ADVERTISEMENT

പെട്രോളും ഡീസലും വണ്ടികളിൽ ഉപയോഗിക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടായല്ലോ, എന്നിട്ടും എന്തുകൊണ്ട് പുതിയ സാങ്കേതിക വിദ്യകൾ വരുന്നില്ല?  കാർബൺ നിർഗമനവും അന്തരീക്ഷ മലിനീകരണവും കുറയ്ക്കാൻ ശ്രമിക്കുന്ന കാലത്തു പോലും പെട്രോളിയം ഉപയോഗത്തിൽ മാറ്റം വരാത്തതിനു പിന്നിൽ എന്തോ കള്ളക്കളി ഇല്ലേ? ആരോ പുതിയ സാങ്കേതികവിദ്യകളെ തടയുന്നില്ലേ?

 

ഇങ്ങനെയൊരു സംശയം അനേകർക്ക് ഒരുപാട് നാളായിട്ടുണ്ട്. അങ്ങ് ചൊവ്വാ ഗ്രഹത്തിൽ വരെ പോകാമെങ്കിലാണോ കൊള്ളാവുന്നൊരു ബാറ്ററി ഉണ്ടാക്കാൻ ഇത്ര പാട് എന്ന ചോദ്യവുമുണ്ട്. അറബ് നാട്ടിൽ മാത്രമല്ല അമേരിക്കയ്ക്കും റഷ്യയ്ക്കുമെല്ലാം പെട്രോളിയം ശേഖരം വൻ തോതിലുണ്ട്. അതു മുതലാക്കാനായിട്ടായിരിക്കും വേറേ ടെക്നോളജിയെ തടയുന്നതെന്നു പറയുന്ന ഗൂഢാലോചനാ സിദ്ധാന്തക്കാരുണ്ട്.

 

അതെന്തായാലും ഇനി മാറ്റം വരും. ഏതു തരം കല്ലേപിളർക്കുന്ന സാങ്കേതികവിദ്യയും വരുന്നത് അമേരിക്കയിൽ നിന്നാണല്ലോ. അവിടെ തന്നെ ഹരിത സാങ്കേതികവിദ്യകൾക്കുള്ള ഗവേഷണം വർധിപ്പിക്കാനും സബ്സിഡികൾ നൽകാനുമായി 10 വർഷ കാലയളവിലേക്ക് 2 ലക്ഷം കോടി ഡോളർ അനുവദിച്ചിരിക്കുകയാണ് പ്രസിഡന്റ് ജോ ബൈഡൻ. ഇത് ചില്ലറ കാശല്ല. ഇന്ത്യയുടെ ജിഡിപിയുടെ പാതിയോളം വരുന്ന തുകയാണ്. ഇത്ര കാശുണ്ടെങ്കിൽ എടുപിടീന്ന് പുത്തൻ ഹരിത വിദ്യകൾ വരും, സംശയമില്ല. കാശാണല്ലോ എല്ലാം തീരുമാനിക്കുന്നത്.

 

സെമികണ്ടക്ടർ ചിപ്പ് നിർമ്മാണം, ഹരിത ഊർജം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കാണ് ഇത്തരം ഫണ്ട്. പുതിയ സൗരോർജ പാടങ്ങളും കാറ്റാടി പാടങ്ങളും പെട്രോളിയത്തിനു പകരം ഹൈഡ്രജനും മറ്റും വരും. 2033 ആവുമ്പോഴേക്ക് പെട്രോളിയം പഴങ്കഥയാവണം.

 

ലോകത്തെ കാർബൺ നിർഗമനത്തിന്റെ കാൽഭാഗം അമേരിക്കയിൽ നിന്നാണെങ്കിലും ഇന്ത്യ, ചൈന പോലെ വളരുന്ന രാജ്യങ്ങളോടാണ് അതു കുറയ്ക്കാൻ അമേരിക്ക ലക്ചർ അടിച്ചിരുന്നത്.  യൂറോപ്പിനും അമേരിക്കയ്ക്കും മറ്റും വേണ്ട സർവ ഫാക്ടറി ഉത്പന്നങ്ങളും ഉണ്ടാക്കി കയറ്റുമതി ചെയ്യുകയും വേണം ഈ ഫാക്ടറികൾ മലിനീകരണം നടത്താനും പാടില്ല. ഇതെവിടുത്തെ ന്യായം എന്നു ചൈന പണ്ടേ ചോദിച്ചതാണ്.

 

ഏതു രാജ്യത്തേയും ഭരണക്കാർക്ക് താൽപ്പര്യമുള്ള വിഷയമല്ല കാർബൺ നിർഗമനം കുറയ്ക്കൽ. വൻ ചെലവുള്ള കാര്യമാണ്, ഫാക്ടറികൾ പൂട്ടി തൊഴിലില്ലായ്മ വരുത്തി വയ്ക്കാൻ ആരും താൽപ്പര്യം കാണിക്കില്ല. ഭൂമിയെ രക്ഷിക്കാൻ നടന്നിട്ട് അടുത്ത ഇലക്‌ഷന് തോറ്റ് തൊപ്പി ഇടരുതല്ലോ.

 

ഒടുവിലാൻ∙ നമ്മൾ സബ്സിഡി കൊടുക്കുന്നതിനെ എതിർക്കുന്ന അമേരിക്ക 40,000 കോടി ഡോളർ ഗ്രീൻടെക്കിന് സബ്സിഡി കൊടുക്കും! ഫ്രീ മാർക്കറ്റ് എല്ലാം ചെയ്തോളും എന്ന കാപിറ്റലിസ്റ്റ് സിദ്ധാന്തം അവിടെ മാറി നിൽക്കുന്നു. മേല് നോവുന്ന കാര്യം വന്നപ്പോൾ ഇതുവരെ പ്രസംഗിച്ചതൊക്കെ പാഴ്.

Content Summary : Business Boom Column about Lack of new Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com