പാപ്പരായ പാക്കിസ്ഥാന്‍

pakistan-economy
Representative image. Photo Credit: Naypong/istockphoto.com
SHARE

പാക്കിസ്ഥാന്‍ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ ആ രാജ്യത്തിലെ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് വിശേഷിപ്പിച്ചിരുക്കുന്നത് 'സങ്കല്‍പ്പാതീതം' എന്നാണ്. സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത അത്രയും ഗുരതരവും ഭയാനകവുമായ ഈ സ്ഥിതിവിശേഷത്തെ എങ്ങനെ കൈയാളാനാവുമെന്ന ആശങ്കയിലാണ് അദ്ദേഹമെന്നു വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

ഒരു വര്‍ഷം മുന്‍പ് മാത്രം പ്രധാനമന്ത്രിപദത്തിലെത്തിയ ഷഹബാസ് പാക്കിസ്ഥാനിലെ ഏറ്റവും പ്രധാന പ്രവിശ്യയായ പഞ്ചാബില്‍ മൂന്നു തവണ (11 വര്‍ഷം) മുഖ്യമന്ത്രിയായിരുന്നു. അങ്ങനെ സമര്‍ഥനായ ഭരണാധിപന്‍ എന്ന പേരെടുത്തു. പക്ഷേ, ഇപ്പോള്‍ ഇസ്ലാമാബാദിലെ പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നു വെള്ളംകുടിക്കുന്നു. 

പെട്രോള്‍, ഡീസല്‍, പാചകവാതകം, ഭക്ഷ്യപദാര്‍ഥങ്ങള്‍ തുടങ്ങിയ അവശ്യസാധനങ്ങളുടെയല്ലാം വില അടിക്കടി വര്‍ധിക്കുകയാണ്. പലതും കിട്ടാനുമില്ല. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന വൈദ്യുതി വിതരണ നിയന്ത്രണം പതിവായി. വ്യവസായ മേഖല അവതാളത്തിലായി. തൊഴിലില്ലാത്തവരുടെ എണ്ണം കൂടിവരുന്നു. യുഎസ് ഡോളറുമായുള്ള പാക്ക് രൂപയുടെ വിനിമയ നിരക്കിലെ ഇടിവ് അപകടകരമായ നിലയിലെത്തി. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പാക്കിസ്ഥാനികള്‍ അയക്കുന്ന പണത്തിന്‍റെ വരവും കുറഞ്ഞു. വിദേശനാണ്യ കരുതല്‍ ശേഖരം നെല്ലിപ്പടി കാണാറായി. ആണവശക്തികൂടിയായ പാക്കിസ്ഥാന്‍ അകപ്പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഏകദേശ ചിത്രമാണിത്. 

പക്ഷേ, ഇതൊന്നും ഒരു പുതിയ സംഭവവികാസമല്ല. വര്‍ഷങ്ങളായി രാജ്യം ഈ അപകടത്തിലേക്ക് അതിവേഗം വഴുതിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനെല്ലാം ആളുകള്‍ കുറ്റപ്പെടുത്തുന്നതു മറ്റാരെയുമല്ല, കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടുകാലം രാജ്യത്തിന്‍റെ ചുക്കാന്‍ പിടിച്ചവരെയാണ്. അതിന്‍റെ ഏതാണ്ടു പകുതികാലം ഭരണം നടത്തിയ പാക്ക് സൈന്യാധിപന്മാരും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. 

ഭരണാധിപന്മാരുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയും ഒപ്പം ധൂര്‍ത്തും അഴിമതിയും മുന്‍പേതന്നെ പാക്കിസ്ഥാന്‍ നേരിട്ടുവരുന്ന ശാപമാണ്. അതിന്‍റെയെല്ലാം തിക്തഫലമാണ് 23 കോടിയിലേറെ വരുന്ന ജനങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതും. 

ഇറക്കുമതിക്കു സമാനമായ വിധത്തില്‍ കയറ്റുമതി വര്‍ധിക്കാത്തതിനാല്‍ വിദേശനാണ്യ കരുതല്‍ ശേഖരം വര്‍ഷങ്ങളായി കുറഞ്ഞുവരികയായിരുന്നു. അതിപ്പോള്‍ ഏതാണ് 300 കോടി ഡോളറായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഷ്ടിച്ച് അടുത്ത മൂന്നാഴ്ചത്തേക്കുള്ള ഇറക്കുമതിക്കുമാത്രമേ ഇതു മതിയാവുകയുള്ളൂവത്രേ. നേരത്തെ ഇടപാട് ചെയതതനുസരിച്ച് കപ്പലുകളില്‍ എത്തിച്ചേര്‍ന്ന സാധനങ്ങള്‍ അടങ്ങിയ കണ്ടെയിനറുകള്‍ പണം നല്‍കി ഏറ്റെടുക്കാനാവാതെ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നു. 

മരുന്നുകളുടെയും ആശുപത്രി ഉപകരണങ്ങളുടെയും പാക്കിസ്ഥാനില്‍തന്നെ നിര്‍മിക്കുന്ന മരുന്നുകളുടെ ചേരുവകളുടെയും 95 ശതമാനംവരെ ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതി നിയന്ത്രണം കര്‍ശനമായതോടെ ഇവയ്ക്കും ക്ഷാമം നേരിടുകയും പല ആശുപത്രികളും സാധാരണപോലെ പ്രവര്‍ത്തിക്കാതാവുകയും ചെയ്തു. 

ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന 90 ലക്ഷത്തോളം പാക്കിസ്ഥാനികള്‍ അയക്കുന്ന പണമായിരുന്നു വിദേശനാണ്യ കരുതല്‍ ശേഖരത്തിന്‍റെ ഗണ്യമായ ഒരു ഭാഗം. എന്നാല്‍, അവരില്‍ പലരും ഇപ്പോള്‍ പണം അയക്കുന്നത് ഔദ്യോഗിക ബാങ്കിങ് ചാനലുകളിലൂടെയല്ല. അമിതലാഭ പ്രതീക്ഷയില്‍ അവര്‍ നിയമവിരുദ്ധമായ ഹവാല-ഹുണ്ടി മാര്‍ഗങ്ങളെ ആശ്രയിക്കുന്നു. അതുകാരണം കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ഈ രംഗത്തുണ്ടായ ഉണ്ടായ ഇടിവും വിദേശനാണ്യ കരുതല്‍ശേഖരം കുറയാന്‍ കാരണമായി.

വൈദ്യുതി വിതരണ നിയന്ത്രണത്തിന്‍റെ ഭാഗമായി കടകമ്പോളങ്ങള്‍ രാത്രി എട്ടു മണിവരെയും റസ്റ്റൊറന്‍റുകള്‍ പത്തു മണിവരെയും മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്നു ഗവണ്‍മെന്‍റ് ഉത്തരവിറക്കിയിട്ടുണ്ട്. അമിതമായി വൈദ്യുതി ഉപയോഗിക്കുന്നതും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതുമായ ഫാനുകളുടെ ഉപയോഗം നിരോധിച്ചു. വ്യവസായ ശാലകള്‍ സാധാരണപോലെ പ്രവര്‍ത്തിക്കാത്തതു കാരണം ഒട്ടേറെ പേര്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു. 

ഇത്തരം സന്ദര്‍ഭങ്ങളില്‍ പിടിച്ചുനില്‍ക്കാനുളള സാമ്പത്തിക സഹായത്തിനുവേണ്ടി രാജ്യാന്തര നാണ്യ നിധിയെ (ഐഎംഎഫ്) സമീപിക്കുകയാണ് പാക്കിസ്ഥാന്‍റെ പതിവ്. ഇത്തവണയും അതല്ലാതെ നിവൃത്തിയില്ലാതായി. ചില സുഹൃല്‍ രാജ്യങ്ങള്‍ സഹായം വാഗ്ദാനും ചെയ്തുവെങ്കിലും ഐഎംഎഫ് വായ്പ നേടിയെടുക്കാനുളള തിരക്കിലാണ് ഷഹബാസ് ഷരീഫിന്‍റെ ഗവണ്‍മെന്‍റ്.

യുഎന്‍ ആഭിമുഖ്യത്തില്‍ വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സഹായ ഏജന്‍സിയാണ് ഐഎംഎഫ്. പ്രസിഡന്‍റ് അയ്യൂബ് ഖാന്‍റെ ഭരണകാലം മുതല്‍ക്കുള്ള ആറില്‍പ്പരം ദശകങ്ങള്‍ക്കിടയില്‍ സഹായത്തിനുവേണ്ടി പാക്കിസ്ഥാന്‍ ഐഎംഎഫിന്‍റെ മുന്‍പാകെ കൈനീട്ടുന്നത് ഇത് 23ാം തവണയാണ്. അക്കാര്യത്തില്‍ പാക്കിസ്ഥാന്‍ ലോകത്ത് ഒന്നാം സ്ഥാനത്തുനില്‍ക്കുന്നു. അതേസമയം ഇത്രയും കാലത്തിനിടയില്‍ ഇന്ത്യ ഐഎംഎഫിന്‍റെ സഹായം തേടിയതു വെറും ഏഴു തവണ. പി. വി. നരസിംഹറാവു പ്രധാനമന്ത്രിയും ഡോ. മന്‍മോഹന്‍ സിങ് ധനമന്ത്രിയുമായിരുന്ന 1991നു ശേഷം ഇന്ത്യ ആ ഭാഗത്തേക്കു നോക്കിയിട്ടേയില്ല. 

മുന്‍ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍റെ ഭരണത്തില്‍ 2019ലാണ് ഇതിനുമുന്‍പ് പാക്കിസ്ഥാന്‍ ഐഎംഎഫിനെ സമീപിച്ചിരുന്നത്. ഐഎംഎഫുമായുള്ള ഇടപാടുകളുടെ പേരില്‍ തന്‍റെ മുന്‍ഗാമികളെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന ഇമ്രാന്‍ എന്തുവന്നാലും താന്‍ ആ വഴിക്കു പോകില്ലെന്നു ശപഥം ചെയ്തിരുന്നു. 

ചെലവു ചുരുക്കലിന്‍റെ ഭാഗമായി അദ്ദേഹം പ്രധാനമന്ത്രിയുടെ കാറുകളുടെ എണ്ണം വെട്ടിക്കുറക്കുകയും പ്രധാനമന്ത്രിയുടെ വസതിയിലെ എരുമകളെയും പോത്തുകളെയും വിറ്റഴിക്കുകയും ചെയ്തു. താന്‍ ഉള്‍പ്പെടെയുളള മന്ത്രിമാര്‍ വിമാനത്തില്‍ ഒന്നാം ക്ളാസില്‍ യാത്രചെയ്യുന്നതു നിരോധിക്കാനും അദ്ദേഹം തയാറായി.

അതേസമയം, ചെലവു ചുരുക്കാനും വരുമാനം വര്‍ധിപ്പിക്കാനുമുള്ള ഫലപ്രദമായ നടപടികള്‍ ഉണ്ടായതുമില്ല. ധൂര്‍ത്തും അഴിമതിയും ഇടതടവില്ലാതെ തുടര്‍ന്നു. രാഷ്ട്രീയ നേതാക്കളും ഉന്നത പട്ടാള ഉദ്യോഗസ്ഥരും അടങ്ങുന്ന പാക്ക് വരേണ്യവര്‍ഗത്തിന് ഇറക്കുമതി ചെയ്ത കാറുകളിലും ആഡംബര വീടുകളിലുമുളള കമ്പം പണ്ടേതന്നെ കുപ്രസിദ്ധമാണ്. ഇക്കഴിഞ്ഞ ജനുവരി വരേയുള്ള ആറു മാസത്തിനിടയില്‍ മാത്രം മൊത്തം 125 കോടി ഡോളര്‍ വിലയുള്ള നൂറിലേറെ കാറുകള്‍ ഇറക്കുമതി ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  

പാക്ക് രാഷ്ട്രീയ നേതാക്കളില്‍ പലര്‍ക്കും വിദേശ രാജ്യങ്ങളില്‍ വിലപിടിച്ച സ്വത്തുക്കള്‍ ഉണ്ടന്നത് നാട്ടിലെ പാട്ടാണ്. പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ ജേഷ്ഠൻ നവാസ് ഷരീഫിനു 2017ല്‍ പ്രധാനമന്ത്രിപദം നഷ്ടപ്പെട്ടതും അദ്ദേഹം തടവിലായതും ലണ്ടനില്‍ അത്തരമൊരു സ്വത്തുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു. 

ഷഹബാസ്, മുന്‍പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി എന്നിവര്‍ ഉള്‍പ്പെടെയുള്ള പല നേതാക്കളും ഇമ്രാന്‍ ഖാന്‍റെ ഭരണത്തില്‍ അഴിമതിക്കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. പ്രസിഡന്‍റാകുന്നതിനു മുന്‍പും സര്‍ദാരി അഴിമതിക്കേസുകളില്‍ പ്രതിയായിരുന്നു. അഴിമതിയുടെ പേരില്‍ പ്രതിയോഗികള്‍ക്കെതിരെ വാളെടുത്ത ഇമ്രാന്‍ ഖാനെതിരെയും അഴിമതിയാരോപണമുണ്ടായി.

പാക്കിസ്ഥാന്‍റെ സാമ്പത്തിക സ്ഥിതി അവതാളത്തിലാക്കുന്നതില്‍ ഇത്തവണ കോവിഡ് മഹാമാരിയും യുക്രെയിനിലെ യുദ്ധവും വെള്ളപ്പൊക്കവും വലിയ പങ്കു വഹിച്ചു. കോവിഡിന്‍റെയും യുക്രെയിന്‍ യുദ്ധത്തിന്‍റെയും പ്രത്യാഘാതങ്ങള്‍ മറ്റു മിക്ക രാജ്യങ്ങളും അനുഭവിച്ചിട്ടുളളതാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ അഭൂതപൂര്‍വമായ പ്രളയം പാക്കിസ്ഥാനെ കശക്കിയെറിയുകയായിരുന്നു. രാജ്യത്തിന്‍റെ മൂന്നിലൊരു ഭാഗം വെള്ളത്തിനടിയിലായി. 1700ലേറെ പേര്‍ മരിച്ചു. ലക്ഷണക്കിനാളുകള്‍ക്കു താമസിക്കാന്‍ ഇടമില്ലാതായി. കൃഷി ഉള്‍പ്പെടെയുളള വിവിധ മേഖലകളിലുണ്ടായ മൊത്തം നഷ്ടം മൂന്നേകാല്‍ ലക്ഷം കോടി പാക്ക് രൂപ.  

മൂന്നു വര്‍ഷം മുന്‍പ് ഐഎംഎഫ് നല്‍കാന്‍ ഏറ്റിരുന്ന 650 കോടി ഡോളറിന്‍റെ വായ്പയില്‍ അവശേഷിക്കുന്ന 110കോടി ഡോളര്‍ ഉടന്‍ നല്‍കണമെന്നാണ് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. (ഒരു ഡോളര്‍ ഏതാണ്ട് 260 പാക്ക് രൂപയ്ക്കു തുല്യമാണ്). പണം നല്‍കുന്നതിനു മുന്‍പ് വായ്പയുടെ തിരിച്ചടവ് സംബന്ധിച്ച് ഐഎംഎഫിന് ഉറപ്പു ലഭിക്കണം. തിരിച്ചടക്കാനുളള പണം ചെലവു ചുരുക്കലിലൂടെയും പുതിയ വരുമാന മാര്‍ഗങ്ങളിലൂടെയും കണ്ടത്താന്‍ പാക്കിസ്ഥാനു കഴിയുമെന്നു ബോധ്യപ്പെടണം. 

ഇസ്‌ലാമാബാദിലെ അധികൃതരുമായി ഒരു ഐഎംഎഫ് പ്രതിനിധി സംഘം ഇതു സംബന്ധിച്ചു നടത്തിയ ചര്‍ച്ചകള്‍ പത്തു ദിവസമാണ് നീണ്ടുനിന്നത്. സബ്സിഡികള്‍ പിന്‍വലിക്കുകയും പുതിയ നികുതികള്‍ ചുമത്തുകയും ചെയ്യുന്ന ഒരു മിനിബജറ്റ് അതിനിടയില്‍ ഗവണ്‍മെന്‍റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുകയും പാസ്സാക്കിയെടുക്കുകയും ചെയ്തു. ഇതോടെ ജനങ്ങളെ സംബന്ധിച്ചിടത്തോളം സ്ഥിതിഗതികള്‍ കൂടുതല്‍ ദുസ്സഹമായിത്തീരുന്നു. 

Content Summary: Videsharangom Column by K. Obeidulla on Pakistan Economic Crisis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA