പ്രശ്നം ബ്രിട്ടനില്‍, പരിഹാരം റുവാണ്ടയില്‍

HIGHLIGHTS
  • അനധികൃത കുടിയേറ്റം തടയാന്‍ ബ്രിട്ടീഷ് പദ്ധതി
  • വിവാദവും എതിര്‍പ്പും അവശേഷിക്കുന്നു
Rishi-Sunak
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനാക്. ചിത്രം: ഫെയ്സ്ബുക്ക്.
SHARE

നിയമവിരുദ്ധ കുടിയേറ്റം തടയാനുള്ള ഒരു വിവാദ പദ്ധതി ഉടന്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടന്‍. അനധികൃത മാര്‍ഗങ്ങളിലൂടെ ബ്രിട്ടനിലെത്തുന്നവരെ 6400 കിലോമീറ്റര്‍ അകലെയുള്ള ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്കു കയറ്റിയയക്കും. അവിടെ അവര്‍ക്ക് അഭയം തേടുകയോ സഥിരതാമസമാക്കുന്നതിനു  ശ്രമിക്കുകയോ ചെയ്യാം. നിയമാനുസൃത മാര്‍ഗത്തിലൂടെ മൂന്നാമതൊരു രാജ്യത്തേക്ക് പോകാനും ശ്രമിക്കാം. പക്ഷേ, ഒരു കാരണത്താലും ബ്രിട്ടനിലേക്കു  തിരിച്ചുപോകാന്‍ അനുവദിക്കില്ല. 

പൂര്‍വമധ്യാഫ്രിക്കയിലെ ഒരു ചെറിയ (26338 ചതുരശ്ര കിലോമീറ്റര്‍) രാജ്യമായ റുവാണ്ടയുമായി രണ്ടു വര്‍ഷം മുന്‍പ്തന്നെ ബ്രിട്ടന്‍ ഇതു  സംബന്ധിച്ച് കരാറുണ്ടാക്കിയിരുന്നു. പക്ഷേ, പദ്ധതി വിവാദപരമായതിനാലും രാജ്യത്തിനകത്തും പുറത്തും പല കേന്ദ്രങ്ങളില്‍നിന്നും കടുത്ത എതിര്‍പ്പ് നേരിടേുണ്ടിവന്നതിനാലും ഇതുവരെ നടപ്പാക്കാനായില്ല. അതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും കോടതികളിലും ഏറ്റുമുട്ടുകയായിരുന്നു. 

ഒടുവില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച (ഏപ്രില്‍ 22) അതു സംബന്ധിച്ച ബില്ലിനു പാര്‍ലമെന്‍റിന്‍റെ അംഗീകാരം ലഭിച്ചു. രാഷ്ട്രത്തലവനായ ചാള്‍സ് രാജാവ് ഒപ്പിട്ടതോടെ മൂന്നാം ദിവസം അതു നിയമമാവുകയും ചെയ്തു. അതേസമയം, കോടതികളില്‍ ആ നിയമം ചോദ്യം ചെയ്യപ്പെടാനുളള സാധ്യത ഇപ്പോഴും അവശേഷിക്കുന്നു. ഇനിയാര്‍ക്കും തങ്ങളെ തടയാനാവില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിട്ടുളളത് ഇക്കാര്യത്തിലുളള അദ്ദേഹത്തിന്‍റെ ഉറച്ച നിലപാട് വ്യക്തമാക്കുകയും ചെയ്യുന്നു. 

യൂറോപ്പിലെ മറ്റു പല രാജ്യങ്ങളെയും പോലെ ബ്രിട്ടനും അഭിമുഖീകരിക്കുന്ന ഗുരുതരമായ ഒരു പ്രശ്നമാണ് അനധികൃത മാര്‍ഗങ്ങളിലൂടെയുളള കുടിയേറ്റം.  ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു യുദ്ധവും കലാപവും ദാരിദ്യവും കാരണം പലരും ആദ്യം യൂറോപ്പിലെത്തുന്നു. ജോലിതേടി വരുന്നവരുമുണ്ട്.

uk-deportation
Image Credit: dba87/shutterstock.com

അതിനുശേഷം ഫ്രാന്‍സിലൂടെ ചെറുബോട്ടുകളില്‍ ഇംഗ്ളിഷ് ചാനല്‍ കടന്നു ബ്രിട്ടനില്‍ അഭയം പ്രാപിക്കുന്നു. അധികൃതരുടെ കണ്ണുവെട്ടിച്ച് മനുഷ്യരുടെ കള്ളക്കടത്ത് നടത്തുന്ന മാഫിയകളും ഇതിനിടയില്‍ തഴച്ചുവളരുകയാണ്. അനധികൃത കുടിയേറ്റം വര്‍ധിച്ചുകൊണ്ടിരിക്കുന്നതില്‍ ഇത്തരം ക്രിമിനല്‍  സംഘങ്ങള്‍ വലിയ പങ്ക് വഹിക്കുകയും ചെയ്യുന്നു. അവര്‍ക്കു കടിഞ്ഞാണിടാനും റുവാണ്ട പദ്ധതി ഉപകരിക്കുമെന്ന് ബ്രിട്ടന്‍ അവകാശപ്പെടുന്നു. 

റബര്‍ കൊണ്ട് നിര്‍മിച്ച ബോട്ടുകളില്‍ തിങ്ങിനിറഞ്ഞ് ഇംഗ്ളിഷ് ചാനലിലെ കാറ്റിലും കോളിലുമുള്ള യാത്രയില്‍ അപകടങ്ങള്‍ സാധാരണമാണ്. ഈയിടെപോലും ഒരു ബോട്ട് മറിഞ്ഞ് ഏഴു വയസ്സുളള ഒരു പെണ്‍കുട്ടിയടക്കം അഞ്ചു പേര്‍ മരിച്ചു. 47 പേരെ ഫ്രഞ്ച് നാവികസേന രക്ഷപ്പെടുത്തി. നൂറിലേറെ പേരാണത്രേ  ബോട്ടിലുണ്ടായിരുന്നത്. അനധികൃ കുടിയേറ്റത്തോടൊപ്പം ഇത്തരം അപകടങ്ങളും തടയാന്‍ റുവാണ്ട പദ്ധതി ഉപകരിക്കുമെന്നു ബ്രിട്ടീഷ് ഗവണ്‍മെന്‍റ് അവകാശപ്പെടുന്നു. 

ഗത്യന്തരമില്ലാതെ ജീവന്‍ പണയംവച്ച് നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ബ്രിട്ടനില്‍ എത്തുന്നവരോട് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നാണ് ഇതിനെതിരെ മുഖ്യമായി ഉയര്‍ന്നിട്ടുളള വിമര്‍ശനം. ജീവനുളള മനുഷ്യരെ വെറും ചരക്കുകളായി കാണുന്നു, അവരുടെ മൗലികാവകാശങ്ങള്‍ അവഗണിക്കുന്നു, അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും സംബന്ധിച്ച രാജ്യാന്തര ചട്ടങ്ങളും കീഴ്വഴക്കങ്ങളും നഗ്നമായി ലംഘിക്കുന്നു എന്നിങ്ങനെയുളള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. 

യൂറോപ്യന്‍ മൂല്യങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാന്വല്‍ മക്രോ പോലും തറന്നടിച്ചിരിക്കുകയാണ്. ബ്രിട്ടനെയോ റുവാണ്ട പദ്ധതിയെയോ പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. 

പദ്ധതി നടപ്പാക്കാനുളള നീക്കങ്ങള്‍ക്കു തിരിച്ചടികള്‍ ഏറ്റപ്പോഴെല്ലാം അതിനെതിരെ വീറോടെ പോരാടാനുള്ള ദൗത്യം ഏറ്റെടുത്തത് ഒന്നര വര്‍ഷം മുന്‍പ് മാത്രം ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായ ഇന്ത്യന്‍ വംശജന്‍ ഋഷി സുനകാണ്. ബില്‍ പാസ്സായത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ വിജയമായി എണ്ണപ്പെടുന്നു. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഈ വര്‍ഷാവസാനമോ അടുത്ത വര്‍ഷം ആദ്യത്തിലോ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നയിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.

പക്ഷേ, പദ്ധതി കൊണ്ടുവന്നത് സുനകല്ല 2022ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സനാണ്. യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ വിട്ടുപോകണമെന്നു വാദിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കളിലും മുന്‍നിരയിലായിരുന്നു ജോണ്‍സന്‍. 

ഒപ്പം സുനകുമുണ്ടായിരുന്നു. അനധികൃത കുടിയേറ്റങ്ങള്‍ നിയന്ത്രിക്കാനുളള ബ്രിട്ടന്‍റെ ശ്രമങ്ങള്‍ക്കു യൂറോപ്യന്‍ യൂണിയനിലെ അംഗത്വം വിലങ്ങു തടിയാവുകയാണെന്ന വാദവും ബ്രെക്സിറ്റ്വാദികള്‍ ഉന്നയിച്ചിരുന്നു. 

അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടന്‍റെ വിവിധ ഭാഗങ്ങളിലുളള ക്യാംപുളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 2022 ജനുവരി ഒന്നിനുശേഷം എത്തിയവരെയാണ് ചെറിയ സംഘങ്ങളായി റുവാണ്ടയിലേക്ക് അയക്കുക. ജൂലൈയോടെ പരിപാടി തുടങ്ങുമെന്നു കരുതപ്പെടുന്നു. 

യാത്രയ്ക്കുവേണ്ടി വിമാനങ്ങള്‍ വാടകയ്ക്കെടുക്കുകയാണ്. റുവാണ്ടയില്‍ എത്തിയതിനു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അഭയം, മൂന്നാം രാജ്യത്തിലേക്കുള്ള പ്രയാണം തുടങ്ങിയ കാര്യങ്ങളോട് അനുബന്ധിച്ചുളള കടലാസ് പണികളില്‍ സഹായിക്കാനുമായി ഒരു സംഘം ബ്രിട്ടീഷ് ഉദ്യോഗസ്ഥരും പോകും. അവര്‍ക്കാവശ്യമായ പരിശീലനം നല്‍കിവരുന്നു. 

deportation
Image Credit: Aleksandr Ryzhov/shutterstock.com

പ്രതിഫലമായി റുവാണ്ടയക്ക് അഞ്ചു വര്‍ഷത്തിനുളളില്‍ 37 കോടി പൗണ്ട് (3700 കോടി രൂപ). നല്‍കും. പദ്ധതി നടപ്പാക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ 29 കോടി  പൗണ്ട് (2900 കോടിരൂപ) കൊടുത്തുകഴിഞ്ഞു. ആഫ്രിക്കയിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളുടെ കൂട്ടത്തില്‍പ്പെടുന്ന റുവാണ്ടയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ തുകയാണ്. 

റുവാണ്ടയുമായി ധാരണയിലെത്തുന്നതിനുമുന്‍പ് ഇതേ ആവശ്യവുമായി മറ്റു ചില രാജ്യങ്ങളെയും ബ്രിട്ടന്‍ സമീപിച്ചുരുന്നു. ആഫ്രിക്കയിലെതന്നെ ഘാന, നൈജീരിയ, നമീബിയ, നൈജര്‍, മൊറോക്കോ, ഐവറി കോസ്റ്റ്, ബോട്സ്വാന, മധ്യ അമേരിക്കയിലെ കോസ്റ്ററിക്ക എന്നിവ ഈ രാജ്യങ്ങളില്‍  ഉള്‍പ്പെടുന്നു. 

പക്ഷേ, അവരുമായുളള ചര്‍ച്ചകള്‍ മുന്നോട്ടുപോയില്ല. റുവാണ്ടയിലെ പ്രസിഡന്‍റ് പോള്‍ കഗാമെയുമായുളള ജോണ്‍സന്‍റെ ചര്‍ച്ചകള്‍ വിജയത്തിലെത്തുകയും ചെയ്തു.

റുവാണ്ടയിലേക്ക് അയക്കാനായി ഒരുക്കിനിര്‍ത്തിയിരുന്നവരുടെ ആദ്യസംഘം 2022 ജൂണില്‍ പുറപ്പേണ്ടതായിരുന്നു. പദ്ധതിക്കെതിരെ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്ന ഹര്‍ജിയില്‍ വിധിയുണ്ടായത് അപ്പോഴാണ്. റുവാണ്ടയിലേക്ക് അയക്കപ്പെടുന്നവരുടെ ജീവന്‍ അവിടെ അപകടത്താലാകാനുളള  സാധ്യതയുണ്ടെന്നും അവിടെ അവര്‍ക്കു സുരക്ഷിതരായി ജീവിക്കാന്‍ കഴിയുമെന്നു കുറേക്കൂടി ഉറപ്പുവരുത്തേണ്ടതുണ്ടെന്നുമായിരുന്നു വിധി. 

റുവാണ്ട പദ്ധതി നിയമവിരുദ്ധമാണെന്ന് പിന്നീട് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബ്രിട്ടീഷ് സുപ്രീംകോടതിയും വിധിക്കുകയുണ്ടായി. കുടിയേറ്റക്കാരെ കയറ്റിയയക്കാവുന്ന ഒരു സുരക്ഷിത രാജ്യമാണ് റുവാണ്ടയെന്ന കാര്യത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചു. പുറപ്പെട്ട സ്വന്തം രാജ്യത്തിലേക്കുതന്നെ അവര്‍ തിരിച്ചയക്കപ്പെട്ടേക്കാം. അവിടെ അവരുടെ ജീവന്‍പോലും അപടത്തിലാകാനുളള സാധ്യതയുമുണ്ട്. അതനുവദിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.

സുപ്രീംകോടതിയുടെയും യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുടെയും ആശങ്കകള്‍ ദൂരീകരിക്കുന്ന വിശദീകരണങ്ങളോടുകൂടിയ പുതിയൊരു ബില്‍ കൊണ്ടുവരാന്‍ ഗവണ്‍മെന്‍റ് അങ്ങനെ നിര്‍ബന്ധിതമായി. അതാണ് പാര്‍ലമെന്‍റ് പാസ്സാക്കിയത്.

മതിയായ യാത്രാരേഖകളില്ലാതെയും ബോട്ടുകളില്‍ കയറിയും ബ്രിട്ടനിലെത്തിയ എല്ലാവരെയും റുവാണ്ടയിലേക്ക് അയക്കാന്‍ ഉദ്ദശിക്കുന്നില്ല. 2022 ജനുവരി ഒന്നു മുതല്‍ എത്തിയവരെയാണ് അയക്കുക. ഇനി വരുന്നവര്‍ക്കെല്ലാം ഈ നിയമം ബാധകമാവുകയും ചെയ്യും. അതു പേടിച്ച് ആളുകള്‍ ഈ വിധത്തില്‍ ബ്രിട്ടനിലേക്ക് ഇറങ്ങിപ്പുറപ്പെടാന്‍ മടിക്കും. കുടിയേറ്റക്കാരെ ശിക്ഷക്കാനല്ല, കുടിയേറ്റം ഇനിയും ഉണ്ടാകാതിരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതന്നു ഗവണ്‍മെന്‍റ് വാദിക്കുന്നു. 

അതേസമയം, അഭയം തേടിയെത്തുന്ന മനുഷ്യരെ അവരുടെ ഇഛയ്ക്കു വിരുദ്ധമായി മറ്റൊരു രാജ്യത്തിലേക്കു കയറ്റിയയക്കുകയും അവിടെ അനിശ്ചിതമായ ഭാവിയെ അഭിമുഖീകരിക്കാന്‍ വിടുകയും ചെയ്യുന്നത് രാജ്യാന്തര കീഴ്‍വഴക്കങ്ങള്‍ അനുസരിച്ചും ധാര്‍മികമായും തെറ്റാണെന്നു കരുതുന്നവരും ഏറെയുണ്ട്.  ഈ പദ്ധതിക്കെതിരെ ഇനിയും കോടതി കയറാന്‍ ഒരുങ്ങനില്‍ക്കുകയാണവര്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS