ഒരു രാഷ്ട്രത്തലവന്റെ മൂല്യദർശനവും വിശ്വാസപ്രമാണങ്ങളും

Japan Hiroshima
US President Harry S. Truman. Photo Credit : AP Photo / File
SHARE

കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യഘട്ടത്തിൽ, രണ്ടാം ലോകയുദ്ധാനന്തര പശ്ചാത്തലത്തിൽ, അമേരിക്കയെ നയിച്ച പ്രശസ്ത ജനനേതാവായിരുന്നു പ്രസിഡന്റായിരുന്ന ഹാരി ട്രൂമാൻ. അദ്ദേഹത്തിന്റെ ഭരണകാലത്ത് അമേരിക്ക വലിയ മുന്നേറ്റം കൈവരിക്കുയും ലോകരാഷ്ട്രങ്ങളുടെ നേതൃനിരയിൽ നിൽക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മൂല്യബോധവും വിശ്വാസപ്രമാണവും വെളിപ്പെടുത്തുന്ന ഒരു രേഖ വായിക്കാനിടയായി. ഏതു കാലത്തുമുള്ള ഭരണകർത്താക്കളെ ഭരിക്കേണ്ടതും നയിക്കേണ്ടതുമായ വിശ്വാസപ്രമാണമായി അതിനെ കാണണം. ഇന്നത്തെ ഭരണകർത്താക്കളിൽ കേൾക്കുന്ന മൂല്യച്യുതിയും ആദർശരാഹിത്യവും നമ്മെ നിരാശപ്പെടുത്തുന്ന സാഹചര്യത്തിൽ ട്രൂമാൻ മുറുകെപ്പിടിച്ച മൂല്യങ്ങളെ മനസ്സിലാക്കാം. 

അദ്ദേഹം തന്റെ വിശ്വാസപ്രമാണങ്ങളെ ക്രോഡീകരിക്കുന്നത് ഇപ്രകാരമാണ്: ‘‘വേദപുസ്തകത്തിലെ പത്തു കൽപനകളെ അടിസ്ഥാനമാക്കിയുള്ള സദാചാരസംഹിതയിൽ ഞാൻ വിശ്വസിക്കുന്നു. അവയ്ക്കനുസരിച്ചു ജീവിക്കുന്ന ഒരാൾ ഒരിക്കലും വഴിപിഴച്ചു പോകുകയില്ലെന്നാണ് എന്റെ ഉറച്ച വിശ്വാസം. മറ്റുള്ളവർ നിങ്ങളോട് ഏതു വിധത്തിൽ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ ആ തരത്തിൽ അന്യന്മാരോടു പെരുമാറുക. അതാണ് സ്നേഹിതന്മാരോടും കുടുംബത്തിലുള്ളവരോടും സ്വൈരമായി കഴിഞ്ഞുകൂടുന്നതിനുള്ള നല്ല മാർഗം. അസത്യം പറയാതിരിക്കുക, മാന്യമായി പെരുമാറുക, ഏറ്റ കാര്യങ്ങൾ അണുവിടപോലും തെറ്റിക്കാതെ നിർവഹിക്കുക തുടങ്ങിയ നിഷ്ഠകൾ ഇതിനു കൂടിയേ കഴിയൂ.

പൊതുജീവിതത്തിൽ എന്തു പ്രതിബന്ധങ്ങൾ ഉണ്ടായാലും അവസാനം നീതി ജയിക്കും എന്ന വിശ്വാസം ഞാൻ മുറുകെപ്പിടിക്കുന്നു. ഒരു കാര്യത്തെപ്പറ്റി ആവുന്നത്ര വസ്തുതകൾ ശേഖരിച്ചതിനു ശേഷം പൊതുനന്മയെ മുൻനിർത്തി തീരുമാനമെടുക്കുകയും അതു നിർവഹിക്കുകയും ചെയ്യുക എന്ന നയമാണ് അവലംബിച്ചു പോന്നിരുന്നത്. എടുത്ത തീരുമാനങ്ങൾ ശരിയാണെന്നു വസ്തുതകൾ തെളിയിക്കുന്നതായാൽ അതു നീതിപൂർവമായതാവാനേ തരമുള്ളൂ.

പൊതുജീവിതത്തിൽ നേതൃത്വം വഹിക്കുന്ന വ്യക്തി, ഭാവിതലമുറ തന്നെപ്പറ്റി എന്തു വിചാരിക്കുമെന്നോ, ചരിത്രം തന്റെ പ്രവൃത്തികൾ എങ്ങനെ വ്യാഖ്യാനിക്കുമെന്നോ വേവലാതിപ്പെടേണ്ടതില്ല. തന്റെ കാലത്ത് തനിക്ക് അറിവുള്ള വസ്തുതകൾക്കനുസരിച്ചു തീരുമാനം എടുക്കുക. ചരിത്രം അതിനെപ്പറ്റി പിന്നെ എന്തു പറഞ്ഞാലും തരക്കേടില്ല. അങ്ങനെ തീരുമാനം കൈക്കൊള്ളുവാൻ നേതാവിനു തന്റെ രാജ്യത്തിന്റെ ചരിത്രവും പശ്ചാത്തലവും നല്ലപോലെ അറിഞ്ഞിരിക്കണം. പൊതുജീവിതത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഒരാൾ എപ്പോഴും പൊതുക്ഷേമത്തെപ്പറ്റിയാവണം ഓർക്കേണ്ടത്. വ്യക്തിപരമായ താൽപര്യമോ, ഇഷ്ടാനിഷ്ടങ്ങളോ തന്റെ  പൊതുപ്രവർത്തനത്തിൽ സ്വാധീനം ചെലുത്താൻ അദ്ദേഹം ഒരിക്കലും അനുവദിക്കരുത്. തന്റെ നടപ്പ് ഒരാൾക്കും ചോദ്യം ചെയ്യുവാൻ ആവാത്ത വിധത്തിലായിരിക്കണം ഒരു പൊതുപ്രവർത്തകൻ പെരുമാറേണ്ടത്.

സ്നേഹിതന്മാരോ പരിചയക്കാരോ അനുചിതമായ വല്ല ആവശ്യങ്ങൾക്കും സമീപിച്ചാൽ അവ നിരാകരിക്കാനുള്ള മനക്കരുത്തും ധീരമായ നിലപാടും നേതൃത്വം വഹിക്കുന്ന ആൾക്കുണ്ടാവണം. അങ്ങനെ നിരാകരിക്കുന്നത് അവരെ മുഷിപ്പിക്കാത്തവിധം വളരെ ഭംഗിയായും നയപരമായും വേണം താനും.

2008 Personal Side Presidents
US President Harry S. Truman Photo Credit : Byron Rollins / AP Photo

വ്യക്തിയുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള സന്നദ്ധത രാഷ്ട്രത്തിനുണ്ടാവണമെന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു. നാം ഇന്ന് ആവശ്യപ്പെടുന്ന പൗരാവകാശം രാഷ്ട്രം ജനങ്ങളുടെ ക്ഷേമകാര്യങ്ങളിൽ ജാഗരൂകമായിരിക്കണമെന്നാണ്, രാഷ്ട്രത്തിന്റെ മർദനത്തിൽ നിന്നു ജനങ്ങൾക്കു രക്ഷ വേണമെന്നല്ല. അതുകൊണ്ട് സകല പൗരന്മാരുടെയും സമത്വവും അവകാശങ്ങളും കാത്തു രക്ഷിക്കുന്നതിൽ ഗവൺമെന്റ് അത്യധികം താൽപര്യം പ്രദർശിപ്പിക്കേണ്ടതാണ്. തന്റെ ഇഷ്ടപ്രകാരം ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പൗരനും ഉണ്ടായിരിക്കണം. അതിനുള്ള പരിമിതി മറ്റുള്ളവരുടെ സ്വാതന്ത്ര്യസംരക്ഷണം മാത്രമായിരിക്കണം.

ഇൗ ലോകത്തിലെ ജനങ്ങളുടെ ജന്മാവകാശങ്ങൾ സാധിക്കുന്നതിനു തടസ്സമായി നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളും നീക്കണമെന്ന അഭിപ്രായം എനിക്കുണ്ട്. കുലീനത, മതം, വർഗം, നിറം എന്നിവ ഒന്നും തന്നെ മനുഷ്യരെ തമ്മിൽ വേർതിരിച്ചു നിർത്തുവാൻ പോന്നവയായിക്കൂടാ.

തങ്ങളുടെ സ്വാതന്ത്ര്യം അപകടത്തിലായിരിക്കുന്ന ജനസമൂഹത്തിന് അതിന്റെ സംരക്ഷണത്തിനു പൊരുതുന്നതിന് ഉത്തേജനം നൽകാനും സ്വാതന്ത്ര്യം നഷ്ടപ്പെട്ടുകഴിഞ്ഞവർക്ക് അതു വീണ്ടെടുക്കാൻ ധൈര്യം ഉണ്ടാക്കാനും നമുക്കു കഴിയണമെങ്കിൽ നമ്മുടെ ഡെമോക്രസിയിലെ കുറ്റങ്ങളും കുറവുകളും നാം ആദ്യമായി തീർക്കേണ്ടതുണ്ട്. അതിനുള്ള ദൃഢനിശ്ചയമാണു നാം ചെയ്യേണ്ടത്’’.

കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ച ഒരു രാഷ്ട്രത്തലവന്റെ മൂല്യബോധത്തിലേക്കും മൗലികമായ വിശ്വാസപ്രമാണത്തിലേക്കും ശ്രദ്ധ ക്ഷണിച്ചത് ഇന്നുള്ള ജനനേതാക്കൾക്കു മാതൃകയും പ്രചോദനവും ആകുവാനാണ്. നിസ്വാർഥത, സത്യസന്ധത, അർപ്പണബോധം, സദാചാരതീക്ഷ്ണത, മതബോധം, നിഷ്പക്ഷത, ജനാധിപത്യത്തിന്റെ മൗലികസിദ്ധാന്തമായ വ്യക്തിസ്വാതന്ത്ര്യം, അതിന്റെ പരിമിതികൾ ഇങ്ങനെ എല്ലാ മേഖലകളിലേക്കും കടന്നെത്തുന്ന ഒരു മാർഗരേഖയാണ് നാം പരിചിന്തനം ചെയ്തത്. ഹാരി ട്രൂമാനെ അഭിനന്ദിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആദർശങ്ങൾ എക്കാലത്തും എവിടെയുള്ളവർക്കും മാർഗദീപമായിത്തീരട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

English Summary : Innathe Chintha Vishayam - Life and Philosophy of Harry S. Truman - Column by T. J. J

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.