ചൈനീസ് വാവെയെ കരയിക്കല്ലേ

HIGHLIGHTS
  • പക്ഷേ വാവെയ് അങ്ങനെ വിട്ടുകൊടുക്കുമെന്നു തോന്നുന്നില്ല
  • അവർ ടെക്നോളജി ലോകമാകെനിന്ന് അടിച്ചു മാറ്റും
huawei-phone-and-global-market
SHARE

വാവേ കരയല്ലേ...വാവെയ്ക്കു 5 ജി തരാം...–ആഗോള ഭൂഗോള ടെലികോം വിപണി ചൈനീസ് കമ്പനി വാവെയോട് ഇങ്ങനെ പറയേണ്ട സ്ഥിതിയാണ്. ലോക ടെലികോം രംഗത്ത് വാവെയ് ഇല്ലാതെ കഴിയില്ല. ക്വാൽകോമിനോടൊപ്പം 5 ജി ടെക്നോളജിയിൽ മുന്നിൽ വാവെയ് മാത്രം. സാംസങ്ങിന്റെ ഫോണുകളെ ഒന്നോ രണ്ടോ വർഷത്തിനകം വാവെയ് കടത്തിവെട്ടുമെന്നു വന്നപ്പോഴാണ് അമേരിക്കയിൽ നിന്നു ട്രംപിന്റെ അടി.

പക്ഷേ വാവെയ് അങ്ങനെ വിട്ടുകൊടുക്കുമെന്നു തോന്നുന്നില്ല. വെറും 3000 ഡോളറിനു തുല്യമായ യുവാൻ മുടക്കി റെൻ ഷെങ്ഫെയ് തുടങ്ങിയ കമ്പനിയുടെ ഇന്നത്തെ വാർഷിക വരുമാനം 105 ബില്യൺ ഡോളർ..! രൂപയിൽ പറഞ്ഞാൽ കൊക്കിലൊതുങ്ങില്ല. 7.7 ലക്ഷം കോടി രൂപ! 170 രാജ്യങ്ങളിൽ പ്രവർത്തനം, 1.8 ലക്ഷം ജീവനക്കാർ. റെൻ ഗംഭീരൻ!

ചൈനീസ് കമ്പനികളെല്ലാം അവിടുത്തെ ഇന്റലി‍ജൻസ് സെറ്റപ്പുമായി സഹകരിക്കണമെന്നാണ്. അവർ ടെക്നോളജി ലോകമാകെനിന്ന് അടിച്ചു മാറ്റും. അമേരിക്കയിലും മറ്റും ഉപരിപഠനത്തിനു പോകുന്ന ചൈനീസ് പിള്ളാരു പോലും കിട്ടുന്ന വിവരമൊക്കെ എത്തിച്ചു കൊടുക്കണം. ഒരിക്കൽ അമേരിക്കൻ കമ്പനിക്കു വാവെയ് നൽകിയ ടെലികോം ഉപകരണങ്ങളിൽ രഹസ്യമായി ഘടിപ്പിച്ച ചിപ്പ് കണ്ടെത്തി. ഡേറ്റ ചൈനയിലേക്ക് രഹസ്യമായി അയയ്ക്കുന്നു എന്നായി ആരോപണം. അതോടെ നിരോധനങ്ങൾ തുടങ്ങി. ടെലികോം കച്ചവടമാണോ ചാരപ്പണിയാണോ എന്നു സംശയമായി. റെൻ ചൈനീസ് പട്ടാളത്തിലെ റിട്ട. ഓഫിസറുമാണ്.

പണ്ട് സിറിയ റഡാർ വാങ്ങാൻ ഓർഡർ കൊടുത്ത യൂറോപ്യൻ കമ്പനിയെ സ്വാധീനിച്ച് ഇസ്രയേൽ അതിലൊരു ചിപ്പ് ഘടിപ്പിച്ചിരുന്നു. ആ ചിപ്പ് ഉപയോഗിച്ച് റഡാർ ഓഫ് ചെയ്യാം. പിന്നീട് സിറിയയ്ക്കെതിരെ വ്യോമാക്രമണം നടത്തിയപ്പോൾ അവരുടെ റഡാറുകളെല്ലാം ഓഫ് ചെയ്യാൻ ഇസ്രയേൽ അതിലെ ചിപ്പുകൾ ഉപയോഗിച്ചു. ഇത്തരം ചാരപ്പണികളെക്കുറിച്ചു പഴയ ബ്രിട്ടിഷ് ചാരനായ ഫ്രെഡ്റിക് ഫോർസിത്തിന്റെ നോവലുകളിൽ പറയുന്നുണ്ട്. വിഴിഞ്ഞം തുറമുഖം പണിതു തരാമെന്ന വാഗ്ദാനവുമായി ചൈനീസ് കമ്പനി വന്നപ്പോൾ അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണൻ സുരക്ഷാ അനുമതി കൊടുക്കാത്തതും ഇതേ കാരണം കൊണ്ടാണ്. പണി വിഴി​ഞ്ഞം മാത്രമാണോന്നു സംശയം.

പക്ഷേ വാവെയെ കരയിക്കുന്നതിനെതിരെ അമേരിക്കൻ ബുദ്ധിജീവികൾ തന്നെ ശബ്ദം ഉയർത്തുന്നുണ്ട്. അമേരിക്കയുടെ ലോകൈക കമ്പനികളായ മൈക്രോസോഫ്റ്റും ഗൂഗിളും ആപ്പിളും ആമസോണും എങ്ങനെ കൊലകൊമ്പൻമാരായി? ആഗോള വാണിജ്യത്തിന്റെ സ്വാതന്ത്ര്യം കൊണ്ടാണ് ഈ കമ്പനികൾ വളർന്നത്. ഈ നാലു കമ്പനികൾക്കും വേണ്ട പലതും നിർമ്മിക്കുന്നതു ചൈനീസ് ഫാക്ടറികളിലാണേ....2300 പേറ്റന്റുകൾ സ്വന്തമായുള്ള വാവെയ് അത്രയ്ക്കു കുഞ്ഞു വാവയൊന്നുമല്ല. തിരിച്ചടിക്കാൻ തുടങ്ങിയാൽ അമേരിക്കയുടെ പണി പാളും.

ഒടുവിലാൻ∙ റഷ്യയ്ക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകിയതിന് ജപ്പാൻ കമ്പനി തോഷിബയെ പൂട്ടിച്ച ചരിത്രമുണ്ട് അമേരിക്കയ്ക്ക്. ജപ്പാൻ സർക്കാരിന്റെ സഹകരണം അതിനുണ്ടായിരുന്നു. പക്ഷേ തോഷിബയല്ല വാവേ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ