പെരുമൺ ദുരന്തത്തിൽ യഥാർഥ വില്ലനാര്?

thalakkuri-peruman-train-accident
ഫയൽ ചിത്രം
SHARE

കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടങ്ങളിലൊന്നായ പെരുമൺ ദുരന്തത്തിന് ജൂലൈ ഏഴിന് 34 വയസ്സ്. 1988 ജൂലൈ എട്ടിന് ബെംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്കു വന്ന ഐലൻഡ് എക്സ്പ്രസ് ഉച്ചയ്ക്ക് രണ്ടുമണിക്ക് അഷ്ടമുടിക്കായലിലേക്കു മറിഞ്ഞ് നൂറിലേറെപ്പേർ മരിച്ചു. എന്തായിരുന്നു യഥാർഥ അപകടകാരണം? ആരായിരുന്നു വില്ലൻ?

peruman-railway accident2

തീവണ്ടി അപകടം ഉണ്ടായ ദിവസങ്ങളിൽ അപകട കാരണത്തെക്കുറിച്ച് ഒട്ടേറെ തെറ്റായ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ അപകടത്തിന്റെ യഥാർഥ കാരണത്തിലേക്കു വെളിച്ചം വീശിയത് രണ്ടാഴ്ച കഴിഞ്ഞു പുറത്തുവന്ന ഒരു ഫൊറൻസിക് റിപ്പോർട്ടാണ്. അതു തയാറാക്കിയതു പ്രശസ്ത ഫൊറൻസിക് വിദഗ്ധനായ വിഷ്ണു പോറ്റി.

peruman-railway accident1

അപകടത്തെക്കുറിച്ച് അന്വേഷിച്ച റെയിൽവേ സുരക്ഷാ കമ്മിഷണർ അപകടത്തിന്റെ കാരണക്കാരനായി കണ്ടെത്തിയത് ടൊർണാഡോ എന്ന ചുഴലിക്കാറ്റിനെയാണ്. റിപ്പോർട്ട് വലിയ വിവാദമുണ്ടാക്കി. ആകാശത്തുനിന്ന് തുമ്പിക്കൈ പോലെ താഴേക്കു വന്ന ചുഴലിക്കാറ്റ് പെരുമൺ പാലത്തിൽ വച്ച് ട്രെയിനിനെ തൂക്കിയെടുത്തു കായലിലേക്കു തള്ളിയിട്ടു എന്നായിരുന്നു കമ്മിഷണറുടെ കണ്ടെത്തൽ. ഒരു ചെറിയ കാറ്റു പോലും വീശാത്ത സമയത്തുണ്ടായ ദുരന്തത്തിന്റെ കാരണം ടൊർണാഡോ അല്ലെന്നു തെളിയിച്ചത് വിഷ്ണു പോറ്റിയുടെ ഫൊറൻസിക് റിപ്പോർട്ടാണ്.

peruman-railway accident3

ദുരന്തമുണ്ടായതിന്റെ മൂന്നാം നാൾ അപകട വാർത്തയുടെ ‘കാലാ പെറുക്കാനായി’ സഹപ്രവർത്തകനായ ഫിന്നി ജേക്കബുമൊത്ത് പാലത്തിൽ കൂടി നടക്കുകയാണ്. പെട്ടെന്ന് കൗതുകകരമായ ഒരു കാഴ്ച കണ്ണിൽപെട്ടു. പാലത്തിന്റെ അരികിലിരുന്ന് ഒരാൾ ലെൻസ് ഉപയോഗിച്ച് പാളം പരിശോധിക്കുന്നു. അന്ന് വിഷ്ണു പോറ്റി എന്ന ഫൊറൻസിക് വിദഗ്ധനെ പരിചയപ്പെട്ടു. റെയിൽവേയുടെ ആവശ്യപ്രകാരം തീവണ്ടി അപകടത്തിന്റെ ഫൊറൻസിക് പരിശോധനയ്ക്ക് എത്തിയതായിരുന്നു ക്രൈംബ്രാഞ്ചിന്റെ ഫൊറൻസിക് ലാബിലെ ശാസ്ത്രജ്ഞനായ പോറ്റി. തന്റെ അന്വേഷണ വിവരങ്ങൾ തൽക്കാലം പത്രത്തിൽ കൊടുക്കരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. പകരം അദ്ദേഹവുമായി അവിടെവച്ച് ഒരു കരാർ ഉണ്ടാക്കി. റിപ്പോർട്ട് തയാറാവുമ്പോൾ എക്സ്ക്ലൂസീവായി മനോരമയ്ക്കു തരണം. പോറ്റി വാക്കു പാലിച്ചു. രണ്ടാഴ്ച കഴിഞ്ഞ് പോറ്റി വിളിച്ചു. റിപ്പോർട്ട് തയാർ. അതിന്റെ ശാസ്ത്രീയ വശം ഇങ്ങനെയാണ്.

peruman-railway accident4

വിരലടയാളം പോലെ ഓരോ ഇരുമ്പ് ഉപകരണത്തിലും അതുണ്ടാക്കുന്ന ഫാക്ടറി മൂശയിൽനിന്നു കിട്ടുന്ന അടയാളങ്ങളുണ്ട്. തീവണ്ടിയുടെ ഓരോ ചക്രത്തിന്റെയും പ്രതലത്തിലെ രേഖകൾ വ്യത്യസ്തമാണെന്നും അവ പാളത്തിലോ ഇരുമ്പു സ്ലീപ്പറിലോ ഉരഞ്ഞുണ്ടാകുന്ന രേഖകൾ (ടൂൾ മാർക്ക് ഐഡന്റിഫിക്കേഷൻ) വ്യത്യസ്തമാണെന്നും പോറ്റി അന്നു ക്ലാസെടുത്തു. ഒരു ബോഗിയുടെ ചക്രങ്ങളുടെ പ്രതലം സൂക്ഷ്മമായി പരിശോധിച്ചാൽ പാടുകൾ മറ്റുള്ളവയിൽനിന്നു വ്യത്യസ്തമായിരിക്കും.

peruman-train-accident–1

പെരുമണിൽ വിഷ്ണു പോറ്റി പരിശോധിച്ചപ്പോൾ പാളം തെറ്റിയ ഭാഗത്ത് സ്ലീപ്പറിൽ കണ്ട പാടിന്റെ സ്വഭാവവും എൻജിന്റെ ഏറ്റവും മുൻപിലെ ചക്രത്തിന്റെ പാടിന്റെ സ്വഭാവവും ഒന്നുതന്നെയാണെന്നു തെളിഞ്ഞു. പാലം എത്തുന്നതിനു മുമ്പായി പാളത്തിൽ കണ്ടെത്തിയ ഉരഞ്ഞ പാടുകളും ഈയൊരു ചക്രത്തിന്റേതു മാത്രമാണെന്നു പരിശോധനയിൽ സ്ഥിരീകരിച്ചതോടെ അതുവരെ പുറംലോകം ധരിച്ച 2 തെറ്റുകൾ തിരുത്തപ്പെട്ടു. ഒന്ന്, പാലത്തിൽ കയറി ശേഷമാണ് ട്രെയിൻ പാളം തെറ്റിയതും മറിഞ്ഞതും എന്ന ധാരണ. രണ്ട്, പാളം തെറ്റിയത് മറിഞ്ഞ ബോഗികളാണെന്ന ധാരണ. സത്യത്തിൽ, പാളം തെറ്റിയ എൻജിൻ തിരികെ പാലത്തിൽ കയറി പാലം കടക്കുകയും പിന്നാലെ വന്ന ബോഗികൾ പാളം തെറ്റി മറിയുകയും ആയിരുന്നു. പാളം തെറ്റി ഇരുമ്പു സ്ലീപ്പറിൽ വീണ് ഓടിയ ചക്രങ്ങൾ സ്ലീപ്പറിലും റെയിലിന്റെ ഫ്ലാങ്ങിലും വീഴ്ത്തിയ പാടുകളും എൻജിന്റെ ചക്രങ്ങളും സൂക്ഷ്മമായി പരിശോധിച്ചാണ് എൻജിന്റെ ചക്രം തന്നെയാണ് പാളം തെറ്റി സ്ലീപ്പറിൽ വീണ് ഓടിയതെന്നു ശാസ്ത്രീയമായി പോറ്റി തെളിയിച്ചത്.

peruman-railway accident6

പാളം തെറ്റിയിട്ടും തിരികെ പാളത്തിൽ കയറിയ എൻജിൻ 300 അടിയോളം മുന്നോട്ടുപോയി. ഇതോടെ എൻജിൻ പാളം തെറ്റിയ ശേഷം ഡ്രൈവർ പാലത്തിൽ വച്ച് എമർജൻസി ബ്രേക്ക് ഉപയോഗിച്ചതാണ് ബോഗികൾ മറിയാൻ കാരണമെന്ന നിഗമനത്തിലും എത്തി. എൻജിൻ പാളം തെറ്റിയതായി മനസ്സിലാക്കിയതിനെ തുടർന്ന് ബ്രേക്ക് ഉപയോഗിച്ചെന്നു ഡ്രൈവർ പിന്നീട് മൊഴി നൽകിയത് ഫൊറൻസിക് റിപ്പോർട്ട് ശരിവച്ചു. എന്നിട്ടും റെയിൽവേ ഏറെക്കാലം പോറ്റിയുടെ ഫൊറൻസിക് റിപ്പോർട്ട് അംഗീകരിക്കാതെ തീർത്തും അവിശ്വസനീയമായ ടൊർണാഡോ കഥയുമായി നടന്നു. ഒടുവിൽ റെയിൽവേക്കും ടൊർണാഡോ കഥ ഉപേക്ഷിക്കേണ്ടി വന്നു.

peruman-railway accident7

വിഷ്ണു പോറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മനോരമ ഒരു എക്സ്ക്ലൂസീവ് വാർത്ത കൊടുത്തു. ഒന്നാം പേജിൽ വന്ന ആ വാർത്ത ദുരന്തകാരണത്തെക്കുറിച്ച് അതുവരെ പ്രചരിച്ച വാർത്തകളെ തിരുത്തിക്കുറിച്ചു. തലക്കെട്ട് ‘പാലത്തിനു മുമ്പേ പാളം തെറ്റി’ എന്നായിരുന്നു. ട്രെയിനിന്റെ അമിതവേഗവും പരിചയസമ്പന്നനല്ലാത്ത എൻജിൻ ഡ്രൈവറും പാളം തെറ്റിയതിനു ശേഷം പാലത്തിൽ എമർജൻസി ബ്രേക്ക് ഉപയോഗിച്ചതും ഒക്കെ കാരണമാകാം. പക്ഷേ റെയിൽവേയുടെ രേഖകളിൽ ഇപ്പോഴും ടൊർണാഡോ തന്നെ വില്ലൻ. യഥാർഥ വില്ലനെ റെയിൽവേ ഇനിയും കണ്ടെത്തിയിട്ടില്ല എന്നർഥം.

peruman-train-accident–1

ബാലിസ്റ്റിക് വിദഗ്ധൻ കൂടിയായ വിഷ്ണു പോറ്റി പിന്നീട് സംസ്ഥാനത്തു നടന്ന ഒട്ടേറെ ക്രിമിനൽ കേസുകൾക്കു ശാസ്ത്രീയ തെളിവുണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥരെ സഹായിച്ചു. ഫൊറൻസിക് ഡയറക്ടറായി വിരമിച്ച് ഇപ്പോൾ പോങ്ങുമ്മൂട്ടിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്നു. അന്ന് പെരുമൺ ദുരന്തം റിപ്പോർട്ട് ചെയ്യാൻ എനിക്കൊപ്പം ഉണ്ടായിരുന്ന ഫിന്നി ജേക്കബ് പിന്നീട് യുഎസ് കോൺസലേറ്റിൽ പൊളിറ്റിക്കൽ അനലിസ്റ്റ് ആയി ചേർന്നു. ഇപ്പോൾ അമേരിക്കയിൽ.

Content Summary: Thalakkuri column by John Mudakkayam, The real reason behind the Peruman Peruman train tragedy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS