അന്തംവിട്ട സ്വപ്നത്തിനു പിറകേ..

HIGHLIGHTS
  • സ്വപ്നത്തിന്റെ പിറകേ അലയുന്നവർ അങ്ങനെയാണ്.
  • ആദ്യകാല ടീമിലുള്ളവരെല്ലാം ഇൻഫോസിസ് സ്ഥാപകരായി. ശതകോടീശ്വരൻമാരായി.
business-bhoom-on-dream
SHARE

കർണാടകയിലെ മുതിർന്ന ഐഎഎസ് ഓഫിസറായിരിക്കെ മലയാളി ജെ.അലക്സാണ്ടറുടെ മുന്നിലേക്ക് സുഹൃത്തിന്റെ മകളും ഭർത്താവും മൂന്നു വയസ്സുള്ള കുട്ടിയുമെത്തി. എൺപതുകളിലാണ്. കുട്ടിക്ക് സ്ഥലത്തെ പ്രധാന സ്കൂളിലെ നഴ്സറിയിൽ പ്രവേശനത്തിനു ശുപാർശ വേണം, ഇത്രേള്ളൂ. പ്രിൻസിപ്പലിന് ഒറ്റ ഫോൺകോളിൽ അതു നടന്നു. കൂട്ടത്തിൽ മരുമകനെ ഒന്ന് ‘ഉപദേശിക്കണം’ എന്നൊരു ആവശ്യവും രഹസ്യമായി ഉണ്ടായിരുന്നു.

മരുമകൻ കംപ്യൂട്ടറിന്റെ ഏതാണ്ട് ബിസിനസ് തുടങ്ങാൻ നടക്കുകയാണ്. ജോലി രാജിവച്ചു. കൂടെ കൂട്ടുകാരായി കുറേ ‘വട്ട് കേസുകളും’ ഉണ്ടെന്നാണു നേരത്തേ സുഹൃത്ത് രഹസ്യമായി ബ്രീഫ് ചെയ്തിരുന്നത്. മരുമകനെ പറഞ്ഞു പിന്തിരിപ്പിക്കണം, നല്ലൊരു ജോലി സമ്പാദിച്ച് നേരേ ചൊവ്വേ ജീവിക്കാൻ ഉപദേശിക്കണം. മരുമകൻ അപ്പാവിയെ പോലെ കസേരയിൽ ചടഞ്ഞിരിപ്പുണ്ട്. 

ഐഎഎസ് ഓഫിസർ എന്ത് ഉപദേശിക്കാൻ? എങ്കിലും ചിലതൊക്കെ പറഞ്ഞു നോക്കി. കിം ഫലം? ഇനി പേരുകൾ പറയാം. കേട്ടാൽ ഞെട്ടരുത്.  സുഹൃത്തിന്റെ മകളുടെ പേര് സുധ. മരുമകന്റെ പേര് നാരായണമൂർത്തി...!!!

ആദ്യകാല ടീമിലുള്ളവരെല്ലാം ഇൻഫോസിസ് സ്ഥാപകരായി. ശതകോടീശ്വരൻമാരായി.

അലക്സാണ്ടർ കർണാടകയുടെ കെഎസ്ആർടിസി എംഡി ആയിരിക്കെ ഒരു താൽക്കാലിക കണ്ടക്ടറെ സസ്പെൻഡ് ചെയ്യാനുള്ള ഫയൽ മുന്നിലെത്തി. ബസിലെ തിരക്കു മൂലം കുറേ യാത്രക്കാർക്കു ടിക്കറ്റ് കൊടുത്തില്ലെന്നു കണ്ടുപിടിച്ച് ഏതോ ചെക്കിങ് ഇൻസ്പെക്ടർ റിപ്പോർട്ടാക്കിയതാണ്. സസ്പെൻഡ് ചെയ്ത് കുറച്ചു ദിവസം കഴി‍ഞ്ഞപ്പോൾ യൂണിയൻ നേതാക്കൾ കാണാനെത്തി. സാർ ആ കണ്ടക്ടർ നല്ല നടനാണ്. നമ്മുടെ വാർഷികയോഗത്തിൽ അവതരിപ്പിക്കുന്ന നാടകത്തിൽ ഭീമനായി അഭിനയിക്കുകയാണ്. ഇനി വേറൊരു നടനെ പഠിപ്പിച്ചെടുക്കാൻ സമയമില്ല. സസ്പെൻഷൻ പിൻവലിച്ചു.

അനന്തരം താൽക്കാലിക കണ്ടക്ടർ രാജിവച്ച് ചെന്നൈയിൽ സിനിമാ ലോകത്ത് ഭാഗ്യം പരീക്ഷിക്കാൻ പോയി. ഇനി പേരു പറയുമ്പോൾ ഞെട്ടി പണ്ടാരടങ്ങരുത്. കണ്ടക്ടറുടെ പേര് ശിവാജി റാവു ഗെയ്ക്ക്‌വാദ്. പുടികിട്ടിയില്ല? സിനിമയിലെ പേര് രജനികാന്ത്...!

സ്വപ്നത്തിന്റെ പിറകേ അലയുന്നവർ അങ്ങനെയാണ്. അന്തംവിട്ട പോക്കാണ്. കോഴിക്കോട് സ്വദേശി ലായിക് അലി എംബിഎ കഴി‍ഞ്ഞ് കമ്പനിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടിവായിരിക്കെ ജോലി രാജിവച്ച് പരസ്യ ലോകത്തേക്ക് എടുത്തുചാടി. കൂടെ മൂന്നു സുഹൃത്തുക്കളും പാർട്നർമാരായി. അവർ തുടങ്ങിയ പരസ്യ ഏജൻസിക്ക് ബെംഗളൂരുവിലും ദുബായിലും ഓഫിസുണ്ട്. ആക്സഞ്ചർ, ഐടിസി ഇൻഫൊടെക്, ചായ്പോയിന്റ് പോലുള്ള വൻ കമ്പനികൾ ഇടപാടുകാർ. ബ്രാൻഡ് കൺസൽറ്റിങ് കമ്പനിയുമുണ്ട്. താൻ പഠിച്ച പാഠങ്ങൾ യുവ സംരംഭകർക്കു പകർന്നുകൊടുക്കാൻ യുവർ ടൈം ഈസ് നൗ എന്ന പേരിലൊരു പുസ്തകവുമെഴുതിയിട്ടുണ്ട്. സ്വപ്നത്തിന്റെ പിറകേ പോയാൽ ആ സ്വപ്നജീവിതം ജീവിക്കാമെന്നു തെളിയിക്കുന്നവർ ഇങ്ങനെ ധാരാളം.

ഒടുവിലാൻ∙ പക്ഷേ ഓരോർത്തർക്കും ഒരു കർമം പറഞ്ഞിട്ടുണ്ട്. അത് ചെയ്താലേ ശരിയാകൂ. അല്ലാത്തതു ചെയ്താൽ പാളീസായേക്കും. സിനിമയ്ക്കു പാട്ടെഴുതി, തിരക്കഥയെഴുതി, സംവിധാന ചെയ്തു വിജയം നേടിയവരുണ്ട്. പക്ഷേ സിനിമ നിർമിച്ചപ്പോൾ പാളീസായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
FROM ONMANORAMA