കച്ചവടത്തിന് കോളല്ലേ യുദ്ധം!

HIGHLIGHTS
  • യുദ്ധം എവിടെ നടന്നാലും അതു ബിഗ് ബിസിനസാണ്
  • ഫ്രീമാർക്കറ്റ് ഫിലോസഫി ഇവിടെ വിലപ്പോകുന്നില്ല
wars-and-business
SHARE

യുദ്ധം എവിടെ നടന്നാലും അതു ബിഗ് ബിസിനസാണ്. യുദ്ധത്തിനു വേണ്ടി പലതും സപ്ളൈ കെയ്യുന്ന കരാറുകാർ, അണ പൊട്ടിയ പോലെ ഒഴുകുന്ന പണം, ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ...എല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ എട്പിടീ എന്നു വേണമെന്നതിനാൽ കോളല്ലേ...

അമേരിക്ക ഉൾപ്പടെ എല്ലാ രാജ്യത്തുമുണ്ട് പട്ടാള–വ്യവസായ കോംപ്ളക്സ്. പട്ടാളവും വിവിധ വ്യവസായങ്ങളും ചേർന്നുള്ള ഗവേഷണ, ഉത്പാദന കൂട്ടുകെട്ടാണിത്. അമേരിക്കയിലാണ് ഇതേറ്റവും ശക്തം. അമേരിക്കയ്ക്ക് യുദ്ധം ഒരിക്കലും അവസാനിക്കാത്തത് അതുകൊണ്ടാണെന്ന് അവർ തന്നെ പറയുന്നു. വിയറ്റ്നാം, ലിബിയ, ഇറാഖ്,അഫ്ഗാനിസ്ഥാൻ,ഇറാഖ്, ഇറാൻ...അങ്ങനെ യുദ്ധം നീളുന്നു.  ഭീകരൻമാർ വന്നതോടെ അതു നേരിടാനെന്ന പേരിൽ വൻ കച്ചവടവും പുതിയ സാങ്കേതികവിദ്യകളുമായി.

ഇന്ന് നിങ്ങൾ കാണുന്ന മിക്ക സാങ്കേതികവിദ്യകളും മിലിറ്ററി–ഇൻഡസ്ട്രിയൽ കോംപ്ളസ് എന്നു വിളിക്കുന്ന കൂട്ടുകെട്ടിൽ പിറന്നതാണ്. ഇന്റർനെറ്റ് വന്നത് അമേരിക്കയുടെ പ്രതിരോധ രംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കാനുള്ള പദ്ധതിയിൽ നിന്നാണ്. നിങ്ങളുടെ കൈകളിലുള്ള ഐഫോണിനെ സ്മാർട്ടാക്കുന്നത് പ്രതിരോധ ഗവേഷണത്തിൽ വികസിപ്പിച്ച സാങ്കേതികവിദ്യകളാണ്. ജിപിഎസ്, ടച്ച് സ്ക്രീൻ ഡിസ്പ്ലേ...സിരിയോട് ചോദ്യങ്ങൾ ചോദിക്കാമെന്നു വന്നതും അതിൽ നിന്നു തന്നെ.

ലോകത്തെ എണ്ണം പറഞ്ഞ സർവകലാശാലകളിലെ ഗവേഷണം പ്രതിരോധ പദ്ധതികളിൽ നിന്നു ലഭിക്കുന്ന പണം കൊണ്ടാണ്. ഐടി മുതൽ ബയോടെക് വരെ അമേരിക്കയ്ക്ക് ലോകത്ത് നൂതന സാങ്കേതികവിദ്യകളുള്ളതിന്റെ രഹസ്യം ഈ പ്രതിരോധ ഗവേഷണമാണ്. പ്രതിരോധ താൽപ്പര്യമാകുമ്പോൾ പണം വെള്ളംപോലൊഴുകും. ഈ പണം സർക്കാരിന്റേതാണ്, സ്വകാര്യമേഖലയുടേതല്ല. ഫ്രീമാർക്കറ്റ് ഫിലോസഫി ഇവിടെ വിലപ്പോകുന്നില്ല. 

യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടനിലെ പ്രഫസർ മരിയാന മസുക്കാറ്റോയുടെ ദി ഓൻട്രപ്രനൂറിയൽ സ്റ്റേറ്റ് എന്ന പ്രശസ്ത പുസ്തകം വായിച്ചു നോക്കുക. അമേരിക്കയുടെ വിജയം സർക്കാർ അഥവാ പൊതു ഫണ്ട് നൂതന സാങ്കേതികവിദ്യകൾക്കുള്ള ഗവേഷണത്തിനുപയോഗിച്ചതുകൊണ്ടാണെന്ന് തെളിയിക്കുന്നു.

പുത്തൻ സാങ്കേതികവിദ്യകളുണ്ടാവാൻ യുദ്ധം വേണമെന്നില്ല. പക്ഷേ യുദ്ധഭീഷണിയും അതുമൂലം നൂതന സാങ്കേതികവിദ്യകളുണ്ടാക്കി മുന്നിൽ നിൽക്കാനുള്ള താൽപ്പര്യവും തുടരണം. ദേശസുരക്ഷയാണ് അപകടം പിടിച്ച പല ഗവേഷണ പദ്ധതികളും തുടങ്ങാനും തുടരാനുമുള്ള  പ്രചോദനം. സർക്കാരിനു മാത്രമേ അത്തരം ഗവേഷണത്തിനു വേണ്ട വൻ ഫണ്ട് നൽകാനും കഴിയൂ. പിന്നീട് ഇതേ സാങ്കേതികവിദ്യകൾ ജനങ്ങളുടെ കൈകളിലേക്ക് എത്തുന്നു. അപ്പോഴേക്കും മിലിറ്ററി–ഇൻഡസ്ട്രിയൽ കോംപ്ളക്സ് പുതിയ പദ്ധതികൾ തുടങ്ങിയിരിക്കും.

ഇറാഖിനെ തകർത്ത യുദ്ധത്തിൽ 10 ലക്ഷം കോടി ഡോളർ (10 ട്രില്യൺ) ചെലവെന്നാണു കണക്ക്. ഇനി ഇറാനുമായി യുദ്ധം പടർന്നാലും അത്തരം ചെലവു വരും.

ഒടുവിലാൻ∙ യുദ്ധം കൊണ്ടു നല്ല പുസ്തകങ്ങൾ, സിനിമകളുമൊക്കെയുണ്ടാകും.. ഹോളിവുഡ് പടങ്ങൾ മാത്രമല്ല, നമ്മുടെ പഴശ്ശിരാജാ, മാമാങ്കം,കീർത്തിചക്ര...ഉറി! എല്ലാം യുദ്ധസിനിമകളല്ലേ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ