ഉന്നത കോടതികളിലെ അത്യുന്നതരായ പ്രതികള്‍

HIGHLIGHTS
  • ഇസ്രയേലിന് എതിരെ രണ്ട് രാജ്യാന്തര കോടതികളില്‍ കേസ്
  • റഫയിലെ ആക്രമണം ലോകകോടതി വിലക്കിയിരുന്നു
hamas-missile-tel-aviv-2605
ഇസ്രയേൽ നഗരമായ ടെൽ അവീവിലേക്ക് ഹമാസ് നടത്തിയ മിസൈൽ ആക്രമണം. ചിത്രം: X/@Arab_Intel
SHARE

ഗാസയിലെ യുദ്ധം കാരണം ഒരേസമയത്തു ലോകത്തിലെ രണ്ടു രാജ്യാന്തര കോടതികളുടെയും (രാജ്യാന്തര നീതിന്യായ കോടതിയുടെയും രാജ്യാന്തര ക്രിമിനല്‍ കോടതിയുടെയും) പ്രതിപ്പട്ടികയിലാണ് ഇസ്രയേല്‍. ഏറ്റവുമൊടുവില്‍, ഇക്കഴിഞ്ഞ ഞായറാഴ്ച (മേയ് 26) രാത്രി റഫയിലെ അഭയാര്‍ഥി ക്യാമ്പിലുണ്ടായ അതിഭീകരമായ വ്യോമാക്രമണത്തോടെ പൊതുവില്‍ ലോകത്തിന്‍റെ മുന്നില്‍തന്നെ ആ രാജ്യം പ്രതിരോധത്തിലായി.  

ഇരുപതു ലക്ഷത്തിലേറെ പേര്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഗാസയുടെ മറ്റു ഭാഗങ്ങളില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരുന്ന വ്യോമാക്രമണങ്ങളില്‍നിന്നു രക്ഷപ്പെട്ടവര്‍ അഭയം പ്രാപിച്ചിരിക്കുന്നത് തെക്കെ അറ്റത്തുളള റഫയിലാണ്. ഹമാസ് തീവ്രവാദികള്‍ക്കെതിരായ സൈനിക നടപടിയുടെ ഭാഗമായി കഴിഞ്ഞ ചില ദിവസങ്ങളായി ഇസ്രയേല്‍ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചുകൊണ്ടിരിക്കുന്നതും അവിടെതന്നെ. ഒരു അഭയാര്‍ഥി ക്യാമ്പിനു നേരെയായിരുന്നു ഞായറാഴ്ചയിലെ ആക്രമണം. ക്യാമ്പിലെ കൂടാരങ്ങള്‍ക്കു തീപ്പിടിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ചുരുങ്ങിയത് 45 പേര്‍ മരിച്ചു. 

ലക്ഷക്കണക്കിനാളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന റഫയില്‍ ആക്രമണം നടത്തന്നതു നിരപരാധികള്‍ കൂട്ടക്കൊല ചെയ്യാന്‍ ഇടയാക്കുമെന്നു പല രാജ്യങ്ങളും രാജ്യാന്തര സംഘടനകളും ഇസ്രയേലിനെ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. ഇസ്രയേലിനെ ഏറ്റവുമധികം സഹായിക്കുന്ന അമേരിക്കയും അക്കൂട്ടത്തിലുണ്ടായിരുന്നു. റഫയിലെ ആക്രമണം ഉടന്‍ നിര്‍ത്തണമെന്നു രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ) ഇക്കഴിഞ്ഞ വെള്ളിയാഴ്ച (മേയ് 24) ഉത്തരവിടുകയുമുണ്ടായി. അതിനുശേഷവും ആക്രമണം തുടരുകയും ദിനംപ്രതി ഒട്ടേറെ പേര്‍ (അധികവും നിരപരാധികള്‍) കൊല്ലപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴു മുതല്‍ എട്ടു മാസത്തോളമായി നടന്നുവരികയാണ് ഗാസയിലെ യുദ്ധം. 36,000ല്‍ അധികം പേര്‍ ഇതിനകം മരിച്ചുകഴിഞ്ഞു. അവശേഷിക്കുന്നവരുടെ ജീവിതം നരകതുല്യമായി തുടരുന്നു. യുദ്ധത്തിനിടയില്‍ നടക്കുന്ന പല സംഭങ്ങളും വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍, മാനവരാശിക്കെതിരായ കുറ്റങ്ങള്‍ എന്നിവയുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതായും ആരോപണമുണ്ട്. രണ്ടു രാജ്യാന്തര കോടതികളുടെയും പ്രതിപ്പട്ടികകളില്‍ ഇസ്രയേല്‍ ഉള്‍പ്പെട്ടത് ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ്.

യുദ്ധക്കുറ്റങ്ങള്‍, മാനവരാശിക്കെതിരായ കുറ്റങ്ങള്‍ എന്നിവയ്ക്ക് ഉത്തരവാദികളെന്ന പേരില്‍ ഇസ്രയേലിന്‍റെയും ഹമാസിന്‍റെയും അഞ്ച് നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാനുളള നീക്കത്തിലാണ് രാജ്യാനന്തര ക്രിമിനല്‍ കോടതി (ഐസിസി). ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗല്ലാന്‍റ്, ഹമാസ് നേതാക്കളായ യഹ്യ സിന്‍വര്‍, ഇസ്മായില്‍ ഹനിയ്യെ, മുഹമ്മദ് ദയിഫ് എന്നവരാണിവര്‍. കുറ്റം തെളിഞ്ഞാല്‍ ഐസിസി നിയമമനുസരിച്ച് ജീവപര്യന്തം (ശരിക്കും മരണംവരെതന്നെ) തടവുശിക്ഷ ലഭിക്കാം. വധശിക്ഷയില്ല. 

വാറന്‍റ് പുറപ്പെടുവിക്കാനുളള അപേക്ഷ ഐസിസിയിലെ മൂന്നു ജഡ്ജിമാര്‍ അടങ്ങിയ ബെഞ്ചിനു സമര്‍പ്പിച്ചിട്ടേയുള്ളൂ. ഐസിസിയിലെ ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ ആ വിവരം  മേയ് 22നു വെളിപ്പെടുത്തിയ ഉടന്‍തന്നെ ഇസ്രയേലില്‍നിന്നും മാത്രമല്ല, അമേരിക്കയില്‍നിന്നും ഉണ്ടായതു വിമര്‍ശനത്തിന്‍റെ കുത്തൊഴുക്കായിരുന്നു. 

ഹമാസിനെതിരായ യദ്ധത്തിലൂടെ തങ്ങള്‍ ഗാസയില്‍ നടത്തുന്നതു സ്വയം പ്രതിരോധമാണെന്നും അതിനുളള അവകാശം തങ്ങള്‍ക്കുണ്ടെന്നുമാണ് ഇസ്രയേല്‍ നേതാക്കളുടെ വാദം. അതു കണക്കിലെടുക്കാതെ തങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് അനീതിയും അന്യായമാണെന്നും അവര്‍ വാദിക്കുന്നു. ഭീകരസംഘമെന്നു മുദ്രകുത്തപ്പെട്ടിട്ടുളള ഹമാസിന്‍റെ നേതാക്കളുമായി തങ്ങളെ താരത്യമം ചെയ്യുന്നതിലും അവര്‍ക്കു കടുത്ത അസഹ്യതയും അമര്‍ഷവുമുണ്ട്. 

അമേരിക്കയില്‍നിന്നുണ്ടായ പ്രതികരണം  പ്രതീക്ഷിരുന്നതിനേക്കാളേറെ തീവ്രവും ഇസ്രയേലിന്‍റെ പിന്നില്‍ അമേരിക്ക എത്രമാത്രം ശക്തമായി ഉറച്ചുനില്‍ക്കുന്നുവെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നതുമാണ്. വാറന്‍റ് ഉണ്ടാവുന്ന പക്ഷം ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാനും ഐസിസിയിലെ ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ക്കും എതിരെ സമാന നടപടിയെടുക്കണമെന്നും ചില പ്രമുഖ യുഎസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  കരീം ഖാനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും അമേരിക്കയില്‍ പ്രവേശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവരുമുണ്ട്. 

രാജ്യാന്തര നീതിന്യായ കോടതിയെ ഇസ്രയേലിനെതിരായ പരാതിയുമായി ഡിസംബറില്‍ സമീപിച്ചത് ദക്ഷിണാഫ്രിക്കയാണ്. ഏറ്റവും  കൊടിയ പാതകമായ വംശഹത്യ (ജെനോസൈഡ്) ആണ് ഗാസയില്‍ നടക്കുന്നതെന്നും അത് ഉടന്‍ നിര്‍ത്താന്‍ ആവശ്യപ്പെടണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. 

ഒരു ജനവിഭാഗത്തെ പൂര്‍ണമായോ ഭാഗികമായോ മനഃപൂര്‍വം നശിപ്പിക്കുകയോ നശിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നതിനെയാണ് വംശഹത്യയെന്നു പറയുന്നത്.രണ്ടാം ലോകമഹായുദ്ധത്തിനിടയിലും അതിനു തൊട്ടുമുന്‍പുള്ള വര്‍ഷങ്ങളിലും ജര്‍മനിയിലെ നാസികള്‍ യൂറോപ്പില്‍ നടത്തിയ ജൂതഹത്യ (60 ലക്ഷം ജൂതരുടെ മരണം) അതിന് ഉദാഹരണമാണ്. 

അവരുടെ പിന്മുറക്കാര്‍തന്നെ സമാനമായ കുറ്റം ചെയ്യുന്നുവെന്നു കുറ്റപ്പെടുത്തുകയാണ് ദക്ഷിണാഫ്രിക്കയും ഈ കേസില്‍ കക്ഷി ചേര്‍ന്നിട്ടുളള മറ്റു രാജ്യങ്ങളും. സ്വാഭാവികമായും ഇസ്രയേല്‍ അതിനെ രൂക്ഷമായി  വിമര്‍ശിക്കുന്നു.അമേരിക്ക അവരെ പിന്താങ്ങുന്നു. അതേസമയം, ഇസ്രയേലിനെ ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുകൂലിക്കാറുളള രാജ്യങ്ങളില്‍ പലതും നിശ്ശബ്ദത പാലിക്കുകയാണ് ചെയ്യുന്നതും. 

വംശഹത്യ ആരോപിച്ചുകൊണ്ടുളള കേസില്‍ തീര്‍പ്പുണ്ടാവാന്‍ സാധാരണ ഗതിയില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. എങ്കിലും വംശഹത്യക്കു കാരണമാകുന്നനടപടികളില്‍നിന്ന് ഇസ്രയേല്‍ പിന്തിരിയണമെന്നു കോടതി ഉത്തരവിടുകയുണ്ടായി.

ആ കേസിന്‍റെ തുടര്‍ച്ചയായി സമര്‍പ്പിച്ച പുതിയ ഹര്‍ജിയിലാണ് റഫയിലെ ആക്രമണം ഉടന്‍ നിര്‍ത്താന്‍ ഉത്തരവിടണമെന്നു ദക്ഷിണാഫ്രിക്കതന്നെ ലോകകോടതിയോട് ആവശ്യപ്പെട്ടത്. മൊത്തം 15 ജഡ്ജിമാരില്‍ രണ്ടു പേരുടെ വിയോജനക്കുറിപ്പോടെ 13 ജഡ്ജിമാര്‍ അനുകൂല വിധിയെഴുതി. ഇന്ത്യയില്‍നിന്നുളള ജഡ്ജി ദല്‍വീര്‍ ഭണ്ഡാരിയും അവരില്‍ ഉള്‍പ്പെടുന്നു. രാജസ്ഥാന്‍കാരനായ ഇദ്ദേഹം മുന്‍പ് ഇന്ത്യയില്‍ സുപ്രീം കോടതി ജഡ്ജിയായിരുന്നു.  

വെറും രണ്ടു വര്‍ഷം മുന്‍പ് ലോകകോടതിയില്‍ എത്തിയ മറ്റൊരു കേസ് അതിന്‍റെ സമാനതകാരണം ഈ സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും ഓര്‍മിക്കപ്പെടുന്നു.യുക്രെയിനിലെ ആക്രമണത്തില്‍നിന്ന് റഷ്യ ഉടന്‍ പിന്തിരിയണമെന്നായിരുന്നുകേസിലെ ആവശ്യം. റഷ്യയുടെ എതിര്‍ വാദങ്ങള്‍ തളളിക്കളഞ്ഞ കോടതിആ ആവശ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടു. പക്ഷേ, റഷ്യ യുദ്ധം നിര്‍ത്തിയില്ല.

ലോകകോടതിയുടെ ആ ഉത്തരവിനെ അമേരിക്ക ഉള്‍പ്പെടെയുളള പാശ്ചാത്യലോകം സന്തോഷപൂര്‍വം സ്വാഗതം ചെയ്യുകയായിരുന്നു. ഇസ്രയേലിനെതിരായ കേസിലെ ലോകകോടതിയുടെ ഉത്തരവിനുനേരെ അമേരിക്ക സ്വീകരിച്ചിട്ടുളള നിലപാട് അതിനു നേരെ വിപരീതമാണ്.

യുക്രെയിന്‍ യുദ്ധം രാജ്യാനന്തര ക്രിമിനല്‍ കോടതിയിലും കേസിനു കാരണമാവുകയുണ്ടായി. യുദ്ധത്തിനിടയില്‍ യുക്രെയിനില്‍ിന്ന് കുട്ടികളെ റഷ്യയിലേക്കു കടത്തിക്കൊണ്ടുപോയി എന്നാണ് കേസ്. പ്രതികള്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും അദ്ദേഹത്തിന്‍റെ ബലാവകാശ കമ്മിഷണര്‍ മറിയ ലവോവ ബെലോവയും.

കുട്ടികളുടെ രക്ഷയ്ക്കുവേണ്ടിയാണ് കൊണ്ടുപോയതെന്ന റഷ്യക്കാരുടെ വിശദീകരണം ഐസിസി സ്വീകരിച്ചില്ല. രണ്ടു പേര്‍ക്കെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. റഷ്യന്‍ അധികൃതര്‍ രോഷം കൊളുളുകയും കരീഖാനും ബന്ധപ്പെട്ട മറ്റ് ഐസിസി ഉദ്യോഗസ്ഥര്‍ക്കും എതിരെ സ്വന്തം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയും ചെയ്തു. 

അതേസമയം, പുടിനെതിരായ അറസ്റ്റ് വാറന്‍റിനെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും മറ്റു പ്രമുഖ പാശ്ചാത്യനേതാക്കളും ന്യായീകരിക്കുകയാണ് ചെയ്തത്. ഇസ്രയേല്‍ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കുമെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാനുളള നീക്കത്തിനു നേരെ അമേരിക്കയില്‍നിന്നുണ്ടായ രോഷപ്രകടനം ഇതുമായി ചേര്‍ത്തു വായിക്കപ്പെടുന്നു. അതെല്ലാം വീണ്ടും ഓര്‍മിക്കാന്‍ ഇടയാക്കുകയാണ് റഫയിലെ അഭയാര്‍ഥി ക്യാമ്പിനു നേരെയുണ്ടായ ഭീകരമായ ഇസ്രയേല്‍ വ്യോമാക്രമണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS