ക്യൂബ : ജനം ഇളകിയ ദിനങ്ങള്‍

HIGHLIGHTS
  • പുതിയ നേതാവിനെതിരെ മുദ്രാവാക്യങ്ങള്‍
  • യുഎസ് ഉപരോധത്തോടൊപ്പം കെടുകാര്യസ്ഥതയും
US-CUBA-POLITICS-DEMONSTRATION-GOVERNMENT
ക്യൂബയിൽ നടക്കുന്ന പ്രതിഷേധസമരത്തിലെ ജനക്കൂട്ടം. ചിത്രം: YAMIL LAGE / AFP
SHARE

ക്യൂബയിലെ ജനങ്ങള്‍ ദശകങ്ങളായി കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും അതിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാറില്ല. കാരണം ഗവണ്‍മെന്‍റ് വിരുദ്ധ പ്രകടനങ്ങള്‍ക്കു ക്യൂബയില്‍ നിരോധനമുണ്ട്. പിടിയിലായാല്‍ കടുത്തശിക്ഷ അനുഭവിക്കേണ്ടിവരുമെന്നു ജനങ്ങള്‍ ഭയപ്പെടുന്നു. അതിനാല്‍, ഇക്കഴിഞ്ഞ ജൂലൈ 11 ഞായറാഴ്ച തലസ്ഥാന നഗരമായ ഹവാന ഉള്‍പ്പെടെ പല നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതു ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധയ്ക്കു പാത്രമായതു സ്വാഭാവികമായിരുന്നു. ക്യൂബയും 140 കിലോമീറ്റര്‍ മാത്രം അകലെ കിടക്കുന്ന അമേരിക്കയും തമ്മിലുള്ള ശത്രുതയുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും ക്യൂബയിലെ സംഭവവികാസങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.  

നിത്യോപയോഗ സാധനങ്ങള്‍ വേണ്ടത്ര കിട്ടാനില്ല. ഉള്ളതിനെല്ലാം തീവില. എവിടെ പോയാലും നീണ്ട ക്യൂ. വൈദ്യുതി വിതരണം കൂടെക്കൂടെ സ്തംഭിക്കുകയും മണിക്കൂറുകളോളം സ്തംഭനം നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. ജൂലൈയിലെ കൊടുംചൂടില്‍ അതു ജനങ്ങള്‍ക്ക് സഹിക്കാനാവുന്നില്ല. തൊഴിലില്ലായ്മ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്നു. 

സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന ഒരു പ്രതീക്ഷയും ജനങ്ങള്‍ക്കില്ല. ഇതു കാരണമുള്ള കടുത്ത അസംതൃപ്തിയും രോഷവും ആയിരക്കണക്കിനാളുകളെ പെട്ടെന്നു തെരുവിലിറക്കുകയായിരുന്നു. ഹവാനയ്ക്കു തൊട്ടടുത്തുള്ള സാന്‍ അന്‍റോണിയോ ഡി ലോസ് ബാനോസ് നഗരത്തിലായിരുന്നു തുടക്കം. തുടര്‍ന്നു ഹവാന, സാന്‍റിയാഗോ ഡി ക്യൂബ തുടങ്ങിയ മറ്റു നഗരങ്ങളിലേക്കും പടര്‍ന്നു പിടിച്ചു. 

ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ചൂണ്ടിക്കാണിക്കുന്ന മുദ്രാവാക്യങ്ങളോടൊപ്പം രാഷ്ട്രീയ മുദ്രാവാക്യങ്ങളും മുഴങ്ങി. പ്രസിഡന്‍റ് മിഗ്വേല്‍ മരിയോ ഡയസ്-കനാല്‍ രാജിവയ്ക്കണം, സ്വേഛാധിപത്യം അവസാനിപ്പിക്കണം, സ്വാതന്ത്ര്യം അനുവദിക്കണം എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങള്‍. പല സ്ഥലങ്ങളിലും പ്രകടനക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും പലര്‍ക്കും പരുക്കേല്‍ക്കുകയുംചെയ്തു. ഒട്ടേറെ പേര്‍ അറസ്റ്റിലായി. കുഴപ്പം മൂന്നു ദിവസം നീണ്ടുനിന്നു.

ഇതുപോലൊരു സ്ഥിതിവിശേഷത്തിനു ക്യൂബ നേരത്തെ സാക്ഷ്യംവഹിച്ചതു കാല്‍ നൂറ്റാണ്ടു മുന്‍പായിരുന്നു. സോവിയറ്റ് യൂണിയന്‍റെ ഉദാരമായ സഹായത്തെ ആശ്രയിച്ച് നിലനിന്നിരുന്ന ക്യൂബയുടെ സാമ്പത്തിക സ്ഥിതി ആ രാജ്യത്തിന്‍റെ തകര്‍ച്ചയോടെ അവതാളത്തിലായതിനെ തുടര്‍ന്നായിരുന്നു അത്. 

അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും അനിയന്ത്രിതമായ വിലക്കയറ്റവുമായിരുന്നു അന്നത്തെയും  പ്രശ്നം. ജനങ്ങളെ ശാന്തരാക്കാന്‍ പ്രസിഡന്‍റ് ഫിദല്‍ കാസ്ട്രോ തന്നെ തെരുവില്‍ ഇറങ്ങിച്ചെന്നു അവരെ നേരില്‍ കണ്ടു സംസാരിക്കാന്‍ നിര്‍ബന്ധിതനായി. 

ക്യൂബന്‍ വിപ്ളവത്തിന്‍റെ നായകനായിരുന്ന ഫിദല്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹം  ഗുരുതരരോഗബാധിതനായി ആശുപത്രിയിലായതിനെ തുടര്‍ന്നു 2006ല്‍തന്നെ ഇളയ സഹോദരന്‍ റൗള്‍ അധികാരം ഏറ്റെടുത്തിരുന്നു. ഡയസ്-കനാല്‍ പ്രസിഡന്‍റായത് 2018ല്‍ റൗള്‍ സ്വയം സ്ഥാനമൊഴിഞ്ഞ ശേഷമാണ്. ഭരണകക്ഷിയും രാജ്യത്തിലെ ഏകകക്ഷിയുമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലവനുമായി ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ അദ്ദേഹം. അങ്ങനെ അറുപത്തൊന്നാം വയസ്സില്‍ രാജ്യത്തിന്‍റെ പരമാധികാരിയായി. 

പക്ഷേ, 1959ല്‍ ലോകത്തെ ഞെട്ടിച്ച ക്യൂബന്‍ വിപ്ളവത്തിന്‍റെ നായകരായിരുന്ന കാസ്ട്രോ സഹോദരന്മാരുടെ വ്യക്തിപ്രഭാവം ഡയസ്-കനാലിനില്ല. അദ്ദേഹം ജനിച്ചതുതന്നെ അടുത്ത വര്‍ഷമായിരുന്നതിനാല്‍ വിപ്ളവത്തില്‍ പങ്കുണ്ടായിരുന്നുമില്ല. അതിനാല്‍ ജനഹൃദയങ്ങളെ സ്വാധീനിക്കുന്ന വിധത്തില്‍ അവരുമായി സംവദിക്കാനുള്ള കഴിവും അദ്ദേഹത്തിനുള്ളതായി അധികമാരും കരുതുന്നില്ല.

ടെലിവിഷനിലൂടെ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു. ക്യൂബ നേരിടുന്ന പ്രശ്നങ്ങള്‍ക്കു മുഖ്യമായും അമേരിക്കയെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. 1960 മുതല്‍ ക്യൂബയ്ക്കെതിരെ അമേരിക്കയുടെ സാമ്പത്തിക നിലവിലുണ്ട്. ഇടക്കാലത്ത് അതില്‍ അയവുവന്നിരുന്നുവെങ്കിലും പിന്നീട് കൂടുതല്‍ കര്‍ശനമായി. 

അതേസമയം, ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഗവണ്‍മെന്‍റിനു വീഴ്ച പറ്റിയിട്ടുണ്ടെന്നു സമ്മതിക്കാനും പ്രസിഡന്‍റ് ഡയസ്-കനാല്‍ മടിക്കുകയുണ്ടായില്ല. ഇത്തരമൊരു കുറ്റസമ്മതം ആദ്യമാണ്. പ്രതിവിപ്ളവകാരികളുടെ ശ്രമങ്ങള്‍ പരാജയപ്പെടുത്തണമെന്ന അദ്ദേഹത്തിന്‍റെ ആഹ്വാന പ്രകാരം ഏതാനും ദിവസങ്ങള്‍ക്കുശേഷം ഗവണ്‍മെന്‍റ് അനുകൂലികളും തെരുവിലിറങ്ങി പ്രകടനം നടത്തി. 

സോവിയറ്റ് മാതൃകയിലുള്ള കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയാണ് ക്യൂബയ്ക്കു വിനയായത്. അത്തരം രീതി മറ്റു പല കമ്യൂണിസ്റ്റ് രാജ്യങ്ങളും കൈവെടിഞ്ഞിട്ടും ക്യൂബ അതിനു തയാറായിട്ടില്ല. ഫിദലിന്‍റെ സഹോദരനായ റൗള്‍ കാസ്ട്രോയുടെ ഭരണത്തില്‍ ചില്ലറ മാറ്റങ്ങളുണ്ടായെന്നുമാത്രം. 

പ്രസിഡന്‍റ് ജോണ്‍ കെന്നഡിയുടെ കാലം മുതല്‍ അമേരിക്ക തുടര്‍ന്നുവരുന്നതാണ് ക്യൂബയുടെ മേലുള്ള സാമ്പത്തിക ഉപരോധം. ഇതു കാരണം കഴിഞ്ഞ ഒരു വര്‍ഷം മാത്രം 550 കോടിഡോളറിന്‍റെ നഷ്ടമുണ്ടായത്രേ. ഉപരോധത്തിനെതിരെ ആദ്യമെല്ലാം പിടിച്ചുനിന്നത് സോവിയറ്റ് യൂണിയന്‍റെ സഹായത്തോടെയായിരുന്നു. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അതു നിലച്ചു. എണ്ണ സമ്പന്നമായ വെനസ്വേലയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തെ ആശ്രയിക്കുകയായിരുന്നു അതിനുശേഷം. അമേരിക്കയില്‍നിന്നുള്ള എതിര്‍പ്പ് ഉള്‍പ്പെടെയുള്ള പല കാരണങ്ങളാല്‍ ആ രാജ്യത്തിന്‍റെ സ്ഥിതിയും അവതാളത്തിലായതോടെ ക്യൂബ നിസ്സഹായാവസ്ഥയിലായി.  

കെന്നഡിയുടെ പാര്‍ട്ടിക്കാരന്‍തന്നെയായ ബറാക് ഒബാമയുടെ ഭരണത്തില്‍ അമേരിക്കയുടെ നിലപാടില്‍ മാറ്റം വന്നിരുന്നു. വിഛേദിക്കപ്പെട്ടിരുന്ന നയതന്ത്രബന്ധം അരനൂറ്റാണ്ടിനു ശേഷം പുനഃസ്ഥാപിതമാവുകയും 2016ല്‍ ഒബാമ ഹവാന സന്ദര്‍ശിക്കുകയും  ചെയ്തു. 

ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള യാത്രയ്ക്കുണ്ടായിരുന്ന നിയന്ത്രണത്തില്‍ ഒബാമ അയവുവരുത്തി. ക്യൂബയിലെ സാമ്പത്തിക സ്ഥിതിയുടെ നട്ടെല്ലായ ടൂറിസം മേഖലയ്ക്ക് ഇതു വലിയ സഹായമായി. അമേരിക്കയിലുള്ള ക്യൂബക്കാര്‍ നാട്ടിലെ ബന്ധുക്കള്‍ക്കു പണമയക്കുന്നതിലുണ്ടായിരുന്ന നിയന്ത്രണം നീക്കം ചെയ്തതും സാമ്പത്തികനില മെച്ചപ്പെടാന്‍ ഉപകരിക്കുകയായിരുന്നു. . 

പക്ഷേ, ഒബാമയ്ക്കുശേഷം പ്രസിഡന്‍റായ ഡോണള്‍ഡ് ട്രംപ് ഇതെല്ലാം തകിടം മറിക്കുകയും ഉപരോധങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും ചെയ്തു. ഭീകരതയെ സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉത്തര കൊറിയയുടെയും ഇറാന്‍റെയും കൂടെ ക്യൂബയെയും മുന്‍പ് അമേരിക്ക ഉള്‍പ്പെടുത്തിയിരുന്നു. ഒബാമ നീക്കംചെയ്ത അതും ട്രംപ് പുനഃസ്ഥാപിച്ചു. ഒബാമയുടെ കീഴില്‍ വൈസ്പ്രസിഡന്‍റായിരുന്ന ജോ ബൈഡന്‍റെ ഭരണത്തില്‍ ഇതിലെല്ലാം വീണ്ടും മാറ്റം വരുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും ബൈഡന്‍റെ ഭാഗത്തുനിന്നു അതു സംബന്ധമായ  നീക്കമൊന്നും ഇതുവരെയുണ്ടായിട്ടില്ല. 

കോവിഡ് മഹാമാരിയാണ് ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളിലെയുംപോലെ ക്യൂബയിലെയും സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കിയത്. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും പ്രാഥമികാരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ പ്രശംസാര്‍ഹമായ പുരോഗതി നേടിയ ക്യൂബ കോവിഡിനെ ചെറുക്കുന്നതിലും ഒട്ടും പിന്നിലായിരുന്നില്ല. സ്വന്തമായി വാക്സീന്‍ നിര്‍മിക്കുക പോലുംചെയ്തു. 

CUBA-POLITICS-DEMONSTRATION-DIAZ-CANEL
ക്യൂബൻ പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനലിന്റെ ചിത്രം കയ്യിൽ പിടിച്ച് പ്രതിഷേധസമരത്തിൽ പങ്കെടുക്കുന്ന സ്ത്രീ. ഹവാനയിൽ നിന്നുള്ള ചിത്രം. YAMIL LAGE / AFP

പക്ഷേ, കാലക്രമത്തില്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോയി. കോവിഡ് കാരണം ടൂറിസം മേഖല സ്തംഭനത്തിലായതോടെ വരുമാനത്തിന്‍റെ മുഖ്യ സ്രോതസ്സ് അടഞ്ഞു. പ്രധാന കാര്‍ഷികോല്‍പ്പന്നമായ പഞ്ചസാരയുടെ കയറ്റുമതിയിലുണ്ടായ ഇടിവും സാമ്പത്തിക സ്ഥിതി വഷളാകാന്‍ കാരണമായി. പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രസിഡന്‍റ് ഡയസ്-കനാല്‍ പരാജയപ്പെടുകയാണെന്ന അഭിപ്രായം ജനങ്ങള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുകയും അവരുടെ രോഷം പെട്ടെന്നു പൊട്ടിത്തെറിക്കുകയും ചെയ്തത് ഈ പശ്ചാത്തിലത്തിലാണ്.

സമരം വ്യാപിക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങള്‍ വലിയ പങ്കു വഹിക്കുകയുണ്ടായി. അതിനാല്‍, ഇന്‍റര്‍നെറ്റ് ബന്ധം ദിവസങ്ങളോളം ഗവണ്‍മെന്‍റ് വിഛേദിച്ചു. ജനങ്ങളെ ഇളക്കിവിടുന്നത് അമേരിക്കയുടെ ചാരന്മാരും കൂലിപ്പട്ടാളക്കാരുമാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തു. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളും പരാതികളും സഗൗരവം മനസ്സിലാക്കുക എന്നായിരുന്നു യുഎസ് പ്രസിഡന്‍റ് ബൈഡന്‍ ഒരു പ്രസ്താവനയിലൂടെ ഇതിനു നല്‍കിയ മറുപടി. ക്യൂബയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഈ സാഹചര്യത്തില്‍ ബൈഡന്‍ ഉടന്‍ തയാറാകുമോയെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.  

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

Content Summary : Videsharangom Column - Why is Cuba witnessing its biggest anti-government protests in 30 years?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA