ഭരണം മാറുമ്പോൾ മാറാത്തത്

HIGHLIGHTS
  • പ്രതിപക്ഷം വിമർശന ദൃഷ്ടിയുള്ളവരാവരാകണം.
  • പക്ഷേ ദോഷൈകദൃക്ക് ആകരുത്.
Kerala-Legislative-Assembly
SHARE

നാലുനാൾ കൂടി കഴിഞ്ഞാൽ വോട്ടെണ്ണൽ. അടുത്ത അഞ്ചുവർഷം നമ്മെ ആര് ഭരിക്കണമെന്നു തീരുമാനിക്കപ്പെടുന്ന ദിവസം. തുടർ ഭരണമാകട്ടെ, ഭരണമാറ്റമാകട്ടെ, അത് ഓരോ കേരളീയന്റെയും ജീവിതത്തിൽ എന്തു മാറ്റം ഉണ്ടാക്കും? കാര്യമായ മാറ്റമൊന്നും ഉണ്ടാക്കില്ല എന്നായിരിക്കും നല്ലൊരു ഭാഗം ആളുകളുടെയും പ്രതികരണം. ‘ഭൂമി കന്യകയെ വേൾക്കാൻ വന്ന മോഹമേ ഇന്ദ്രചാപം എടുത്തു കുലച്ച് തകർത്തല്ലോ’ എന്ന് കവി പാടിയതു പോലെ പലതും ചെയ്യാൻ മോഹിച്ചു വന്നു ആരോപണങ്ങളുടെ കാറ്റിലുലഞ്ഞ്, ചെയ്തതിന്റെ അംഗീകാരം പോലും കിട്ടാതെയാണ് പല മുൻ സർക്കാരുകളും പടിയിറങ്ങിയത്.

അച്യുതമേനോൻ മന്ത്രിസഭയെ ഒഴിച്ചുനിർത്തിയാൽ കേരളത്തിൽ ഗൗരവതരമായ അഴിമതി ആരോപണങ്ങൾ നേരിടാതെ ഒരു സർക്കാരും ഇറങ്ങിപ്പോയിട്ടില്ല. ഒരു സർക്കാരിനും തുടർ ഭരണവും കിട്ടിയിട്ടില്ല. ഇത്തവണ അതിനു മാറ്റമുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

ആരു ഭരിച്ചാലും ഭരിക്കുന്നവർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്– പ്രതിപക്ഷം കുറേക്കൂടി കൂടി ക്രിയാത്മകമായി പ്രവർത്തിച്ചു കൂടേ? പക്ഷേ പ്രതിപക്ഷത്തിരിക്കുമ്പോൾ ഇതേ ഭരണപക്ഷം ഈ ക്രിയാത്മകതയെക്കുറിച്ച് മിണ്ടാറില്ല. ഒരു സർക്കാർ അധികാരത്തിലേറുന്ന നിമിഷം മുതൽ പ്രതിപക്ഷം ആ സർക്കാരിനെതിരാണ്. മധുവിധു കാലം പോലും അനുവദിക്കാറില്ല.. തലസ്ഥാനനഗരിയിലെ മൂന്നു പതിറ്റാണ്ടു നീണ്ട പത്രപ്രവർത്തന ജീവിതത്തിനിടയിൽ മാറിമാറിവന്ന ഒട്ടേറെ സർക്കാരുകളെ കണ്ടു. ഏതെങ്കിലും ഒരു സർക്കാരിന്റെ ഏതെങ്കിലും ഒരു ചെയ്തിയെ ഏതെങ്കിലും ഒരു പ്രതിപക്ഷം അംഗീകരിച്ചതായി ഇതുവരെ കണ്ടിട്ടില്ല. ഏതെങ്കിലുമൊരു പ്രതിപക്ഷത്തെ ഏതെങ്കിലും ഒരു സർക്കാർ വിശ്വാസത്തിൽ എടുത്തതായും ഇതുവരെ കണ്ടിട്ടില്ല. എല്ലാ സർക്കാരും തെറ്റു മാത്രം ചെയ്യുന്നവരല്ലല്ലോ. എന്തുകൊണ്ടാണ് നമുക്ക് ശരികളെ അംഗീകരിക്കാൻ കഴിയാതെ പോകുന്നത്? ഭരണപക്ഷം ഭരിക്കാൻ ഉള്ളതും പ്രതിപക്ഷം എതിർക്കാൻ ഉള്ളതും എന്ന കാഴ്ചപ്പാടിൽ ഒരു മാറ്റവുമില്ല.

vote

പ്രതിപക്ഷം വിമർശന ദൃഷ്ടിയുള്ളവരാവരാകണം. പക്ഷേ ദോഷൈകദൃക്ക് ആകരുത്. സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുക തന്നെയാവണം പ്രതിപക്ഷത്തിന്റെ ലക്ഷ്യം. പക്ഷേ എല്ലാത്തിനെയും വീഴ്ചയായി കാണുകയും എല്ലാത്തിനെയും എതിർക്കുകയും ചെയ്യുന്ന നയം സംസ്ഥാന താൽപര്യത്തിന് ഗുണം ചെയ്യില്ല. നല്ലതിനെ അഭിനന്ദിക്കുമ്പോൾ മാത്രമേ വിമർശനത്തിനു വിശ്വാസ്യതയുള്ളു. എന്തിനെയും ഏതിനെയും വിമർശിക്കുന്ന പ്രതിപക്ഷത്തെയും പ്രതിപക്ഷത്തെ തീർത്തും അവഗണിക്കുന്ന ഭരണപക്ഷത്തെയും ജനവും വിശ്വസിക്കുന്നില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറേക്കാലങ്ങളായി പ്രതിപക്ഷത്തിന്റെ മികച്ച പ്രകടനത്തെക്കാൾ സർക്കാർ വിരുദ്ധ വികാരം കൊണ്ടാണ് ഭരണമാറ്റം ഉണ്ടാകുന്നത്.

കഴിഞ്ഞദിവസം ഒരു സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ സ്വകാര്യമായി പറഞ്ഞതുപോലെ, അഞ്ചുവർഷം സ്വന്തക്കാർക്കും സ്വന്തം പാർട്ടിക്കും വേണ്ടി ഭരിക്കുക. അടുത്ത അഞ്ചുവർഷം പ്രതിപക്ഷത്തിരുന്ന് എല്ലാത്തിനെയും എതിർക്കുക. അഞ്ചുവർഷം കഴിയുമ്പോൾ ജനം തിരികെ അധികാരത്തിൽ കൊണ്ടുവന്നു കൊള്ളും. ഇതാണത്രേ കേരളത്തിന്റെ രീതി.

തീർച്ചയായും സ്വജന പക്ഷപാതത്തെയും അഴിമതിയെയും കെടുകാര്യസ്ഥതയെയും എതിർക്കണം. പക്ഷേ എല്ലാത്തിലും കുറ്റം ആരോപിച്ചാൽ ശരിക്കുള്ള കുറ്റം ചൂണ്ടിക്കാണിക്കുമ്പോഴും ജനം വിശ്വസിക്കില്ല.

ഇനി വരുന്നതു ഭരണത്തുടർച്ച ആയാലും ഭരണമാറ്റം ആയാലും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നിലപാടുകളിൽ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയില്ല. പക്ഷേ അത്തരം സർഗ്ഗാത്മകമായ ഒരു മാറ്റം യുവതലമുറയെങ്കിലും ആഗ്രഹിക്കുന്നുണ്ട്. അത് ഉണ്ടാകുന്നില്ലെങ്കിൽ അവർക്ക് ജനാധിപത്യത്തിലും രാഷ്ട്രീയത്തിലും വിശ്വാസം നഷ്ടപ്പെടും; അരാഷ്ട്രീയവാദികൾ പെരുകുകയും ചെയ്യും.

English Summary: Thalakuri Column - Elections in kerala and some things that don't change

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.