വെടക്കാക്കി തനിക്കാക്കാൻ ഇനിയും നേതാക്കൾ ബാക്കി

HIGHLIGHTS
  • വെടക്കാക്കി തനിക്കാക്കലാണ് കേരള രാഷ്ട്രീയത്തിലെ ഏറ്റവും നല്ല അടവുനയം
  • തനിക്കാക്കിക്കഴിഞ്ഞാൽ ജന്മനാട്ടിൽ നേതാവിന്റെ പ്രതിമയുണ്ടാക്കി മാലയിട്ട് പൂജിക്കും
thalakuri-column-political-tactics-and-strategies-of-kerala-leaders-k-m-mani
കെ.എം. മാണി
SHARE

നഗരത്തിലെ ഒരു സ്കൂളിലെ മലയാളം അധ്യാപകൻ പറഞ്ഞതാണ്. ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ഓൺലൈനിൽ പരീക്ഷ ഇട്ടു. ചോദ്യത്തിൽ ഒന്ന് വാക്യത്തിൽ പ്രയോഗിക്കാൻ. വാക്യം ഇതാണ്: ‘വെടക്കാക്കി തനിക്കാക്കുക’. ഒരു കുട്ടി എഴുതി: ‘കെഎം മാണിയെ അഴിമതിക്കാരൻ, ഇന്നും വീട്ടിൽ യന്ത്രം വച്ച് നോട്ടടിക്കുന്നവൻ എന്നും പറഞ്ഞു വെടക്കാക്കിയ ഇടതുമുന്നണി യുഡിഎഫിൽനിന്ന് മാണിയുടെ മകനെ വിളിച്ചു കൊണ്ടുവന്നു തനിക്കാക്കി’. ഒരു മാർക്കിന്റെ ആ ഉത്തരത്തിന് താൻ രണ്ടു മാർക്ക് കൊടുത്തു എന്ന് അധ്യാപകൻ.. ഒന്ന്, അർഥം വ്യക്തമാകുന്ന വിധം വാക്യം ഉപയോഗിച്ചതിന്. രണ്ട്, ഒമ്പതാം ക്ലാസിലെ കുട്ടി ഇത്രയും രാഷ്ട്രീയബോധം കാണിച്ചതിന്.

വെടക്കാക്കി തനിക്കാക്കലാണ് കേരള രാഷ്ട്രീയത്തിലെ ഏറ്റവും നല്ല അടവുനയം. തനിക്കാക്കിക്കഴിഞ്ഞാൽ ജന്മനാട്ടിൽ നേതാവിന്റെ പ്രതിമയുണ്ടാക്കി മാലയിട്ട് പൂജിക്കും. തെറ്റുകൾ ഏറ്റുപറഞ്ഞ് പ്രായശ്ചിത്തം ചെയ്യും. രണ്ടു മുന്നണികളും ഈ കല പരീക്ഷിച്ചിട്ടുണ്ട്. പക്ഷേ ഇതിൽ പ്രാവീണ്യം തെളിയിച്ചത് സിപിഎം ആണെന്നു മാത്രം.

thalakuri-column-political-tactics-and-strategies-of-kerala-leaders-k-karunakaran
കെ കരുണാകരൻ

മുഖ്യമന്ത്രി കെ കരുണാകരനെതിരെ വി.എസ്. അച്യുതാനന്ദൻ കൊണ്ടുവന്ന പാമോലിൻ കേസുമായി അവസാനം വരെ വിഎസ് അദ്ദേഹത്തെ വേട്ടയാടി. ഭരണം നഷ്ടപ്പെട്ട കരുണാകരനെ അതേ പാമൊലിൻ ആയുധമാക്കി ഇടതുമുന്നണിയിലേക്കു കൊണ്ടുവരാൻ പാർട്ടി ശ്രമിച്ചു. പാമോയിൽ കള്ളൻ കരുണാകരൻ എന്നു ചുമരായ ചുമരൊക്കെ എഴുതിവച്ച സിപിഎം കോൺഗ്രസ് നേതൃത്വവുമായി തെറ്റിയ അദ്ദേഹത്തെ പ്രലോഭിപ്പിച്ചു മുന്നണിക്കു പുറത്തുചാടിച്ചു. കരുണാകരനെ പിന്നിൽ നിർത്തി തിരുവനന്തപുരം, എറണാകുളം പാർലമെൻറ് സീറ്റുകൾ കൈപ്പിടിയിലൊതുക്കി. ഇടതുമുന്നണിയിൽ ചേരാതെ കരുണാകരൻ തിരികെ യുഡിഎഫിൽ എത്തിയപ്പോൾ പാമോലിൻ കേസ് വിഎസ് വീണ്ടും പൊടി തട്ടിയെടുത്തു. ചെയ്ത ഉപകാരങ്ങളുടെ പേരിൽ മാളയിൽ കരുണാകരന്റെ ഒരു പ്രതിമയുണ്ടാക്കി മാലയിടാൻ സിപിഎം മര്യാദ കാണിച്ചുമില്ല.

thalakuri-column-political-tactics-and-strategies-of-kerala-leaders-r-balakrishna-pillai
ആർ. ബാലകൃഷ്ണ പിള്ള

.മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. കുഞ്ഞാലിക്കുട്ടിക്കെതിരെ സ്ത്രീപീഡനക്കേസ് ഉയർത്തിക്കൊണ്ടുവന്ന് ഒടുവിൽ കേസ് ആയുധമാക്കി ലീഗിനെ എൽഡിഎഫിനൊപ്പം കൊണ്ടുവരാൻ എല്ലാ ശ്രമവും നടത്തി. ആർ. ബാലകൃഷ്ണ പിള്ളയെ അഴിമതിക്കേസിൽ കുടുക്കി വി.എസ്. അച്യുതാനന്ദൻ അവസാനം വരെ വേട്ടയാടി ജയിലിൽ എത്തിച്ചു. അവിടെയും വെടക്കാക്കി തനിക്കാക്കിക്കഴിഞ്ഞപ്പോൾ ക്യാബിനറ്റ് റാങ്കുള്ള പദവി നൽകി പിണറായി സർക്കാർ ആദരിച്ചു. മറ്റൊരു കാബിനറ്റ് പദവി നൽകി വിഎസിനേയും അപ്പുറത്തിരുത്തി. എന്തൊരു വിരോധാഭാസം. വെടക്കാക്കാൻ ഇനിയും ചില പ്രമുഖരുടെ പട്ടിക സിപിഎം തയാറാക്കിക്കൊങ്ങിരിക്കുന്നതായും വാർത്തയുണ്ട്.

thalakuri-column-political-tactics-and-strategies-of-kerala-leaders-m-v-raghavan
എം.വി. രാഘവൻ

വെടക്കാക്കി തനിക്കാക്കുന്നതിൽ സിപിഎമ്മിന്റെ മിടുക്ക് കോൺഗ്രസിന് ഇല്ലെങ്കിലും ഈ വഴിക്ക് കോൺഗ്രസും ചില ശ്രമങ്ങളൊക്കെ നടത്തിയില്ലെന്നു പറഞ്ഞുകൂടാ. മാടായി രാഘവൻ എന്നും കൊലയാളി രാഘവൻ എന്നുമൊക്കെ വിളിച്ച് ആക്ഷേപിച്ചിരുന്ന കോൺഗ്രസ്, എം.വി. രാഘവൻ സിപിഎമ്മിന് അനഭിമതനായപ്പോൾ യുഡിഎഫിൽ ചേർത്ത് തനിക്കാക്കി. ഒട്ടേറെ ആക്ഷേപങ്ങൾ ചൊരിഞ്ഞ് ഗൗരിയമ്മയേയും വെടക്കാക്കിയ ശേഷം യുഡിഎഫിൽ ചേർത്തു മന്ത്രിയാക്കി തനിക്കാക്കി. ഇടതുമുന്നണിയിൽ മന്ത്രിയായിരിക്കെ പി.ജെ. ജോസഫിനെതിരായ വിമാനത്തിലെ പീഡനക്കേസ് ഉയർത്തിക്കൊണ്ടുവന്ന യുഡിഎഫ് ഒടുവിൽ അദ്ദേഹത്തെ മുന്നണിയിലേക്കു സ്വീകരിച്ചു തനിക്കാക്കി.

വെടക്കാക്കി തനിക്കാക്കൽ അങ്ങനെ തുടരുന്നു..

English Summary: Thalakuri Column - Politicial tactics and strategies of Kerala leaders

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.