ജപ്പാനെ നയിക്കാന്‍ നൂറാമന്‍

HIGHLIGHTS
  • മുന്‍വിദേശമന്ത്രി പുതിയ പ്രധാനമന്ത്രി
  • വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക മാന്ദ്യത്തില്‍ ഉല്‍ക്കണ്ഠ
visesharangom-fumio-kishida-japan-prime-minister-cabinet-meeting-address
Fumio Kishida, Japan's prime minister, bows during a news conference at the prime minister's official residence in Tokyo, Japan, October 4, 2021. Photo Credit : Toru Hanai / Reuters
SHARE

ഏതാണ്ട് ഒരു വര്‍ഷത്തിനിടയില്‍ ജപ്പാനു മൂന്നാമതൊരു പ്രധാനമന്ത്രി. പേര് ഫുമിയോ കിഷിഡ. മുന്‍പ് അഞ്ചു വര്‍ഷം വിദേശമന്ത്രിയായിരുന്നു. ആ നിലയില്‍ രാജ്യാന്തര തലത്തില്‍, തന്‍റെ മുന്‍ഗാമി യോഷിഹിദെ സുഗയേക്കാള്‍ അറിയപ്പെടുന്നു. പാര്‍ലമെന്‍റിന്‍റെ അധോസഭയായ ഡയറ്റില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച (ഒക്ടോബര്‍ നാല്) നടന്ന വോട്ടെടുപ്പില്‍ വിജയിച്ചതോടെ ജപ്പാന്‍റെ നൂറാമത്തെ പ്രധാനമന്ത്രിയാവുകയാണ് ഈ അറുപത്തിനാലുകാരന്‍. 

ഏറ്റവും നീണ്ടകാലം (എട്ടുവര്‍ഷം) പ്രധാനമന്ത്രിയായിരുന്നു ചരിത്രം സൃഷ്ടിച്ച ഷിന്‍സൊ ആബെ (67) ആരോഗ്യ കാരണത്താല്‍ രാജിവച്ചതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രധാനമന്ത്രിയായതായിരുന്നു സുഗ (72). പക്ഷേ, ഒരു വര്‍ഷം ആയപ്പോഴേക്കും സ്വന്തം പാര്‍ട്ടിക്കുതന്നെ (ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി) അദ്ദേഹം അനഭിമതനായി. 

അത്രയും വലിയ പരാജയമായിരുന്നു അദ്ദേഹത്തിന്‍റെ ഒരു വര്‍ഷത്തെ ഭരണം. മുഖ്യകാരണം കോവിഡ് മഹാമാരിയെ നേരിടുന്നതിലുണ്ടായ പാളിച്ചകളും ടോക്കിയോ ഒളിംപിക്സ് നടത്താന്‍ കാണിച്ച നിര്‍ബന്ധവുമാണെന്നു വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രധാനമന്ത്രിയാകുമ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്ന ജനപിന്തുണ 70 ശതമാനമായിരുന്നത് ഒരു വര്‍ഷത്തിനിടയില്‍ 30 ശതമാനം വരെയായി കുറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിലില്‍ പാര്‍ലമെന്‍റിലേക്കു നടന്ന മൂന്നു ഉപതിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷി തോല്‍ക്കുകയും ചെയ്തു. 

പാര്‍ട്ടിയുടെ തലപ്പത്തും പ്രധാനമന്ത്രിസ്ഥാനത്തും താന്‍ തുടര്‍ന്നാല്‍ ഈ വര്‍ഷത്തെ പൊതു തിരഞ്ഞെടുപ്പിലും ഫലം നിരാശാജനകമായിരിക്കുമെന്ന് സുഗയ്ക്കുതന്നെ ബോധ്യപ്പെട്ടുവത്രേ. അതിനാല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുനിന്ന് അദ്ദേഹം സ്വയം ഒഴിഞ്ഞു. പകരം തിരഞ്ഞെടുക്കപ്പെട്ടയാളാണ് കിഷിഡ. 

visesharangom-fumio-kishida-japan-prime-minister
Fumio Kishida puts on his face mask as he leaves the stage after winning the Liberal Democrat Party leadership election in Tokyo, Japan September 29, 2021. Photo Credit : Carl Court/ Reuters

അതിനുവേണ്ടി നടന്ന വാശിയേറിയ വോട്ടെടുപ്പില്‍  അദ്ദേഹം തോല്‍പ്പിച്ചതു കുറേക്കൂടി ജനസമ്മതനായി അറിയപ്പെട്ടിരുന്ന വാക്സിനേഷന്‍കാര്യമന്ത്രി ടാറോ കോനോയെയാണ്. രണ്ടു വനിതാ സ്ഥാനാര്‍ഥികള്‍ കൂടി രംഗത്തുണ്ടായിരുന്നുവെങ്കിലും അവര്‍ ആദ്യ റൗണ്ടില്‍തന്നെ പുറത്തായി. ജപ്പാനില്‍ വനിതകളില്‍ നിന്നാരും ഇതുവരെ പ്രധാനമന്ത്രിയായിട്ടില്ലെന്ന വസ്തുത ഒരിക്കല്‍കൂടി ഓര്‍മ്മിക്കപ്പെടാന്‍ ഇതു കാരണമാവുകയും ചെയ്തു. 

ജപ്പാനിലെ പ്രധാനമന്ത്രിമാരില്‍ മിക്കവരും തലമുറകളായി രാഷ്ട്രീയ രംഗത്തു വേരുറപ്പിച്ചിട്ടുളള കുടുംബങ്ങളിലെ അംഗങ്ങളാണ്. അതിനുളള ഏറ്റവും നല്ല ഉദാഹരണമാണ് സുഗയുടെ മുന്‍ഗാമിയായ ഷിന്‍സൊ ആബെതന്നെ. അദ്ദേഹത്തിന്‍റെ പിതാവ് ഷിന്‍റാറോ ആബെ വിദേശമന്ത്രിയും പിതാമഹന്‍ നൊബുസുക്കെ കിഷിയും വല്യമ്മാവന്‍ ഈസാക്കു സാട്ടോയും പ്രധാനമന്ത്രിമാരുമായിരുന്നു. 

അത്തരമൊരു കുടുംബ പാരമ്പര്യം പക്ഷേ സുഗയ്ക്ക് അവകാശപ്പെടാന്‍ ഉണ്ടായിരുന്നില്ല. ഗ്രാമത്തില്‍ ഒരു കൃഷിക്കാരന്‍റെ മകനായി ജനിച്ച അദ്ദേഹം ചെറുപ്പം മുതല്‍ക്കേ പ്രതികൂല സാഹചര്യങ്ങളുമായി മല്ലിടുകയായിരുന്നു. കോളജ് വിദ്യാഭ്യസച്ചെലവ് വഹിക്കാനായി കാര്‍ഡ് ബോര്‍ഡ് ഫാക്ടറിയിലും മീന്‍ചന്തയിലും പണിയെടുത്തു.  

എങ്കിലും, രാഷ്ട്രീയത്തില്‍ ഇറങ്ങിയശേഷം പടിപടിയായി ഉയര്‍ന്നു ചീഫ് ക്യാബിനറ്റ് സെക്രട്ടറിവരെയായി. അവിടെ നിന്നായിരുന്നു ഭരണകക്ഷിയുടെ നേതാവും പ്രധാനമന്ത്രിയുമായുള്ള കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ സ്ഥാനാരോഹണം. ആബെയുടെയും മറ്റും ശക്തമായ പിന്തുണ അതിനു സഹായകമാവുകയും ചെയ്തു. 

ഒരു വര്‍ഷത്തെ മാത്രം ഇടവേളയക്കുശേഷം ജാപ്പനീസ് രാഷ്ട്രീയം കുടുംബ പാരമ്പര്യത്തിന്‍റെ വഴിയിലേക്കു തന്നെ തിരിച്ചെത്തിയിരിക്കുകയാണ്. പുതിയ പ്രധാനമന്ത്രിയായ ഫുമിയോ കിഷിഡയുടെ പിതാവും പിതാമഹനും പാര്‍ലമെന്‍റ് അംഗങ്ങളായിരുന്നു. പ്രധാനമന്ത്രിയായിരുന്ന കീച്ചി മിയാവാസ ഒരു അകന്ന ബന്ധുവുമാണ്. 

visesharangom-fumio-kishida-japan-prime-minister-world-affairs
Japan's newly-elected Prime Minister Fumio Kishida arrives at his official residence in Tokyo, Japan October 4, 2021. Photo Credit : Issei Kato / Reuters

പിതാവ് ഫുമിടാകെ കിഷിഡ അമേരിക്കയിലെ ജാപ്പനീസ് വ്യാപാര പ്രതിനിധിയായിരുന്ന കാലത്തു കൊച്ചു ഫുമിയോ മൂന്നു വര്‍ഷം പഠിച്ചത് ന്യൂയോര്‍ക്കിലെ ഒരു പ്രാഥമിക വിദ്യാലയത്തിലായിരുന്നു. ടോക്കിയോയിലെ പ്രശ്സ്തമായ വസേദ സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയ ശേഷം കുറച്ചുകാലം ഒരു ബാങ്കില്‍ ജോലി ചെയ്തു. 

രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാനഘട്ടത്തില്‍ 1945 ഓഗസ്റ്റില്‍ അമേരിക്കയുടെ ആണവ ബോംബാക്രമണത്തിന് ഇരയായ ഹിരോഷിമയില്‍നിന്ന് 1993ല്‍ ആദ്യമായി പാര്‍ലമെന്‍റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2007 മുതല്‍ വിവിധ മന്ത്രിസഭകളില്‍ പല വകുപ്പുകളുടെയും മന്ത്രിയായി സേവനം ചെയ്തു. 

ഷിന്‍സൊ ആബെയുടെ വിദേശമന്ത്രിയെന്ന നിലയിലുള്ള കിഷിഡയുടെ സേവനം അഞ്ചുവര്‍ഷംവരെ നീണ്ടു. ഏറ്റവും നീണ്ട കാലത്തെ വിദേശമന്ത്രിയെന്ന നിലയില്‍ ഷിന്‍സൊ ആബെയുടെ പിതാവ് ഷിന്‍റാറൊ ആബെയ്ക്കുണ്ടായിരുന്ന സ്ഥാനം അങ്ങനെ അദ്ദേഹം മറികടന്നു. 

ഹിരോഷിമയില്‍ മൃതിയടഞ്ഞവരുടെ ഓര്‍മക്കായി സ്ഥാപിച്ച പീസ് പാര്‍ക്ക് 2016ല്‍ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ സന്ദര്‍ശിച്ചത് കിഷിഡയുടെ ശ്രമ ഫലമായിട്ടായിരുന്നു. അതിനു മുന്‍പ് അമേരിക്കയിലെ പല പ്രസിഡന്‍റുമാരും ജപ്പാന്‍ സന്ദര്‍ശിച്ചിരുന്നുവെങ്കിലും ആരും ഹിരോഷിമയിലോ യുഎസ് ആണവാക്രമണത്തിന് ഇരയായ മറ്റൊരു നഗരമായ നാഗസാക്കിയിലോ പോയിരുന്നില്ല. 

വിദേശമന്ത്രി സ്ഥാനത്തുനിന്നു വിരമിച്ച കിഷിഡ ഏതാനും ദിവസംമാത്രം ആക്ടിങ് പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിക്കുകയുണ്ടായി. തുടര്‍ന്നു പാര്‍ട്ടിയുടെ നയരൂപീകരണ സമിതിയുടെ തലവനായി. പാര്‍ട്ടിയുടെ തലപ്പത്തുനിന്നും പ്രധാനമന്ത്രിസ്ഥാനത്തുനിന്നും ആബെ കഴിഞ്ഞ വര്‍ഷം സ്വയം ഒഴിഞ്ഞപ്പോള്‍തന്നെ ആ പദവികള്‍ ഏറ്റെടുക്കാന്‍ കിഷിഡയും ശ്രമം നടത്തിയിരുന്നു. 

പക്ഷേ, വിജയിച്ചില്ല. കാരണം, ആബെ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍  പിന്തുണച്ചതു യോഷിഹിദെ സുഗയെയായിരുന്നു. അതു തെറ്റായിപ്പോയെന്നു പിന്നീട് അവര്‍ക്കു ബോധ്യപ്പെടുകയും ചെയ്തു. പാര്‍ലമെന്‍റിലേക്കുള്ള പുതിയതിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കേ ആ തെറ്റു തിരുത്താനുളള ശ്രമത്തിലുമാണ് ഇപ്പോള്‍ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി.

visesharangom-fumio-kishida-japan-prime-minister-cabinet-meeeting
Fumio Kishida gestures as he is elected as new head of the ruling party in the Liberal Democratic Party's (LDP) leadership vote in Tokyo, Japan September 29, 2021. Photo Credit : Kyodo / Reuters

ജപ്പാനിലെ ഏറ്റവും വലിയ കക്ഷിയാണ് വലതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി. 1955ല്‍ സ്ഥാപിതമായതു മുതല്‍ ഇടക്കാലത്തു രണ്ടു തവണയായി നാലു വര്‍ഷം പുറത്തുനില്‍ക്കേണ്ടിവന്നത് ഒഴിച്ചാല്‍ ഇത്രയും കാലം അവര്‍തന്നെയായിരുന്നു അധികാരത്തില്‍. കോമെയ്റ്റോ എന്ന ചെറിയ കക്ഷിയുടെ പിന്തുണയോടെ ഇപ്പോള്‍ പാര്‍ലമെന്‍റില്‍ മൂന്നില്‍ രണ്ടിന്‍റെ ഭൂരിപക്ഷവുമുണ്ട്.  അതിനാല്‍ കിഷിഡയ്ക്കു പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടാന്‍ സഭയില്‍ ഒട്ടും പ്രയാസമുണ്ടായില്ല.  

അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വിലയ സാമ്പത്തിക ശക്തിയായ ജപ്പാന്‍റെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ ചില വര്‍ഷങ്ങളായി മന്ദഗതിയിലാണെന്നതാണ് പ്രധാനമന്ത്രിയെന്ന നിലയില്‍ കിഷിഡ നേരിടുന്നഏറ്റവും വലിയ പ്രശ്നം. ഷിന്‍സൊ ആബെയുടെ ഭരണകാലത്ത് ആബെണോമിക്സ് എന്നറിയപ്പെട്ട ചില പരിഷ്ക്കാരങ്ങളിലൂടെ ഇതിനു പരിഹാരം കാണാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും ഫലപ്രദമായിരുന്നില്ല. 

സാമ്പത്തിക രംഗത്തെ അസമത്വം വര്‍ധിക്കാന്‍ അതു കാരണമായതായി പരാതി ഉയരുകയുമുണ്ടായി. അതിനിടയില്‍ കോവിഡ് മഹാമാരി പടര്‍ന്നു പിടിക്കുകയും അതിനെ നേരിടുന്നതില്‍ യോഷിഹിദെ സുഗയുടെ ഗവണ്‍മെന്‍റ് പരാജയപ്പെടുകയും ചെയ്തു. കോവിഡ് കാരണം ഒരു വര്‍ഷത്തേക്കു മാറ്റിവച്ച ടോക്കിയോ ഒളിംപിക് ഗെയിംസും തുടര്‍ന്നുള്ള പാരാലിംപിക്സും കാണികളെയെല്ലാം ഒഴിവാക്കിക്കൊണ്ടു നടത്തിയ വകയിലും ശതകോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായി. ഈ നഷ്ടങ്ങളുടെയെല്ലാം ഭാരം ഒടുവില്‍ ജനങ്ങള്‍തന്നെ വഹിക്കേണ്ടിവരുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.  

വിദേശനയത്തില്‍ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. കാരണം, അതു ചൈനയില്‍ നിന്നും ഉത്തര കൊറിയയില്‍ നിന്നുമുള്ള ഭീഷണിയുമായും അതിനെ നേരിടാനുള്ള ജപ്പാന്‍റെ സന്നാഹങ്ങളുമായും കെട്ടുപിണഞ്ഞു കിടക്കുകയാണ്. തങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയുമായി സുദൃഡമായ ബന്ധമാണ് ജപ്പാന്‍ ആഗ്രഹിക്കുന്നത്. 

അതേസമയം, തങ്ങളുടെ കൂടി പിന്നാമ്പുറമായ കിഴക്കന്‍ ചൈനാ കടലിലും തെക്കന്‍ ചൈനാ കടലിലും ചൈന നടത്തിവരുന്ന വിവാദപരമായ നീക്കങ്ങള്‍ ജപ്പാനെ ഭയപ്പെടുത്തുകയും ചെയ്യുന്നു. അമേരിക്ക, ഓസ്ട്രേലിയ, ഇന്ത്യ എന്നിവയ്ക്കുകൂടി പങ്കാളിത്തമുള്ളതും 'ക്വാഡ്' എന്ന ചുരുക്കേപ്പേരില്‍ അറിയപ്പെടുന്നുതമായ സുരക്ഷാ കൂട്ടായ്മയില്‍ ജപ്പാന്‍ ചേര്‍ന്നിട്ടുള്ളതു മുഖ്യമായി ഇതു കാരണമായിട്ടാണെന്നും പറയപ്പെടുന്നു.

visesharangom-fumio-kishida-japan-prime-minister-with-new-cabinet-members
Fumio Kishida, Japan's prime minister, bows during a news conference at the prime minister's official residence in Tokyo, Japan, October 4, 2021. Photo Credit : Toru Hanai / Reuters

അമേരിക്കയുമായി കൊറിയന്‍ യുദ്ധകാലത്തു (1950-1953) തുടങ്ങിയ സൈനിക സഖ്യം ജപ്പാന്‍ ഇപ്പോഴും തുടര്‍ന്നുവരുന്നു. ചൈനയില്‍നിന്നും ഉത്തര കൊറിയയില്‍ നിന്നുമുള്ള സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുവെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തില്‍ അര ലക്ഷത്തിലേറെ യുഎസ് സൈനികര്‍ ഇപ്പോഴും ജപ്പാനില്‍ നില്‍ക്കുന്നുമുണ്ട്. പുതിയ പ്രധാനമന്ത്രിയുടെ ഭരണത്തില്‍ ഇതിലൊന്നും മാറ്റം പ്രതീക്ഷിക്കപ്പെടുന്നില്ല.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

Content Summary : Videsharangom - Fumio Kishida elected as Japan’s 100th prime minister

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA