ആപ്പായി, ഓഫിസുകൾ ഇനി ചുരുങ്ങും

office-boom
SHARE

ഓഫിസ് ജോലി എന്നാൽ സ്ഥിരമായി ഒരു മേശ, കസേര...അല്ലെങ്കിൽ വർക്സ്റ്റേഷൻ, ക്യുബിക്കിൾ, ക്യാബിൻ, ചേംബർ...അങ്ങനെ പല മോഡലുകളുണ്ട്. സ്ഥിരം ഇരിപ്പിടമായതിനാൽ ഇവിടങ്ങളിലെ ഇരിപ്പുകാർ ഭർത്താവിന്റെയും ഭാര്യയുടെയും പിള്ളാരുടെയും പടങ്ങൾ, ദൈവങ്ങളുടെ പടം, പുസ്തകങ്ങൾ, ചെടികൾ, പൂക്കൾ തുടങ്ങിയവയൊക്കെ കൊണ്ടുവയ്ക്കും. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ മുറുക്കി തുപ്പുന്നത് മേശയുടെ ഡ്രോയ്ക്കകത്താണ്.

വൻകിട ഐടി കമ്പനികളിലെ ഇരിപ്പിടങ്ങൾ കണ്ട് സർക്കാർ ഉദ്യോഗസ്ഥർക്കൊക്കെ അസൂയ കേറാറുണ്ട്. ഛായ് നമുക്ക് ഇത്രയ്ക്ക് അധികാരവും പദവിയുമൊക്കെ ഉണ്ടായിട്ടും ഓഫിസിലെ ‘ഇരിപ്പുവശം’ ഇതിന്റെ ഏഴയലത്തു വരുന്നില്ലല്ലോ എന്നാണു ഖേദം. ഐടി ഉൾപ്പടെ കമ്പനികളിലെ സ്ഥിരം ഇരിപ്പിട സമ്പ്രദായം തന്നെ മാറാൻ പോവുകയാണ്. ഓരോ ദിവസവും ഓരോ സ്ഥലത്ത് ഇരിക്കാം. അങ്ങനെ സീറ്റ് അലോട്ട് ചെയ്യാൻ ആപ് ഇറങ്ങിയിരിക്കുന്നു.

അനേകർ ജോലി ചെയ്യുന്ന ഏത് ഓഫിസിലും 30% പേർ മിക്കദിവസവും കാണില്ല. അവധി, പ്രസവാവധി, എൽടിഎ, മീറ്റിങ്ങിന് മറ്റെങ്ങോ പോയി, ഫീൽഡ് വർക്ക്, ഒഫിഷ്യൽ ടൂർ...വീട്ടിലിരുന്ന് ജോലി ചെയ്യാൻ സമ്മതിക്കുന്ന കമ്പനികളുമുണ്ട്. ഓഫിസിൽ അവരുടെ സ്ഥലവും ഒഴിഞ്ഞു കിടക്കുന്നു. അതൊഴിവാക്കാനാണ് ആപ്. ലാപ്ടോപുമായി വന്നോളുക, എവിടെങ്കിലും ഇരുന്നു ജോലി ചെയ്തിട്ടു പോവുക. കമ്പനിയിൽ സ്വന്തം ഓഫിസ് സ്ഥലം വളരെ സീനിയറായ ഏതാനും പേർക്കു മാത്രമേ ഉള്ളൂ..

ഓരോ ദിവസവും ഇരിപ്പിടം ആപ് വഴി ബുക്ക് ചെയ്യണം. തിയറ്ററിൽ സിനിമ ബുക്ക് ചെയ്യും പോലെ സീറ്റ് കണ്ട് ബുക്ക് ചെയ്യാം.  കറങ്ങുന്ന കസേരയും ലാപ് വയ്ക്കാനുള്ള സ്ഥലവും മാത്രം. റസ്റ്ററന്റ്, ടോയ്‌ലറ്റ്, മീറ്റിങ് ഹാളുകൾ പോലുള്ള പൊതു സൗകര്യങ്ങൾ വേറേയുണ്ട്. ബുക്ക് ചെയ്ത സ്ഥലത്ത് നാലു മണിക്കൂറിലേറെ ആളില്ലെങ്കിൽ സ്ഥലം മറ്റാർക്കെങ്കിലും അലോട്ട് ചെയ്തു പോകും. എല്ലാ കാര്യങ്ങളും ഡിജിറ്റലാകുമ്പോൾ കടലാസുകളോ രേഖകളോ ലഡ്ജറുകളോ ഫയലോ ഒന്നും വയ്ക്കേണ്ടാത്ത സ്ഥലങ്ങളിലാണ് ഇമ്മാതിരി ആപ് വയ്പ്പുള്ളത്.

ബെംഗളൂരുവിലെ ഫ്ളമൻകോടെക്കിന്റെ സ്പേസിയോ സോഫ്റ്റ്‌വെയർ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ നടപ്പാക്കിയപ്പോൾ അവർക്ക് രണ്ട് വാടകക്കെട്ടിടങ്ങൾ ഒഴിയാൻ കഴിഞ്ഞു. വാടകയിനത്തിൽ വൻ ലാഭം. 

അവിടെ ഒരിക്കലും ആകെ ജീവനക്കാരിൽ 52 ശതമാനത്തിലേറെപ്പേർ ഓഫിസിൽ വന്നിട്ടില്ലത്രെ. ഫ്ളെക്സി സീറ്റിങ് ഏർപ്പെടുത്തിയപ്പോൾ പാതി സ്ഥലം ഒഴിയാൻ പറ്റി.

ഇനിയും അനേകം കെട്ടിങ്ങൾ ഒഴിയാം. ഓഫിസ് കെട്ടിടം പണിതു വാടകയ്ക്കു കൊടുക്കാൻ നോക്കുന്നവർ സൂക്ഷിക്കുക.

ഒടുവിലാൻ∙ ജോലിക്കു വരുന്ന ജനറേഷൻ സെഡ് എന്നു വിളിക്കപ്പെടുന്ന യുവാക്കൾക്ക് സ്ഥിരം ഇരിപ്പിടം വേണ്ടപോൽ. ഓരോ ദിവസവം ഓരോ സ്ഥലത്ത് ഇരിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ