വാളയാറിന്റെ അമ്മമാർക്കായി ആരും കരയുന്നില്ല

HIGHLIGHTS
  • ഓരോ വർഷവും ഇങ്ങനെ എത്രയോ കുഞ്ഞുങ്ങൾ വഴിയിൽ ഉപേക്ഷിക്കപ്പെടുന്നു
  • ഈ കുഞ്ഞുങ്ങളെ ഓർത്ത് കണ്ണു നിറച്ചിരുന്ന ഒരു അമ്മയുണ്ടായിരുന്നു; സുഗതകുമാരി
thalakkuri-column-walayar-mother-tonsures-head
വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കേസ് അന്വേഷണം അട്ടിമറിച്ച പോലീസ് ഓഫീസർമാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തപ്പോൾ. പെൺകുട്ടികളുടെ ഉടുപ്പുകളും ചെരിപ്പുകളുമാണ് നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നത് പാലക്കാട് സ്റ്റേഡിയെ ബസ് സറ്റാൻഡിലെ സമരപ്പന്തലിൽ നിന്നുള്ള സങ്കട കാഴ്ച. (ഫയൽ ചിത്രം)
SHARE

മത്സരിക്കാൻ സീറ്റ് കിട്ടാത്തതിനാൽ തലസ്ഥാനത്ത് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫിസിനുമുന്നിൽ ഒരു സ്ത്രീ തലമുണ്ഡനം ചെയ്ത വാർത്ത ഇന്നലെ ചാനലുകളിലൊക്കെ നിറഞ്ഞാടുമ്പോൾ പാലക്കാട് ജില്ലയിലെ വാളയാറിൽ മറ്റൊരു സ്ത്രീ ചെയ്തത് തിരഞ്ഞെടുപ്പു ബഹളത്തിനിടെ അധികമാരും ശ്രദ്ധിച്ചില്ല.  ആരുമറിയാതെ വഴിയരികിൽ ഇലച്ചാർത്തിന്റെ മറവിൽ ഒരു പ്രസവം നടക്കുന്നു.. നൊന്തു  പെറ്റ കുഞ്ഞിനെ പോറ്റാൻ നിവൃത്തിയില്ല എന്ന കാരണത്താൽ അവിടെത്തന്നെ പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞ് അമ്മ ഉപേക്ഷിച്ചു പോകുന്നു.

.ബംഗാളിൽനിന്ന് അതിഥിത്തൊഴിലാളികളുമായി കേരളത്തിലേക്കു വന്ന ഒരു വാൻ എക്സൈസ് പരിശോധനയ്ക്ക് വേണ്ടി ചെക്ക്പോസ്റ്റിൽ പിടിച്ചിട്ടു.. പുരുഷന്മാർക്കൊപ്പം 2 സ്ത്രീകളും വാനിലുണ്ടായിരുന്നു. വാൻ നിർത്തിയപ്പോൾ ആരോടും ഒന്നും പറയാതെ സ്ത്രീകൾ രണ്ടും പ്രാഥമിക ആവശ്യങ്ങൾക്ക് എന്ന മട്ടിൽ ഇറങ്ങി സമീപത്തുള്ള പൊന്തക്കാട്ടിൽ കയറി. പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞ് അവർ തിരികെ വന്ന് അതേ വണ്ടിയിൽ യാത്ര തുടർന്നു.

ഏതാനും മണിക്കൂർ കഴിഞ്ഞ് പൊന്തയ്ക്കുള്ളിൽ ഒരു പിഞ്ചു കുഞ്ഞിന്റെ ദീനരോദനം കേട്ടു സമീപവാസികൾ എത്തിയപ്പോൾ പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞ നിലയിൽ ജീവനുള്ള കുഞ്ഞ്. പൊലീസെത്തി കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതു കൊണ്ട് ആ ജീവൻ പൊലിഞ്ഞില്ല. ഒരു മണിക്കൂർകൂടി കഴിഞ്ഞിരുന്നങ്കിൽ കുഞ്ഞു മരിക്കുമായിരുന്നു. സാഹചര്യ തെളിവുകളെ പിന്തുടർന്ന് അമ്മയെ അങ്കമാലിക്കു  സമീപം വാനിൽനിന്ന് പൊലീസ് പിടികൂടി ആശുപത്രിയിലെത്തിച്ചു. കുഞ്ഞിനെ വഴിയിലുപേക്ഷിച്ച അമ്മയ്ക്കെതിരെ കേസെടുത്തു.

ഇത്രയും വായിക്കുമ്പോൾ പിഞ്ചുകുഞ്ഞിനെ വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മയുടെ ക്രൂരതയാവും മനസ്സിൽ തെളിയുക. എന്നാൽ നൊന്തുപെറ്റ കുഞ്ഞിനെ ആരെങ്കിലും രക്ഷിക്കട്ടെ എന്ന് കരുതി  വഴിയിൽ ഉപക്ഷിച്ചു വേദനയോടെ യാത്ര തുടരുന്ന ഒരു അമ്മയുടെ നിസ്സഹായതയാണ് കാണാതെ പോകുന്നത്; അതും സ്വതന്ത്ര ഇന്ത്യ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ. നാളെ നിയമം അവരെ തുറുങ്കിലടക്കുമ്പോൾ അവരുടെ വിദ്യാഭ്യാസം, ലോക പരിചയം , ജീവിത സാഹചര്യം ഒന്നും പൊലീസോ കോടതിയോ പരിഗണിക്കണമെന്നില്ല.

ബംഗാൾ നദിയ ജില്ലയിലെ കൊരിംപൂർ സ്വദേശിയായ സാജിർ അലിയുടെ ഭാര്യ ഹസീന ബീഗം (35) ആയിരുന്നു ആ അമ്മ. സാമ്പത്തികമായും ജാതീയമായും വളരെ താഴ്ന്ന കുടുംബം. ഭർത്താവ് സാജിർ കൊൽക്കത്തയിലെ നിർമാണ തൊഴിലാളിയാണ്. പക്ഷേ മിക്ക ദിവസവും പണിയില്ല. ഹസീന ബീഗം പെരുമ്പാവൂരിലെ ഒരു സ്ഥാപനത്തിൽ അതിഥിത്തൊഴിലാളിയാണ്. എട്ടര മാസം ഗർഭിണിയായിരുന്നു. പ്രസവം കഴിയാൻ നാട്ടിൽ കാത്തുനിന്നാൽ പട്ടിണിമിച്ചം. അതുകൊണ്ട് പ്രസവം ജോലിസ്ഥലത്തു നടത്താൻ തീരുമാനിച്ചു യാത്ര പുറപ്പെട്ടു. എന്നാൽ യാത്രാക്ലേശം കൊണ്ടും മറ്റുമാവും, യാത്രയ്ക്കിടെ തുടങ്ങിയ പേറ്റു നോവ് പൊന്തക്കാടിനെ ഈറ്റില്ലമാക്കാൻ ആ നിസ്സഹായയായ സ്ത്രീയെ നിർബന്ധിക്കുകയായിരുന്നു.

ഹസീനയ്ക്ക് രണ്ടു പെൺകുട്ടികൾ കൂടിയുണ്ട്. എങ്ങനെയും പണിയെടുത്ത് കുറച്ചു രൂപ ഉടനെ നാട്ടിലെത്തിക്കണം. അല്ലെങ്കിൽ അവർ പട്ടിണിയാവും. കൈക്കുഞ്ഞുമായി  ജോലിസ്ഥലത്തേക്കു പോയാൽ അതു നടക്കില്ല. കുഞ്ഞിനെ പോറ്റാനും നിവൃത്തിയില്ല. ഇനിയൊരു പെൺകുട്ടിയെ വേണ്ടെന്നും നോക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും അമ്മ കരഞ്ഞു കൊണ്ടു പൊലീസിനെ അറിയിച്ചു. സ്ഥിതി സമത്വ സിദ്ധാന്തം ഉയർത്തി ഭരിച്ച ഒരു നാട്ടിൽനിന്ന് അതേ സിദ്ധാന്തം ഉയർത്തുന്ന മറ്റൊരു നാട്ടിലേക്ക് ഒരു അമ്മയുടെ ജീവിക്കാനുള്ള പലായനത്തിനിടയിലെ ഒരു സാധാരണ സംഭവം മാത്രമായി അതു മാറി. 

മൂന്ന് വർഷം മുൻപ് ഇതേ വാളയാറിൽ നിന്നാണ് തീവണ്ടിയിൽനിന്ന്  ട്രാക്കിലേക്ക് എറിഞ്ഞ തുണിയിൽ പൊതിഞ്ഞ മറ്റൊരു പിഞ്ചു കുഞ്ഞിനെ കിട്ടിയത്. അമ്മയെ ഇനിയും കണ്ടെത്തിട്ടില്ല. കുഞ്ഞ് ഇപ്പോൾ ശിശു ക്ഷേമ സംരക്ഷണ സമിതിയുടെ സംരക്ഷണയിൽ കഴിയുന്നു. ഓരോ വർഷവും ഇങ്ങനെ എത്രയോ കുഞ്ഞുങ്ങൾ വഴിയിൽ ഉപേക്ഷിക്കപ്പെടുന്നു. അധികവും പെൺകുട്ടികൾ. അനാഥരായി എവിടെയൊക്കെയോ അവർ വളരുന്നു.

രണ്ടു പെൺമക്കളുടെ മാനം പിച്ചിച്ചീന്തിയവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട മറ്റൊരമ്മയുടെ തല മുണ്ഡനം ചെയ്തുള്ള നിലവിളി വാളയാറിൽ മുഴങ്ങുന്നുണ്ട്. രാജാക്കാട്ട് അന്ധയായി വളരുന്ന മാളൂട്ടിയും ശാസ്താംകോട്ടയയിൽ തെരുവിൽനിന്നു കിട്ടിയ അനാഥയായ ധ്വനിയും സമീപകാലത്തെ സങ്കടങ്ങളാണ്. ചാത്തന്നൂരിൽ കരിയിലക്കുഴിയിലും വെള്ളിയാമറ്റത്ത് ചിൽഡ്രൻസ് ഹോമിലും മാങ്കാവിൽ റബർതോട്ടത്തിലുമൊക്കെ ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടത് പെൺകുഞ്ഞുങ്ങളാണ്.

ഈ അമ്മമാരുടെ  നോവറിഞ്ഞ്, ഈ കുഞ്ഞുങ്ങളെ  ഓർത്ത് കണ്ണു നിറച്ചിരുന്ന ഒരു അമ്മയുണ്ടായിരുന്നു; സുഗതകുമാരി. വാളയാർ കുഞ്ഞിന്റെ വാർത്താശകലം പത്രത്തിൽ വായിച്ചു തന്റെ ഹൃദയവേദന ഒരു കുറിപ്പായി പത്രമോഫിസുകളിൽ എത്തിക്കാൻ ആ അമ്മ ഇനിയില്ല. ഹൃദയത്തിൽനിന്നു ചീന്തിയതു കൊണ്ടു രക്തം പൊടിയുന്ന കവിത പോലുള്ള ആ കുറിമാനങ്ങൾ ഇനി ഒരു പത്രമോഫിസിലേക്കും എത്തില്ല.

sugathakumari
സുഗതകുമാരി

അധികാരം  പിടിച്ചെടുക്കാൻ കരുത്തുറ്റ സ്ഥാനാർഥികളെ മണ്ഡലങ്ങളിൽ ഇറക്കുന്നതിനുള്ള തിരക്കിനിടയിൽ ഇതൊന്നും ശ്രദ്ധിക്കാൻ രാഷ്ട്രീയപാർട്ടികൾക്കും നേരമില്ല. സീറ്റുകിട്ടാത്തതിന് കരയുന്ന ഒരു സ്ഥാനാർഥിയും വാളയാറിലെ ഈ സങ്കടം കണ്ട് കണ്ണീര്‌ വാർക്കുന്നില്ല.

English Summary : Thalakkuri Column by John Mundakkayam - Walayar mother tonsures head

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.