ആലീസിന്റെ അവധിക്കാലങ്ങൾ (എന്നെക്കെ‍ാണ്ടു പറയിപ്പിക്കരുത്!)

desperate-housewife-sick-tired-cooking
Representative Image. Photo Credit : Studio Romantic / Shutterstock.com
SHARE

അടുക്കളത്തിരക്കും വീട്ടുപണിയുമൊതുക്കി സീരിയൽ കാണാൻ റിമോട്ടെടുത്തു കയ്യിൽവച്ച് സോഫയിൽ ചാരിക്കിടക്കുമ്പോൾ ആലീസിന്റെ കണ്ണുകൾ ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന കലണ്ടറിലൂടെ പരതിയിറങ്ങും. കൈവിരലുകൾകൊണ്ടു ചില തീയതികളും ദിവസങ്ങളുമൊക്കെ കൂട്ടിക്കിഴിച്ച് ഇടയ്ക്ക് നെടുവീർപ്പിടും. പെട്ടെന്നൊരു വെളിപാടു കിട്ടിയപോലെ ഞെട്ടിയെഴുന്നേറ്റ് കലണ്ടറിലെ ഏതാനും തീയതിക്കളങ്ങളിൽ എന്തൊക്കെയോ കുത്തിക്കുറിക്കും. പിന്നെയും തിരികെവന്നിരിക്കും. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആലീസ് ആ കലണ്ടറിൽതന്നെ തൂങ്ങിക്കിടക്കുകയാണെന്നു പറയുന്നതാവും നല്ലത്. ഏപ്രിൽ–മേയ് അവധിക്കാലമല്യോ... എന്തെല്ലാം പ്രതീക്ഷകളായിരുന്നെന്നോ ആലീസിന്. പിള്ളേർക്കും അതിയാനും എങ്ങനെയായാലും കഷ്ടി ഒന്നൊന്നരമാസം അവധി കിട്ടും.. എന്നിട്ടുവേണം ആഘോഷിക്കാൻ... 

അവധിക്കാലത്ത് ആർക്കും രാവിലെ എങ്ങോട്ടും കെട്ടിപ്പുറപ്പെട്ടു പോകേണ്ടാത്തതുകൊണ്ട് ഇച്ചിരിനേരം കൂടി വൈകി ഉണർന്നാൽ മതിയല്ലോ ആലീസിന്. അല്ലേലും എന്നും വെളുപ്പിനു നാലു മണിക്ക് എഴുന്നേറ്റ് അടുക്കളയിൽ കയറി കുമ്മിയടിക്കുന്ന ആലീസിന്റെ ഏറ്റവും വലിയ സ്വപ്നം കൊച്ചുവെളുപ്പാം കാലത്ത് മൂടിപ്പുതച്ചുകിടന്നുറങ്ങുകയെന്നതായിരുന്നല്യോ. അതുമാത്രമല്ല, അതിയാനേം കൂട്ടി എവിടെയെങ്കിലുമൊക്കെ ഒരു യാത്ര പോകണമെന്നതായിരുന്നു അടുത്ത ഡിമാൻഡ്. ഇടവകപ്പള്ളിയിൽനിന്നും സമാജത്തിൽനിന്നുമൊക്കെ ചിലർ ടൂർ പോയി ഫെയ്സ്ബുക്കിൽ പടപടേന്ന് ഡിപി മാറ്റുന്നതു കാണുമ്പോൾ ആലീസിന് സങ്കടം തോന്നാറുണ്ട്. ഒന്നുകിൽ പിള്ളേരുടെ പരീക്ഷ, അല്ലേൽ അതിയാന്റെ തിരക്ക്.. ഇതൊന്നും കഴിഞ്ഞ് എവിടെയും പോകാൻ നേരം കിട്ടാറില്ല ആലീസിന്. എത്ര നാളായി എവിടെയെങ്കിലുമൊന്നു പോയിട്ട്.. വേറൊന്നും വേണ്ട, ഊട്ടിയിലോ മൂന്നാറിലോ പോയി ആ തണുപ്പിൽ കുറെനേരം മടിപിടിച്ചുറങ്ങണം... മൂന്നുനേരവും ആരെങ്കിലും വച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ച് സുഖമായിരിക്കണം. എല്ലാ തിരക്കും മറന്ന് അങ്ങേരെ ഒന്നുകൂടി സ്നേഹിക്കണം... കാറിന്റെ മുൻസീറ്റിൽ ചില്ലു താഴ്ത്തിവച്ച് കാറ്റുകൊണ്ട് ഒരുപാടു ദൂരം യാത്ര ചെയ്യണം.. നല്ല ഉടുപ്പുകളൊക്കെയിട്ട് ഫോട്ടോ എടുക്കണം... മുടിയൊന്ന് ഡൈ ചെയ്ത് അൽപം കളർ ചെയ്യണം... ലാലേട്ടന്റെയോ മമ്മൂക്കയുടെയോ ഒന്നു രണ്ടു സിനിമകൾ തീയറ്ററിൽ പോയി കാണണം.. ഹോട്ടലിൽ പോയി വല്ല ചൈനീസോ ക്വോണ്ടിനെന്റലോ ഫുഡ് ഓർഡർ ചെയ്തു കഴിക്കണം. വീട്ടിലെ അയലക്കറിയും ചോറും കൂട്ടാനും പുട്ടും കടലയും കോഴിക്കറിയുമൊക്കെ അത് വച്ചുവേവിക്കുമ്പോഴുള്ള മണമടിക്കുമ്പോൾ തന്നെ ആലീസിന് മനംമടുക്കും. മിക്കപ്പോഴും വല്ല ഉണക്കമീനോ കാന്താരി ഞെരടിപ്പൊട്ടിച്ചു തൈരിൽ ചാലിച്ചതോ കൂട്ടിയാണ് ഭക്ഷണം. ഇപ്പോ അതും മടുത്തു. 

കഴിഞ്ഞ ക്രിസ്മസിന് കാനഡേന്നു വന്ന ഇളയ അനുജത്തി കൊണ്ടുവന്ന നല്ലൊരു ഫ്രോക്ക് അലമാരയിൽ മടങ്ങിയിരിക്കാൻ തുടങ്ങിയിട്ടു കുറെയായി. ഇവിടെ താഴത്തങ്ങാടിയിൽ മീൻ വാങ്ങാൻ പോകുമ്പോഴോ ഗബ്രിയേലച്ചന്റെ ഏന്തിവലിഞ്ഞുള്ള കുർബാന കാണാൻ പോകുമ്പോഴോ ഫ്രോക്കിട്ടു പോകാൻ പറ്റില്ലല്ലോ. പിള്ളേരുടെ അവധിക്ക് ടൂർ പോകുമ്പോൾ ഇടാൻ വേണ്ടി അന്നു തൊട്ടേ പ്രത്യേകം മാറ്റിവച്ചിരിക്കുകയല്യോ ആ പുത്തനുടുപ്പ്. ടൗണിലെ ബ്യൂട്ടി പാർലറിൽ പോയി ഒരു മെയ്ക്കോവർ ചെയ്താലോ എന്ന ആലോചനയും ഇല്ലാതില്ല. എന്തായാലും പെരുന്നാളിന് അമ്മായിയമ്മ വന്നുപോയിട്ടുമതി അമ്മാതിരി കോപ്രായമെന്ന് ആലീസ് നേരത്തെ മനസ്സിലുറപ്പിച്ചിരുന്നു. മോന്റെ കൂട്ടുകാരന്റെ അമ്മ സോഫിയെന്നൊരുത്തി ഒരു സൂംബാ ക്ലാസ് നടത്തുന്നണ്ടത്രേ. പത്തുദിവസം ഇങ്ങോട്ടുവായോ.. ചേച്ചീടേ ലവ് ഹാൻഡിലൊക്കെ ഞാൻ ശരിയാക്കിത്തരാമെന്ന് കുറെ നാൾ മുൻപ് സോഫി പറഞ്ഞിരുന്നതാണ്... പിള്ളേരുടെ വെക്കേഷനാകട്ടെ, അപ്പോൾ വരാമെന്ന് അവൾക്കു വാക്കുകൊടുക്കയും ചെയ്തു. ഇതിനിടയിൽ പറ്റിയാൽ നാലഞ്ചുദിവസം സ്വന്തം വീട്ടിലുമൊന്നു പോയി നിൽക്കണമെന്നുണ്ട്. വീട്ടുപറമ്പിലെ വരിക്കപ്ലാവ് ഇത്തവണ നല്ലോണം കായ്ച്ചു.. നീയിങ്ങു വാടീ വാടീയെന്നു പറഞ്ഞ് അമ്മച്ചി ഏതുനേരവും വിളിയാണ്. അപ്പച്ചന്റെ ഓപ്പറേഷൻ കഴിഞ്ഞതിൽപിന്നെ അവിടൊന്നു പോയി ഒരന്തി താമസിക്കണമെന്ന ആലീസിന്റെ മോഹം വീട്ടിലെ തിരക്കുകൾ കാരണം അവധിക്കുവയ്ക്കാൻ തുടങ്ങിയിട്ടു കാലമെത്രയായി. 

ഇങ്ങനെ നൂറുനൂറു പ്ലാനുകളുമായിട്ടാണ് ആലീസ് കലണ്ടറിലെ ഏപ്രിൽ മേയ് മാസങ്ങളെ താലോലിച്ചുകൊണ്ടിരുന്നത്. എന്നിട്ടെന്തായി.. എന്താവാൻ... ഇന്ന് തീയതി മേയ് 6. മാസമൊന്ന് എത്ര വേഗമാണ് കടന്നുപോയത്. ഏപ്രിൽ മാസം അപ്പാടെ തീർന്നുപോയിട്ടും ആഗ്രഹങ്ങളുടെ ബക്കറ്റ് ലിസ്റ്റ് അതുപോലെതന്നെ ബാക്കിക്കിടക്കുകയാണ് ആലീസിന്. ഒന്നും നടന്നില്ല. ഒരിടത്തേക്കും പോയില്ല. ഇടത്തും വലത്തും കരിമ്പൻ തല്ലി ചമണ്ടുപോയ ആ നൈറ്റിയിൽനിന്നും ടെഫ്ലോൺ കോട്ടിങ് പോയതിനാൽ അടികരിഞ്ഞു പിടിക്കുന്ന ഫ്രൈയിങ് പാനിന്റെ കരിഞ്ഞമണത്തിൽനിന്നും ചേനയും കൂർക്കയുമൊക്കെ നന്നാക്കിക്കഴിയുമ്പോഴുള്ള കൈവിരൽത്തുമ്പുകളിലെ കറപ്പാടുകളിൽനിന്നും ആലീസിന് എങ്ങോട്ടും ഓടിപ്പോകാൻ കഴിഞ്ഞതേയില്ല. ഇപ്പോഴും രാവിലെ നാലുമണിക്ക് സീൽക്കാര ശബ്ദത്തോടെ ആ പഴയ അലാറം അലർച്ചയിടുന്നു. അതുകേട്ട് ആലീസ് അടുക്കളയിലേക്ക് ഓട്ടം തുടങ്ങുന്നു. വെക്കേഷൻ പ്രമാണിച്ച് ജോഗിങ്ങിനു പോയിത്തുടങ്ങിയ അതിയാനുള്ള കട്ടൻകാപ്പി അഞ്ചു മണിക്ക് റെഡിയാക്കി ബെഡ്‌റൂമിലെത്തിക്കുന്നു. വോളിബോൾ പ്രാക്ടീസിനു പോകുന്ന ഇളയവനുള്ള പയർമുളപ്പിച്ചതും മുട്ട പുഴുങ്ങിയതും ആറു മണിക്കു റെഡിയാക്കുന്നു. മൂത്തവൻ കൂട്ടുകാരുടെകൂടെ എവിടെയൊക്കെയോ കുറച്ചുദിവസം ചുറ്റിയടിക്കാൻ പോയിവരുമ്പോഴുള്ള ഒരു ലോഡ് തുണി അലക്കിയുണക്കുന്നു. അവധിയായതുകൊണ്ട് മൂന്നുനേരത്തെ ഭക്ഷണമെന്നത് ഇടയ്ക്ക് ടിവി കാണുമ്പോൾ കൊറിക്കാനുള്ള വറപൊരിയും പലഹാരവുമുൾപ്പെടെ അഞ്ചാറുനേരത്തെ ഭക്ഷണമായി മാറിയിട്ടുണ്ട് വീട്ടിൽ. പിന്നെ പുറത്തെ ചൂടു കാരണം ഇടയ്ക്കിടെയുള്ള നാരങ്ങാവെള്ളം കലക്കിപ്പിഴിയുന്നതു വേറെ. മാമ്പഴക്കാലമായതുകൊണ്ട് വീട്ടുമുറ്റത്തെ മൂവാണ്ടന്റെ ചോട്ടിൽ തോട്ടിയും താങ്ങിപ്പിടിച്ച്, ചെനയ്ക്കാത്ത മാങ്ങ നോക്കിപ്പറിച്ച് അച്ചാറിട്ട് വയ്ക്കലും അയലത്തുനിന്ന് ആയോരും ഈയോരും കൊണ്ടുത്തരുന്ന ചക്ക വെട്ടിപ്പൊളിച്ച് പുഴുക്കുവയ്ക്കലും പഴുത്ത കൂഴച്ചക്ക കൊട്ടയിലിട്ടു വട്ടംകറക്കി നീരെടുത്ത് വരട്ടിവയ്ക്കലുമൊക്കെ ഇതിനിടെ മുറപോലെ നടക്കുന്നുണ്ട് വീട്ടിൽ.. 

ചുരുക്കത്തിൽ പതിവു വീട്ടുപണിക്കുപുറമേ അവധിക്കാലത്തിന്റെ വകയായി കുറെ അധികപ്പണികൂടി  ആലീസിന്റെ തലയിലായെന്നു പറഞ്ഞാൽ മതിയല്ലോ... എന്തൊക്കെ സ്വപ്നങ്ങളായിരുന്നു.. ടൂർ.. മേയ്ക്കോവർ... സൂംബാ... ആരാന്റെ ഒടുക്കത്തെ ലവ് ഹാൻഡിൽ...

വെക്കേഷനെന്നു കേൾക്കുമ്പോഴേ ആലീസിനിപ്പോ കലിപ്പാണ്.. അല്ലേലും വീട്ടിലെ പെണ്ണുങ്ങൾക്ക് എന്തോന്ന് അവധിക്കാലം. അതൊക്ക ഉമ്മറത്തിരിക്കുന്നവർക്കുള്ള ആർഭാടമല്ലേയെന്നോർത്ത് ആലീസ് കലണ്ടറിൽനോക്കി നെടുവീർപ്പിടും. കഴിഞ്ഞ ദിവസം അമ്മച്ചി ഫോണിൽ അൽപം പരിഭവിച്ചു സംസാരിച്ചപ്പോൾ ആലീസിനു കണ്ണുനിറയുന്നുണ്ടായിരുന്നു.

‘‘ നീ പറഞ്ഞതല്യോടീ, അവനും പിള്ളേർക്കും അവധിയുള്ളപ്പോൾ നാലഞ്ചുദിവസം അപ്പച്ചന്റേം അമ്മച്ചീടേംകൂടെ വന്നുനിൽക്കാമെന്ന്... കുരിശുമലയിലും കുട്ടിക്കാനത്തുമൊക്കെ പോയി ഒന്ന് അടിച്ചുപൊളിക്കാമെന്ന്....’’

‘‘– അത് അമ്മച്ചീ.. ഇവിടെ തിരക്കൊഴിഞ്ഞ് ഒരു ദിവസവുമില്ല.. അല്ലേലും എനിക്കെന്ത് വെക്കേഷൻ.. അടുത്ത അവധിക്കാലമാകട്ടെ അമ്മച്ചീ.. ഉറപ്പായും വരാം..’’

ആലീസിന് അറിയാം ആ ഉറപ്പ് അവൾക്ക് ഒരിക്കലും പാലിക്കാൻ കഴിയില്ലെന്ന്. വീട്ടുപണിയും അടുക്കളത്തിരക്കുമൊഴിഞ്ഞ് ഒരിക്കലും അവൾക്കൊരു അവധിക്കാലം ഉണ്ടാകില്ലെന്ന്.... അല്ലേലും, ഇത്ര നാൾ പണിയെടുത്തു മുഷിഞ്ഞതല്ലേ.. കുറച്ചുദിവസം നീയൊരു ബ്രേക്ക് എടുക്ക് എന്ന് ഏതെങ്കിലും വീട്ടമ്മയോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ... അവൾക്ക് എന്നെങ്കിലും ഒരു അവധിക്കാലം ഉണ്ടാകുമോ? 

Content Summary: Pink Rose Column on holidays of homemakers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA