പുഞ്ചിരി നമ്മുടെ ജീവിതം ധന്യമാക്കും

HIGHLIGHTS
  • പുഞ്ചിരിക്കാൻ കഴിയുന്നതാണു മനുഷ്യന്റെ ഏറ്റം വലിയ അനുഗ്രഹം.
  • ഭക്തിയോടു നിരക്കാത്തതാണ് പുഞ്ചിരി എന്നു ചിലർ ധരിച്ചുവച്ചിട്ടുണ്ട്.
629077968
SHARE

ചിരിക്കാം ചിരിക്കാം, ചിരിച്ചുകൊണ്ടിരിക്കാം. ചിരിയുടെ അമിട്ടിനു തിരി കൊളുത്താം...’’ റേഡിയോയിൽ നിന്ന് ആ ഗാനം ഒഴുകി വീഴുകയായിരുന്നു. അനുഗൃഹീതനായ ഗായകന്റെ നാദധാര ഹൃദയത്തിൽ അവാച്യമായ ഒരനുഭൂതി പ്രദാനം ചെയ്തു. ആ ഗാനം കേട്ടുകൊണ്ടിരുന്നവരുടെയെല്ലാം അനുഭവമതായിരുന്നു. എല്ലാവരുടെയും മുഖത്തു പുഞ്ചിരി വിടർന്നിട്ടുണ്ട്. എല്ലാവരും ആ ഗാനത്തിൽ അലിഞ്ഞു ചേർന്നുകഴിഞ്ഞു.

‘‘ലോകം ശോകഹതം’’ എന്നു ശങ്കരാചാര്യർ പറഞ്ഞുവച്ചിട്ടുണ്ട്. അതു പരമാർത്ഥമല്ലേ? എവിടെ നോക്കിയാലും നമ്മെ വേദനിപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളുമല്ലേ അധികം? ഒരു വേദന മാറിക്കഴിയുമ്പോൾ മറ്റൊന്നു വന്നുകഴിഞ്ഞു. ചൊട്ട മുതൽ ചുടലവരെ ദുഃഖങ്ങളുടെ ഒരു ഘോഷയാത്ര. അതാണ് മനുഷ്യജീവിതം. 

പുഞ്ചിരിക്കാൻ കഴിയുന്നതാണു മനുഷ്യന്റെ ഏറ്റം വലിയ അനുഗ്രഹം. മറ്റൊരു ജീവിക്കുമില്ലാത്ത ഭാഗ്യം. ലിയനാർഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ മോണലിസ എന്ന ചിത്രം പ്രദർശനത്തിനായി അമേരിക്കയിൽ കൊണ്ടുപോയി. ലക്ഷോപലക്ഷം ഡോളർ വില മതിക്കുന്ന – കഴിഞ്ഞ മുക്കാൽ സഹസ്രാബ്ദമായി  ജനകോടികളെ ആകർഷിക്കുന്ന ആ ചിത്രത്തിന്റെ മേന്മ, ആ ചിത്രത്തിലെ സുന്ദരിയുടെ ചുണ്ടിൽ ഡാവിഞ്ചി ഒരു പുഞ്ചിരി ഒരുക്കിവച്ചു എന്നതാണ്. അമേരിക്കക്കാരനായ ഒരു വിമർശകൻ പറഞ്ഞു: ‘‘പാവം ഡാവിഞ്ചി നല്ല ചിത്രകാരനാണ്. പക്ഷേ, നർമബോധം നമുക്ക് ഉള്ളത്ര ഉണ്ടായിരിക്കയില്ല. അല്ലെങ്കിൽ മോണലിസയുടെ ചുണ്ടിൽ ഒരു പുഞ്ചിരി കാഴ്ചവയ്ക്കാൻ നാലുവർഷം അത്യധ്വാനം ചെയ്യണമായിരുന്നോ?’’വിമർശകൻ പറയുന്നതു മുഖവിലയ്ക്ക് എടുക്കേണ്ട. മോണലിസയുടെ ചുണ്ടിൽ പുഞ്ചിരി ഒളിച്ചുവയ്ക്കാ‍ൻ ഡാവിഞ്ചി നാലോ നാൽപതോ വർഷം എടുക്കട്ടെ. നാം വലിയ കലാകാരന്മാർ അല്ലെങ്കിൽ തന്നെ നാലു സെക്കൻഡിനുള്ളിൽ പുഞ്ചിരി ഉതിർക്കാൻ കഴിവുള്ളവരാണ്. പുഞ്ചിരി നമ്മുടെ ജീവിതം ധന്യമാക്കും. അതുപോലെ തന്നെ സഹജരുടെയും. നന്മ കാണുമ്പോൾ സ്വയം മറന്ന് ആഹ്ലാദിക്കാൻ, പുഞ്ചിരിപ്പൂക്കൾ പൊഴിക്കാൻ കഴിയുമെന്നത് എത്രയോ ധന്യമാണ്. നർമബോധം ഒരു വലിയ വരദാനമാണ്. അത് ഇല്ലാത്തവന്റെ ജീവിതം ശുഷ്കവും ശൂന്യവുമായിരിക്കും. ആർക്കും അവരെ അഭിനന്ദിക്കാനോ ആരെയും അവർക്ക് അഭിനന്ദിക്കാനോ സാധ്യമല്ല. മനസ്സ് പ്രസാദകരവും നന്മയെ ആലിംഗനം ചെയ്യുന്നതുമാണെങ്കിൽ മറ്റൊന്നു കൊണ്ടും ആർജിക്കാനാവാത്ത സൗഭാഗ്യം ഈ ലോകത്തു നാം കൈവരിക്കും.

നന്മയെ കാണുന്നവർക്കും അതു തിരിച്ചറിഞ്ഞ് ആസ്വദിക്കുന്നവർക്കുമാണ് പുഞ്ചിരിക്കാൻ കഴിയുന്നത്. നമ്മുടെ ഹൃദയത്തിന്റെ ഭാവം സർവപ്രധാനമാണ്. പുഞ്ചിരിയെപ്പറ്റി ഒരെഴുത്തുകാരൻ ഇപ്രകാരം വിവരിക്കുന്നു: ‘‘ഒരു പുഞ്ചിരിക്കു വിലയൊന്നും കൊടുക്കേണ്ട, എന്നാൽ അത് അമൂല്യമായ അനുഭവം പ്രദാനം ചെയ്യുന്നു. പുഞ്ചിരി നൽകുന്ന ആളിനു നഷ്ടമൊന്നും സംഭവിക്കുന്നില്ല. എന്നാൽ അതു സ്വീകർത്താവിനു സന്തുഷ്ടി നൽകുന്നു. ഒരു പുഞ്ചിരിക്ക് ഒരുനിമിഷം മാത്രമേ ആവശ്യമുള്ളൂ. എന്നാൽ സ്വീകർത്താവിൽ അതിന്റെ സ്മരണ ഏറിയ കാലം – ചിലപ്പോൾ ആയുഷ്കാലം – നീണ്ടുനിൽക്കും. അതു കൂടാതെ കഴിയാൻ തക്കവണ്ണം ആരും കരുത്തരോ സമ്പന്നരോ ദരിദ്രരോ അല്ല. എന്നാൽ ആരെയും അതു സമ്പന്നതയുടെ സംതൃപ്തിയിൽ എത്തിക്കും. ഒരു പുഞ്ചിരി ഭവനത്തിൽ സന്തോഷം പരത്തുന്നു. ബിസിനസ് രംഗത്തു സൗമനസ്യം സൃഷ്ടിക്കുന്നു. സൗഹൃദത്തിന്റെ മുദ്രയും അടയാളവുമാണ് പുഞ്ചിരി. തളർന്നിരിക്കുന്നവർക്കു വിശ്രാന്തി നൽകുന്നു. നിരാശിതർക്ക് ഉന്മേഷം നൽകുന്നു. ദുഃഖിതർക്കു പ്രസന്നത പ്രദാനം ചെയ്യുന്നു. പ്രശ്നങ്ങൾക്കു മുന്നിൽ ഫലപ്രദമായ മാധ്യമമായി വർത്തിക്കുന്നു.’’

ഭക്തിയോടു നിരക്കാത്തതാണ് പുഞ്ചിരി എന്നു ചിലർ ധരിച്ചുവച്ചിട്ടുണ്ട്. കനപ്പിച്ച ഭാവവും മൗനമുദ്രിതമായ മുഖവുമാണ് ഭക്തിയുടെ ഭാവമെന്ന് അവർ തെറ്റായി ധരിക്കുന്നു. നിഷ്കളങ്കവും സ്വച്ഛവുമായ ഹൃദയത്തിൽ നിന്നാണ് പുഞ്ചിരി വിടരുന്നത്. നിഷ്കളങ്കരായ ശിശുക്കൾ ഉറക്കത്തിൽ കിടന്നു കൊണ്ടു ചിരിക്കുന്നതു പരിചിതമായ കാഴ്ചയാണ്.

പുഞ്ചിരി വിടർന്ന ഒരു രംഗം കൂടി ഓർക്കുന്നു. ഒരു കൊച്ചു പെൺകുട്ടി വിടർന്ന പുഞ്ചിരിയോടെ ഒരു മിഠായി ചോദിച്ചു കൊണ്ട് ഒരു വൈദികന്റെ അടുക്കലെത്തി. അടുത്ത നിമിഷം ഒരാൺകുട്ടിയും ഓടിയെത്തി. പോക്കറ്റിൽ തപ്പിയപ്പോൾ ആ വൈദികന്റെ കയ്യി‍ൽ ഒരു ചോക്കലേറ്റ് കിട്ടി. കുട്ടികൾക്കു കൊടുക്കാൻ പോക്കറ്റിൽ ചോക്കലേറ്റ് സൂക്ഷിക്കുന്ന പതിവുകാരനാണ് അദ്ദേഹം. ‘‘I am sorry, ഒരെണ്ണം മാത്രമേ എന്റെ കയ്യിലുള്ളൂ.’’ മുതിർന്ന പെൺകുട്ടി അതു വാങ്ങിയിട്ട് അനുജനു കൊടുത്തു. അപ്പോൾ ഇളയകുട്ടിയുടെ മുഖത്തു പുഞ്ചിരി വിടർന്നു. മാത്രമല്ല, പെൺകുട്ടിയുടെ മുഖത്തും. അത് അവളുടെ ഇളയ സഹോദരന്റെ സന്തോഷത്തിന്റെ പ്രതിഫലനമായിരുന്നു. അവൾ പുഞ്ചിരിച്ചുകൊണ്ട് ആ മാധുര്യമുള്ള ദാനത്തിനു നന്ദി പറഞ്ഞു. രണ്ടു കുട്ടികളുടെയും പുഞ്ചിരി രണ്ടു വികാരത്തിൽ നിന്നായിരുന്നു. ഒന്ന്, ലഭിച്ചതിലുള്ള സന്തോഷം. മറ്റേത്, നൽകിയതിലും സഹോദരനെ സന്തോഷത്തിൽ വരുത്തിയതിലും. പുഞ്ചിരിക്കുക, പുഞ്ചിരി പൊഴിക്കുക ലോകം മുഴുവൻ നിങ്ങളോടൊത്ത്‌ പുഞ്ചിരിപ്പൂക്കളെ പൊഴിക്കും. ഹൃദയം വിഷാദകലുഷമാക്കി 

നിങ്ങൾ കരയുക.നിങ്ങൾ മാത്രം ഈ ലോകത്ത് കരഞ്ഞു കൊണ്ടിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA