ഡോണള്‍ഡ് ട്രംപ് വീണ്ടും ചരിത്രം സൃഷ്ടിച്ചു. അമേരിക്കയുടെ 244 വര്‍ഷത്തെ ചരിത്രത്തില്‍ രണ്ടാം തവണയും ഇംപീച്ച്ചെയ്യപ്പെടുന്ന ആദ്യത്തെ പ്രസിഡന്‍റായി അദ്ദേഹം. ഇതിനുമുന്‍പ് (2019 ഡിസംബറില്‍) പ്രതിനിധി സഭ അദ്ദേഹത്തെ ഇംപീച്ച്ചെയ്തതു പ്രതിപക്ഷ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ അംഗങ്ങളുടെ മാത്രംപിന്തുണയോടെയായിരുന്നു. എന്നാല്‍, ഇത്തവണ സ്വന്തം റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ പത്തുപേര്‍കൂടി അവരോടൊപ്പം ചേര്‍ന്നു.
മുന്‍വൈസ്പ്രസിഡന്‍റ് ഡിക്ക് ചെയ്നിയുടെ മകളും പ്രതിനിധിസഭയിലെ റിപ്പബ്ളിക്കന്‍ അംഗങ്ങളില്‍ മൂന്നാം സ്ഥാനക്കാരിയുമായ ലിസ് ചെയ്നിയാണ് ഇവരില്‍ ഒരാള്‍. കക്ഷിഭേദമന്യേ ജനങ്ങളുടെ വെറുപ്പിനു ട്രംപ് എത്രയേറെ പാത്രമായിക്കഴിഞ്ഞുവെന്നു വ്യക്തമാക്കുകയാണിത്. അദ്ദേഹത്തിന്‍റെ അനുയായികള്‍ ജനുവരി ആറിനു തലസ്ഥാന നഗരിയില്‍ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് ഇരച്ചുകയറി നടത്തിയ ഗുണ്ടാവിളയാട്ടം ആ വിധത്തിലുളളതായിരുന്നു. അതിന്‍റെ ഫലമായി ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിക്കുകയുണ്ടായി.
ജനക്കൂട്ടത്തെ ഇളക്കിവിട്ടത് പ്രസിഡന്‍റിന്‍റെതന്നെ പ്രകോപനപരമായ പ്രസംഗമാണെന്നാണ് ആരോപണം. കലാപാഹ്വാനമെന്നു പ്രതിനിധി സഭ വിശേഷിപ്പിച്ച ഇതും അമേരിക്കയുടെ ചരിത്രത്തില്‍ മുന്‍പ് നടന്നിട്ടില്ലാത്തതാണ്. അതിന്‍റെ പേരിലാണ് ഇക്കഴിഞ്ഞ ബുധനാഴ്ച (ജനുവരി 13) പ്രതിനിധി സഭ 232-197 വോട്ടുകളോടെ ട്രംപിനെ ഇംപീച്ച് ചെയ്തതും.
കഥ ഇതോടെ അവസാനിക്കുന്നില്ല. പ്രസിഡന്‍റിനെ ഇംപീച്ച്ചെയ്യുന്നത് അദ്ദേഹത്തെ ്അധികാരത്തില്‍നിന്നു പുറത്താക്കാനുള്ള ഉദ്ദേശ്യത്തോടെയാണ്. പ്രതിനിധിസഭയുടെ നിര്‍ദേശാനുസരണം അതു ചെയ്യേണ്ടതു സെനറ്റാണ്. പക്ഷേ, സെനറ്റില്‍ എന്തു സംഭവിക്കുമെന്നത് ഒരു വലിയ ചോദ്യ ചിഹ്നമായി നില്‍ക്കുന്നു. ട്രംപ് ഉള്‍പ്പെടെ മൂന്നു പ്രസിഡന്‍റുമാരാണ് ഇതുനുമുന്‍പ് ഇംപീച്ച് ചെയ്യപ്പെട്ടിരുന്നത്. പക്ഷേ, അവരെ പുറത്താക്കാനുളള ശ്രമം സെനറ്റില്‍ പരാജയപ്പെടുകയായിരുന്നു.

ഇതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ പ്രതിനിധിസഭയില്‍ കേവല ഭൂരിപക്ഷം മതിയെങ്കില്‍ സെനറ്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. നിലവിലുള്ള സെനറ്റില്‍ഡമോക്രാറ്റിക് പാര്‍ട്ടിക്കു കേവല ഭൂരിപക്ഷം പോലുമില്ല. ട്രംപിനെ പുറത്താക്കാന്‍ ചുരുങ്ങിയതു 17 റിപ്പബ്ളിക്കന്മാര്‍ ഡമോക്രാറ്റുകളുടെ കൂടെചേരണം.
ചേരുമായിരിക്കാം. പക്ഷേ, അതിനേക്കാള്‍ വലിയ മറ്റൊരു പ്രശ്നമുണ്ട്. സെനറ്റ് ജനുവരി 19നു കൂടാനിരിക്കുന്നതേയയുള്ളൂ. അതിന്‍റെ പിറ്റേന്നാണ് പുതിയ പ്രസിഡന്‍റ് ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. അതോടെ ട്രംപിന്‍റെ നാലു വര്‍ഷക്കാലാവധി അവസാനിക്കുകയും അദ്ദേഹം പ്രസിഡന്‍റല്ലാതാവുകയും ചെയ്യും. അതിനാല്‍, ഒറ്റദിവസംകൊണ്ടു സെനറ്റിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാകണം. അതു സാധ്യമാകുമെന്ന് ആരും കരുതുന്നില്ല.
ഈ സാഹചര്യത്തിലും ട്രംപിനെ പുറത്താക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ഡമോക്രാറ്റിക് പാര്‍ട്ടി ഉറച്ചിരിക്കുന്നത്. ജനാധിപത്യത്തിന്‍റെ ശ്രീകോവിലെന്നു കരുതപ്പെടുന്ന പാര്‍ലമെന്‍റ് മന്ദിരം ഉള്‍പ്പെടുന്ന ക്യാപിറ്റോള്‍ കെട്ടിടത്തിലെ ഗുണ്ടാ വിളയാട്ടത്തിന് അദ്ദേഹത്തെ ശിക്ഷിച്ചേതീരുവെന്ന ദൃഢനിശ്ചയത്തിലാണവര്‍.
ഒറ്റദിവസം പോലും ട്രംപ് അധികാരത്തില്‍ തുടരുന്നതു രാജ്യത്തിന് ആപത്താണെന്നും അവര്‍ കരുതുന്നു. കേന്ദ്ര കുറ്റാന്വേഷണ വിഭാഗം (എഫ്ബിഐ) നല്‍കിയ മുന്നറിയിപ്പും അതിന് അവരെ പ്രേരിപ്പിക്കുന്നു. പ്രസിഡന്‍റ് ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ദിവസവും (ജനുവരി 20) അതിനു തൊട്ടുമുന്‍പുളള ദിവസങ്ങളിലുമായി വാഷിങ്ടണിലും 50 സംസ്ഥാന തലസ്ഥാനങ്ങളിലും ട്രംപ് അനുകൂലികള്‍ അക്രമാസക്തമായ പ്രകടനങ്ങള്‍ നടത്താന്‍ ഇടയുണ്ടെന്നാണ് എഫ്ബിഐയുടെ മുന്നറിയിപ്പ്.

ട്രംപിനെ പുറത്താക്കാനായി ഭരണഘടനയുടെ 25ാം ഭേദഗതി ഉപയോഗിക്കുന്ന കാര്യവും ഡമോക്രാറ്റുകളുടെ സജീവ പരിഗണനയിലുണ്ടായിരുന്നു. അധികാരത്തില്‍ തുടരാന്‍ പ്രസിഡന്‍റ് ശാരീരികമായോ മാനസികമായോ അയോഗ്യനായിത്തീര്‍ന്നു എന്നു കണ്ടാല്‍ ക്യാബിനറ്റ് ചേര്‍ന്നു അദ്ദേഹത്തെ നീക്കം ചെയ്യുകയും വൈസ്പ്രസിഡന്‍റിനെ തല്‍സ്ഥാനത്ത് അവരോധിക്കുകയും ചെയ്യാന്‍ അനുവദിക്കുന്നതാണ് ഈ നിയമം. മുന്‍പൊരിക്കലും ഇത് ഉപയോഗിക്കപ്പെട്ടിരുന്നില്ല.
ഇതിനു വൈസ്പ്രസിഡന്‍റ് മൈക്ക് പെന്‍സിന്‍റെ പൂര്‍ണ സഹകരണം ആവശ്യമാണ്. ട്രംപിന്‍റെ വിശ്വസ്തനായ പെന്‍സ് അതിനു സമ്മതിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നുവെങ്കിലും അതിനു മാറ്റം സംഭവിച്ചുവെന്ന തോന്നലുമുണ്ടായിരുന്നു. പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഫലത്തിന് അംഗീകാരം നല്‍കാന്‍ ചേര്‍ന്ന പാര്‍ലമെന്‍റിന്‍റെ സംയുക്ത യോഗത്തില്‍ പെന്‍സായിരുന്നു അധ്യക്ഷന്‍. അംഗീകാരം നല്‍കരുതെന്നു ട്രംപ് നല്‍കിയ നിര്‍ദേശം പെന്‍സ് ചെവിക്കൊണ്ടില്ല.
ക്യാപിറ്റോള്‍ ആക്രമണത്തില്‍ പെന്‍സിന്‍റെ ജീവനും അപകടത്തിലായിരുന്നു. ഗുണ്ടാവിളയാട്ടത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അതോടെ ട്രംപും പെന്‍സും തമ്മില്‍ പിണങ്ങിയെന്നായിരുന്നു അഭ്യൂഹം. അതിനാല്‍ 25ാം ഭേദഗതി ഉപയോഗിക്കാന്‍ പെന്‍സ് സഹകരിക്കുമെന്ന അഭ്യൂഹവുമുണ്ടായി. പക്ഷേ, ദിവസങ്ങള്‍ക്കകം ട്രംപും പെന്‍സും തമ്മില്‍ വീണ്ടും ഇണങ്ങി. 25ാം ഭേദഗതി ഉപയോഗിക്കണമെന്നു പ്രതിനിധി സഭ ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ജനുവരി 12) ഒരു പ്രമേയത്തിലൂടെ ഉന്നയിച്ച ആവശ്യം വൈസ്പ്രസിഡന്‍റ് തള്ളിക്കളഞ്ഞു.
ഇംപീച്ചമെന്‍റുമായി മുന്നോട്ടുപോകാന്‍ ഡമോക്രാറ്റുകള്‍ തീരുമാനിച്ചത് അതിനെ തുടര്‍ന്നാണ്. സെനറ്റിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും ട്രംപ് സ്ഥാനമൊഴിഞ്ഞിരിക്കുമെന്നത് അവരെ പിന്തിരിപ്പിക്കുന്നില്ല. ട്രംപ് കുറ്റക്കാരനാണെന്നു സെനറ്റിന്‍റെ വിധിയുണ്ടായാലും മതി, അതിനുശേഷം അദ്ദേഹത്തിന് അയോഗ്യത കല്‍പ്പിക്കാനുള്ള പ്രമേയം കൊണ്ടുവരാനാണത്രേ അവരുടെ പ്ളാന്‍. ഇതിനും വകുപ്പുണ്ട്. പക്ഷേ, മുന്‍പൊരിക്കലും ഉപയോഗിക്കപ്പെട്ടിരുന്നില്ല.
അയോഗ്യത കല്‍പ്പിക്കപ്പെട്ടാല്‍ ട്രംപിനു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. 2024ലെ തിരഞ്ഞെടുപ്പിലൂടെ വൈറ്റ്ഹൗസിലേക്കു തിരിച്ചുവരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ സ്വപ്നം ഇതോടെ തകരും. മാത്രമല്ല, മുന്‍പ്രസിഡന്‍റ് എന്ന നിലയിലുള്ള പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, പേഴ്സണല്‍ സ്റ്റാഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയുംചെയ്യും. ഇത്തരമൊരു ദുര്‍വിധിയും മുന്‍പ് ഒരു യുഎസ് പ്രസിഡന്‍റിനും നേരിടേണ്ടിവന്നിരുന്നില്ല.

ഡമോക്രാറ്റുകള്‍ ഒട്ടും ഇഷ്ടപ്പെടാത്ത ഒരു മറുവശവും ഇതിനുണ്ട്. പുതിയ പ്രസിഡന്‍റ് ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമല ഹാരിസും ജനുവരി 20 മുതല്‍ തങ്ങളുടെ നയപരിപാടികളുമുായി മുന്നോട്ടു പോകുമ്പോള്‍ സെനറ്റില്‍ അവരുടെ പാര്‍ട്ടിയും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയും ട്രംപിനെച്ചൊല്ലി പൊരിഞ്ഞ പോരിലായിരിക്കും. അമേരിക്കയിലെ രാഷ്ട്രീയാന്തരീക്ഷത്തെ ഇതു കൂടുതല്‍ കലുഷമാക്കുമെന്നു പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ല.
'അമേരിക്ക യുനൈറ്റഡ്' അഥവാ അമേരിക്ക ഒറ്റക്കെട്ട് എന്ന മുദ്രാവാക്യം സ്വീകരിച്ചിട്ടുളള ബൈഡന്‍റെ ദൗത്യം വിജയിക്കണമെങ്കില്‍ അദ്ദേഹത്തിനു പ്രതിപക്ഷത്തിന്‍റെ സഹകരണവും ആവശ്യമായിവരും. ട്രംപിനെ ശിക്ഷിക്കുകതന്നെ വേണമെന്ന ഡമോക്രാറ്റ് നിലപാട് അതിനു തടസ്സമയേക്കാം. ട്രംപിന്‍റെ മേല്‍ ആരോപിക്കപ്പെടുന്നതുപോലുള്ള ഗുരുതരമായ കുറ്റത്തിനു ശിക്ഷ ലഭിക്കാതിരിക്കുന്നതു രാജ്യത്തിനു ഗുണകരമാകുമോയെന്ന ചോദ്യവും നിലനില്‍ക്കുന്നു.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Videsharangom - Donald Trump isolated and enraged ahead of Biden inauguration