ഒരു കടലിനു മുങ്ങാൻ മറ്റൊരു കടൽ മതിയാകുമോ?

HIGHLIGHTS
  • ആൾക്കൂട്ടത്തിൽ എപ്പോഴും തനിച്ചാകുന്നപോലെ തോന്നി
  • തൊട്ടുരുമ്മി കടന്നുപോകുന്ന ആൺസ്പർശങ്ങളോടുള്ള അറപ്പിലും വെറുപ്പിലും ശരീരം ചൂളിപ്പോയി
Lonely man walking along beach istock photo
Representative Image Photo By: Chalabala/www.istockphoto.com
SHARE

കൂയ്... കടത്തു കാത്തുനിൽക്കുവാണോ?...

എവിടെനിന്നോ ഒരു കൂക്കിവിളി കേട്ടാണ് വസു തിരിഞ്ഞുനോക്കിയത്. ബോട്ട് ജെട്ടിയോടു ചേർന്നുള്ള ആ നിൽപ് തുടങ്ങിയിട്ട് എത്രനേരമായെന്നുപോലും വസു ഓർമിക്കുന്നില്ല. ആളൊഴിഞ്ഞ കടവ്. ആരുമാരും തിരക്കിവരാനില്ലാത്തവർ ഒടുക്കം ഇവിടെയാണോ എത്തിച്ചേരുക? പുലർച്ചെത്തീവണ്ടിയിൽ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപാടെ ബോട്ട്ജെട്ടിയിലേക്കു വണ്ടി പിടിച്ചതാണ്. തലേരാത്രിയുടെ ഉറക്കച്ചടവുകൊണ്ടാകാം, ബോട്ട്ജെട്ടിക്കടത്തുള്ള, ഇപ്പോഴാരും ബോട്ടിനു കാത്തിരിക്കാറില്ലാത്ത വെയിറ്റിങ് ഷെഡിലെ സിമന്റു ബഞ്ചിൽ ചാരിയിരുന്ന് വസു ഇത്രനേരവും ഒരു മയക്കത്തിലായിരുന്നു. ഉറങ്ങാനാണ് വസുവിന് ഏറെയിഷ്ടം. ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളിൽ ജീവിക്കാനും. 

ഒരു ദിവസം ഉറങ്ങിയുണരുമ്പോൾ മറ്റൊരാളായി മാറിയിരുന്നെങ്കിൽ.... ഈ ജീവിതം മടുത്തിരിക്കുന്നു. വസുവിന്റെ എക്കാലത്തെയും മോഹം സുന്ദരിയായ ഒരു പെൺകുട്ടിയാകണമെന്നായിരുന്നു. ഇപ്പോഴത്തെ ചുരുണ്ടമുടിക്കു പകരം കറുത്ത് ഇടതൂർന്ന മുടിക്കെട്ടിൽ ചെമ്പകപ്പൂക്കൾ വാസനിക്കണം. എത്ര ക്ലീൻ ഷെയ്‌വ് ചെയ്തിട്ടും കിളിർക്കുന്ന പൊടിമീശയ്ക്കു താഴെയുള്ള വരണ്ട ചുണ്ടുകളിൽ മാദകത്വം തുളുമ്പണം. നടക്കുമ്പോൾ അരക്കെട്ടിൽ അന്നനടയുടെ താളമുണ്ടാകണം. ഉടലിന്റെ ഓരോ ഇഞ്ചിലും അടിമുടിയൊരു പെണ്ണാകണം. വസുവിനു പകരം മറ്റൊരു പേര് മനസ്സിൽ കരുതിവച്ചിട്ട് കാലംകുറെയായി; വാസുകി.... വാസുകീ എന്ന് ആരായിരിക്കും തന്നെയാദ്യം വിളിക്കുക? അങ്ങനെയോരോന്നു സ്വപ്നം കണ്ടു രസംപിടിച്ചുവന്നപ്പോഴായിരുന്നു കടത്തുകാരന്റെ കൂക്കിവിളി. വസുവിന് നിരാശ തോന്നി. തന്റെ മുഖത്തെ പൊടിമീശയിലും ചുരുളൻമുടിയിലും ചൊട്ടിക്കിടക്കുന്ന മാറിടങ്ങളിലും തടവി വസു ആ നിരാശ ഒന്നുകൂടി ഉറപ്പുവരുത്തി. ഇല്ല, എല്ലാം പഴയപടിതന്നെ...ഇപ്പോഴും ഉറക്കത്തിനു മുൻപുള്ള അതേ പതിനെട്ടുവയസ്സുകാരൻ പയ്യൻ തന്നെ.

വസു വെയിറ്റിങ് ഷെഡിൽനിന്നു പുറത്തിറങ്ങി കായൽപ്പരപ്പിലേക്കു നോക്കി. മീൻപിടിക്കാൻ വലയുമായി വന്ന കൊട്ടവഞ്ചിക്കാരൻ അതാ ബോട്ടുജെട്ടിയിലെ ഉണക്കമരക്കുറ്റിയിൽ ചാരിനിന്ന് ബീഡി വലിച്ചുകൊണ്ടിരിക്കുന്നു. വസുവിനെ കണ്ടപ്പോൾ ഒരു വളിച്ച ചിരി ചിരിച്ചെന്നുവരുത്തി. ആ ചിരിയിൽ അയാളുടെ മഞ്ഞച്ച പല്ലുകൾ തെളിഞ്ഞു. ബീഡി താഴെയിട്ട് പെരുവിരൽകൊണ്ട് ചവിട്ടി ഞെരിച്ച് അയാൾ വസുവിന്റെ അടുത്തേക്കു വന്നു. വസു അൽപം പരിഭ്രമത്തോടെ പിന്നോട്ടു നീങ്ങിനിന്നു. അപരിചിതരായ ആണുങ്ങളെ കാണുമ്പോൾ വസുവിന് പണ്ടേ പേടിയാണ്. ഷർട്ടിന്റെ കോളർ ബട്ടണുകൾ ചേർത്തുപിടിച്ച് കൈവിരലുകൾ പിണച്ച് തല കുമ്പിട്ട് അവൻ ഉൾവലിഞ്ഞുനിന്നു.

‘‘നീയെന്തെടാ ചെക്കാ ഒരുമാതിരി പെണ്ണുങ്ങളെപ്പോലെ.. ഇങ്ങാട് നീക്കിനില്ല്.’’

അയാൾ നരച്ച താടിയും ഞൊറിഞ്ഞ് പരുക്കൻ ശബ്ദത്തിൽ പറഞ്ഞു. വസു ഷെഡിനകത്തേക്കു തന്നെ നീങ്ങിനിന്നു. അയാളുടെ ബലിഷ്ഠമായ കൈകളിൽ പായലിന്റെ പച്ചപ്പും ചെളിയും പുതഞ്ഞിരിക്കുന്നതു കണ്ടപ്പോൾ വസുവിന് ഓക്കാനം വന്നു. ബീഡിയുടെ വല്ലാത്തൊരു മണമുണ്ടായിരുന്നു അയാളുടെ നിശ്വാസങ്ങൾക്ക്. 

‘‘ഈ ജെട്ടീല് ബോട്ടും വള്ളോമൊന്നും അങ്ങനെ വരാറില്ല ചെറുക്കാ. അല്ലെങ്കിലും പാലം വന്നതിൽപിന്നെ കടത്തുവള്ളത്തിനെന്തു കാര്യം.?’’

വസു അതിനു മറുപടിയൊന്നു പറഞ്ഞില്ല. അല്ലെങ്കിലും താൻ ഇവിടെ ബോട്ടുസവാരിക്കു വന്നതല്ലെന്ന് അയാളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലല്ലോ. കടവിൽ ആളൊഴിഞ്ഞ് നേരമിരുട്ടുന്നതുവരെ കാത്തിരിക്കാൻ ഉറപ്പിച്ചുതന്നെയാണ് വസു വന്നത്. ഇങ്ങനെയൊരു കാത്തിരിപ്പിന് വല്ലാത്ത രസമുണ്ട്. അവസാനത്തെ കാത്തിരിപ്പ്. ഇതിനു മുൻപുള്ള ഓരോ കാത്തിരിപ്പും അവസാനിച്ചത് നിരാശയിലാണ്. ഇത് അങ്ങനെയാകാതിരിക്കട്ടെ. 

കുട്ടിക്കാലത്ത് അയൽവക്കത്തെ പെൺകുട്ടികളുടെ കൂടെ കളിക്കുന്നതു കാണുമ്പോഴൊക്കെ അമ്മ ചെവിക്കു പിടിച്ചു മാറ്റിനിർത്തി ഉറക്കെ പറയുമായിരുന്നത് വാസു ഓർത്തു. ‘‘യ്യ് ഒരാൺകുട്ട്യല്ലേ.. പോയി ചെക്കന്മാരുടെ കൂടെ കളിക്ക്’’ എന്തോ വസുവിന് അന്നും പെൺകുട്ടികളുടെ കൂടെ കളിക്കാനായിരുന്നു ഇഷ്ടം. അയലത്തെ വീടുകളിലെ പെൺകുട്ടികളുടെ കൂടെ തൊങ്കിക്കളിച്ചും വട്ടു കളിച്ചുമായിരുന്നു ബാല്യം. അമ്മയുടെ സാരി വാരിച്ചുറ്റി, കണ്ണെഴുതി, ചുണ്ടൊക്കെ ചുവപ്പിച്ച് കണ്ണാടി നോക്കിനിന്നൊരു ദിവസം അച്ഛൻ കയ്യോടെ പിടിച്ച് തൈത്തെങ്ങിൽ കെട്ടിയിട്ടു പൊതിരെത്തല്ലി. ‘ആണുംപെണ്ണും കെട്ടവൻ.. അസത്ത്... ന്റെ മുന്നിൽ വന്നേക്കരുത്..’’ പിന്നീട് ഉമ്മറക്കോലായിലേക്കൊന്നും വരാതെ അടുക്കളയിലും പിന്നാമ്പുറത്തുമായി ജീവിതം. 

സന്ധ്യക്ക് തറവാട്ടമ്പലത്തിൽ ദീപാരാധനയ്ക്ക് ഒരൊറ്റമുണ്ട് മാത്രം ചുറ്റി പോകുമ്പോൾ ചുറ്റും നിന്ന ആണുങ്ങളൊക്കെ തന്റെ നഗ്നതയിലേക്കാണു നോക്കുന്നതെന്നു തോന്നി സങ്കടപ്പെട്ടിട്ടുണ്ട്. മേൽച്ചുണ്ടിനു മീതെ മീശ കിളിർക്കാൻ തുടങ്ങിയപ്പോഴാണ് ജീവിതം കൈവിട്ടുപോകുന്നപോലെ തോന്നിയത്. അതുവരെ വസു കരുതിയത്  അവനും ഒരു ദിവസം പെണ്ണായി മാറുമെന്നായിരുന്നു. മുത്തശ്ശി പറഞ്ഞിട്ടുണ്ട്; തീണ്ടാരിച്ചുവപ്പാണത്രേ പെണ്ണിനെ പെണ്ണാക്കുന്നതെന്ന്. എന്നിട്ടാണത്രേ അരയും മുലയും വളർന്ന് ഒത്ത പെണ്ണായി മാറുക. അമ്മിണിയേടത്തിയെപ്പോലെ, രാധക്കൊച്ചിനെപ്പോലെ തനിക്കും തീണ്ടാരി വരാത്തതെന്തേയെന്ന് അമ്മയോടു ചോദിച്ചദിവസം വസു മറന്നിട്ടില്ല. അന്നാണ് അമ്മ  വസുവിനെ വീട്ടിൽനിന്ന് ആട്ടിയിറക്കിയത്. അന്നുരാത്രി നാടുവിട്ടതാണ്.... ഒരു കുഞ്ഞു ബാഗിൽ കുറച്ച് ഉടുപ്പും കണ്ണാടിയും കരിമഷിയും കുറച്ചു നാണയത്തുട്ടും... എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞു... ആൾക്കൂട്ടത്തിൽ എപ്പോഴും തനിച്ചാകുന്നപോലെ തോന്നി... തൊട്ടുരുമ്മി കടന്നുപോകുന്ന ആൺസ്പർശങ്ങളോടുള്ള അറപ്പിലും വെറുപ്പിലും ശരീരം ചൂളിപ്പോയി... പെൺസ്വരമെന്ന് ആളുകൾ പരിഹസിക്കുമോ എന്നു ഭയന്ന് മിണ്ടാട്ടംതന്നെയില്ലാതായി. 

അത്രമേൽ നിസ്സഹായമായ ആ ദിവസങ്ങളിലാണ് വസു അവനെ കണ്ടുമുട്ടുന്നത്. നഗരത്തിലെ സ്റ്റാർ ഹോട്ടലിലെ വെയിറ്ററായിരുന്നു അവൻ. വസു അതേ ഹോട്ടലിന്റെ പിന്നാമ്പുറത്തു കയ്യൊഴിവില്ലാതെ ഓരോരോ വിടുപണി ചെയ്തു കഴിയുമ്പോഴാണ് അവനെ പരിചയപ്പെടുന്നത്. ഒഴിവുനേരങ്ങളിൽ ഹോട്ടലിലെ മ്യൂസിക് ബാൻഡിനൊപ്പം അവൻ ബ്യൂഗിൾ വായിക്കുന്നതുകേൾക്കാൻ വസു ചെവി വട്ടംപിടിക്കാറുണ്ട്. വൈകാതെ വസു തിരിച്ചറിയുകയായിരുന്നു; അവനോടു തനിക്കു പ്രണയമാണെന്ന്. പക്ഷേ അവനോട് അതെങ്ങനെ പറയണമെന്നറിയാതെ വസുവിന്റെ പെൺഹൃദയം വീർപ്പുമുട്ടി. അവന്റെ കൈ കോർത്തുപിടിച്ച് ബീച്ചിലൂടെ കടലകൊറിച്ചു നടക്കുമ്പോഴൊക്കെ വസു കരുതി, ഒരു ദിവസം തന്റെ ഇഷ്ടം തിരിച്ചറിഞ്ഞ് അവൻ തന്നെ ജീവിതത്തിലേക്കു വിളിക്കുമെന്ന്.

ഇന്നലെയാണ് അവൻ അവന്റെ പ്രണയിനിയെ വസുവിന് പരിചയപ്പെടുത്തിക്കൊടുത്തത്. അതിസുന്ദരിയായൊരു ഗോവക്കാരി... വെള്ളാരംകണ്ണുകൾ... നന്നായി പാടുമത്രേ.. അവൻ അവളെക്കുറിച്ച് വാചാലയായപ്പോഴും വസുവിന്റെ കണ്ണുകൾ അസൂയയോടെ ഉടക്കിനിന്നത് അവളുടെ ശരീരത്തിന്റെ തുടിപ്പുകളിലായിരുന്നു.. നിന്ന നിൽപിൽ ഈ ഭൂമി പിളർന്നു താഴേക്കു പോയിരുന്നെങ്കിൽ എന്നാണ് അപ്പോൾ വസുവിന് തോന്നിയത്. ആ തോന്നലാണ് വസുവിനെ ഈ കടലിനരികെയെത്തിച്ചതും. പെട്ടെന്നു മയക്കത്തിൽനിന്നു ഞെട്ടിയുണർന്നപോലെ വസു മുഖമുയർത്തിനോക്കിയപ്പോൾ മുന്നിൽ നേരത്തെ കണ്ട അപരിചിതനെ കാണാനില്ല. അയാൾ മറ്റേതോ കടവുതേടി പോയിരിക്കണം. മുന്നിൽ കായലിന്റെ നീലപ്പരപ്പും ഓളംവെട്ടുന്ന അതിന്റെ തുള്ളിത്തുളിപ്പും മാത്രം. നേരമിരുട്ടുവീണു തുടങ്ങിയിരുന്നു. കടൽ വേലിയേറ്റത്തിലെന്നപോലെ ആർത്തലച്ചുകൊണ്ടിരുന്നു. അതിലും വന്യതയോടെ വസുവിന്റെയുള്ളിലും ഒരു കടലിരമ്പുന്നുണ്ടായിരുന്നു... ഒരു കടലിനു മുങ്ങാൻ മറ്റൊരു കടൽ മതിയാകുമായിരുന്നോ?  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS