ഫൈവ് സ്റ്റാർ റിസോർട്ടിന്റെ സ്വിമ്മിംഗ് പൂളിനരികിൽ ഒരു ബോർഡ്– വൈകിട്ട് 3 മുതൽ 6 വരെ ഇന്റർനാഷൽ അതിഥികൾ മാത്രമേ പൂൾ ഉപയോഗിക്കാവൂ. എന്നു വച്ചാൽ ഇന്ത്യാക്കാർക്കു പ്രവേശനമില്ല. ഇതെന്തു ന്യായം എന്ന ചോദ്യം വരികയും ടൂറിസം മേഖലയിൽ നിന്നു തന്നെ ഇടപെടൽ ഉണ്ടാവുകയും ബോർഡ് നീക്കുകയും ചെയ്തു. പക്ഷേ ഇങ്ങനെയൊരു ബോർഡ് വയ്ക്കേണ്ടതിനു പിന്നിലുള്ള നമ്മുടെ നാട്ടുകാരുടെ ചെയ്തികൾ കൂടി അറിയണം.
വിദേശികൾ വരുന്ന റിസോർട്ടുകളിൽ ഇതു സ്ഥിരം പ്രശ്നമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂർ ഗ്രൂപ്പുകളുടെ ബഹളമായിരിക്കും പൂളിലും റസ്റ്ററന്റിലും മറ്റും. സകുടുംബം പൂളിലിറങ്ങി കുളിയും കളിയുമായി മണിക്കൂറുകൾ നീളും. അമ്മൂമ്മയും അപ്പൂപ്പനും കൊച്ചുമക്കളുമെല്ലാം കാണും. മലയാളി അതിഥികൾക്കു കുറേക്കൂടി അച്ചടക്കമുണ്ട്. ഉത്തരേന്ത്യൻ പണച്ചാക്കുകളുടെ ഗ്രൂപ്പ് ആണെങ്കിൽ മുടക്കിയ കാശ് എങ്ങനെയും മുതലാക്കണമെന്ന ചിന്ത മാത്രമേ കാണൂ അത്രെ. ചില സാംപിളുകൾ പറയാം.
കുട്ടികൾ ഓടി നടന്ന് ഹോട്ടലാകെ കുളമാക്കുന്നു. ഹോട്ടലിലെ അലങ്കാരങ്ങൾ ഓരോന്നായെടുത്ത് പൂളിലെ വെള്ളത്തിലിടുന്ന കുട്ടികൾ വരെയുണ്ട്. മമ്മിയും ഡാഡിയും നോക്കി നിന്നു രസിക്കും. വൈകുന്നേരങ്ങളിൽ ലോബിയിൽ വന്ന് സർവ സോഫയും കസേരയും കയ്യടക്കുക, ടീപോയിലും സോഫയിലും കാല് കയറ്റി വയ്ക്കുക...വിദേശ അതിഥികൾക്ക് ഇതൊന്നും രസിക്കുകയുമില്ല.
വിദേശികൾ വരുന്നത് സമാധാനത്തിനാണ്. അവരുടെ ശരാശരി വയസ് തന്നെ 60നു മുകളിൽ. എണ്ണയിട്ടു തിരുമ്മി, സമാധാനമായി ഡിന്നർ കഴിച്ച്, സ്വസ്ഥമായി ഉറങ്ങണം. നമ്മുടെ നാട്ടുകാർക്ക് നേരേ തിരിച്ചാണ്. ഉല്ലാസവും ബഹളവും വേണം. ടൂറിസത്തിന്റെ മലയാളം തന്നെ വിനോദസഞ്ചാരം ആവുമ്പോൾ ബഹളമയമായി വിനോദിക്കുന്നതിൽ അത്ഭുതമില്ല.
ഉത്തരേന്ത്യൻ ഗ്രൂപ്പുകൾ സ്വന്തം പാചകക്കാരും പരിപ്പും സവാളയും ആട്ടയും പാത്രങ്ങളുമായി പറന്നിറങ്ങി സ്വയം പാചകം ചെയ്യുന്ന ഏർപ്പാടിനെ ഹോട്ടലുകൾ ഒട്ടും പ്രോൽസാഹിപ്പിക്കാതായി. അടുക്കള ഉപയോഗിക്കണോ? ക്ളീനിംഗിനും മറ്റുമായി ദിവസം 10000 രൂപ വരെ വാടക. സ്വന്തമായി പാചകം ചെയ്തു കഴിച്ചോ, പക്ഷേ ആളൊന്നിന് 350 രൂപ വരെ വേറേ ഈടാക്കും. താമസക്കാരിൽ നിന്ന് ആകെ വരുമാനം മുറി വാടക മാത്രമായാൽ പോരല്ലോ.
ഒടുവിലാൻ∙പക്ഷേ കല്യാണ പാർട്ടികളെ എല്ലാവർക്കും കാര്യമാണ്. 3 ദിവസമെങ്കിലും മുറികൾ വേണം, മിനിമം 40 പേർ മുതൽ 150 പേർ വരെ കാണും. സർദാർജിയും ബാനർജിയുമെല്ലാം മലയാളികളെ കല്യാണം കഴിക്കുന്നു. കല്യാണ ചടങ്ങിനുള്ള പൂവും അലങ്കാരങ്ങളും, വിരുന്ന്, കോക്ക്ടെയിൽ പാർട്ടി, മെഹന്ദി, സംഗീത്...എല്ലാം ചേർത്ത് പാക്കേജുകളുണ്ട്. പത്തറുപത് ലക്ഷം വരെ പെട്ടിയിൽ വീഴാം.
Content Summary : Business Boom Column about Tourism