക്കാലത്തു 6.20 കോടി രൂപ വിലവരുന്ന 1600 സ്വർണബിസ്ക്കറ്റുകൾ, ഒറ്റ്, ചാരപ്പണി, പ്രതികാരം... എല്ലാം ഒത്തിണങ്ങിയ കേസ്. 

കാറ് തടഞ്ഞു നിർത്തി 4 വശത്തും ഒരേ സമയം വെടിവച്ചാണ് അവർ ഹംസയെ കൊന്നത്. അത്തരമൊരു കൊലപാതകം കേരളത്തിൽ മുൻപും പിൻപും റിപ്പോർട്ട് ചെയ്തിട്ടില്ല. 

കേസിലെ മുഖ്യപ്രതി ‘കംപ്യൂട്ടർ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മലയാളി ‘പാക്കിസ്ഥാൻ അബ്ദുൽ റഹ്മാൻ’  ഒളിവിലാണ്. 31 വർഷമായി ഇയാളെ കണ്ടെത്താനുള്ള ക്രൈംബ്രാഞ്ചിന്റെയും സിബിഐയുടെയും ശ്രമങ്ങൾ പരാജയപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്തു മുംബൈയിലെ കൊടിവച്ച സ്വർണ കള്ളക്കടത്തു കാരായ ഹാജി മസ്താൻ, കരിംലാല അടക്കമുള്ളവർ ജയിലിലായ സമയത്താണു പൊലീസ് കോൺസ്റ്റ ബിൾ ഇബ്രാഹിം കസ്ക്കറിന്റെ മകൻ ദാവൂദ് ഇബ്രാഹിം കസ്ക്കർ ദുബായിൽ നിന്നു കടൽവഴി ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തു സ്വർണം ഇറക്കാൻ തുടങ്ങിയത്. കൊച്ചി മുതൽ കാസർകോട്, ഗോവ അടക്കം കൊങ്കൺ തീരം മുഴുവൻ തഞ്ചത്തിനും തരത്തിനും അന്നു തുടങ്ങിയ ദാവൂദിന്റെ സ്വർണം  ഇറക്ക് ഇപ്പോഴും തുടരുന്നു.  

സ്വർണ്ണക്കടത്തിനു 4 തരം ക്വട്ടേഷനുണ്ട്: 

ദുബായിൽ കുറഞ്ഞ വിലയ്ക്കു സ്വർണബിസ്ക്കറ്റുകൾ ശേഖരിച്ചു ബോട്ടുകളിലും ഉരുവിലും കയറ്റാനാണ് ആദ്യ ക്വട്ടേഷൻ. 

ഈ സ്വർണം കടലിലൂടെ ഇന്ത്യയുടെ പുറംകടലിൽ എത്തിക്കുന്നതാണു രണ്ടാം ക്വട്ടേഷൻ. 

ഇതു ശേഖരിച്ചു ഇന്ത്യയുടെ സമുദ്രാതിർത്തി കടത്തി തീരത്ത് എത്തിക്കുന്നതു മൂന്നാം ക്വട്ടേഷൻ. 

തീരത്ത് ഇതു കൈപ്പറ്റി റോഡ് വഴി മുംബൈയിൽ ഡി– കമ്പനിക്കു കൈമാറുന്നതാണു നാലാം ക്വട്ടേഷൻ.

ഇതിൽ ഡി– കമ്പനിയുടെ നാലാം ക്വട്ടേഷൻകാരനാണു പാക്കിസ്ഥാൻ അബ്ദുൽ റഹ്മാൻ എന്നറിയ പ്പെടുന്ന തളങ്കര സ്വദേശി എ.പി.അബ്ദുൽ റഹ്മാൻ. ഇയാളുടെ കാരിയറായിരുന്നു കൊല്ലപ്പെട്ട ഹംസ. ദുബായിൽ ബിസിനസ് ചെയ്യാനുള്ള പണത്തിനു വേണ്ടിയാണു ഹംസ സ്വർണം കടത്താൻ സഹകരിച്ചത്. സ്വന്തമായി കാറുള്ള ഹംസയും കൂട്ടാളി കല്ലിങ്കാൽ അബൂബക്കറും ഒരുമിച്ചായിരുന്നു ഇടപാട്. 

ഉള്ളിൽ 100 സ്വർണബിസ്ക്കറ്റുകൾ ഒളിപ്പിക്കാൻ രഹസ്യ പോക്കറ്റുള്ള ജാക്കറ്റുകളിലാണു സ്വർണം എത്തുന്നത്. ഇതിൽ കാസർകോട് തീരത്ത് എത്തുന്ന സ്വർണം ഹംസയും കൂട്ടാളിയും ഏറ്റുവാങ്ങി,  അബ്ദുൽ റഹ്മാനു മുംബൈയിൽ സുരക്ഷിതമായി കൈമാറണം. 

കൈമാറുന്ന ഒരോ ജാക്കറ്റിനും 25,000 രൂപവീതം ഹംസയ്ക്കു ലഭിക്കും. പക്ഷേ, ജാക്കറ്റ് എത്തുന്നതോടെ അബ്ദുൽ റഹ്മാൻ വിലപേശൽ തുടങ്ങും. ജീവൻ പണയപ്പെടുത്തിയാണു ഹംസ ഈ പണി ചെയ്തിരുന്നത്. പലപ്പോഴും 15,000 രൂപയിൽ അധികം നൽകാറില്ല. ഇതിൽ ഹംസയ്ക്കും അബൂബക്കറിനും വല്ലാത്ത അമർഷമുണ്ടായിരുന്നു. 

പാക്കിസ്ഥാൻ അബ്ദുൽ റഹ്മാനുമായുള്ള ഇവരുടെ ഇടർച്ച കള്ളക്കടത്തു തടയൽ സേനാവിഭാഗമായ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ (ഡിആർഐ) ചാരന്മാർ മനസിലാക്കി. അവർ ഹംസയെ സ്വാധീനിച്ചു ഡീൽ ഉറപ്പിച്ചു. ഡി– കമ്പനിയുടെ അടുത്ത ലോഡ് സ്വർണം വരുമ്പോൾ ഒറ്റണം. പിടികൂടുന്ന സ്വർണത്തിന്റെ വിലയുടെ 15% തുക സർക്കാർ വക പാരിതോഷികമായി ഇവരുടെ ബാങ്ക് അക്കൗണ്ടിൽ ഇടുമെന്നായിരുന്നു വാഗ്ദാനം. ലോട്ടറി അടിച്ചാൽപോലും നികുതി കൊടുക്കേണ്ട സ്ഥാനത്ത് ഇതൊരു പുതുവർഷ ബംബറായി ഹംസയ്ക്കും കൂട്ടാളിക്കും തോന്നി. 1988 ഡിസംബർ അവസാനമായിരുന്നു ഡിആർഐയുടെ ഈ നീക്കം. 

ഡി– കമ്പനി വിലപേശി നൽകുന്ന നക്കാപ്പിച്ചയ്ക്കു പകരം ഒരു തവണ ഒറ്റിയാൽ ലക്ഷക്കണക്കിനു രൂപ സർക്കാർ തരും. അവർ കാത്തിരുന്നു, 1989 ഫെബ്രുവരി 12 നു സ്വർണം എത്തി. 1600 ബിസ്ക്കറ്റ്, 370 കിലോഗ്രാം വരും. 6.20 കോടി രൂപയുടെ മുതലാണ്. ഇതൊറ്റിയാൽ 1 കോടി രൂപയോളം പാരിതോഷികം ലഭിക്കും. അതോടെ കള്ളക്കടത്തു ക്വട്ടേഷൻ അവസാനിപ്പിച്ചു സമാധാനത്തോടെ ജീവിക്കാം. അവർ ഒറ്റി. 

സ്വർണവുമായി ഹംസയും അബൂബക്കറും സഞ്ചരിച്ച 2 കാറുകളെ തലാടിക്കു സമീപം ഡിആർഐ വളഞ്ഞു. മുൻവാഗ്ദാനം അനുസരിച്ചു കാർ ഉപേക്ഷിച്ചു കടന്നു കളയാൻ അവരെ ഡിആർഐ അനുവദിച്ചു. ദിവസങ്ങൾക്കുള്ളിൽ ഇവരുടെ ബാങ്ക് അക്കൗണ്ടിൽ 93 ലക്ഷം രൂപ എത്തി.

ഇതൊരു പതിവു പിടിത്തമാണെന്നു ഡി–കമ്പനി ആദ്യം കരുതി. പിന്നീടു സ്വർണക്കള്ളക്കടത്തിനു പാക്കിസ്ഥാൻ അബ്ദുൽ റഹ്മാൻ സമീപിച്ചപ്പോൾ ഹംസയും അബൂബക്കറും പിന്മാറി. ഒരിക്കൽ പിടിക്കപ്പെട്ടതിനാൽ ഭയമാണെന്നു പറഞ്ഞാണു പിന്മാറിയത്.ഒരിക്കൽ പിടിക്കപ്പെടുന്ന സാധാരണ കള്ളക്കടത്തുകാർ ഭയം മാറി കൂടുതൽ സഹകരിക്കുകയാണു പതിവ്. ഹംസയും കൂട്ടാളിയും ‘ഭയന്നു’ പിന്മാറിയതിൽ ഡി– കമ്പനി വഞ്ചന മണത്തു. ഏജന്റുമാർ ഇവരെ നിരീക്ഷിച്ചു.

ഈ സംഭവത്തിനു ശേഷം ഹംസയും കൂട്ടാളിയും അവരുടെ പ്രാദേശിക ബിസിനസുകളിൽ പതിവിനേക്കാൾ വളരെ കൂടുതൽ പണം ഇറക്കുന്നതായി ഡി– കമ്പനി മനസ്സിലാക്കി. അബൂബക്കർ ചെന്നൈയിലേക്കു താമസം മാറ്റി, ഹംസ കാസർകോട്ടു തുടർന്നു.  

2 മാസം കഴിഞ്ഞപ്പോൾ 1989 ഏപ്രിൽ 29നു രാത്രി ഡി– കമ്പനിയുടെ വാടകക്കൊലയാളികൾ ഹംസയുടെ കഥകഴിച്ചു.യഥാർഥ കഥ അവിടെ തീർന്നില്ല. അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊലയാളികളെന്നു സംശയിക്കുന്ന 3 പേരെ ക്രൈംബ്രാഞ്ച് മുംബൈയിലെ ഹോട്ടലിൽ അറസ്റ്റ് ചെയ്തു. 

 പ്രകാശ് കമലാക്കർ സോംനെ

 രമേശ് ശ്യാം നിർഭനെ

 സുരേഷ് ഭരേഥ് പാലാരെ

കേരള പൊലീസ് ഇവരെ ചോദ്യം ചെയ്തു. വലിയ ബുദ്ധിമുട്ടുകൾ കൂടാതെ അവർ കുറ്റം സമ്മതിച്ചു. പക്ഷേ, എന്തോ പന്തികേട്. അന്വേഷണ സംഘത്തിലെ ബുദ്ധിമാനായ ഒരുദ്യോഗസ്ഥൻ സ്വന്തം സർവീസ്‍ റിവോൾവർ പ്രതികൾക്കു നേരെ നീട്ടി. തോക്ക് കണ്ട് അവർ അമ്പരന്നു. വെടി ഉതിർക്കാൻ പോയിട്ടു റിവോൾവർ നേരെ പിടിക്കാൻ പോലും പ്രതികൾക്ക് അറിയില്ല. ഇവർ ഡി–കമ്പനി ഇട്ടുതന്ന വ്യാജപ്രതികളാണെന്നു ബോധ്യപ്പെട്ടു. 

വ്യാജപ്രതിയായ പ്രകാശ് കമലാക്കർ സോംനെക്കു തെളിവു നശിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിനു വിചാരണക്കോടതി 9 വർഷം കഠിനതടവു വിധിച്ചു. സിബിഐ മാപ്പുസാക്ഷിയാക്കിയ തിക്കൊടികുണ്ടിൽ ഹനീഫ വിചാരണ ഘട്ടത്തിൽ പ്രതിഭാഗത്തേക്കു കൂറുമാറി. കോടതി ഇയാളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 

അന്വേഷണത്തിൽ 19 പ്രതികളെ കേരള പൊലീസും സിബിഐയും തിരിച്ചറിഞ്ഞു. പലരും വിചാരണ നേരിട്ടു ശിക്ഷയേറ്റുവാങ്ങി. ഒന്നാം പ്രതി പാക്കിസ്ഥാൻ അബ്ദുൽ റഹ്മാൻ 31 വർഷമായി അന്വേഷണ സംഘത്തെ കബളിപ്പിക്കുന്നു. ഇതേ അബ്ദുൽ റഹ്മാനാണു കഴിഞ്ഞമാസം വിദേശത്ത് അറസ്റ്റിലായ കുപ്രസിദ്ധ അധോലോക കുറ്റവാളി രവി പൂജാരിയെ ഡി–കമ്പനിയുടെ വലംകയ്യായിരുന്ന ഛോട്ടാരാജനു പരിചയപ്പെടുത്തിയത്. ഡി– കമ്പനിയോടു തെറ്റിയ ഛോട്ടാരാജനെ 2015 ൽ സിബിഐ ഇന്തോനീഷ്യയിലെ ബാലിയിൽ അറസ്റ്റ് ചെയ്തു തീഹാർ ജയിലിൽ അടച്ചു. 

ഈ കേസിൽ മറ്റൊരു സത്യമുണ്ട്. ഹംസയെ വധിക്കാനുള്ള ഡി– കമ്പനിയുടെ ക്വട്ടേഷൻ ആദ്യം ഏറ്റെടുത്തത് കന്നഡ സിനിമയിലെ പ്രസിദ്ധനായ വില്ലൻ നടനാണ്. യഥാർഥ തോക്കെടുത്തപ്പോൾ കൈവിറച്ചതിനാൽ ഈ നടൻ പിന്മാറി.

English Summary : D- Comapny Murder Plot

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ