പശുവിനെ കുളിപ്പിക്കലും ടൂറിസം

HIGHLIGHTS
  • സായിപ്പിനെക്കൊണ്ടു ചാണകം വാരിക്കാറുണ്ടോ എന്നറിയില്ല
  • ചാണകം വാരിയാൽ അതുമൊരു സുന്ദരസുരഭില അനുഭവം!
home-stay-business
SHARE

മദാമ്മ കിണറ്റിൽനിന്നു കപ്പി ഉപയോഗിച്ചു തൊട്ടിയിൽ വെള്ളം കോരി തലവഴി ഒഴിച്ചു കുളിക്കുന്നതാണ് ഒരു ഹോം സ്റ്റേയുടെ വിഷ്വൽ. ഷാംപൂവിനു പകരം ഏതൊക്കെയോ പച്ചിലകൾ അരച്ച് തലയിൽ തേയ്ക്കുന്നുമുണ്ട്. തൊട്ടിയിൽ നിന്നു നേരിട്ടു കിണർ വെള്ളം കുടിക്കുന്ന മദാമ്മയുടെ മുഖത്തെ നിർവൃതിയുടെ ക്ളോസപ്പും ഉണ്ട്.

നമ്മൾ പണ്ട് തോർത്ത് ഉടുത്തുകൊണ്ടാണ് കിണറ്റിൽ നിന്നു വെള്ളം കോരി കുളിച്ചിരുന്നതെങ്കിൽ ഭാഗ്യത്തിന് മദാമ്മ ദേഹമാകെ മൂടി തുണിയുടുത്തിട്ടുണ്ട്. ഇത് ബീച്ച് ടൂറിസമല്ല, ബിക്കിനി ഇവിടെ പറ്റൂല്ല, വീടാണേ...ഹോം സ്റ്റേ...!!

നമ്മളെല്ലാം പണ്ടു ചെയ്തിരുന്നതും ഉപേക്ഷിച്ചതുമായ കാര്യങ്ങളാണ് ഹോംസ്റ്റേകളിൽ ഫോറിൻ സഞ്ചാരികളെ രസിപ്പിക്കാൻ ഉപയോഗിക്കുന്നത്. പശുക്കുട്ടിയെ കുളിപ്പിക്കുക, തുറുവിൽ നിന്ന് പശുവിന് കച്ചി വലിച്ചുകൊടുക്കുക, പാലു കറക്കുക...ഇത്യാദി സാദാ കാര്യങ്ങളെല്ലാം മധുരമനോജ്ഞ സംഗതികളായിട്ടാണു സഞ്ചാരികളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. സായിപ്പിനെക്കൊണ്ടു ചാണകം വാരിക്കാറുണ്ടോ എന്നറിയില്ല, പ്രൊമോ വിഡിയോയിൽ അതില്ല. സൂപ്പർമാർക്കറ്റിൽ നിന്നല്ലാതെ പാലു വാങ്ങിയിട്ടില്ലാത്തവർ ഇവിടെ പശുവിന്റെ അകിടിൽ നിന്നു പാലു കറക്കുന്നതോടെ ആജീവനാന്ത അനുഭവം നേടുന്നു. ചാണകം വാരിയാൽ അതുമൊരു സുന്ദരസുരഭില അനുഭവം! അതല്ലേ ടൂറിസം!

സായിപ്പും മദാമ്മയും സംയുക്തമായി മുളകരയ്ക്കുന്നുമുണ്ട്. അമ്മിക്കല്ലിൽ മുളകും തേങ്ങാപ്പീരയും മറ്റും വച്ചുകൊടുത്തിട്ട് സകല ടൂറിസ്റ്റുകളെക്കൊണ്ടും അരപ്പിക്കുകയാണ്. സായിപ്പ് ചമ്മന്തി രുചിച്ചിട്ട് എരിപൊരികൊള്ളുമ്പോൾ അന്നത്തെ ഊണിനുള്ള ഒരു ചിന്ന  വിഭവം സ്വയം ഉണ്ടാക്കിയെന്ന് ആത്മനിർവൃതിയുമായി. അരി ഇടിക്കുന്നത് ഡുംഡും പോപ് സംഗീതത്തിന്റെ താളത്തിനൊത്താണ്. ഇതിങ്ങനെ പോയിപ്പോയി സഞ്ചാരികളെക്കൊണ്ട് അരി കഴുകിക്കുകയും ചെയ്യുമല്ലോ എന്ന് അത്ഭുതപ്പെട്ടപ്പോൾ ഹോം സ്റ്റേ ഉടമ യുറീക്കാ എന്നു പറഞ്ഞില്ലെന്നേയുള്ളു. അടുത്ത ഗ്രൂപ്പ് വരുമ്പോൾ മിക്കവാറും അരി കഴുകിക്കുകയും ചെയ്തേക്കാം.

ഭക്ഷണം അതിഥികളെക്കൊണ്ടുതന്നെ ഉണ്ടാക്കൽ ഇമ്മാതിരി ടൂറിസത്തിന്റെ ഭാഗമാണ്. കറിക്ക് അരിയലും വേവിക്കലുമെല്ലാം ചെയ്തിട്ട് ആഘോഷമായി കഴിക്കും. ഞാൻ കൂടി ചേർന്നുണ്ടാക്കിയ വിഭവം എന്ന തോന്നൽ വരുന്നതു തന്നെ പീത്‌സയും കെഎഫ്സിയും ബർഗറും മാത്രം കഴിച്ചു ശീലിച്ചവർക്ക് അത്ഭുതമാവും. പാചക ടൂറിസം എന്നൊരു പുതിയ ലൈൻ തന്നെ വന്നിട്ടുണ്ട്.

ഫാം ടൂറിസത്തിൽ ഇതിനു പുറമേ കൃഷി കാണിക്കലും വിളവെടുക്കലും കൂടി വരും. കറിക്കുള്ള വെണ്ടയ്ക്കയും ചീരയും മറ്റും അവരെക്കൊണ്ടു തന്നെ പറിച്ചെടുപ്പിക്കും. വാഴയ്ക്കു നനയ്ക്കുമ്പോൾ ചീരയും നനയും എന്ന പോലെ സഞ്ചാരിയെക്കൊണ്ടു പണിയെടുപ്പിക്കുമ്പോൾ ഹോംസ്റ്റേ നടത്തിപ്പുകാരനു പെട്ടിയിൽ കാശും വീഴും.

ഒടുവിലാൻ∙ മദാമ്മയെ മലയാളം പഠിപ്പിക്കുന്നതു പുതിയ ടൂറിസമാക്കാം. വാഴ എന്നൊന്നു പറഞ്ഞേ.... മദാമ്മ വല്ല  വിധേനയും വാ..ഴ്ഴ്..ഴാ എന്നു പറഞ്ഞൊപ്പിച്ചു നാക്കു കുഴയുമ്പോൾ അതിനും കാശു വാങ്ങാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
FROM ONMANORAMA