കള്ളിനാണയങ്ങളേ, കൺവെട്ടത്തു കാണരുത്

worried-young-woman
Representative Image. Photo Credit :fizkes / Shutterstock.com
SHARE

പല മലയാളി വീട്ടമ്മമാരുടെയും ജീവകോശത്തിൽ അടിഞ്ഞുകൂടിയ സ്ത്രീവിരുദ്ധത എത്രയുണ്ടാകുമെന്നു സങ്കൽപിച്ചിട്ടുണ്ടോ? ജനിച്ചനാൾ മുതൽ തൂണിലും തുരുമ്പിലും അവൾ കാണുന്നതും കേൾക്കുന്നതും ഓരോ ശ്വാസത്തിലും അനുഭവിച്ചറിയുന്നതും പലരുടെ വക പല ഡോസുകളിലുള്ള സ്ത്രീവിരുദ്ധത തന്നെയല്ലേ? ഇതുമാത്രം പോരേ അവളെ മാടമ്പള്ളിയിലേതുപോലെ ഒരു മനോരോഗിയാക്കി മാറ്റാൻ? ഇത്തരത്തിൽ കൊടിയ രോഗം ബാധിച്ച ചില സ്ത്രീകളാണ്, മറ്റു സ്ത്രീകളുടെ സന്തോഷങ്ങളെക്കൂടി ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ടെന്താ, എവിടെപ്പോയി സ്ത്രീപുരോഗമനവാദം പ്രസംഗിച്ചാലും സദസ്സിന്റെ പിൻനിരയിൽനിന്ന് ഇങ്ങനൊരു കുശുകുശുപ്പുയരുന്നതു കേട്ടിട്ടില്ലേ.. പെണ്ണ് തന്നെയാണ് പെണ്ണിന്റെ ഏറ്റവും വലിയ ശത്രു. ഈ കുറ്റപ്പെടുത്തൽ എല്ലാ പെണ്ണുങ്ങളെയും ഉദ്ദേശിച്ചുകൊണ്ടല്ല. ശരീരംകൊണ്ടുമാത്രം സ്ത്രീയാകുകയും മനോഭാവംകൊണ്ടും നിലപാടുകൾകൊണ്ടും പുരുഷനായിരിക്കുകയും ചെയ്യുന്ന സ്ത്രീകളെ ഉദ്ദേശിച്ചാണ്. കുടുംബവ്യവസ്ഥിതിയിൽ ഈ ആണധികാര ഏജൻസികളായി മാറുന്നത് പലപ്പോഴും അമ്മായിയമ്മമാരും നാത്തൂന്മാരുമായിരിക്കുമെന്നു മാത്രം. വീടിനു പുറത്ത്, വകയിലെ അമ്മായിമാരും അമ്മൂമ്മമാരും അയലത്തെ ചേട്ടത്തിമാരും മേലുദ്യോഗസ്ഥകളും വരെ സൗകര്യം പോലെ ഈ റോൾ ഏറ്റെടുക്കാറുണ്ട്. പ്രത്യക്ഷത്തിൽ സ്ത്രീകളായിരിക്കുന്നതിനാൽ ഇവരുടെയുള്ളിലെ സ്ത്രീവിരുദ്ധത എളുപ്പം തിരിച്ചറിയണമെന്നില്ല. പക്ഷേ തിരിച്ചറിയാൻ സാധിച്ചാൽ ഇത്തരം കള്ളിനാണയങ്ങളെ തിരിച്ചറിഞ്ഞ് അകറ്റിനിർത്തുക തന്നെ വേണം. നമ്മുടെ ജീവിതത്തിന്റെ റിമോട്ട് കൺട്രോൾ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നവരുമായgള്ള റിലേ തന്നെ കട്ട് ചെയ്തേക്കണം. 

ജോലിത്തിരക്കും വീട്ടുത്തരവാദിത്തങ്ങളുമൊക്കെയായി പെണ്ണുങ്ങൾക്കു നിന്നുതിരിയാൻ നേരമില്ലാതായി. എങ്കിലും ഇനിയും പൂർണമായും തിരശ്ശീല വീണെന്നു പറയാനൊക്കുമോ പെണ്ണുങ്ങൾക്കിടയിലുള്ള പീട്ടുംപോരിനും? എന്നാൽ പോരുകുത്തുന്ന മിക്കവർക്കുമുണ്ടാകും അവർ അങ്ങേയറ്റം മുറിവേൽക്കപ്പെട്ടൊരു പൂർവകാലത്തിന്റെ നൊമ്പരക്കഥ. അന്നത്തെ മുറിപ്പാടുകളിൽനിന്ന് ഇന്നുമവർക്കു ചോര പൊടിയുന്നതുകൊണ്ടാകാം മറ്റൊരാളെക്കൂടി വേദനിപ്പിക്കുന്നതിന്റെ ക്രൂരതയിൽ അവർ സന്തോഷം തിരയുന്നത്. കോളജിലൊക്കെ ഏറ്റവും ക്രൂരമായി റാഗ് ചെയ്യപ്പെടുന്നവരല്യോ അടുത്ത ബാച്ച് പിള്ളേര് വരുമ്പോൾ റാഗിങ്ങിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. 

കുടുംബബന്ധങ്ങളിലും കാണാം ഇത്തരമൊരു റാഗിങ്ങിന്റെ ‘റിവഞ്ച് ഫോർമുല’. ഒരുകാലത്തു കെട്ട്യോന്റെ വീട്ടുകാർ നടതള്ളിയതിന്റെ പേരിൽ ദെണ്ണപ്പെട്ട പെണ്ണുങ്ങളിൽ ചിലർക്കെങ്കിലും മറ്റൊരുത്തി സന്തോഷമായി ജീവിക്കുന്നതു കണ്ണിനു പിടിക്കില്ല. താൻ അനുഭവിച്ച സങ്കടവും അവഗണനയും മറ്റൊരുത്തിയുടെ കൂടി അക്കൗണ്ടിലേക്കിട്ടാലേ ചിലർക്ക് മനഃസമാധാനം വരൂ. സ്ത്രീകൾ തന്നെ സ്ത്രീയുടെ ശത്രുവായി മാറുന്ന ഈ സവിശേഷ സാഹചര്യം വീട്ടകങ്ങളിൽ മാത്രമല്ല, തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലുമെല്ലാം കാണാം. ബസ് യാത്രയിലോ പൊതുവഴിയിലോ ഒരു പെൺകുട്ടിയോട് ആണൊരുത്തൻ അപമര്യാദയായി പെരുമാറിയാൽ കൂടെയുള്ള മറ്റു സ്ത്രീകൾ എടുക്കുന്ന നിസ്സംഗതാ നിലപാട് ഈ സ്ത്രീവിരുദ്ധതയുടെ മറ്റൊരുദാഹരണമാണ്. അസമയത്ത് ഏതെങ്കിലും പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ അവളുടെ നടപ്പിനെയും ഉടുപ്പിനെയും പഴിപറയുന്ന സ്ത്രീകൾ ഇതേ ആണധികാര ഏജൻസിയുടെ കമ്മിഷൻ പറ്റുന്നവരാണ്. പേറ്റുനോവുമായി ഓപ്പറേഷൻ തിയറ്ററിൽ കിടന്നു പുളയുമ്പോൾ പരിഹാസത്തോടെയും ധാർഷ്ഠ്യത്തോടെയും മാത്രം ഇടപെടുന്ന ലേഡി ഡോക്ടറും നഴ്സുമാരും ഇതേ സ്ത്രീവിരുദ്ധതയുടെ തുടർച്ചയാണ്. ഹോസ്റ്റലിലെ അന്തേവാസികളായ പെൺകുട്ടികളോടു വനിതാപൊലീസിന്റെ നയമെടുക്കുന്ന മൂശേട്ട വാർഡനെയും ഇതേ കൂട്ടത്തിൽ പെടുത്താം. പയ്യനു പെണ്ണാലോചിക്കുമ്പോൾ പണമായും പണ്ടമായും എന്തു കിട്ടുമെന്ന് കണക്കുകൂട്ടുന്ന മുതിർന്ന സ്ത്രീകളും ഇതേ മനോഭാവത്തിന്റെ കണ്ണികൾ തന്നെ. വിവാഹശേഷം താൻ അനുഭവിച്ച പീഡനങ്ങളിലൂടെ മറ്റൊരുത്തി കൂടി കടന്നുപോകുന്നതു കാണാൻ വെമ്പൽകൊള്ളുന്ന നാത്തൂന്മാരും ഇതേ സ്ത്രീവിരുദ്ധതയുടെ വൈരൂപ്യം പേറുന്നുണ്ട്. 

അങ്ങനെയാലോചിക്കുമ്പോൾ സ്ത്രീകൾ കൂടുതലായി ഒറ്റപ്പെട്ടുപോകുന്നുവെന്നതാണ് യാഥാർഥ്യം. കാരണം, സ്ത്രീയല്ലേയെന്നു കരുതി അവൾ ചേർത്തുപിടിക്കുന്ന പലരും സ്ത്രീവേഷംകെട്ടിയ പുരുഷന്മാർ തന്നെയാണ്. കരുത്തായും കരുതലായും കൂടെനിൽക്കാൻ കഴിയുന്ന, ശരീരംകൊണ്ടും മനസ്സുകൊണ്ടും നിലപാടുകൊണ്ടും പെണ്ണായ ഒരുത്തിയും ഒരു സ്ത്രീക്കെതിരെയും വിരൽചൂണ്ടുകയോ അവളെ മുറിപ്പെടുത്തുകയോ ചെയ്യില്ല. താൻ അനുഭവിച്ച നിരാലംബതയും നിരാകരണവും മറ്റൊരുത്തികൂടി അനുഭവിക്കണമെന്നു വാശിപിടിക്കുന്നവരെ ചികിത്സിച്ചു ഭേദമാക്കാൻ മെനക്കെടണ്ട. പകരം, ഇപ്പോഴും നേരം പുലരാതെ ഇരുട്ടിലുഴലുന്ന അത്തരം പെണ്ണുങ്ങളിൽനിന്നു മുഖംതിരിച്ച് നമുക്കു മുന്നോട്ടുനടക്കാം, അവിടെ കാത്തിരിക്കുന്ന പ്രകാശമായ പുലരികളിൽ പെണ്ണ് പൂക്കുന്നൊരു ലോകം നാം കണ്ടെത്താതിരിക്കില്ല.. 

Content Summary: Pink Rose, Column written by Riya Joy on Antifeminism

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS