ഇതെന്താപ്പോ സ്പോർട്സ് കടയിൽ ഇത്രയ്ക്കു തിരക്ക്?

business-boom-demand-for-fitness-porducts-in-india-surge-amid-covid-19
SHARE

എഫ്സിഐ ഗോഡൗൺ പോലെ വിശാലമായ സ്പോർട്സ് കടയിൽ ആൾ തിരക്കിനു കുറവില്ല. ഒരേ സമയം 20 പേർ മാത്രമെന്നു ബോർഡുണ്ട്. പനിനോക്കി, സാനിറ്റൈസർ തേച്ച് അകത്തു കടക്കാനായി, പുറത്ത് ഷാമിയാനയിൽ വെയിലുകൊള്ളാതെ ജനം കാത്തിരിപ്പുണ്ട്. ഇതെന്താപ്പോ സ്പോർട്സ് കടയിൽ ഇത്രയ്ക്കു തിരക്ക്?

കോവിഡ് കാലത്തിന്റെ ചില പ്രത്യേകതകളാണേ. സ്പോർട്സ് കടയിൽ റാക്കറ്റുകളും ഫുട്ബോളും ക്രിക്കറ്റ് ബാറ്റും മാത്രമല്ല വിൽപന. സ്പോർട്സ് വസ്ത്രങ്ങളുടെ വൻ ശേഖരമുണ്ട്. ഫോർമൽ വസ്ത്രങ്ങൾ ആർക്കും വേണ്ടാതായതിനാൽ ജേഴ്സികൾക്കും ട്രാക്പാന്റ്സിനും ഷോർട്സിനും ടൈറ്റ്സിനും ലെഗിങ്സിനുമൊക്കെയാകുന്നു ഡിമാൻഡ്. അതൊക്കെ വില കുറച്ച് ഇവിടെ കിട്ടും. വൻകിട വസ്ത്രക്കടക്കാരും ഇത്തരം വസ്ത്രങ്ങളാണു ശേഖരിച്ചു വയ്ക്കുന്നതും ഡിസ്പ്ളേ ചെയ്യുന്നതും. ദിവസം രണ്ടു വെബിനാറിലെങ്കിലും പങ്കെടുത്തില്ലെങ്കിൽ ഉറക്കം വരാത്തവരും നിവൃത്തിയില്ലാതെചെന്ന് ഇരുന്നുകൊടുക്കേണ്ടവരുമെല്ലാം ഇതാണു ധരിക്കുന്നത്. അരയ്ക്കു മേലോട്ട് മറയണമെന്നു മാത്രം. അരയ്ക്കു താഴോട്ട് തുണി വല്ലതും ഉണ്ടോയെന്നു ചോദിച്ചാൽ...ഡായ് ഉനക്ക് വേറേ വേല കെടയാതാ...എന്നു തമിഴിൽ തിരിച്ചു ചോദിക്കുന്നതാണു സേഫ്. 

വീട്ടിനകത്തിരുന്നുള്ള കളികൾക്കു വേണ്ടതരം സാധനങ്ങൾക്കാണ് സ്പോർട്സ് കടകളിൽ വിൽപന തകൃതി. കാരംബോർഡുകളാകുന്നു നമ്പർവൺ. ചറപറാ വിറ്റുപോയി. ഗോഡൗണിൽ പൊടിപിടിച്ചു കിടന്നു കേടായ കാരംബോർ‍ഡ് പോലും നിധി കിട്ടിയ പോലെ കൊണ്ടുപോയി. കോടികളുടെ കാരംബോർഡ് കച്ചവടമാണ് കോവിഡ് കാലത്തു നടന്നത്. വീട്ടിലിരുന്ന് സകലമാന പേരും സമയം കളയാൻ കാരംബോർഡ് കളിക്കുകയാണത്രെ. ചെസ് ബോർഡ്, പാമ്പും കോണിയും, പിന്നെ പലതരം ചൈനീസ് ബോർഡ് കളികൾക്കുമുള്ള സാധനങ്ങൾ ചൂടുപഴംപൊരി പോലെ വിറ്റുപോയി. അതിലും ബോറടിച്ചിട്ടാണോ എന്നറിയില്ല പട്ടിക്കും പൂച്ചയ്ക്കും മറ്റും ഡിമാൻഡ് കേറി. പതിനായിരത്തിനു വിറ്റിരുന്ന പട്ടിക്ക് ഇരുപതിനായിരമായി, നാടൻ പൂച്ചക്കുട്ടിക്കു പോലും കാശ് കിട്ടുമെന്നായി. ബൊമ്മ പോലിരിക്കുന്ന പേർഷ്യൻ പൂച്ചക്കുട്ടിക്ക് പതിനായിരം കവി‍ഞ്ഞു.

പത്തുമുപ്പതു സെന്റ് സ്ഥലമുണ്ടോ? കളിക്കാർക്കു വന്നു കൂടാൻ പറ്റുന്ന ലൊക്കേഷനിലാണോ? അവിടെ ഫുട്ബോൾ കളമായി. ക്രിക്കറ്റിന്റെ ബോളിങ് ഇടനാഴികളും ബാഡ്മിന്റൻ കോർട്ടുമായി. ഇൻഡോർ കോർട്ടാണെങ്കിൽ നേരം വെളുക്കുന്നതിനുമുൻപേ കളിക്കാരെത്തും. നേരം ഇരുട്ടിയാലും കോർട്ടുകൾ ഫുൾ. വേറൊന്നും ചെയ്യാനില്ലാതെ തിന്നു കൊഴുക്കുന്നതൊഴിവാക്കാൻ  ഫിറ്റ്നസ് ആകുന്നു പ്രധാനം.

ഒടുവിലാൻ∙ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ളാസിൽ പഠിക്കുന്ന കുട്ടിക്ക് വൈകിട്ട് ആറര മുതൽ ഏഴര വരെയാണുപോൽ ഓൺലൈൻ ക്ളാസ്. പകൽ മുഴുവൻ എന്തു ചെയ്യും? കാരംബോർഡും ചെസും മറ്റുമായി നേരംകൊല്ലാനേ പറ്റൂ.

English Summary : Business Boom Column by P. Kishore - Demand for fitness products in India surge amid Covid-19

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.