നല്ലുടുപ്പിനും നല്ലനടപ്പിനും അവൾക്കെത്ര മാർക്ക്?

girl-in-skirt
SHARE

നാൽക്കവലയിലൂടെയോ മറ്റോ വഴിനടന്നുപോരുമ്പോൾ കുഞ്ഞേലിക്ക് ഏറ്റവും അരിശം തോന്നുക ചില അവന്മാരുടെ വല്ലാത്ത നിൽപു കാണുമ്പോഴാണ്. ഏതെങ്കിലും തൂണിൽ ചാരി, വളഞ്ഞ വാദ്യം പോലെ, അങ്ങോട്ടുമിങ്ങോട്ടും പിമ്പിരിയാടിയുള്ള നിൽപ്. മുണ്ട് കുറച്ചേറെ മുകളിലേക്കു തെറുത്തുകേറ്റി മടക്കിക്കുത്തി തുടയും കാണിച്ചായിരിക്കും ചില അവന്മാര് വഴിയോരത്തു സ്ഥാനം പിടിക്കുക. അണ്ടർവെയർ പുറത്തു കാണിച്ച് ഞാന്നുകിടക്കുന്ന കീശയിലേക്കു കയ്യിട്ടു ചിലപ്പോൾ ചില്ലറ തപ്പുന്നതു കാണാം. ഇവന്മാർക്കിത് ഷർട്ടിന്റെ പോക്കറ്റിലെങ്ങാനും വച്ചാൽ പോരേ എന്നു കുഞ്ഞേലി അന്നേരം മനസ്സിൽ വിചാരിക്കും. വഴിയിലൂടെയെങ്ങാൻ പെൺവർഗത്തിൽപെട്ട ആരെങ്കിലും നടന്നുപോകുന്നതു കണ്ടാൽ മതി, പിന്നെ അവന്മാര് ഓരോരോ കോപ്രായം കാണിക്കാൻ. കലാഹൃദയമുള്ള വായ്നോക്കികൾ കാര്യം ഒരു മൂളിപ്പാട്ടിലോ ചൂളംകുത്തിലോ മതിയാക്കും. 

വേറെയും ചിലരുണ്ടായിരുന്നു. കുഞ്ഞേലി മറന്നിട്ടില്ല. പെൺപിള്ളേര് വഴി നടന്നു വരുമ്പോഴേക്കും ആർപ്പും അട്ടഹാസവുമൊക്കെയായി ആളാകാൻ നോക്കുന്നവർ. ഇന്നത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ചുമ്മാ ഷോ.. പട്ടി ഷോ കാണിക്കുന്നവർ. മുണ്ട് തെറുത്തുകേറ്റിക്കുത്തി തുടയും തിരുമ്മിയായിരിക്കും നിൽപ്. അശ്ലീലച്ചിരിയും ചിരിച്ച് സ്വന്തം തുടയിൽ രണ്ടു കയ്യുംകൊണ്ട് അടിയും പാസാക്കി നിൽക്കുന്ന അവന്മാരെ കാണുമ്പോൾ പെൺപിള്ളേർ അറപ്പോടെ മുഖം തിരിക്കും. 

മുണ്ട് മടക്കിക്കുത്തുന്നത് ആണത്തമായും അൽപംകൂടി കേറ്റി തെറുത്തുകുത്തി തുട കാണിക്കുന്നത് അൽപം വീര്യം കൂടിയ ആണത്തമായുമൊക്കെ വ്യാഖ്യാനിക്കപ്പെട്ട കാലത്തല്യോ കുഞ്ഞേലിയുടെ കൗമാരം. പെൺകുട്ടികൾക്കു പക്ഷേ കണങ്കാൽവരെയിറക്കമുള്ള പാവാട തന്നെ നിർബന്ധം. അടക്കവുമൊതുക്കവുമൊക്കെ തീരുമാനിച്ചിരുന്നത് അടിപ്പാവാടയുടെ ഇറക്കവും മാറത്തടുക്കിപ്പിടിക്കുന്ന നോട്ടുബുക്കുമൊക്കെയായിരുന്നു. ചേച്ചിമാരുടെ ഫുൾപാവാടയിട്ടു തട്ടിവീണു മുട്ടുപൊട്ടിയിട്ടും പാവാട അൽപം ഇറക്കം കുറച്ചു മടക്കിയടിക്കാൻ അമ്മച്ചി സമ്മതിച്ചിരുന്നില്ല. 

അതൊക്കെ ഒരു കാലം! നെടുവീർപ്പോടെയെങ്കിലും കുഞ്ഞേലി അക്കാലമോർമിച്ചതു വെറുതെയല്ല. പരിഷ്കാരിയായൊരു സിൽമാ നടി മുട്ടോളം പോലും ഇറക്കമില്ലാത്തൊരു കുഞ്ഞിപ്പാവാടയുമിട്ട് എന്തോ വലിയ പരിപാടിക്ക് സ്റ്റേജിൽ വന്നിരുന്നെന്നതിനെച്ചൊല്ലി  ആളുകള് ഓരോന്നു പറയുന്നതുകേട്ട് ചിരിച്ചു വയറുംതിരുമ്മിയിരുന്നപ്പോ കുഞ്ഞേലി ചുമ്മാ ചിന്തിച്ചുപോയതാണേ... എന്തായായും വിവാദം അവളുടെ ഉടുപ്പിനെയും നടപ്പിനെയും പറ്റി കത്തിപ്പടർന്ന ബഹളത്തിനിടയിൽ പുള്ളിക്കാരി സ്റ്റേജിൽ കയറിയിരുന്ന് വിളിച്ചുപറഞ്ഞ നല്ല കാര്യങ്ങൾ ആരും കേട്ടില്ല. അതൊന്നും ആരെയും കേൾപ്പിക്കാതിരിക്കാൻ കൂടിയാകണം ഉടുപ്പുവിവാദം വിരിച്ചിട്ടത്. അല്ലെങ്കിലും പെണ്ണുങ്ങൾ എന്തെങ്കിലുമൊക്കെ പറയേണ്ടവരാണോ? ഉടുത്തൊരുങ്ങി അടങ്ങിയൊതുങ്ങി മാറിനിൽക്കേണ്ടവരല്യോ... മിണ്ടുന്ന പെണ്ണുങ്ങളെ ആർക്കാണിഷ്ടം? മിണ്ടുന്നോരുടെ വായടയ്ക്കാൻ എല്ലാക്കാലവും മറ്റുള്ളവരെന്തെങ്കിലും കാരണങ്ങൾ കണ്ടെത്തിക്കൊണ്ടേയിരിക്കും...

പെണ്ണുങ്ങളുടെ പാവാടയ്ക്കൊരൽപം നീളം കുറഞ്ഞാൽ, കയ്യൊരൽപം കേറിയാൽ, കഴുത്തൊരൽപം ഇറങ്ങിയാൽ, മേലുടുപ്പിന്റെ ഇറുക്കം കൂടിയാലൊക്കെ കണ്ടുനിൽക്കുന്ന ചില അവന്മാർക്കു വികാരത്തള്ളിച്ചയുണ്ടാകുമത്രേ. അതുകൊണ്ട് പെണ്ണു കെട്ടിപ്പൂട്ടി പാത്തുംപതുങ്ങിയും ഒളിച്ചും മറച്ചും നടക്കണമെന്നു പറയുന്നതിൽ എന്തു ന്യായമെന്ന് കുഞ്ഞേലിക്ക് ഇനിയും മനസ്സിലായിട്ടില്ല. കുഞ്ഞേലി അന്നേരം നാൽക്കവലകളിൽ പരസ്യമായി മുണ്ടു തെറുത്തുകയറ്റി മടക്കിയിരിക്കുന്ന ആണുങ്ങളെ ഓർമിക്കും. കുടിച്ചു കോൺതെറ്റിയ ചില കള്ളുകുടിയന്മാർ ഉടുമുണ്ടഴിച്ചു തലയിൽ കെട്ടി തിരുവാതിര കളിക്കുന്നത് ഓർമിക്കും. അടിവസ്ത്രത്തിന്റെ ബ്രാൻഡ് വരെ പുറത്തുകാണും വിധം താഴ്ത്തിക്കെട്ടിയ ലോ വെയിസ്റ്റ് ജീൻസിട്ട പയ്യന്മാരെ ഓർമിക്കും. ടിവിയിലും സ്റ്റേജിലുമൊക്കെ ഓരോ കോമാളിത്തരത്തിനു വേണ്ടി മുണ്ടുപൊക്കി കാണിക്കുന്നവരെ ഓർമിക്കും. ഇല്ല, അപ്പോഴൊന്നും കുഞ്ഞേലിക്കെന്നല്ല, ഒരു പെണ്ണിനും അതൊന്നും കണ്ട് വികാരമുണർന്നിട്ടുണ്ടാകില്ല. അവരുടെ മുണ്ടിന്റെയും ബർമുഡയുടെയും സെന്റിമീറ്റർ നീളമളക്കാൻ ഒരു പെണ്ണും ടേപ്പ് തിരഞ്ഞിട്ടുമുണ്ടാകില്ല. ആണിന്റെ നല്ലനടപ്പ് അവന്റെ തന്നിഷ്ടത്തിനാകാം. പക്ഷേ പെണ്ണിന്റെ നല്ലനടപ്പിനു മാർക്കിടേണ്ടത് നാട്ടുകാരാണല്ലോ. പ്രത്യേകിച്ചും പഠിപ്പും വായനയും സ്വന്തം വരുമാനവും നിലപാടുമുള്ള പെണ്ണിന്റെ നല്ലനടപ്പിന് ജസ്റ്റ് പാസ് മാർക്ക് കിട്ടിയാൽ തന്നെ ഭാഗ്യം... 

ഇനിയെന്നാണാവോ പെണ്ണിന് അവളുടെ ഉടലിന്റെ ഉടമസ്ഥാവകാശം പതിച്ചുകിട്ടുക! നടപ്പിലുമെടുപ്പിലും ഇരിപ്പിലും ഒരുക്കത്തിലുമൊക്കെ അവളുടെ ഇഷ്ടങ്ങൾ നിറവേറുക? സദാചാരക്കമ്മിറ്റിക്കാർ തുന്നിക്കൊടുക്കുന്ന ഉടുപ്പിന്റെ അളവുപാകത്തിനുള്ളിൽക്കിടന്ന് ശ്വാസംമുട്ടുന്ന അവളുടെ ശരീരം ഇനിയെന്നാണ് ഒന്നു സ്വതന്ത്രമായി ശ്വസിക്കുക? നിലപാടുകൾ തന്നെയാണ് അവളുടെ അഴകെന്നു മറ്റുള്ളവർ തിരിച്ചറിയുക...

Content Summary: Pink Rose column on why people criticise women who wear what they like

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS