സമ്മേളനങ്ങളിൽ ബഡായി മേള

boom-column
Representative image. Photo Credit: Matej Kastelic/Shutterstock.com
SHARE

സഫാരി സ്യൂട്ടിട്ട മാന്യൻ സ്റ്റേജിലെ ലോകപ്രശസ്തനോട് ചോദ്യം ചോദിക്കുകയാണ്. ഇന്നലെയും നിങ്ങളെ വേറൊരു സമ്മേളനത്തിൽ കണ്ടല്ലോ, ഇമ്മാതിരി ചോദ്യം ചോദിച്ചല്ലോ എന്ന് പ്രശസ്തന്റെ മറുപടി...നാടുമുഴുക്കെ കൺവെൻഷനുകളും കോൺഫറൻസുകളും അരങ്ങേറുമ്പോൾ കാണുന്ന സ്ഥിരം സീനുകളിലൊന്നാണിത്. ക്ഷണിക്കപ്പെടാതെ അല്ലെങ്കിൽ ക്ഷണം ചോദിച്ചു വാങ്ങി പങ്കെടുത്ത് സ്വയം നാണംകെടാൻ യാതൊരു മടിയുമില്ല.

കോട്ടും സ്യൂട്ടും അല്ലെങ്കിൽ സഫാരിയും ഇടുന്നതോടെ താൻ ആരോ ആയി എന്നൊരു ചിന്ത പലരേയും പിടികൂടുന്നു. പിന്നെ ഇംഗ്ളീഷിൽ അനർഗളം നിർ‍ഗളിച്ചുകളയും. വിഷയം ബിസിനസ് ആണങ്കിൽ സ്ഥിരം പ്രസംഗങ്ങളും അവതരണങ്ങളുമുണ്ട്. ലേശം മാറ്റി പിടിച്ചാൽ പല സമ്മേളനങ്ങളിലും ഒരേ സാധനം കൊണ്ട് കുറേക്കാലം നിന്നു പിഴയ്ക്കാം. 

ഒരു സമ്മേളനത്തിൽ ടൂറിസത്തിലെ നൂതനാശയങ്ങൾ അവതരിപ്പിക്കാൻ ബടാ വ്യവസായിയെ ക്ഷണിച്ചു. സ്യൂട്ടിട്ട ആശാൻ സ്വന്തം ഫൈവ് സ്റ്റാർ റിസോർട്ടിനെക്കുറിച്ച് പരസ്യ വിഡിയോ അവതരിപ്പിച്ചു. എന്റെ പുതിയ സ്പാ തന്നെയാകുന്നു ടൂറിസത്തിലെ പുതിയ ആശയം. 

ഒരിടത്ത് ആരുടേയോ പ്രസംഗത്തിൽ കേട്ട ‘ജോക്ക്’ അടിച്ചുമാറ്റി വേറൊരിടത്ത് വിഷയാവതാരകൻ അവതരിപ്പിക്കും. ഉദാ– കിസ് എന്റെ നയമാകുന്നു. ങേ...? ‘കീപ്പ് ഇറ്റ് സിംപിൾ സ്റ്റുപിഡ്’ എന്നതിന്റെ ചുരുക്കമാണ് കിസ്. ഓഹോ...! പവർ പോയിന്റ് അവതരണം നടത്തുന്നെങ്കിൽ വേറൊരു ജോക്ക് ഉണ്ട്. ‘‘പവർ കറപ്റ്റ്സ്, അബ്സൊല്യൂട്ട് പവർ കറപ്റ്റ്സ് അബ്സല്യൂട്ട്ലി’’ എന്ന സൂക്തം ലേശം മാറ്റി ‘പവർ പോയിന്റ് കറപ്റ്റ്സ് അബ്സല്യൂട്ട്ലി’ എന്നു വച്ചു കാച്ചും. ഇത് എത്രയിടത്തു കേട്ടിരിക്കുന്നു! ആർക്കും ചിരി വരില്ല.

സമ്മേളനം തട്ടിക്കൂട്ടുന്ന സംഘടനയുടെ ഭാരവാഹികൾ മിക്കപ്പോഴും കാശിന്റെ ബലത്തിലാണു നേതൃസ്ഥാനത്തെത്തിയിരിക്കുന്നത്. അവർ കാശുമുടക്കി സമ്മേളനം നടത്തിയിട്ട് ഏജൻസി വഴി ആളുകളെ ക്ഷണിക്കും. അവർ തന്നെ ‘കീനോട്ട് അഡ്രസ്’ നടത്തി സായൂജ്യമടയും. പടവും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കും. ചിലപ്പോൾ ബന്ധുബലവും സംഘടനാ ഭാരവാഹിയാകാനും സമ്മേളനങ്ങളിലേക്ക് ക്ഷണിക്കപ്പെടാനും കാരണമാവും. ഒന്നിനെപ്പറ്റിയും ഒന്നും അറിയില്ല എന്നതാവും ആകെയുള്ള യോഗ്യത!

എംസി അഥവാ ‘മാസ്റ്റർ ഓഫ് സെറിമണി’ എന്ന പേരിലൊരു പെൺമണി സ്റ്റേജിൽ കാണും. ആരുടെ പ്രസംഗവും ഗംഭീരമായിരുന്നെന്നു കമന്റ് പറഞ്ഞ് ഉപഹാരം സമ്മാനിക്കും. 

ഒടുവിലാൻ∙കുറേക്കാലം കോട്ടിട്ടു നടന്ന് സമ്മേളനങ്ങളിൽ ബഡായി അടിച്ചു  ശീലമായാൽ സ്വന്തം ബഡായി വിശ്വസിക്കുന്ന സ്ഥിതിയാവും. അത്തരം ചിലർക്കെങ്കിലും ‘അമ്പട ഞാനേ’ എന്നൊരു ‘സോക്കേട്’ വരുന്നതായി കണ്ടുപിടിച്ചിട്ടുണ്ട്. ഈ പറയുന്നതും കേൾക്കുന്നതുമായ ബഡായികളാണ് യാഥാർഥ്യം എന്നു തോന്നും. അങ്ങനെ കൊക്കിൽ കൊള്ളാത്തതു കൊത്തി ശ്വാസംമുട്ടിപ്പോവർ അനവധിയുണ്ട്.

Content Summary: Business Boom Column by P.Kishore about Speeches in Conferences

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS