ഇക്കൊല്ലം എന്തൊക്കെ മുതലാക്കാം

HIGHLIGHTS
  • 29ന് സൗദിയിൽ വച്ച് ലോകത്തെ ഏറ്റവും വലിയ കുതിരപ്പന്തയം നടക്കുകയാണ്
  • റുവാണ്ടയിൽ ഈ ആഴ്ച ആഫ്രിക്കൻ ഡ്രോൺ ഫോറം പ്രദർശന മേള നടത്തുന്നു
business-boom
SHARE

ചൈനീസ് കലണ്ടർ അനുസരിച്ച് 2020 എലിയുടെ വർഷമാകുന്നു. ഇക്കൊല്ലം ജനിക്കുന്നവർ സംരംഭകരും പ്രശ്നങ്ങൾ പരിഹരിക്കുന്ന വരുമാകുമെന്നൊക്കെയാണു ചൈനീസ് ജ്യോൽസ്യം. അവിടെ കോടികളുടെ ബിസിനസ് പുതുവൽസരത്തിൽ നടക്കാനിരിക്കെയാണ് വൈറസ് കുളമാക്കിയത്. ഭാഗ്യത്തിന് മരണനിരക്ക് സുമാർ 2% മാത്രം. ഇല്ലെങ്കിൽ ലോകാവസാനം പോലായേനെ.

ഏത് കുരു വന്നാലും ബിസിനസുകൾക്കാണു കിടക്കപ്പൊറുതിയില്ലാത്തത്. കൊറോണ വൈറസ് മൂലം ആയിരക്കണക്കിനു കോടിയുടെ ബിസിനസാണ് ചൈനയിൽ മാത്രമല്ല ചൈനീസ് യാത്രികരെക്കൊണ്ടു ലോകമാകെയും നഷ്ടമായത്. ചൈനീസ് ടൂറിസ്റ്റുകൾ ബുക്ക് ചെയ്തിരുന്ന നമ്മുടെ റിസോർട്ടുകളുടെ ഉടമകൾക്ക് മനസിൽ ആധിയായിരുന്നു. റദ്ദായിപ്പോയ ബുക്കിംഗുകളെത്ര!

ഇനി എന്തൊക്കെയാണ് ഇക്കൊല്ലം വരാനിരിക്കുന്നതെന്നു നോക്കാം. പലതരം ബിസിനസുകൾ നടത്തുന്നവർക്ക് ഐഡിയ കിട്ടാനും മുതലാക്കാനും പ്രയോജനപ്പെട്ടേക്കും. 29ന് സൗദിയിൽ വച്ച് ലോകത്തെ ഏറ്റവും വലിയ കുതിരപ്പന്തയം നടക്കുകയാണ്. ഒരു കോടി ഡോളറാണ് (72 കോടി രൂപ) സമ്മാനത്തുക. റുവാണ്ടയിൽ ഈ ആഴ്ച ആഫ്രിക്കൻ ഡ്രോൺ ഫോറം പ്രദർശന മേള നടത്തുന്നു. സാധനങ്ങളുടെ ഡെലിവറിക്ക് ഡ്രോണുകൾ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമെന്നു കാണിക്കും.

ഏപ്രിലിൽ മലയാളികൾക്കൊരു കോള് വരുന്നുണ്ട്. ലെനിന്റെ 150–ാം ജന്മവാർഷികമാണ്. പുസ്തകങ്ങൾ ഇറക്കാം, ലെനിൻമേള നടത്താം. അതു വേണ്ടെങ്കിൽ ബീറ്റിൽസ് അടിച്ചു പിരിഞ്ചതിന്റെ 50–ാം വാർഷികമുണ്ട്. ജോൺ ലെന്നൻ നൊസ്റ്റാൾജിയ മുതലാക്കാനൊരു സംഗീത പരിപാടി ആലോചിച്ചാലോ? ലെനിൻ ആയാലെന്ത് ലെന്നൻ ആയാലെന്ത് പെട്ടിയിൽ കാശു വീണാൽ പോരേ? 

ജൂണിൽ യൂറോ ഫുട്ബോൾ മേള വരുന്നു. ഇക്കുറി യൂറോ ചാംപ്യൻഷിപ്പിന്റെ 60–ാം വാർഷികമാണ്. 12 യൂറോപ്യൻ നഗരങ്ങളിലായിട്ടാണു കളികൾ. നാടൻ ഫുട്ബോൾ ഭ്രാന്തൻമാരെ പാക്കേജിൽ കളി കാണാൻ കൊണ്ടുപോയാലോ?  ആകെയൊരു ലാപ്ടോപ്പും വച്ചിരിക്കുന്ന വൺ മാൻ ടൂർ ഓപ്പറേറ്റർമാർക്കും പയറ്റി നോക്കാം. ജൂലൈയിൽ ടോക്യോ ഒളിംപിക്സ്! എന്താ ചെയ്യാൻ പറ്റുകാ എന്ന് ആലോചിക്കുക.

ഒക്ടോബറിൽ ദുബായിൽ വേൾഡ് എക്സ്പോ വരുന്നു. 180 രാജ്യങ്ങളിൽ നിന്നു പവിലിയിനുകൾ. 172 ദിവസം നീളുന്ന എക്സ്പോയിൽ മലയാളികൾക്കാകെ അവസരങ്ങളുണ്ട്. ഒക്ടോബറിൽ തന്നെ ടി20 ലോക കപ്പ് ഓസ്ട്രേലിയയിൽ. നവംബറിൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ്. സ്കോട്ട്ലൻഡിലെ ഗ്ളാസ്ഗോയിൽ യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനവുമുണ്ട്. ഡിസംബറിൽ ബീഥോവന്റെ 250–ാം ജന്മവാർഷികം. ഇതിൽ ഏതൊക്കെ മുതലാക്കാമെന്ന് മിടുക്കൻമാർക്കറിയാം. കടിക്കുന്ന പട്ടിക്ക് തല വേണ്ടെന്നാണല്ലോ.

ഒടുവിലാൻ∙ പിൽഗ്രിം ഫാദേഴ്സ് എന്ന ആദ്യകാല കുടിയേറ്റക്കാർ മേഫ്‌ളവർ കപ്പലിൽ അമേരിക്കയിലേക്ക് കുടിയേറിയതിന്റെ 400–ാം വാർഷികം സെപ്റ്റംബറിൽ വരുമ്പോൾ വൻ ആഘോഷങ്ങളാണ്. 1498ൽ വാസ്കോഡ ഗാമ കോഴിക്കോട്ട് വന്നതിന്റെ 500–ാം വാർഷികം 1998ൽ ടൂറിസത്തിനായി പ്രയോജനപ്പെടുത്തുന്നതിനു പകരം നമ്മൾ പ്രതിഷേധിച്ചു കുളമാക്കുകയായിരുന്നു.

English Summary: China Share Market And Corona Virus

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
FROM ONMANORAMA