പുരയ്ക്കു മേലെ വളർന്നാൽ

HIGHLIGHTS
  • പനപോലെ വളർന്ന കോർപ്പറേറ്റുകളെ പലകഷണങ്ങളായി മുറിക്കും.
  • ഫേസ്ബുക്ക് മാത്രമല്ല ആമസോണും ആപ്പിളും ഗൂഗിളുമെല്ലാം ഇതിൽപ്പെടും
facebook-and-libra-cryptocurrency
SHARE

മാർക്ക് സക്കർബർഗ് കുറച്ചു കാലമായി ലിബ്ര എന്ന പേരിലൊരു ഡിജിറ്റൽ കറൻസിയുണ്ടാക്കാനുള്ള പണി തുടങ്ങിയിട്ട്. ഫെയ്സ്ബുക്കിന്റെ ഭാഗമായി വരുന്ന ഡിജിറ്റൽ പണം ഏതു നാട്ടിലേക്കും കൈമാറാൻ വെറ്റിലയിൽ ചുണ്ണാമ്പു തേയ്ക്കും പോലെ സ്മാർട്ഫോണിൽ വിരൽകൊണ്ട് തേച്ചാൽ മതിയത്രെ. സക്കർബർഗ് തുടങ്ങുന്ന ബക്ക് ആയതിനാൽ ഇതിന് സക്ക് ബക്ക് എന്നൊരു വട്ടപ്പേരും വീണിട്ടുണ്ട്. 

പക്ഷേ ട്രംപ് ഉൾപ്പടെ സകലരും അങ്ങനങ്ങ് സക്കർബർഗ് സ്വന്തം കറൻസിയുണ്ടാക്കേണ്ടെന്ന കടുംപിടുത്തത്തിലാണ്. ട്രംപ് വിരട്ടിയതിനു പിന്നാലെ മാസ്റ്റർകാർഡും വീസയും ഉൾപ്പടെ സകലരും പിൻമാറിയിരിക്കുകയാണ്. അമേരിക്കൻ സെനറ്റ് അംഗങ്ങളുടെ കമ്മിറ്റി സക്കർബർഗിനെ വിളിച്ചു വരുത്തി പൊരിക്കുകയായിരുന്നു– ഉപഭോക്താക്കളെ ചതിച്ചതിന് 500 കോടി ഡോളർ പിഴകിട്ടിയില്ലേ, കഴിഞ്ഞ അമേരിക്കൻ ഇലക്‌ഷനിൽ റഷ്യക്കാർ ഫെയ്സ്ബുക് വഴി  ഇടപെട്ടില്ലേ? ഇമ്മാതിരിയൊരു കമ്പനിയെ ലോകമാകെ കറൻസി നടത്താൻ ഏൽപ്പിക്കാൻ പറ്റുമോ?

അതോടെ പേപാൽ, ഇബെ, പേയൂ, സ്ട്രൈപ് തുടങ്ങിയ പങ്കാളികളെല്ലാം വിട്ടു. എല്ലാ രാജ്യങ്ങളിലേയും റിസർവ് ബാങ്കുകളും രാഷ്ട്രീയ നേതാക്കളും ലിബ്രയെ എതിർക്കുന്നു. കറൻസി നടത്തിപ്പൊക്കെ ഞങ്ങളുടെ പണിയാണ്, അതിൽ കേറി കളിക്കേണ്ട. ആർക്കും എന്തു വേണ്ടാതീനവും എഴുതിപ്പിടിപ്പിക്കാനും ഉല്ലസിക്കുന്ന പടവും വീഡിയോയുമിട്ട് ലൈക്കും ഷെയറും വാങ്ങാനും മതി ഫെയ്സ്ബുക്.

അപ്പോഴാണ് ദേ ഫെയ്സ്ബുക്കിനെ പലകഷണങ്ങളായി പൊളിക്കും എന്നു പ്രഖ്യാപിച്ച് എലിസബത്ത് വാറൻ അവതരിച്ചിരിക്കുന്നത്. ട്രംപിനെതിരെ ഡമോക്രാറ്റ് സ്ഥാനാർഥിയായി മൽസരിക്കാൻ പോവുകയാണ് മാസച്യുസിറ്റ്സിൽ നിന്നുള്ള സെനറ്റർ എലിസബത്ത്. നേരത്തേ ഹാർവഡിൽ നിയമ പ്രഫസറായിരുന്നു. കാപ്പിറ്റലിസം പൊളിച്ചെഴുതും. എന്തൊക്കെ ചെയ്യുമെന്ന് അക്കമിട്ടു നിരത്തുന്നു. അവിടെയാണ് ഫെയ്സ്ബുക്കിന് ആപ്പു വരുന്നത്.

പനപോലെ വളർന്ന കോർപ്പറേറ്റുകളെ പലകഷണങ്ങളായി മുറിക്കും. ഫേസ്ബുക്ക് മാത്രമല്ല ആമസോണും ആപ്പിളും ഗൂഗിളുമെല്ലാം ഇതിൽപ്പെടും. വൻ ബാങ്കുകളെ വാണിജ്യ ബാങ്ക്, ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിങ്ങനെ രണ്ടു വിഭാഗമാക്കും. സ്വകാര്യ ഇൻഷുറൻസ് നിരോധിച്ച് ഇൻഷുറൻസിനെ പൊതുമേഖലയിലാക്കും, അതിധനികരുടെ നികുതി നിരക്കുകൾ കൂട്ടും, മിനിമം വേതനം വർധിപ്പിക്കും...അങ്ങനെ പറയുന്ന പലതും കേട്ടാൽ സോഷ്യലിസ്റ്റാണോ എന്നു തോന്നാമെങ്കിലും അമേരിക്കയിൽ സോഷ്യലിസം പറഞ്ഞോണ്ടുവന്നാൽ പച്ച തൊടില്ല എന്നതിനാൽ അതല്ല.

പക്ഷേ ഡമോക്രാറ്റിക് പ്രൈമറികളിൽ ജോ ബൈഡന്റെ അടുത്തെത്തി നിൽക്കുന്ന എലിസബത്ത് ഒന്നാം സ്ഥാനത്ത് എത്തിയാൽ മാത്രമേ സ്ഥാനാർഥിയാവാനൊക്കൂ. അവർ ജയിച്ചാൽ ഇന്നു കാണുന്ന അമേരിക്കയാവില്ല നാലു കൊല്ലത്തിനകം.

ഒടുവിലാൻ∙ ഈസ്റ്റ് ഇന്ത്യ കമ്പനിയെ ബ്രിട്ടിഷ് സർക്കാർ പൊളിച്ചിട്ടുണ്ട്. റോക്ക് ഫെല്ലറുടെ സ്റ്റാൻഡേഡ് ഓയിൽ ഒരുപാട് വളർന്നപ്പോൾ അമേരിക്ക പൊളിച്ചിട്ടുണ്ട്. പുരയ്ക്കു മേലേ വളർന്നാൽ പൊന്നു കായ്ക്കുന്ന മരവും വെട്ടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
FROM ONMANORAMA