ഇന്ത്യാക്കാർ വരും എല്ലാം ശരിയാക്കും

Business Boom
Representative Image. Photo Credit : t:skynesher / istockphoto.com
SHARE

അമേരിക്കൻ ബഹുരാഷ്ട്ര ബാങ്കിലെ ഉന്നതങ്ങളിലാണ് മലയാളിക്ക് ജോലി. ഒരു ഡിവിഷന്റെ ടീം ലീഡറാണത്രെ. പഴയ കാലത്ത് ടീം ലീഡർ പോലുള്ള തസ്തികകൾ അങ്ങ് യൂറോപ്പിലോ അമേരിക്കയിലോ ഏതെങ്കിലും സായിപ്പിനു മാത്രമായിരുന്നു. ടീമിലുള്ളവർ ഇന്ത്യയിലും. തല അങ്ങും വാൽ ഇങ്ങും.

ഇപ്പോൾ നേരേ തിരിച്ചായെന്നാണു പറയുന്നത്. ടീം ലീഡർ ഇന്ത്യാക്കാരൻ! ഇന്ത്യയിലെവിടെയെങ്കിലും ഇരുന്ന് ജോലി ചെയ്യും. ടീം അങ്ങ് സായിപ്പിന്റെ നാടുകളിലാണ്. അതായത് തല ഇങ്ങും വാൽ അങ്ങും!!

ലോകബാങ്കിന്റെ വരെ മേധാവിയായി ഇന്ത്യാക്കാരൻ എന്ന സ്ഥിതിയായി. മാസ്റ്റർ കാർഡിന്റെ സിഇഒ അജയ് ബംഗയെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തിരിക്കയാണ്. ഇതിലെന്ത് പുതുമ, ആപ്പിളും ഗൂഗിളുമെല്ലാം ഇന്ത്യാക്കാരല്ലേ ഭരിക്കുന്നത് എന്നു ചോദിക്കാം. ശകലം പുതുമയുണ്ട്. 

ഇതുവരെ ഇവിടെ ഡിഗ്രിക്ക് പഠിച്ച് അല്ലെങ്കിൽ എംബിഎ കഴിഞ്ഞിട്ട് അമേരിക്കയിൽ പോയി ഐവി ലീഗ് സർവകലാശാലകളിൽ നിന്ന് പിജിയും രണ്ടാം എംബിഎയും ഡോക്ടറേറ്റുമൊക്കെ എടുത്തവരായിരുന്നു ഇത്തരം കമ്പനികളുടെ തലപ്പത്തു വന്നിരുന്നത്. ഹാർവഡ്, യേൽ, കൊളംബിയ പോലുള്ള സർവകലാശാലകളിൽ ‘ഫിനിഷിംഗ് സ്കൂൾ’ നടത്തിയവർ. അജയ് ബംഗ (63) അവിടങ്ങളിലൊന്നും പഠിച്ചിട്ടില്ല. വെറും ഇന്ത്യൻ വിദ്യാഭ്യാസക്കാരൻ!

ഇന്ത്യൻ സ്കൂളുകളിലും ഡൽഹി സെന്റ് സ്റ്റീഫൻസിലും പഠനം. ഐഐഎം എയിൽ പിജി പ്രോഗ്രാം. ഇത്ര തന്നെ. എന്നിട്ടെന്താ നെസ്‌ലെ, പെപ്സി, സിറ്റി ബാങ്ക്, മാസ്റ്റർ കാർഡ്...അജയ് ബംഗ വരും എല്ലാം ശരിയാക്കും എന്നതായിരുന്നു എല്ലായിടത്തെയും സ്ഥിതി. ലോകബാങ്കിലും അതു തന്നെയായിരിക്കുമെന്നതിൽ സായിപ്പിനു പോലും സംശയമില്ല, പിന്നെ നമുക്കെന്തിന് സംശയം?

അമേരിക്കൻ സായിപ്പിന് ഇന്ത്യാക്കാരെ കമ്പനി മേധാവികളായി പെരുത്തു ബോധിച്ചപ്പോഴും യൂറോപ്യൻ കമ്പനികൾക്ക് അത്ര പോരായിരുന്നു. പക്ഷേ ലോക ഐടി കമ്പനികളിൽ മൂന്നാം സ്ഥാനമുള്ള ജർമ്മൻ കമ്പനി സാപ് ഇന്ത്യാക്കാരനെ മേധാവിയായി നിയമിച്ചിരിക്കുന്നു! പുനീത് രഞ്‍ജൻ.(61)

ഹര്യാനയിലെ രോഹ്തക്കിൽ ജനിച്ച പുനീതിന് അവിടെ ലോക്കൽ കോളജിൽ നിന്ന് ഇക്കണോമക്സ് ഡിഗ്രി. ഉഷാ ഫാൻ കമ്പനിയിൽ ആദ്യ ജോലി. പിന്നെ അമേരിക്കയിലെ വില്ലമെറ്റ് സർവകലാശാലയിൽ നിന്ന് എംബിഎ.

ഡെലോയ്റ്റിന്റെ ആഗോള സിഇഒ സ്ഥാനത്തു നിന്നാണ് സാപ്പിലേക്കുള്ള മാറ്റം. സാപ്പിന്റെ ആദ്യ നോൺ ജർമ്മൻ മേധാവിയാകും പുനീത്. 20 വർഷം സിഇഒ സ്ഥാനത്തിരുന്നിട്ടാണ് സഹ സ്ഥാപകൻ കൂടിയായ ഹാസോ പ്ളാറ്റ്നർ പണി ഇന്ത്യാക്കാരനെ ഏൽപ്പിച്ച് വിട വാങ്ങുന്നത്. 

ഒടുവിലാൻ∙ അജയ് ബംഗയ്ക്ക് 2020ലെ വാർഷിക പേ പാക്കേജ് ഏതാണ്ട് 220 കോടി രൂപ, പുനീത് രഞ്ജന് 80 കോടിയോളം.

Content Summary : Business Boom Column about Why Indians Leading Top Companies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS