എസ്തറും ശോശാമ്മച്ചിയും അവരുടെ ഭൂഖണ്ഡദൂരങ്ങളും

generation-gap
Representative Image. Photo Credit : Motortion Films / shutterstock
SHARE

‘‘തലയിൽ ഒരു തുള്ളിപോലും എണ്ണവയ്ക്കില്ല. ചപ്രച്ചിരിക്കുന്ന മുടി അഴിച്ച് കാറ്റിൽ പറത്തി, മുട്ടുകീറിയൊരു ജീൻസോ മൂടിറങ്ങിയൊരു ട്രൗസറോ ഇട്ട് കൂളിങ് ഗ്ലാസുംവച്ച് ചുണ്ടേലും മുഖത്തും ഏതാണ്ടൊക്കെ വാരിപ്പൂശി ഏതുനേരവും കറങ്ങാൻ ഇറങ്ങിക്കോളും. വീട്ടിൽ സമയത്തു വന്നാലായി, എന്നതേലും തിന്നാലായി.. പെൺപിള്ളേർക്ക് ഇത്ര പെരുത്ത് നെഗളിപ്പൊന്നും പാടില്യ...’’

കുർബാനയ്ക്കിടയിൽ അച്ചൻ സുവിശേഷ പ്രസംഗം തുടങ്ങിയ നേരംനോക്കി തൊട്ടടുത്തുനിന്ന ആലീസിനോട് കുശുകുശുക്കാൻ തുടങ്ങിയതാണ് ശോശാമ്മച്ചി. പരാതിപറയുന്നത് കൊച്ചുമകൾ എസ്തറിനെക്കുറിച്ചാണ്. മോനും കെട്ട്യോളും അങ്ങ് കാനഡയിൽ... മോളെ കൈക്കുഞ്ഞായിരുന്ന കാലത്ത് ശോശാമ്മച്ചിയെ ഏൽപിച്ചു പോയതാന്നേ അവർ. പള്ളിയും വേദപാഠവുമൊക്കെയായി അവളെ സത്യക്രിസ്ത്യാനിയായി വളർത്തി വലുതാക്കിയതാണ് ശോശാമ്മച്ചി. പറഞ്ഞിട്ടെന്തിനാ.. അവളെ നോക്കിനോക്കി കുഴിയിലായിപ്പോയ കണ്ണുകൊണ്ടു ശോശാമ്മച്ചി ഇപ്പോൾ കാണുന്ന നരച്ച കാഴ്ചകളിലൊന്നും എസ്തറിനില്ലാത്ത കുറ്റങ്ങളില്ല. ഒന്നുമല്ലെങ്കിലും മറ്റൊരു കുടുംബത്തിലേക്കു ചെന്നുകേറേണ്ടതല്ലേ... എസ്തറിന്റെ വേഷംകെട്ടുകൾ പരിധിവിടുമ്പോൾ ശോശാമ്മച്ചി പരിഭവം ഒരു നെടുവീർപ്പിലൊതുക്കും. എസ്തറിനുണ്ടോ കൂസൽ! ഓൺലൈനായും കടകയറി നിരങ്ങിയും വാങ്ങിക്കൂട്ടുന്ന ഫാഷനുടുപ്പുകൾക്ക് വല്ല പഞ്ഞവുമുണ്ടോ? കൈകേറിയും കാലുകീറിയും ഇറുകെപ്പിടിച്ചും കിടക്കുന്ന അമ്മാതിരി വേഷങ്ങൾ കണ്ടാൽ മതി ശോശാമ്മച്ചിക്കു വട്ടിളകാൻ. 

അല്ലേലും ബോഡിഷെയിപ്പിനൊത്ത നല്ല ഉടുപ്പുകളൊക്കെ ഈ പ്രായത്തിലല്ലാതെ പിന്നെ രണ്ടു പിള്ളാരേം പെറ്റ് വയറും ചാടി വീർത്തുകെട്ടിയിരിക്കുമ്പോൾ ഇടാനുള്ളതാണോ തള്ളേ എന്നും പറഞ്ഞ് എസ്തർ കോക്കിരികുത്തും. പിന്നെ സ്വന്തമായി ജോലി ചെയ്ത് പത്തു കാശുണ്ടാക്കുമ്പോൾ പെണ്ണിനും അൽപം പത്രാസൊക്കെയാകുന്നതിൽ തെറ്റുണ്ടോ? മറ്റാരുടെയും ഓശാരത്തിനല്ലല്ലോ... അല്ലേലും സ്വന്തം ജീവിതം സ്വന്തം ഇഷ്ടത്തിനുകൂടി ജീവിക്കാനല്യോ എന്നതാണ് എസ്തറിന്റെ ഒരു ലൈൻ. 

ടിവിയിൽ ശോശാമ്മച്ചി കണ്ണീർസീരിയലുകൾ വയ്ക്കുമ്പോഴേക്കും എസ്തർ പിറുപിറുത്തും കൊണ്ട് മുറിയിൽ കയറി വാതിലടയ്ക്കും. അവൾക്കു ടിവിയിൽ തട്ടുപൊളിപ്പൻ പാട്ടുകളും ഹിന്ദി സിനിമകളും മാത്രമാണ് പഥ്യം. ശോശാമ്മച്ചി ടിവി റിമോട്ടെടുക്കുന്നതോടെ എസ്തറിന്റെ മുഖം കറുക്കും. ഉണ്ണാൻനേരം ശോശാമ്മച്ചി എത്ര വിളിച്ചാലും എസ്തർ മടിപിടിച്ച് കിടക്കയിലോ സോഫയിലോ വവ്വാലു കണക്കെ തൂങ്ങിപ്പിടിച്ചിരിക്കുന്നതു കാണാം. ഊണുമേശയിൽ ഒരുമിച്ചിരുന്ന് വിളമ്പിക്കഴിച്ച കാലം മറന്നു. അടുക്കളയിൽ നിന്ന് വല്ലതും വാരി പ്ലേറ്റിലിട്ട് നേരെ ടിവിക്കുമുന്നിൽ ചെന്നു പടിഞ്ഞിരിക്കും. വായ് തുറന്നെന്തെങ്കിലും മിണ്ടിക്കേൾക്കാൻ കൊതിയാകും ശോശാമ്മച്ചിക്ക്. സ്നേഹത്തോടെ എന്തേലും പറഞ്ഞു തുടങ്ങിയാൽ രണ്ടാംവാക്കിന് തറുതല പറഞ്ഞ് എസ്തർ ആ ഫ്ലോ അങ്ങ് കളയും. പിന്നെക്കുറേനേരം മൊബൈലും നോക്കി കുത്തിയിരിക്കുന്നതു കാണാം. അപ്പോഴൊന്നും ശോശാമ്മച്ചികൂടി ആ വീട്ടിലുള്ളതായി ഭാവിക്കുക പോലും ചെയ്യില്ലാത്രേ എസ്തർ.

പരാതി പറയാൻ തുടങ്ങിയാൽ എസ്തറിനുമുണ്ട് ശോശാമ്മച്ചിയെക്കുറിച്ച് വാതോരാതെ പറയാൻ. അമ്മയെ വളർത്തിയതുപോലെ തന്നെ കൊച്ചുമകളെയും വളർത്തണമെന്നു വാശിപിടിക്കുന്നതിൽ വല്ല ന്യായവുമുണ്ടോയെന്ന് എസ്തർ ചോദിക്കുന്നതിൽ അൽപം ന്യായമില്ലാതില്ല. മോളൊരുത്തിയെ പഠിപ്പിച്ച് നഴ്സാക്കി കാനഡയിലേക്കു വിട്ടല്ലോ. ഇനി ശോശാമ്മച്ചിക്കു വല്ല വേദപുസ്തകവും വായിച്ച് നല്ലനല്ല പലഹാരങ്ങളുമൊക്കെയുണ്ടാക്കിത്തന്ന് എവിടെയെങ്കിലും മിണ്ടാതിരുന്നുകൂടെ? കൊച്ചുമോളുടെ ഉടുപ്പിന്റെ ഫാഷൻ നോക്കി കുറ്റപ്പെടുത്താനും മുടിയിൽ കളറടിച്ചതു കണ്ട് നെഞ്ചത്തടിക്കാനും മൊബൈലിലൊരു കോൾ വന്നാൽ ആരാ എന്താ എന്തിനാ എന്നൊക്കെ തിരക്കാനും വരേണ്ട കാര്യമുണ്ടോ? എസ്തർ കോളജു വിട്ടുവരുന്ന സമയം നോക്കി ക്ലോക്കിന്റെ മിനിറ്റുസൂചിയിൽ തൂങ്ങിക്കിടക്കണോ? അല്ലേലും അത്യാവശ്യം കരാട്ടെയും കയ്യിൽ ചില്ലി സ്പ്രേയുമൊക്കെ കൊണ്ടുനടക്കുന്ന അവൾക്ക് അവളെ സൂക്ഷിക്കാനറിയാം. കഴിഞ്ഞ ബെർത്ത്ഡേയ്ക്ക് വീട്ടിൽ സർപ്രൈസ് കേക്കുമായി ക്ലാസ്മേറ്റ്സ് വന്നപ്പോൾ ആ കൂട്ടത്തിലുണ്ടായിരുന്ന പയ്യന്മാരെ മാറിമാറിവിളിച്ച് ചോദ്യം ചെയ്തു നാറ്റിച്ചുകളഞ്ഞു ശോശാമ്മച്ചി. എല്ലാവരെയും സംശയത്തിന്റെ തിമിരക്കണ്ണട വച്ചുനോക്കാനേ പുള്ളിക്കാരിക്ക് അറിയൂ. അയലത്തെ പയ്യ് പെറ്റതും വകയിലെ ഏതോ വല്യപ്പന് തൈലാഭിഷേകം ചെയ്തതും ഇടവകപ്പള്ളിയിലെ കുടുംബധ്യാനത്തിന് അച്ചൻ നല്ല സമരിയാക്കാരന്റെ കഥ പറഞ്ഞതും പോലുള്ള ശോശാമ്മച്ചിയുടെ വിശേഷങ്ങൾ കേട്ടിരുന്നാൽ എസ്തറിനു തല പെരുക്കും. അങ്ങനെയങ്ങനെ എല്ലാദിവസവും എന്തെങ്കിലുമുണ്ടാകും എസ്തറിനും ശോശാമ്മച്ചിക്കും പിണങ്ങാൻ.. പിന്നീട് ഇണങ്ങാതിരിക്കാൻ.

നമ്മുടെ ചുറ്റിലുമുണ്ട്, ഇതുപോലെ ഒരേ മേൽക്കൂരക്കീഴിൽ രണ്ടു ഭൂഖണ്ഡങ്ങളായി വെട്ടിപ്പിളർന്ന് അകന്നുകഴിയുന്ന എസ്തർ– ശോശാമ്മച്ചിമാർ. ജനറേഷൻ ഗ്യാപ്പെന്നു പറഞ്ഞു ചെറുതാക്കുമ്പോഴും ഇവരുടെ ഉള്ളിലെ സംഘർഷങ്ങൾ അത്ര ചെറുതായിരിക്കില്ല പലപ്പോഴും. ഒരേ ഭാഷ സംസാരിക്കുമ്പോഴും അതു പല പ്രായക്കാർ തമ്മിലാകുമ്പോൾ എവിടെയൊക്കെയോ ആശയവിനിമയം അൽപം സങ്കീർണമാകുന്നു. അർഥവ്യത്യാസങ്ങൾ വരുന്നു. പിന്നീട് ദുരർഥങ്ങളിലും ദുരാന്വയങ്ങളിലും ഉടക്കി സംഘർഷഭരിതമാകുന്നു. പതിയെപ്പതിയെ ഇരുകൂട്ടരും നിശ്ശബ്ദരാകുന്നു. സംസാരങ്ങളില്ലാത്ത വീടിനോളം സങ്കടപ്പെടുത്തുന്ന മറ്റെന്തുണ്ട്! ഈ മിണ്ടായ്മ രണ്ടു തലമുറകൾ തമ്മിലാകാം. വീട്ടുകാരും വീട്ടിലേക്കു കല്യാണം കഴിഞ്ഞു വരുന്നവരും തമ്മിലാകാം. പങ്കാളികൾ തമ്മിലാകാം.. ചിലപ്പോഴെങ്കിലും സംസാരമില്ലായ്മ അവളവളോടു തന്നെയാകാം. രണ്ടുതരം ശരികൾക്ക് ഒരിക്കലും ഒരിടത്തു നിലനിൽക്കാൻ കഴിയില്ലെന്നു പറയുന്നത് എത്ര സത്യമാണ്. രണ്ടു ശരികളുംകൂടി പരസ്പരം മത്സരിച്ചുകൊണ്ടേയിരിക്കും. ഒരു ശരി മറ്റൊരു ശരിയെ തെറ്റാക്കുന്നിടത്തേ ആ മത്സരം അവസാനിക്കൂ. ചിലർ ആ മത്സരത്തിനു നിന്നുകൊടുത്ത് സ്വയം വേദനിക്കാതെ കളമൊഴിഞ്ഞ് സ്വന്തം ശരികൾ അതിജീവിക്കുന്ന മറ്റൊരിടത്തേക്കു ചേക്കേറുന്നു. അത്രയേയുള്ളൂ...

Content Summary: Pink Rose column on generation gap 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS