കാലത്തിൽ വില കൂടിയതും കുറഞ്ഞതും

salary-and-the-expenditure
SHARE

ഒരു കമ്പനി മാനേജർ പറഞ്ഞത്: ‘‘തൊണ്ണൂറുകളിൽ ഞാൻ ഭാര്യയുമായി മുംബൈയിൽ പോയപ്പോൾ എയർ ഇന്ത്യ ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് ഒരാൾക്ക് 3500 രൂപ. കൊല്ലം 25 കഴിഞ്ഞിട്ടും ഇന്നും അതേ നിരക്കിൽ കിട്ടും നേരത്തേ ഓൺലൈൻ ബുക്കിങ് നടത്തിയാൽ. അന്ന് മാസ ശമ്പളം 3200 രൂപ. ഒരു മാസത്തെ ശമ്പളത്തിലേറെ വേണം ഒരു ടിക്കറ്റിന്. ഇന്ന് അതേ തസ്തികയിലുള്ള പയ്യന് ശമ്പളം 35000 രൂപ. ഒരു മാസത്തെ ശമ്പളത്തിന്റെ പത്തിലൊന്നു മതി മുംബൈയിലേക്ക് ഫ്ലൈറ്റ് ടിക്കറ്റിന്...’’

ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ശമ്പളമോ വരുമാനമോ കൂടി, പക്ഷേ പല സാധനങ്ങളുടെയും സേവനങ്ങളുടെയും വില അതനുസരിച്ചു കൂടിയിട്ടില്ല. കാൽ നൂറ്റാണ്ടു മുമ്പ് കൊള്ളാവുന്നൊരു പട്ടു സാരിക്ക് 5000 രൂപ. സർക്കാർ സർവീസിൽ എൻജിനീയർക്കോ ഡോക്ടർക്കോ ശമ്പളം 2000–3000 രൂപ. ഇന്ന് അതേ പട്ടു സാരി 10,000–12,000 രൂപയ്ക്കു കിട്ടും. ഇന്ന് ഇവരുടെ എൻട്രി ലെവൽ ശമ്പളം 40,000നു മുകളിൽ. അന്ന് 2 മാസത്തെ ശമ്പളം വേണം ഇത്തരം സാരി വാങ്ങാനെങ്കിൽ ഇന്ന് ശമ്പളത്തിന്റെ നാലിലൊന്നു മതി. ചുരിദാർ നല്ലൊരെണ്ണം 500 രൂപയ്ക്ക് അന്നു കിട്ടിയത് ഇന്നു കിട്ടാൻ 2500 മതി.

കാൽ നൂറ്റാണ്ടു മുമ്പ് ഇടത്തരക്കാർ പ്ലെയിനിൽ എങ്ങോട്ടും പോയിരുന്നില്ല. ഡൽഹിയിലോ മുംബൈയിലോ ബെംഗളൂരുവിലോ പോകാൻ ട്രെയിൻ. 

പക്ഷേ ഇന്ന് അവരെല്ലാം പ്ലെയിനിൽ സഞ്ചാരമായി. 180 ലീറ്ററിന്റെ ഫ്രിജിന് അന്ന് 12000 രൂപ. ഇന്നും കിട്ടും 13000 രൂപയ്ക്ക്. എസിക്ക് അക്കാലത്ത് 20000 രൂപയെങ്കിൽ ഇപ്പോൾ ഇൻവെർട്ടർ എസി വന്ന ശേഷമാണു വില അൽപം കൂടിയത്. 

വലിയൊരു ഹോട്ടലിൽ ഹണിമൂണിനു പോയാൽ അക്കാലത്ത് വാടക 2000 രൂപ. ഒരു ദിവസത്തേക്ക് 2000 വാടക അക്കാലത്ത് ഭയങ്കര ആഡംബരം. 

ഇന്ന് അതേ ഹോട്ടൽ മുറി ഓൺലൈനിൽ 3000–4000 രൂപയ്ക്കു കിട്ടും. വീട്ടുവാടകയോ? പൊതുമേഖലാ കമ്പനിയിലെ എൻജിനീയർക്ക് 1250 രൂപ ശമ്പളവും 250 രൂപ ഡിഎയും ചേർത്ത്  മാസം 1500 രൂപ 1987ൽ. വാടകയ്ക്ക് ഒന്നാന്തരം വീട് 500–600 രൂപ. വീട്ടുചെലവ് 700 രൂപയ്ക്കകത്തു നിൽക്കും. ശമ്പളം മിച്ചമായിരുന്നു. 

പക്ഷേ ഇന്നു വീട്ടുചെലവ് അന്നത്തേതിന്റെ 10 ഇരട്ടിയിലും അധികമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ