സന്ധ്യമയങ്ങിയാൽ വണ്ടിത്തട്ട്

HIGHLIGHTS
  • അടുത്ത സ്റ്റേജിലെത്തിയിരിക്കുകയാണ്– വണ്ടിത്തട്ട്
  • കടയെടുക്കാൻ പകിടി കൊടുക്കേണ്ട, കടവാടകയില്ല
food-truck-business
SHARE

റസ്റ്ററന്റുകൾ പലതും വൈക്ലബ്യത്തിലാണ്. നല്ല ഭക്ഷണവും മികച്ച അന്തരീക്ഷവും ഒരുക്കിയിട്ടും ജനം വരുന്നില്ലെന്ന പരാതി പലേടത്തും.

ആപ് വച്ചു പകർച്ച വരുത്തൽ വ്യാപകമായതോടെ ഹോട്ടലുകളിൽ ആളെ കാണാതായി. ഹോട്ടലുടമ ആപ്പിൽ ചേർന്നാൽ 30% ഡിസ്ക്കൗണ്ട് കൊടുക്കണം. പുറമേ പല സ്കീമുകളെന്ന പേരിൽ പിന്നെയും ഡിസ്ക്കൗണ്ട്. മെനുവിലെ റേറ്റിന്റെ പാതിയേ കിട്ടൂ. ലാഭം പോയി. ഹോട്ടലിൽ കഴിക്കാൻ വരുന്നവർക്ക് ഡിസ്ക്കൗണ്ട് കൊടുക്കേണ്ടല്ലോ.

ആർക്കും നേരമില്ല. തട്ടുകടകൾ വന്ന് ചായക്കടകളുടെ വയറ്റത്തടിച്ചിട്ട് കാലമേറെയായി. അതു കഴിഞ്ഞ് ചായത്തട്ടുകൾ വന്നു. ഹോട്ടലിന്റെ മുന്നിൽ തന്നെ തട്ടുണ്ടാക്കി ചായ–കടി ബിസിനസ് വന്നു.

അതും കഴിഞ്ഞ് അടുത്ത സ്റ്റേജിലെത്തിയിരിക്കുകയാണ്– വണ്ടിത്തട്ട്. ആരെങ്കിലും വിജയിച്ച ബിസിനസ് കണ്ടാൽ സകലരും അനുകരിക്കുന്നതിനുദാഹരണമാണ് വണ്ടിത്തട്ട്. വാൻ വാങ്ങുക പരിഷ്ക്കരിക്കുക. സിറ്റിയുടെ കണ്ണായ ഭാഗങ്ങളിൽ നിർത്തിയിടുക. സന്ധ്യകഴിഞ്ഞാൽ പറോട്ട, ബീഫ്, ചിക്കൻ ഫ്രൈ, ദോശ, അപ്പം തുടങ്ങിയവയൊക്കെ ചറപറാ. ഓടയുടെ മുകളിൽ സ്ഥാപിച്ച തട്ട് അല്ലാത്തതിനാൽ കുറേക്കൂടി മാന്യതയുണ്ട്. മിക്കവരും അത്യാവശ്യം കസേരയും മേശയും വഴിവക്കിൽ ഇട്ടിരിക്കും. നഗരത്തിലെ കൊള്ളാവുന്ന റോഡുകളെല്ലാം സന്ധ്യ കഴിഞ്ഞാൽ വണ്ടിത്തട്ടുകൾ കയ്യടക്കുന്നു.

കടയെടുക്കാൻ പകിടി കൊടുക്കേണ്ട, കടവാടകയില്ല, വിളമ്പാൻ വെയ്റ്റർമാർ വേണ്ട, ഉണ്ടാക്കിയ ഭക്ഷണം ചെലവാകാതിരിക്കുന്ന പ്രശ്നമില്ല, വൈദ്യുതിക്കും വെള്ളത്തിനും കാര്യമായ ചെലവില്ല, പരസ്യം വേണ്ട... ഓവർഹെഡ്സ് തീരെ കുറവ്. മിതമായ നിരക്കുകൾ. 

പത്താളു കൂടുന്നിടത്തോട്ടു വണ്ടിയും കൊണ്ടു ചെന്ന് അന്നത്തെ കച്ചവടം അവിടെയാക്കാം. പൂരമോ പെരുന്നാളോ സംസ്ഥാന സമ്മേളനമോ എന്തായാലും. ചിലർ ചൈനീസിൽ സ്പെഷ്യലൈസ് ചെയ്യുന്നു. കാപ്സിക്കവും ചൈനീസ് രുചിയുണ്ടാക്കാനുള്ള സോസുകളും ഇട്ടുള്ള കളിയാണ്. വേറേ ചിലർ ഫ്രഷ് ഫിഷ് എന്ന പേരിൽ വരുന്നു. വൈകിട്ടത്തെ ക്യാച്ചാണത്രെ. ജനം ഇടിച്ചു നിന്നു ക്യാച്ച് വയറ്റിലാക്കും.

ഫ്ളോട്ടിങ് പോപ്പുലേഷൻ (ച്ചാൽ അനേകം പേർ വന്നു പോകുന്നത്) ഉള്ള സ്ഥലങ്ങളിലാണ് ഈ ബിസിനസിനു കോള്. നഗരത്തിൽ വന്നു കാര്യം സാധിച്ചിട്ടു മടങ്ങുന്നവരും ഒരു രാത്രി ചെലവഴിക്കേണ്ടവരും പൊങ്ങച്ച റസ്റ്ററന്റുകളിലേക്കു പോകുന്നില്ല. വണ്ടിത്തട്ടിൽ കഴിച്ചു സ്ഥലം കാലിയാക്കുന്നു.

ഒടുവിലാൻ∙ ചില വണ്ടിത്തട്ടുകൾ ഫൈവ് സ്റ്റാറാവാൻ നോക്കി. വിഭവങ്ങൾക്കു കൂടിയ വിലയും സ്റ്റൈലും. ക്ളച്ച് പിടിച്ചില്ല. 

പുത്തൻ ഷാസി വാങ്ങി വണ്ടിയും ലൊട്ടുലൊടുക്കുകളും ഉണ്ടാക്കുന്നതിനു മുടക്കിയ പത്തിരുപത്തഞ്ചു ലക്ഷം പാഴ്.!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ