പണപ്പെട്ടി നിറയ്ക്കുന്ന പട്ടണങ്ങൾ

business-boom-opinion
SHARE

തെക്കു നിന്നു വടക്കോട്ടോ നേരേ തിരിച്ചോ ഹൈവേയിലൂടെ വണ്ടി ഓടിച്ചു നോക്കുക. ഇടയ്ക്കിടെ ചില ടൗണുകളെത്തും. ഇരുവശത്തും കെട്ടിടങ്ങൾ, ഷോറൂമുകൾ, സ്വർണക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ടെക്സ്റ്റൈലുകൾ,വാഹന ഡീലർഷിപ്പുകൾ, ബാർ ഹോട്ടലുകൾ...ഇമ്മാതിരി ടൗണുകൾ കേരളത്തിലാകെ ഇരുന്നൂറിലേറെയുണ്ട്. അഖിലേന്ത്യാതലത്തിൽ വിപണനം നടത്തുന്ന വൻകിട കമ്പനികളുടെ ഡീലർമാർ ഇമ്മാതിരി പട്ടണങ്ങളിലെല്ലാമുണ്ട്. എന്താണ് ഇതിന്റെ രഹസ്യം?

കൊട്ടിയമോ, നാട്ടികയോ, കരുനാഗപ്പള്ളിയോ, വാടാനപ്പള്ളിയോ, വടകരയോ,കൊടകരയോ ഏതുമാകാം. ബെൻസും ഔഡിയും പോലുള്ള അത്യാഡംബര കാറുകളുടെ യൂസ്ഡ് കാർ ഷോറൂമുകൾ പോലുമുണ്ട്. ഇവിടങ്ങളിൽ അതു വാങ്ങാൻ പുതുമടിശീലക്കാർ ഉള്ളതുകൊണ്ടല്ലേ? ബ്രാൻഡഡ് കടകളുടെ പളപളപ്പുണ്ട്. പരിസരം ഗൾഫ് മലയാളി കേന്ദ്രമാകാം.

ചിലപ്പോൾ അടുത്തുള്ള വേറൊരു നഗരം തളർന്നപ്പോഴാണ് ഇതു വളർന്നത്. മിക്ക പട്ടണങ്ങളും റോഡിന്റെ ഇരുവശവുമായി 2 കിലോമീറ്റർ മുതൽ 4 കിലോമീറ്റർ വരെ നീളത്തിലാണ്. ഇതു കേരളത്തിലെ മാത്രം പ്രത്യേകതയാണ്. ഉത്തരേന്ത്യയിലെങ്ങും ഇങ്ങനെ കാണാൻ കഴിയില്ല. അവിടെ അറിയപ്പെടുന്ന വൻ നഗരങ്ങൾ കഴിഞ്ഞാൽ പിന്നെ ഗ്രാമഗ്രാമാന്തരങ്ങൾ മാത്രം. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നു ഗാന്ധിജി പറഞ്ഞിട്ടുണ്ടേ. പക്ഷേ കേരളത്തിലെ പുതു പട്ടണങ്ങളിൽ ഗ്രാമീണരുടെ ആത്മാവ് കണ്ടറിഞ്ഞ് ബിസിനസ് നടത്തുകയാണ്. കടകളിൽ പണപ്പെട്ടി നിറയുന്നുമുണ്ട്. അതു കണ്ട്, ആ വിപണി പഠിച്ച് താമസിയാതെ ബ്രാൻഡഡ് സ്വർണ–വസ്ത്ര ശൃംഖലകളും എത്തുന്നു.

നമ്മൾ കേട്ടിട്ടുള്ള വൻകിട ബ്രാൻഡഡ് ശൃംഖലകൾക്കു പുറമേ ഇത്തരം പട്ടണങ്ങളിൽ മാത്രം വേരുപ്പിച്ചു പടർന്ന ചെറുകിട ശൃംഖലകളുണ്ട്. സൗന്ദര്യ, സ്വയംവര, ഫാഷൻ, ഭാരത്, ധന്യ,രമ്യ എന്നൊക്കെ പേരുകളിൽ ചെറിയ പട്ടണത്തിൽ തുടങ്ങി അവിടെ വൻ വിൽപ്പന നേടിയിട്ട് പതിയെ അടുത്തുള്ള മറ്റു പട്ടണങ്ങളിലേക്കു വ്യാപിച്ച് വൻകിടക്കാരാവുകയാണ്. മുന്തിയ സിനിമാ താരങ്ങളെ മോഡലാക്കി അവരും പരസ്യം ചെയ്യുന്നു.

വൻ നഗരങ്ങളിലേക്ക് പോകാതെ പട്ടണങ്ങളിൽ മാത്രം ഒതുങ്ങുന്നവരാണ് മിക്കവരും. ജില്ലാ തലസ്ഥാന നഗരങ്ങളിൽ അവർ ക്ളച്ച് പിടിക്കില്ലെന്നറിയാം. അങ്ങനെ ശ്രമിച്ച പലരും പാളീസായി ഉള്ള കഞ്ഞി മതിയേന്നു വച്ച് പഴയ കടയിൽ തിരികെ പോന്നിട്ടുമുണ്ട്. നാടൻ പട്ടണത്തിൽ വലിയൊരു ഷോറൂം, നല്ല കച്ചവടം, വലിയ വീട്, ആഡംബര കാറ്, നാട്ടുപ്രമാണി...അത്രേം മതി. 

ഒടുവിലാൻ∙ ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിൽ പോയി ഇടത്തരം വീടുകളിൽ ചെറിയ തുകകളുടെ സൗജന്യ കൂപ്പൺ കൊടുക്കലാണ് പ്രധാന മാർക്കറ്റിംഗ് നമ്പർ. ആ കൂപ്പണുമായി സാധാരണക്കാർ പട്ടണത്തിലെത്തുന്നു. ചെറിയ പോക്കറ്റിനും നാടൻ ‘ടേസ്റ്റിനും’ അനുസരിച്ചുള്ള ഉരുപ്പടികൾ കടയിൽ കരുതിവച്ചിരിക്കും. 250 രൂപയുടെ കൂപ്പൺ മുതലാക്കാൻ വന്നിട്ട് 2000 രൂപയുടെ ചെലവുണ്ടാക്കിയിട്ടായിരിക്കും മടക്കം.

Content Summary: Business Boom Column about Growth of Business in Towns

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS