വളരാൻ വേണം ഉപഭോഗം

consumer-1248
SHARE

കാശ് പോയേ എന്നു വിലപിക്കാതെ മാന്യമായി മുണ്ടാണ്ടിരിക്കുന്നവരാണെങ്ങും. ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചിരുന്നവർ, ദിവസവും ഓഹരി വാങ്ങലും വിൽക്കലും നടത്തി കാശുണ്ടാക്കിയിരുന്നവർ, വലിയ പിടിപാടില്ലാതെ അടുത്ത കാലത്ത് വിപണിയിലേക്ക് കാലെടുത്തുവച്ചവർ....വീണിതല്ലോ കിടക്കുന്നു വിപണിയിൽ...! അതെങ്ങനാ, യുദ്ധം വരുമെന്ന് ആരേലും വിചാരിച്ചോ? ഭൂകമ്പവും സുനാമിയും വന്നാലും ഇതൊക്കെത്തന്നെയാണു സ്ഥിതി. ഇതൊക്കെ വരുമെന്ന് ആരും വിചാരിക്കില്ലല്ലോ, ‍ജ്ഞാനപ്പാന എടുത്തു വായിച്ചു നോക്കിയാലറിയാം ഇതെല്ലാം പൂന്താനം പണ്ടേ കണ്ടറിഞ്ഞിരിക്കുന്നു.

ലോകമാകെ ഉപഭോഗ സംസ്കാരത്തിൽ മൂക്കറ്റം മുങ്ങിയാണു നിൽക്കുന്നത്. സർവരും സർവതും മറ്റ് അനേകം പേരെയും അനേകം കാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഏയ് ഞാൻ ആരെയും ആശ്രയിക്കില്ല, ഉപഭോഗ സംസ്കാരം വേണ്ട എന്നു പറയുന്നവർ കാലത്തേ പല്ലു തേയ്ക്കണമെങ്കിൽ ഏതെങ്കിലും കമ്പനി ടൂത്ത് പേസ്റ്റ് ഉണ്ടാക്കണം, അതു വിതരണം ചെയ്യണം, അതു വിൽക്കാൻ കടക്കാരൻ വേണം,വാങ്ങാൻ കാശ് വേണം...ഉമിക്കരി ഉപയോഗിച്ചോളാം എന്നു പറയാനും വയ്യ. ഉമിക്കരിയും ആരെങ്കിലും ഉണ്ടാക്കി വിൽക്കണമല്ലോ. ലോക ജനസംഖ്യ പെരുകിക്കൊണ്ടിരിക്കുന്നു.

800 കോടിക്കടുത്തായി മനുഷേമ്മാരുടെ എണ്ണം. അവർക്കെല്ലാം ആവശ്യങ്ങളും അത്യാഗ്രഹങ്ങളുമുണ്ട്. സൈക്കിൾ പോര ബൈക്ക്, അതു പോര കാറ്, അതു പോര ആഡംബര കാറ്, കൂര പോര ബംഗ്ളാവ്  എന്നിങ്ങനെ... ജവാൻ പോര സിംഗിൾ മാൾട്ട് വേണം എന്നും പറയാം.  തലപെരുപ്പിക്കുന്നതാണ് രണ്ടിന്റേയും മിനിമം ധർമം എങ്കിലും. അങ്ങനെ പുരോഗമിക്കുമ്പോൾ ഉപഭോഗ സംസ്കാരവും ഭൂഖണ്ഡങ്ങൾ കടന്നുള്ള വിനിമയവും ഇല്ലാതെ പറ്റില്ല. യുദ്ധം വന്ന് ഇതെല്ലാം തകിടം മറിഞ്ഞപ്പോഴാണ് നമ്മളെല്ലാം ഉപഭോഗത്തിൽ മുങ്ങി കുളിരില്ലാതെ നിൽക്കുകയായിരുന്നെന്നു മനസ്സിലായത്.

മിക്ക രാജ്യങ്ങളും വളർന്നതും ഇന്ത്യ വളരുന്നതും ഇതേ ഉപഭോഗം കൊണ്ടു തന്നെയാണ്. ജപ്പാൻ വളർന്നത് അവരുടെ ഉൽപന്നങ്ങൾ (നമ്മൾ പണ്ടേ ഉപയോഗിക്കുന്ന ജപ്പാന്റെ ഇലക്ട്രോണിക് സാധനങ്ങൾ, വാഹനങ്ങൾ, ക്യാമറകൾ) ലോകമാകെ വിറ്റിട്ടാണ്. ചൈന വളർന്നത് അവരുടെ സർവ ലൊട്ടുലൊടുക്കും കയറ്റി അയച്ചിട്ടാണ്. അതെല്ലാം നമ്മൾ വാങ്ങി ഉപയോഗിച്ചിട്ടുമുണ്ട്. അമേരിക്കയായിരുന്നു ഈ രണ്ടു രാജ്യങ്ങളുടേയും പ്രധാന വിപണി. ആഗോള സിസ്റ്റം ഇങ്ങനെയൊക്കെ ആയിപ്പോയി. ഉപഭോഗം കുറയ്ക്കാൻ ആഗ്രഹങ്ങൾ വേണ്ടെന്നു വയ്ക്കാം. പക്ഷേ സമ്പദ് വ്യവസ്ഥകൾ ചുരുങ്ങും. തൊഴിലില്ലായ്മ വർധിക്കും. ലഹളയും കൊള്ളയും വരും. തൊഴിൽ വേണമെങ്കിൽ സമ്പദ് വ്യവസ്ഥ വളർന്നുകൊണ്ടേയിരിക്കണം.

ഒടുവിലാൻ∙ ഉപഭോഗം ഒഴിവാക്കാ‍ൻ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാതെ വെറുതേ കയ്യിട്ടു പല്ല് തേച്ചാലോ? പൈപ്പ് വെള്ളം കൊണ്ടാണു ‘ദന്തക്ഷാളനം’ (സംസ്കൃതമാണ്, സംഗതി പല്ലുതേപ്പു തന്നെ) നടത്തുന്നതെങ്കിൽ അവിടെ ഉപഭോഗം വന്നു. വെള്ളത്തിനു കാശ് കൊടുക്കണം.

English Summary : Business Boom Column by P Kishore about Consumer Culture

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA