കേരളം എന്ന വീടളം

HIGHLIGHTS
  • ഇതൊരു വൻ സാമ്പത്തിക വേസ്റ്റ് ആകുന്നു
  • 10 ലക്ഷത്തിലേറെ ഒഴിഞ്ഞു കിടക്കുന്നു.
houses-in-kerala
SHARE

ഇന്ത്യയിലെ വൻ നഗരങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് ടൂർ വരുന്നവരെല്ലാം അത്ഭുതപ്പെടുന്ന കാര്യം കുമരകവും കോവളവുമൊന്നുമല്ല, ഇവിടുത്തെ വീടുകളാണ്. എവിടെ പോയാലും റോഡിന് ഇരുവശവും വൻ വീടുകൾ. മുബൈയിലും ഡൽഹിയിലും നിന്നു വരുന്ന പണക്കാർക്കു പോലും സ്വപ്നം കാണാനാകാത്ത തരം വീടുകളാണ് ഇവിടെ സാധാരണക്കാർക്കു പോലും. മുംബൈയിലെ കമ്പനി സിഇഒയ്ക്കുള്ളതിനെക്കാൾ വലിയ വീട് അതേ കമ്പനിയിലെ ചപ്രാസിക്ക് ഇവിടെ കാണും.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വീടുകൾ ഒഴിഞ്ഞു കിടക്കുന്ന സംസ്ഥാനവും കേരളം തന്നെയെന്നു കേട്ടാൽ അന്തരംഗം അഭിമാനപൂരിതമാകാതിരിക്കുന്നതാണു നല്ലത്. ഇതൊരു വൻ സാമ്പത്തിക വേസ്റ്റ് ആകുന്നു. കേരളത്തിലാകെയുള്ള വീടുകളുടെ 10 ശതമാനത്തിലേറെ ഒഴിഞ്ഞുകിടക്കുകയാണ്. ആകെ വീടുകൾ 2011ലെ സെൻസസ് പ്രകാരം 1.1 കോടിയാണ്. അതിൽ 10 ലക്ഷത്തിലേറെ ഒഴിഞ്ഞു കിടക്കുന്നു. 

വാടകയ്ക്കു കൊടുക്കാമെന്നു വച്ചാൽ കേരളത്തിലെ വൻനഗരങ്ങളിൽ മാത്രമേ വാടക വീടിന് ഡിമാൻഡ് ഉള്ളൂ. വീടു പണിയാനെടുത്ത തുകയുടെ 2.5% വരെ മാത്രമേ പരമാവധി വാർഷിക വാടക കിട്ടൂ. വീടുവയ്ക്കാൻ ഒരു കോടി ചെലവായെങ്കിൽ മാസവാടക 20000 കിട്ടാം. വർഷം 2.4 ലക്ഷം രൂപ. കാശ് ബാങ്കിലിട്ടിരുന്നെങ്കിൽ ഇതിന്റെ മൂന്നിരട്ടി പലിശ കിട്ടുമായിരുന്നു. 

വാടകക്കാർ വീടൊഴിയാതെ കേസാകുമോ എന്നു പേടിച്ചോ വീട് ചീത്തയാക്കുമെന്നു പേടിച്ചോ വെറുതെയിട്ടിരിക്കുന്നവർ അനേകരുണ്ട്. ഉടമസ്ഥർ വിദേശത്താണെങ്കിൽ വർഷത്തിലൊരിക്കൽ വന്നു കുറച്ചു ദിവസം താമസിച്ചിട്ടു പോകുന്നു. വിദേശത്തെ ഉടമസ്ഥർ മരിച്ച് അവരുടെ അവകാശികൾക്ക് വേണ്ടാതെ കാടുപിടിച്ചു കിടക്കുന്ന വീടുകൾ ഒരുപാടുണ്ടു കേരളത്തിലെങ്ങും.

പ്രവാസി മലയാളി ഇന്നു വിദേശത്തു മാത്രമല്ല ഇന്ത്യയിലെങ്ങുമുണ്ട്. ഇവിടെ നിന്നു പഠിച്ചിറങ്ങുന്ന ആയിരക്കണക്കിന് നഴ്സിങ്, പാരാമെഡിക്കൽ, ഐടിഐ, പോളിടെക്നിക്, എൻജിനീയറിങ് വിദ്യാർഥികൾ എങ്ങോട്ടു പോകുന്നു? അവർ വിദേശത്തല്ലെങ്കിൽ ബെംഗളൂരുവിലോ, മുംബൈ,ഡൽഹി,ചെന്നൈ തുടങ്ങിയ നഗരങ്ങളിലോ മറ്റേതെങ്കിലും മൂലയിലോ ഉണ്ട്. ബ്രിട്ടന്റെ കപ്പൽ ഇറാൻ പിടിച്ചപ്പോഴും ഇറാന്റെ കപ്പൽ ബ്രിട്ടൻ പിടിച്ചപ്പോഴും അതിൽ മലയാളികൾ ഉണ്ടായിരുന്നു. പുറത്തുള്ളവർ നാട്ടിൽ വീടു വച്ചാലും ഒഴിഞ്ഞു കിടക്കുകയേ ഉള്ളൂ.

വിരമിച്ചിട്ടു നാട്ടിൽ പോകണമെന്നു വിചാരിക്കുന്നവർ നേരത്തേ വീടുവയ്ക്കും. 45 വയസ്സിൽ നാട്ടുമ്പുറത്തെ കുടുംബ സ്വത്തിൽ വീടുവച്ചു. 60ൽ വിരമിച്ചു നാട്ടിലെത്തുമ്പോഴേക്കു വീട് പഴഞ്ചനാകും. പിന്നെ അതു നന്നാക്കിയെടുക്കാൻ വേണം പുതിയൊരു വീടു വയ്ക്കുന്ന ചെലവ്. 

ഒടുവിലാൻ∙ ഏതു ടൈൽ,പൈപ്പ് ഫിറ്റിങ് കമ്പനിയുടെയും ദക്ഷിണേന്ത്യയിലെ ആകെ വിൽപനയുടെ പാതി എവിടാ? കേരളത്തിൽ! വേറൊരു സംസ്ഥാനത്തും ഇമ്മാതിരി വീടുവയ്പ്പില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ