അന്നാമ്മച്ചേടത്തീടെ ക്വാറന്റീൻ സീക്രട്ട്

woman-telling-secret
Representative Image. Photo Credit : Alina Cardiae Photography /Shutterstock.com.
SHARE

സ്ഥിരമായി തട്ടുമുട്ടും മേളവും കേൾക്കാറുള്ള അയലത്തെ അന്നാമ്മച്ചേടത്തീടെ വീട്ടിൽനിന്ന് മൂന്നാലു ദിവസായി അനക്കമൊന്നുമില്ല. അല്ലെങ്കിൽ ചേടത്തീടെ തലതെറിച്ച രണ്ടു ചെറുക്കന്മാർ ചെവിതല കേൾക്കാത്ത വിധം ഇംഗ്ലിഷ് പാട്ടും ഉറക്കെവച്ച് മുറ്റത്തും ബാൽക്കണിയിലുമൊക്കെ ഇടയ്ക്കിടെ റോന്തു ചുറ്റുന്നതു കാണാറുണ്ട്. ഓഫിസ് സമയം കഴിഞ്ഞാൽ കസർത്തിന്റെ പേരുംപറഞ്ഞ് കരക്കാരുടെ കാര്യമന്വേഷിക്കാൻ ചേടത്തീടെ അച്ചായനും ആവഴിയീവഴി പരവേശപ്പെട്ടു നടക്കുന്നതു കാണാം. പൂമുഖവാതിൽ ഏതു നേരവും തുറന്നു കിടക്കുന്നതിനാൽ അതിലേ പോകുന്ന ആർക്കും കാണാം അതിയാനും ചെറുക്കന്മാരും മിക്കനേരവും ടിവിക്കു മുന്നില്‍ മൊബൈലും കുത്തിക്കൊണ്ടിരിക്കുന്നത്. പിന്നെ ഇടയ്ക്കിടെ ഓരോ നീട്ടി വിളിയും; ‘എടീ അന്നാമ്മോ ഒരു കട്ടൻ, ഒരു ഗ്ലാസ് ജീരകവള്ളം...’

പിള്ളേര് പിന്നെ ചേടത്തീനെ പേരെടുത്തേ വിളിക്കൂ. സ്നേഹംകൊണ്ടാണേ... 

‘അന്നാമ്മച്ചീ ഇന്ന് വൈകിട്ടേക്ക് ഷേഷ്വാൻ നൂഡിൽസ് പിടിച്ചാലോ... ’

അപ്പോഴേക്കും മറ്റൊരുത്തൻ; ‘എനിക്ക് ചിക്കനും ചപ്പാത്തീം... ’

ഇമ്മാതിരി നീട്ടിവിളികൾക്കെല്ലാം എന്തോയെന്ന് മറുവിളി കൊടുത്ത് എല്ലാരുടെയും ഡിമാൻഡുകൾ അപ്പപ്പോത്തന്നെ ചെയ്തുംകൊടുത്ത് അന്നാമ്മച്ചേടത്തി ഏതുനേരവും ഓട്ടപ്പാച്ചിലിലായിരിക്കും. 

ചേടത്തീടെ വിണ്ടു കീറിയ കാൽപാദങ്ങൾ കാണുമ്പോൾ എനിക്കു സഹതാപം തോന്നാറുണ്ട്. വെരുകിന്റേതുപോലുള്ള കാലുകളാണവർക്ക്. നാലഞ്ചുനേരം നാലുതരം വച്ചുവിളമ്പി അന്തിയാവോളം വീട്ടിനകത്തുകിടന്നു വട്ടംകറങ്ങി വച്ചും തുടച്ചും അലക്കിപ്പിഴിഞ്ഞും, കൂട്ടിൽകിടക്കുന്ന പുതുതായി വാങ്ങിയ അൽസേഷ്യനുള്ള ചോറും വിളമ്പിക്കൊടുത്ത് പട്ടിക്കൂടും ഗേറ്റുംപൂട്ടി ഉമ്മറവാതിലടയ്ക്കാറാകുമ്പോഴേക്കും ആ വെരുകിൻകാലുകൾ തളർന്നുകഴിഞ്ഞിരിക്കും. അങ്ങനെയിങ്ങനെയൊന്നും ചേടത്തിയെ പുറത്തു കാണാൻ കിട്ടാറേയില്ല. ‘എന്തോ’ എന്ന മറുവിളികൾക്കപ്പുറം അവരുടെ ഒച്ച ഉയർന്നു കേൾക്കാറുമില്ല. ഒച്ചപ്പാടും വലിയവായിലുള്ള പൊട്ടിച്ചിരികളുമൊക്കെ അതിയാന്റെയും ചെറുക്കന്മാരുടെയും വകയായിരിക്കും എപ്പോഴും. 

അങ്ങനെയുള്ള അന്നാമ്മച്ചേടത്തീടെ വീട് പെട്ടെന്ന് സൈലന്റ് മോഡിലേക്കു മാറിയാൽ, ആരെയും പുറത്തു കാണാതിരുന്നാൽ നമ്മൾ പിന്നെ അന്വേഷിക്കണ്ടായോ.. 

അങ്ങനെയാണ് ഞാൻ അടുക്കളപ്പുറത്തെ മതിലിനോടു ചേർന്നുള്ള അലക്കു കല്ലിന്മേൽ അള്ളിപ്പിടിച്ചു കയറി പെരുവിരലിൽ എത്തിവലിഞ്ഞുനിന്ന് അന്നാമ്മച്ചേടത്തീടെ വീട്ടിനുനേരെ ഉച്ചത്തിൽ ഒരു കൂക്കിവിളി പാസാക്കിയത്. 

‘ചേടത്തിയാര് ഇവിടില്യോ... ’

എന്റെ ഹൈ വോളിയം വിളി കേട്ട പാടെ അവരുടെ അൽസേഷ്യന് ഹാലിളകിയെന്നു തോന്നുന്നു. അത് കുര തുടങ്ങി. എന്റമ്മോ എന്തൊരു കുര...  എന്റെ വിളി ഏറ്റില്ലെങ്കിലും അൽസേഷ്യന്റെ കുര ഫലിച്ചു.

അകത്തുനിന്ന് അന്നാമ്മച്ചേടത്തീ പാതിതേച്ച കരിക്കലവും കൊണ്ട് പുറത്തേക്കു പാഞ്ഞുവന്നു.

‘എന്നതാടാ കെടന്ന് കൊരയ്ക്കുന്നേ.. സമയാസമയം ഞാൻ ഉരുട്ടിത്തരാറുണ്ടല്ലോ... ഒന്നു സ്വസ്ഥമായിരിക്കാൻ സമ്മതിക്കൂല ഒരൊറ്റ ഒരുത്തനും...’

ചേടത്തീടെ ക്ഷേമം തിരക്കാൻ കൂക്കിവിളിച്ച ഞാൻ അപ്പോൾ ആരായി? അൽസേഷ്യനെ മനസ്സിൽ പ്‌രാകി ചേടത്തിക്കു മുഖം കൊടുക്കാൻ നിൽക്കാതെ ഞാൻ ധൃതിയിൽ തിരിച്ചു നടക്കാൻ നോക്കി. അപ്പോഴാണ് ചേടത്തീടെ വിളി..

–‘അല്ലാ... കൊച്ചായിരുന്നോ.. ഞാൻ കണ്ടില്ലാ... എന്നാ ഒണ്ട് കൊച്ചേ.. ഇവിടെ തിരക്കൊഴിഞ്ഞ് കാണാനും മിണ്ടാനും ഒന്നും പറ്റാറില്യാ..’

– ‘ഞാൻ വെറുതെ.. അന്നാമ്മച്ചേടത്തീടെ വീട്ടീന്ന് ഒച്ചേം അനക്കോമൊന്നും കാണാഞ്ഞ് തിരക്കാൻ വന്നതാ...’

‌അതു ന്യായമെന്ന മട്ടിൽ അൽപം ഗൗരവം മുഖത്തു വരുത്തി ചേടത്തി മുറ്റത്തേക്കിറങ്ങിവന്നു.

–‘അതു പിന്നെ ഇവിടെ കോവിഡല്യോ... അതിന്റെ ക്വാറന്റീനല്യോ.. ഇനി ഏഴെട്ടു ദിവസം കഴിയാണ്ട് പുറത്തിറങ്ങുകേല. അവന്മാർക്ക് ഓൺലൈനിലൊക്കെ ഇമ്മിണി പരിപാടിയുള്ളതല്യോ.. അതിയാനാണേങ്കിൽ പഞ്ചസാരേടെ സൂക്കേട് ഇപ്പോ ലേശം കൂടുതലാ.. സൂക്ഷിക്കണ്ടായോ...’

ഓ... അപ്പോ അതാണ് കാര്യം. ചെറുക്കന്മാർക്കും അതിയാനും കോവിഡ് ബാധിച്ചതിന്റെ ശാന്തതയാണ്. 

പിന്നെ കുറച്ചുനേരം ടിപിആറിനെക്കുറിച്ചും ആന്റിബോഡിയെക്കുറിച്ചുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും കുറച്ചു നേരം കത്തിവച്ച് ഞാൻ ചേടത്തിയോടു ടാറ്റ പറഞ്ഞു

– ‘ചേടത്തി സൂക്ഷിക്കണം. അവരുടെ കോവിഡ് ചേടത്തിക്കു പകരാതെ നോക്കണം...’

അയൽവാസിയെക്കുറിച്ച് എന്തോരു കരുതൽ എന്നു പരിഹസിച്ചാണോ ആവോ ചേടത്തി അന്നേരം കണ്ണിറുക്കി വല്യോരു ചിരി പാസാക്കി.

–‘അതിന് കോവിഡ് എനിക്കാണു കുഞ്ഞേ.. അതിയാനും ചെറുക്കന്മാരും പേടിച്ച് മുറിക്കകത്തു കയറിയതല്യോ...’

ങേ.. കോവിഡ് രോഗികളല്യോ മുറിക്കകത്തു കയറിയിരിക്കേണ്ടത്. ഈ ചേടത്തിക്കൊരു സാമാന്യബോധമില്ലേ എന്നു ഞാൻ ചിന്തിച്ചുപോയി.. അതു മനസ്സിലാക്കിയെന്നോണം ചേടത്തി ഒച്ച താഴ്ത്തി പറഞ്ഞു

– ‘ക്വാറന്റീനെന്നും പറഞ്ഞ് ഞാൻ ഒരാഴ്ച മുറിക്കകത്തു കയറിയിരുന്നാൽ പിന്നെ അതിയാന്റേം ചെറുക്കന്മാരുടേം വായിലേക്ക് എന്നാ പോകും.. കൂട്ടിക്കിടന്ന് കൊരയ്ക്കണ ആ മിണ്ടാപ്രാണിക്കുൾപ്പെടെ വച്ചുണ്ടാക്കണ്ടേ.. വീട്ടുപണി വേറെയും. അതുകൊണ്ട് അവരെല്ലാം ഓരോ മുറിക്കകത്തും അൽസേഷ്യൻ അവന്റെ കൂട്ടിനകത്തും ക്വാറന്റീനിൽ കയറി. ഞാനവർക്കുള്ളതു വച്ചു കാലമാക്കീം വീട്ടുപണിയെടുത്തും ഇവിടെയൊക്കെത്തന്നെയുണ്ട് കൊച്ചേ... അവര് സേയ്ഫാണേ...’

അല്ലാ.. ചേടത്തി പറഞ്ഞതിലും കാര്യമുണ്ട്. വീട്ടമ്മ കോവിഡെന്നും പറഞ്ഞ് ഏതെങ്കിലും മുറിക്കകത്തു കയറി മണിച്ചിത്രത്താഴിട്ടുപൂട്ടിയിരുന്നാൽ വീട്ടുകാര്യങ്ങൾ പിന്നെയാരു നോക്കും. കമിഴ്ന്നുകിടക്കുന്ന പ്ലാവിലയൊന്നും തിരിച്ചിടാൻ പോലും മെനക്കെടാത്ത വീട്ടുകാരാണെങ്കിൽ പ്രത്യേകിച്ചും. അല്ലെങ്കിലും വീട്ടമ്മയുടെ വെരുകിൻകാലുകൾ ഓട്ടംനിർത്തിയാൽ പഞ്ചറാകുന്നതല്ലേ മിക്ക വീടുകളും.. എനിക്കെന്തോ ചേടത്തിയോട് സഹതാപം തോന്നി..

അതുമറച്ചുവച്ചുകൊണ്ട് ഞാൻ ഒരു നെടുവീർപ്പോടെ പറഞ്ഞു

–‘അപ്പോൾ ഈ സമയത്തും ചേടത്തിക്ക് പണിത്തിരക്കിനു കുറവൊന്നുമില്ലാ അല്ലേ...’

അൽപംകൂടി ഒച്ച താഴ്ത്തിക്കൊണ്ടായിരുന്നു അതിനുള്ള അവരുടെ മറുപടി.

–നേരു പറയാല്ലോ കൊച്ചേ.. അതിയാനും ചെറുക്കന്മാരും എന്റെ കോവിഡ് പേടിച്ച് മുറിക്കകത്തു കയറിയതുകൊണ്ട് ഇപ്പോ വല്ലാത്ത ആശ്വാസമുണ്ടെനിക്ക്. എപ്പോഴുമെപ്പോഴും അന്നാമ്മേനേ വിളിച്ച് ഓരോന്നു ചോദിച്ചുകൊണ്ടിരിക്കുവായിരുന്നില്ല്യോ ഇത്രനാളും... 

ഇതിപ്പോ അന്നാമ്മോ കിന്നാമ്മോ വിളികളില്ല... ഇപ്പോഴാണ് ഞാനൊന്നു സ്വസ്ഥമായത്. 

ശരിയാണല്ലോ.. അതും ഒരു വലിയ പോയിന്റാണല്ലോ.. 

ഞാനുറക്കെച്ചിരിച്ചു.. ചേടത്തീം ചിരിച്ചു... നിർത്താതെ ചിരിച്ചു. 

അപ്പോ വിചാരിച്ചതുപോലെ കക്ഷി അത്ര അയ്യോ പാവോ അടുക്കളപ്പാറുവല്ല...

അമ്പടി കള്ളിച്ചേടത്തീ.. ആള് കൊള്ളാലോ...

Content Summary: Pink Rose column on homemakers who can't even take a break

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS