വെളിച്ചെണ്ണയിൽ ഉള്ളി മൊരിയിക്കുന്ന കള്ളൻ

detective-20
SHARE

അതിബുദ്ധിയുള്ളവർ മാത്രം ശോഭിക്കുന്ന ജോലിയാണു പൊലീസിന്റേത്. തടിമിടുക്കുണ്ടെങ്കിൽ പണ്ടു കുറേയൊക്കെ പിടിച്ചുനിൽക്കാമായിരുന്നു. ഇന്നതു പോരാ. ഇടികൊണ്ടാൽ സത്യം പറയുന്ന കുറ്റവാളി കളുടെ എണ്ണം കുറഞ്ഞു. ഒരു കാര്യം പൊലീസിനോടു പറയരുതെന്നു തീരുമാനിച്ചാൽ എത്ര ഇടി കിട്ടിയാലും അതു പറയാത്ത കൊടും കുറ്റവാളികളുണ്ട്. അഥവാ ഇടികൊണ്ടു ‘സത്യം’ പറഞ്ഞാൽ അതു പൊലീസിനെ വഴിതെറ്റിക്കുന്ന പുതിയൊരു ‘പെരുങ്കള്ള’മാകും.

പിടികൂടാനെത്തിയ പൊലീസുകാരനെ കള്ളനായി ചിത്രീകരിച്ചു നാട്ടുകാരെ കബളിപ്പിച്ചു തടിതപ്പിയ ഒരു മോഷ്ടാവുണ്ടായിരുന്നു. 2013 സെപ്റ്റംബറിൽ വടക്കൻ കേരളത്തിലാണു സംഭവം. കുപ്രസിദ്ധനായ കള്ളനു പൊലീസ് സ്കെച്ചിട്ടു. മോഷണ ശേഷം പുറത്തുകടക്കും മുൻപ് അടുക്കളയിൽ കയറി പാചകവാതകം തുറന്നിടുന്നതായിരുന്നു അയാളുടെ രീതി. 2 കാര്യങ്ങളാണു കള്ളൻ ലക്ഷ്യമിട്ടിരുന്നത്.

പൊലീസ് നായ് കള്ളന്റെ മണംപിടിക്കാൻ ബുദ്ധിമുട്ടും. ഉറക്കമുണരുന്ന വീട്ടുകാർ വാതകച്ചോർച്ചയുടെ ദുർഗന്ധം മണക്കുമ്പോൾ പരിഭ്രാന്തരാകും. മോഷണം നടന്നതു ശ്രദ്ധിക്കില്ല. അഥവാ തിരിച്ചറിഞ്ഞാലും പാചകവാതക സിലിണ്ടർ അടച്ചു വീടിന്റെ ജനലുകളും വാതിലുകളും തുറന്നിട്ടു ചോർന്ന വാതകം പുറത്തു കളയുന്നതിലാകും വീട്ടുകാരുടെ മുൻഗണന. പൊലീസെത്തി അന്വേഷണം തുടങ്ങുമ്പോൾ തെളിവുകൾ നഷ്ടപ്പെട്ടിട്ടുണ്ടാകും.

വീടുകളിലെ സ്റ്റൗ, സിലിണ്ടർ എന്നിവയിൽ കണ്ടെത്തിയ വീട്ടുകാരുടെതല്ലാത്ത വിരലടയാളത്തെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു ഫലം കണ്ടത്. മോഷണ ശേഷം എൽപിജി സിലിണ്ടർ തുറന്നിടുന്ന കുറ്റംചെയ്യൽ രീതി (മോഡസ് ഓപറാൻഡി) അന്വേഷണ സംഘം മനസ്സിരുത്തി പരിശോധിച്ചു.

നായയ്ക്കു മോഷ്ടാവിന്റെ മണം കിട്ടില്ലെന്നു കരുതി മോഷണ സ്ഥലത്തു വിസർജിക്കുന്ന കള്ളന്മാരു ണ്ടായിരുന്നു. മോഷണ വീടിന്റെ അടുക്കളയിൽ കയറി മുട്ട വറുക്കുന്നതും വെളിച്ചെണ്ണയിൽ ഉള്ളി മൊരിയിക്കുന്നതും തറയിൽ കുരുമുളകു പൊടി വിതറുന്നതും കള്ളന്റെ ശരീരഗന്ധത്തേക്കാൾ തീവ്രമായ ഗന്ധങ്ങളുണ്ടാക്കി പൊലീസ് നായയെ നിർവീര്യമാക്കാനുള്ള പൊടിക്കൈകളാണ്.

കൂടുതൽ കൗശലക്കാരായ കള്ളന്മാർ ആദ്യം മോഷണം നടത്തിയ വീട്ടിലുള്ളവരുടെ മുഷിഞ്ഞ അടിവസ്ത്രങ്ങൾ എടുത്ത് രണ്ടാമതു മോഷണം നടത്തുന്ന വീടിന്റെ വാതി‍ൽപ്പിടി, അലമാരപ്പിടി എന്നിവ തുടയ്ക്കും. പൊളിഞ്ഞ വാതിലിന്റെ പിടിയിൽ മണക്കുന്ന നായയ്ക്കു കിട്ടുന്നത് അയൽവാസിയുടെ ശരീര ഗന്ധമായിരിക്കും. വീടിനുള്ളിൽ നിന്ന് അയൽവാസിയുടെ അടിവസ്ത്രം കൂടി കിട്ടിയാൽ ധനനഷ്ടത്തിനു പുറമേ മാനനഷ്ടം കൂടി ഫലം. കള്ളന്മാരുടെ ഇത്തരം കുതന്ത്രങ്ങൾ കാരണം കുടുംബ കലഹങ്ങൾ പോലും പതിവായിരുന്നു.

മോഷണ ശേഷം സ്റ്റൗ തുറന്നിട്ട് എൽപിജി ചോർച്ചയുണ്ടാക്കുന്ന കള്ളന്റെ മനോവിചാരം കുറെക്കൂടി അപകടകരമാണ്. ജീവാപായത്തിനു സാധ്യത ഏറെ. കള്ളനു സ്വയം രക്ഷപ്പെടുക എന്നതിനപ്പുറം ഇതിന്റെ പിന്നിലൊരു ക്രൂരതയുണ്ട്. രാവിലെ അടുക്കള വാതിൽ തുറക്കുന്ന വ്യക്തിക്കു കടുത്ത ജലദോഷമുണ്ടെങ്കിൽ എൽപിജിയുടെ ദുർഗന്ധം അറിയണമെന്നില്ല. വയോധികരും ഇതേ പ്രശ്നം നേരിട്ടേക്കാം. അറിയാതെ അടുക്കളയിലെ ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്യുമ്പോഴുണ്ടാകുന്ന സ്പാർക് മതി എല്ലാം കത്തി അമരാൻ. അല്ലെങ്കിൽ ചായ തിളപ്പിക്കാൻ സ്റ്റൗ കത്തിക്കുമ്പോൾ  തീപിടിക്കാം. ഭാഗ്യത്തിനാണ് ഇതുവരെ ഒന്നും സംഭവിക്കാതിരുന്നത്.

അവനെ എത്രയും വേഗം പിടികൂടിയില്ലെങ്കിൽ അപകടമാണ്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സിലിണ്ടർ തുറന്നിടുന്ന മോഡസ് ഓപറാൻഡി തന്നെയാണു പിടിവള്ളി. ഒരു ക്രിമിനലിന്റെ തലച്ചോർ പലപ്പോഴും പ്രവർത്തിക്കുന്നത് അയാളുടെ പരിചിത മേഖലകളുമായി ബന്ധപ്പെട്ട അറിവുകളുടെ അടിസ്ഥാനത്തിലായിരിക്കും. എൽപിജിയുടെ രൂക്ഷഗന്ധത്തെപ്പറ്റിയുള്ള കള്ളന്റെ അറിവാണ് ഇവിടെ സൂചന. 

പാചകവാതക ഏജൻസികൾക്കു വേണ്ടി സിലിണ്ടറുകൾ വിതരണം ചെയ്യുന്നവരെ ചുറ്റിപ്പറ്റി അന്വേഷണം മുന്നേറി. മോഷണം നടന്ന വീടുകളിൽ സ്ഥിരമായി സിലിണ്ടർ എത്തിക്കുന്നവരെ നിരീക്ഷിച്ചു. അവരല്ല പ്രതി, വീട്ടുകാർക്കു മുഖപരിചയമുള്ള തൊഴിലാളികൾ ആരും അതേ വീടുകളിൽ കയറി മോഷ്ടിക്കാനുള്ള സാധ്യത കുറവാണ്.

അതോടെ സമീപത്തെ ഗ്യാസ് ഏജൻസികളിൽ മുൻകാലങ്ങളിൽ ജോലി ചെയ്തിരുന്ന വിതരണക്കാരിലേക്ക് അന്വേഷണം നീണ്ടു. ഇവരുടെ പട്ടിക തയാറാക്കി. മുതലാളിമാരെക്കൊണ്ടു വിളിച്ചു വരുത്തി ചോദ്യം ചെയ്തു. വിരലടയാളവും ശേഖരിച്ചു പറഞ്ഞയച്ചു. പൊലീസ് അന്വേഷിക്കുന്ന കള്ളൻ അവരുടെ കൂട്ടത്തിൽ ഇല്ല. ഒടുവിൽ അന്വേഷണം 3 പേരിലെത്തി. മുതലാളി പല തവണ വിളിച്ചിട്ടും പൊലീസിന്റെ ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന അവരെക്കുറിച്ചു കൂടുതൽ അന്വേഷിച്ചു.

ഒരാൾ‍ നാട്ടിലില്ല, തിരുവനന്തപുരത്ത് ഹോട്ടലിൽ ജോലി ചെയ്യുന്നു. അവധിക്കു നാട്ടിൽ വരുമ്പോൾ സ്റ്റേഷനിലെത്താമെന്ന് അറിയിച്ചു.രണ്ടാമൻ അൽപം തരികിടയാണ്. പരസ്പര ബന്ധമില്ലാത്ത കാരണങ്ങൾ പറഞ്ഞു ചോദ്യം ചെയ്യൽ ഒഴിവാക്കുന്നതായി തോന്നി. മൂന്നാമൻ വിദേശത്തായിരുന്നു. ഒരു വർഷമായി നാട്ടിലുണ്ട്. ഒറ്റയ്ക്കാണു താമസം. ചിക്കൻപോക്സ് ബാധിച്ചു കിടക്കുകയാണ്. രോഗം ഭേദപ്പെട്ട ശേഷം ഹാജരാകാമെന്നു ഫോണിൽ അറിയിച്ചു.

രണ്ടാമനെ പൊലീസ് ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തു. ഫലമുണ്ടായില്ല. വിരലടയാളങ്ങളും ഒത്തില്ല. നിരപരാധിയാണെങ്കിൽ എന്തുകൊണ്ടാണ് അയാൾ പൊലീസിനെ ഭയന്നത്? അയാൾ തന്നെ അതിനു മറുപടി പറഞ്ഞു. അതൊരു കുറ്റസമ്മതയായിരുന്നു. ഗ്യാസ് ഏജൻസിയിലെ ജോലി ഉപേക്ഷിച്ചു പോകും മുൻപ് ഉടമയുടെ മേശവലിപ്പിൽ നിന്ന് 1500 രൂപ അയാൾ മോഷ്ടിച്ചിരുന്നു.

വിവരം അറിഞ്ഞപ്പോൾ പരാതിയില്ലെന്ന് ഉടമ അറിയിച്ചതിനാൽ പൊലീസ് അയാളെ വിട്ടു. അന്നു തന്നെ ചിക്കൻപോക്സുകാരന്റെ വീടു പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. രാത്രി 11 നു വാതിൽ പൊളിച്ചു പൊലീസ് അകത്തു കയറി, ശൂന്യം. അയാൾ മുങ്ങി. വീട്ടിലെ പാത്രങ്ങളിൽ നിന്നു ശേഖരിച്ച വിരലടയാളം മോഷ്ടാവിന്റേതുമായി ഒത്തു. കേസന്വേഷണം ലക്ഷ്യം കണ്ടു, ഇനി കള്ളനെ കണ്ടുപിടിക്കണം.

അതിനു വേണ്ടി 2 പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. 4 മാസം കഴിഞ്ഞപ്പോൾ ഇയാളെ ഒറ്റപ്പാലത്തു കണ്ടതായി രഹസ്യവിവരം ലഭിച്ചു. പൊലീസുകാരിലൊരാൾ അങ്ങോട്ടു തിരിച്ചു. പിറ്റേന്നു തന്നെ പ്രതിയെ കണ്ടെത്തി അയാളെ ഷാഡോ ചെയ്തു.

പിറ്റേന്നു രാത്രി പട്ടണത്തിലെ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ കള്ളൻ തന്റെ പിന്നാലെയുള്ള പൊലീസുകാനെ തിരിച്ചറിഞ്ഞു. സ്റ്റേഷനിൽ നിന്നു പൊലീസ് ടീം വൈകാതെ സ്ഥലം വളയുമെന്ന് അയാൾ ഊഹിച്ചു.

സ്വന്തം ഷർട്ടിന്റെ പോക്കറ്റ് വലിച്ചു കീറിയ കള്ളൻ, പൊലീസിനെ ചൂണ്ടിക്കാട്ടി ‘‘ കള്ളൻ, കള്ളൻ’’ എന്ന് അലറി വിളിച്ചു. സ്റ്റാൻഡിലുണ്ടായിരുന്ന യാത്രക്കാരും ബസ് ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥനെ പിടികൂടി. നാട്ടുകാർ കൈകാര്യം ചെയ്യുമെന്നായപ്പോൾ അദ്ദേഹത്തിനു പൊലീസിന്റെ തനിനിറം കാണിക്കേണ്ടിവന്നു. 

ആദ്യ അലർച്ചയിൽ തന്നെ ജനങ്ങൾ പിന്നോട്ടു മാറി. ‘‘എന്നെ കള്ളനെന്നു വിളിച്ചവൻ എവിടെ?’’ എല്ലാവരും ചുറ്റും നോക്കി. കാണാനില്ല. ‘‘ കള്ളനെപ്പിടിച്ചാൽ പണം നഷ്ടപ്പെട്ടവൻ കടന്നുകളയുമോ?’’ ആ ചോദ്യത്തി ലാണു നാട്ടുകാർക്ക് അമളി മനസ്സിലായത്. അങ്ങനെ പൊലീസിനെ കള്ളനാക്കി യഥാർഥ കള്ളൻ കടന്നു.

English Summary: Thieves Fool Police

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ