ആകുലതയെ അതിജീവിക്കാൻ

anxiety-01
SHARE

മനുഷ്യന്റെ വൈകാരിക പ്രശ്നങ്ങൾക്കെല്ലാം ഒരു സന്ധികേന്ദ്രമുണ്ടെങ്കിൽ അത് ആകുല ചിന്തകൾ ആണെന്നും അവയ്ക്കു പരിഹാരം കണ്ടെത്തുക വഴി അവന്റെ മാനസിക പ്രശ്നങ്ങളെല്ലാം നിർധാരണം ചെയ്യാമെന്നും പ്രസിദ്ധ മനഃശാസ്ത്രജ്ഞനായ സിഗ്‍മ‍ണ്ട് ഫ്രോയിഡ് പറയുന്നുണ്ട്. ഭാവിയിലെ വരുംവരായ്കകളെ കുറിച്ചുള്ള ചിന്തകളാൽ ഏതു മനുഷ്യന്റെയും മനസ്സ് സദാ നിർഭരമായിരിക്കും. 

ചിതയും ചിന്തയും ഒന്നു തന്നെയെന്ന് ഒരു ചൊല്ലുണ്ട്. ചിത മൃതശരീരത്തെ ദഹിപ്പിക്കുന്നു. ചിന്ത ജീവനുള്ള ശരീരത്തെയും. ആകുലത കടന്നെത്തിക്കഴിഞ്ഞാൽ പലതരത്തിലുള്ള ശാരീരികാസ്വാസ്ഥ്യങ്ങളും പ്രത്യക്ഷപ്പെടുന്നു. വിട്ടുമാറാത്ത തലവേദന (കൊടിഞ്ഞി) ഉറക്കമില്ലായ്മ, രക്തസമ്മർദം വർധിക്കുക, കുടലിൽ കുരുക്കൾ ഇങ്ങനെ പലതും കടന്നെത്തും. ഒരാൾ ആകുലതയെ സാമ്യപ്പെടുത്തുന്നത് ഇരുമ്പിൽ ഉണ്ടാകുന്ന തുരുമ്പു പോലെയെന്നാണ്. കാന്തി കെടുത്തുന്നു, ശക്തി ഹനിക്കപ്പെടുന്നു.

മൃഗങ്ങൾക്ക് ആകുല ചിന്തകളില്ല. കാരണം അവയ്ക്കു സ്വതന്ത്രമായ ബോധമനസ്സില്ല എന്നതു തന്നെ. പൂർവകാലത്തെ പോരായ്മകളെക്കുറിച്ചു ചിന്തിക്കുന്ന മനുഷ്യന്റെ മനസ്സ് ഏറെ സങ്കീർണമാകുന്നു. അപ്പോൾ അറിവാണ് ആകുല ചിന്തയ്ക്കടിസ്ഥാനമെന്നു വരും. അറിവ് അഥവാ വെളിച്ചം കൈവന്നതാണ് ആകുലതയ്ക്ക് ഉറവിടമെന്നു ദാർശനികർ ചിന്തിക്കുന്നത് അതുകൊണ്ടാണ്. ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്നു പറയുന്ന കവിയുടെ ഉള്ളിൽ കത്തുന്ന മൂകവേദന മനുഷ്യകുലത്തിന്റെ വേദനയുടെ പര്യായമാണ്.

ആകുല ചിന്തയ്ക്ക് അടിസ്ഥാനം നിത്യവും നിയതവും ആകണമെന്നില്ല. ചിലർക്കു ധനനഷ്ടം, ചിലർക്കു മാനഹാനി, ചിലർക്കു മോഹഭംഗം, അങ്ങനെ പലതാകാം കാരണങ്ങൾ. ഒരുവനു കുട്ടികൾ അധികമുള്ളതു ദുഃഖ ചിന്തയ്ക്കു കാരണമെങ്കിൽ മറ്റൊരുവന് അനപത്യ ദുഃഖമാണ് ദുസ്സഹം. ബാലൻ കളിയിൽ ആസക്ത നായിരിക്കുന്നു. തരുണൻ തരുണിയിൽ ആസക്തനായിരിക്കുന്നു. വൃദ്ധൻ പഴയ കാര്യങ്ങളെ കുറിച്ചുള്ള ചിന്തയിൽ മുഴുകിയിരിക്കുന്നു എന്നു ഭജഗോവിന്ദത്തിൽ വിലപിച്ചിരിക്കുന്നു.

ഒരു പൈതൽ പിറന്നു വീഴുമ്പോൾ ആകുല ചിന്തകൾ അതിനെ ആവരണം ചെയ്യുന്നു. പൊക്കിൾക്കൊടിയി ലൂടെ മാതാവുമായി ബന്ധപ്പെട്ടിരുന്ന ആ ശിശു ബന്ധം വിടർത്തുമ്പോൾ ഏകനായി മാറുന്നു. ഈ ഏകാകി യുടെ വിലാപമാണ് ആ പൈതലിന്റെ ആദ്യ കരച്ചിൽ എന്നു മനഃശാസ്ത്രജ്ഞൻമാർ വിശേഷിപ്പിക്കുന്നു.

കൊച്ചുകുട്ടികൾക്ക് അവരുടേതായ ദുഃഖപ്രപഞ്ചമുണ്ട്. ഒരു കുട്ടി വിദ്യാലയത്തിലേക്ക് ആദ്യമായി എത്തുന്നതു വിവിധങ്ങളായ ആശങ്കകളോടും ആകുല ചിന്തകളോടും കൂടിയാണ്. അവന്റെ പ്രശ്നങ്ങളും സംശയങ്ങളും സ്നേഹപൂർവം പരിഗണിക്കുകയും അവയെ നേരിടാനുള്ള വഴികൾ പറഞ്ഞു കൊടുക്കുകയും ചെയ്യുന്നത് അകാരണമായ ആകുല ചിന്തകളിൽ നിന്ന് അവനെ മോചിപ്പിക്കാനിടയാകും.

ഉൽക്കണ്ഠകളെ രചനാത്മക വീക്ഷണത്തോടെ പരിഗണിക്കുകയും നിർധാരണം ചെയ്യുകയും ചെയ്യുക ജീവിതത്തിനുപകരിക്കും. പരിപക്വമായ വ്യക്തിത്വമാണ് ഇതിലൂടെ രൂപപ്പെടുന്നത്. അകാരണമായ ആകുല ചിന്തകൾ ബഹിഷ്കരിക്കുന്നതിൽ മതവിശ്വാസത്തിനു വലിയ പങ്കുണ്ട് എന്നത്രേ സി.ജി. യുങ് എന്ന മനഃശാസ്ത്രജ്ഞൻ പറയുന്നത്. ഭൗതിക വിശ്വാസി ചിന്തകൾക്ക് അതിർവരമ്പുകൾ നിർണയിച്ചു കൊണ്ട് സങ്കേതങ്ങളിൽ കുടുങ്ങുമ്പോൾ മതവിശ്വാസി തന്റെ വിശ്വാസത്തിലൂടെ അനന്തവും ദൂരവ്യാപകവുമായ ചക്രവാളം കണ്ടെത്തുന്നു. 

നാം കാണുന്ന പ്രപഞ്ചത്തിനപ്പുറത്ത് അവ്യാഖ്യേയമായവ ഉണ്ടെങ്കിലും ശരി. ഇല്ലെങ്കിലും ശരി, അവന്റെ സങ്കൽപം തന്നെ ആകുല ചിന്തകൾക്ക് അറുതി കൊടുക്കും. അതുകൊണ്ടു തന്നെയാണു കേവലമായ ഭൗതിക വീക്ഷണം മനസ്സിനെ വ്രണപ്പെടുത്തുന്ന ആകുല ചിന്തകൾ ഒഴിവാക്കാനുള്ള അവസാന വാക്കല്ല എന്ന് ആധുനിക മനഃശാസ്ത്രജ്‍ൻമാർ അഭിപ്രായപ്പെടുന്നത്.

ആകുലതകൾ ഇല്ലാതാക്കി മനഃശാന്തി കൈവരുത്താൻ തെറ്റായ പല മാർഗങ്ങളും അവലംബിക്കുന്നവരുണ്ട്. മയക്കുമരുന്നു കഴിക്കുന്നതും മദ്യം സേവിക്കുന്നതും അതിൽപെടുന്നു. പക്ഷേ, അവ ആ വ്യക്തിയെ അടിമപ്പെടുത്തി ദുരന്തങ്ങളിൽ എത്തിക്കുക മാത്രമേയുള്ളൂ. സ്വന്തമായി മനഃശാന്തി നഷ്ടപ്പെടുത്തുക മാത്രമല്ല കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്വസ്ഥതയും സമാധാനവും ഇല്ലാതാക്കുകയും ചെയ്യും. നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് ശരിയായി വിലയിരുത്താൻ കഴിയാത്തതാണു നമ്മുടെ ആകുലതയുടെ കാരണം. പക്വത ആർജിച്ചവരും പരിചയസമ്പന്നരുമായ ധന്യാത്മാക്കൾ ആരെങ്കിലുമായി ഹൃദയം തുറന്നു ചർച്ച ചെയ്യുന്നതു വളരെ സഹായകമാണ്. ഈശ്വരവിശ്വാസമുള്ളവരെങ്കിൽ ഒരുമിച്ച് അതേപ്പറ്റി ദൈവസമക്ഷം സമർപ്പിച്ചു പ്രാർഥിക്കുന്നതും പ്രയോജനം ചെയ്യും. 

യേശുക്രിസ്തു ഓർമപ്പെടുത്തുന്നു ... ‘‘നിങ്ങൾ ആകുലരാകേണ്ടാ. നിങ്ങളുടെ ആവശ്യമെന്തെന്നു നിങ്ങളുടെ സ്വർഗീയ പിതാവ് അറിയുന്നു. ‘‘ആകയാൽ നാളയെക്കുറിച്ച് നിങ്ങൾ ആകുലരാകരുത്. നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി.’’ യേശുവിന്റെ അന്ത്യരാത്രിയിൽ ഉൽക്കണ്ഠാകുലരായിരിക്കുന്ന ശിഷ്യസമൂഹത്തെ നോക്കിക്കൊണ്ടു ക്രിസ്തു പ്രസ്താവിച്ചു: ‘‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ. എന്നിലും വിശ്വസിക്കുവിൻ..’’ ആകുലതയെ അകറ്റുവാൻ ഒരു ഒറ്റമൂലിയായി അവിടുന്നു നൽകിയിട്ടുള്ളതു ദൈവത്തിൽ‌ ദൃഢമായി വിശ്വസിക്കുക; ആശ്രയിക്കുക എന്നുള്ളതാണ്.

English Summary: How To Overcome Anxiety

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA