ഗിഫ്റ്റ് വാച്ചിന് ബെസ്റ്റ് ടൈംസ്

HIGHLIGHTS
  • യഥാർഥ വിലയുടെ മൂന്നിലൊന്നിലും താഴെ മാത്രമേ ഇവിടെ വിലയുള്ളു
  • എടുത്താൽ പൊങ്ങാത്ത പൊങ്ങച്ച ബ്രാൻഡ് തന്നെ വേണോ?
luxury-watches-as-gifts
SHARE

കലിഫോർണിയയിൽ നിന്നൊരു കോൾ പ്രമുഖ വാച്ച് കടയിലേക്ക്– റോളക്സ് വാച്ചുണ്ടോ? 

ഉണ്ടല്ലോ. എത്രയാ ബജറ്റ്? 5 ലക്ഷം?

വില എത്രയായാലും പ്രശ്നമില്ല. അച്ഛന് 80–ാം ജന്മദിനത്തിൽ സമ്മാനമായി കൊടുക്കാനാണ്. അങ്ങനെ പലതരം വാച്ചുകളുടെ വില പറഞ്ഞിട്ട് അവസാനം 10 ലക്ഷത്തിന്റെ മോഡൽ ഉറപ്പിച്ചു. വില ഓൺലൈനായി അയച്ചു.

പിറ്റേന്ന് മുണ്ടും ഷർട്ടുമിട്ടു പ്രായമായ അ‍ച്ഛൻ കയറി വന്നു. മകൻ വാങ്ങി വച്ചിരിക്കുന്ന വാച്ച് കണ്ടു. വില കേട്ട് ബോധം കെട്ടുവീണില്ലെന്നേയുള്ളു. എന്തായാലും പുന്നാരമോൻ വാങ്ങിയതല്ലേ...കെട്ടിയേക്കാം...

മുന്തിയ ഇനം വാച്ചുകളുടെ വിൽപ്പനയുടെ വലിയൊരു ഭാഗം ഇതാകുന്നു. ഗിഫ്റ്റ്! സിനിമാ താരങ്ങൾക്ക്, ഇഷ്ടമുള്ളവർക്ക്, ബന്ധുക്കൾക്ക്...ഏറ്റവും കൂടുതൽ സമ്മാനമായി കൊടുക്കുന്ന സംഗതി വാച്ച് ആകുന്നു.

റാഡോ സിറാമിക്കാ വാച്ച് ഒരാൾ വെറും 23000 രൂപയ്ക്ക് വാങ്ങി. ഡ്യൂപ്ലിക്കറ്റല്ല, ഒറിജിനൽ. യഥാർഥ വില 2.5–3 ലക്ഷം! ഇതിന്റെ ഗുട്ടൻസ് എന്താവാം?

സമ്മാനമായി കിട്ടുന്ന വാച്ചിന് വൻ വിലയുണ്ടെങ്കിലും സമ്മാനം കിട്ടിയ ആളിന് അതിനൊരു വിലയില്ല. ഇത്രേം വലിയ മുതൽ കയ്യിൽ കെട്ടി നടക്കാൻ താൽപ്പര്യവുമില്ല. സമയം അറഞ്ഞാൽ പോരേ? അതിനു ലക്ഷങ്ങളുടെ വാച്ച് എന്തിന്? എടുത്താൽ പൊങ്ങാത്ത പൊങ്ങച്ച ബ്രാൻഡ് തന്നെ വേണോ? അതിനാൽ കാശിന് ആവശ്യം വരുമ്പോൾ കിട്ടുന്ന വിലയ്ക്കു വാച്ച് വിൽക്കാൻ നോക്കുന്നു. കടക്കാർ വല്ല അഞ്ചോ പത്തോ കൊടുത്തു വാങ്ങും. അതാണ് യഥാർഥ വിലയെക്കാൾ വളരെക്കുറച്ചു മറ്റുള്ളവർക്കു വിൽക്കുന്നത്.

ഗൾഫിലും മറ്റും സന്ദർശനത്തിനു പോകുന്ന മലയാളി താരങ്ങൾക്കും രാഷ്ട്രീയ നേതാക്കൾക്കുമെല്ലാം ഇത്തരം വാച്ചുകൾ സമ്മാനമായി ആരാധകരിൽനിന്നു കിട്ടും. തിരിച്ചെത്തി അവർ ആക്രി വിലയ്ക്കു വിൽക്കുകയും ചെയ്യും.

ചെന്നൈയിൽ വൻകിട ബ്യൂറോക്രാറ്റുകൾ താമസിക്കുന്നതിനടുത്ത് ഇങ്ങനൊരു കടയുണ്ട്. ഏതു നേരവും അവർക്കു വിൽക്കാൻ പത്തിരുപതു വാച്ചുകൾ പല ബ്രാൻഡുകളുടേതു കാണും. ഓരോ കാര്യം സാധിച്ചതിനു പകരം സമ്മാനമായി നാലും അഞ്ചും ലക്ഷങ്ങളുടെ വാച്ച് ബ്യൂറോക്രാറ്റുകൾക്കു കിട്ടുന്നത് കടയിൽ വിൽക്കാൻ ഏൽപ്പിക്കുന്നു. വിറ്റു കിട്ടിയ തുകയി‍ൽ കടക്കാരൻ കമ്മിഷൻ എടുത്തിട്ടു ബാക്കി നൽകും. യഥാർഥ വിലയുടെ മൂന്നിലൊന്നിലും താഴെ മാത്രമേ ഇവിടെ വിലയുള്ളു.

ഡ്യൂപ്ലിക്കറ്റ് വാച്ചുകളുടെ കച്ചവടം ഇതിലുൾപ്പെടുന്നില്ല. അതു വേറൊരു കളിയാണ്. പല വിലകളിൽ കിട്ടും. ചിലത് ആഴ്ചകൾക്കകം കേടായെന്നും വരാം. ഒറിജിനലിന്റെ അതേ ഭാരവും അതേ രൂപവുമുള്ള ഡ്യൂപ്ലിക്കറ്റിന് സാദാ ഡ്യൂപ്ലിക്കറ്റുകളെക്കാൾ വില കൂടുമെങ്കിലും ഒറിജിനലിന്റെ വിലയുടെ പത്തിലൊന്നും പോലും ഉണ്ടാവണമെന്നില്ല. കൃത്യമായി ഓടുകയും ചെയ്യും.

ഒടുവിലാൻ∙ പ്രമുഖ നേതാവ് ഗിഫ്റ്റായി കിട്ടിയ 60000 രൂപയുടെ വാച്ച് വീട്ടു വേലക്കാരനു സമ്മാനം കൊടുത്തു. അയാൾ അതുകൊണ്ടു പോയി വിറ്റു–ആയിരം രൂപയ്ക്ക്!!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
FROM ONMANORAMA