പേരറിവുകൾ

HIGHLIGHTS
  • കാക്കനാടൻ ആദ്യം കഥകളെഴുതിയിരുന്നതു ജോർജ് വറുഗീസ് എന്ന പേരിലായിരുന്നു
  • പേരു കുറച്ചുവന്നപ്പോൾ നമ്പൂതിരി എന്നുമാത്രം പോരേ എന്നു തോന്നി
interesting-things-about-name
SHARE

എത്ര കാക്കനാടൻമാരെ അറിയാം എന്നു ചോദിച്ചാൽ എല്ലാവരെയും എന്നു പറയേണ്ടിവരും.

ആദ്യം പരിചയപ്പെട്ടതു നാമൊക്കെ അറിയുന്ന കാക്കനാടന്മാരുടെ പിതാവിനെയാണ്. ജോർജ് കാക്കനാടനെ. കത്തോലിക്ക സഭയിലെ അംഗത്വം രാജിവച്ചു മാർത്തോമ്മ സഭയിലെ ഉപദേശിയായി കൊട്ടാരക്കരയ്ക്കടുത്തു കലയപുരത്തു താമസിച്ച ജോർജ് കാക്കനാടനെ കൊട്ടാരക്കരയ്ക്കടുത്തു വെട്ടിക്കവല സ്കൂളിൽ പഠിച്ചിരുന്ന ഞാൻ കണ്ടിട്ടുണ്ട്.  ആ വീട്ടിൽ അവർ കുടുംബാംഗങ്ങൾ മാത്രമല്ല അവിടെ ഒളിച്ചു താമസിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കളുമുണ്ടായിരുന്നു.

പിന്നീടവർ കൊല്ലത്തേക്കു താമസം മാറ്റി. ജോർജ് വർഗീസ് കാക്കനാടനും തമ്പി കാക്കനാടനും ഇഗ്നേഷ്യസ് കാക്കനാടനും രാജൻ കാക്കനാടനുമൊക്കെ പറക്കമുറ്റിയത് അവിടെവച്ചാണ്.

കാക്കനാടൻ ആദ്യം കഥകളെഴുതിയിരുന്നതു ജോർജ് വറുഗീസ് എന്ന പേരിലായിരുന്നു. കൗമുദിബാലകൃഷ്ണനും സി.എൻ. ശ്രീകണ്ഠൻ നായരും കൂടി നടത്തിയിരുന്ന കഥാമാലികയിലും ശ്രീകണ്ഠൻ നായരും എൻ.പി. ചെല്ലപ്പൻ നായരും കൂടി നടത്തിയിരുന്ന ദേശബന്ധുവിലും എൻ.വി. കൃഷ്ണവാരിയർ പത്രാധിപരായിരുന്ന മാതൃഭൂമി വാരികയിലും ഒട്ടേറെ കഥകൾ ആ പേരിൽ എഴുതിയശേഷം കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായ ജനയുഗം വാരികയിലാണു കാക്കനാടൻ എന്ന പേരിൽ ആദ്യമായെഴുതുന്നത്.

കെ. വി. രാമകൃഷ്ണയ്യർ മലയാറ്റൂർ രാമകൃഷ്ണൻ എന്ന തൂലികാനാമമാണു സ്വീകരിച്ചത്. മലയാറ്റൂർ എന്നു സ്വന്തം പേരിനോടു ചേർക്കാൻ രാമകൃഷ്ണനു സത്യത്തിൽ അവകാശമൊന്നുമില്ല. അതു കൂടുതൽ പെരുമയുള്ള ഒരു അയൽനാടു മാത്രമായിരുന്നു. കൂവപ്പടി രാമകൃഷ്ണൻ എന്നോ തോട്ടുവാ രാമകൃഷ്ണൻ എന്നോ ആയിരുന്നു എഴുതേണ്ടിയിരുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള തമിഴ്ബ്രാഹ്മണ സമൂഹമാണു കൂവപ്പടിയിലേത്. അതിന്റെ വടക്കേയറ്റം തോട്ടുവ. അതും കഴിഞ്ഞു പെരിയാറിനപ്പുറമാണു മലയാറ്റൂർ.

പവനൻ, സിവിക്ചന്ദ്രൻ എന്നീ പേരുകൾ അവരുടെ സ്വന്തം പേരിൽനിന്നുള്ള അപൂർവമായ രൂപാന്തരങ്ങളായി. മദ്രാസിൽ ജയകേരളം മാസികയിൽ പി. ഭാസ്കരനും പി വി. നാരായണൻ നായരും ജോലി ചെയ്യുമ്പോൾ നാരായണൻ നായർ,  പി.വി. എൻ. എൻ. എന്ന പേരു വച്ച് ഒരു ലേഖനമെഴുതി. ഭാസ്കരൻ ആദ്യത്തെ മൂന്ന്  അക്ഷരങ്ങൾക്കുശേഷം ഇംഗ്ലിഷിൽ ഒാരോ A എഴുതിച്ചേർത്തു. നോക്കിയപ്പോൾ പവൻപോലത്തെ പേര്. പവനൻ. 

സി വി. കുട്ടൻചന്ദ്രൻ എന്ന സി.വി. കെ. ചന്ദ്രൻ സിവിക് ചന്ദ്രൻ എന്ന പേരുമാറ്റിയത് എഴുത്തു ഗൗരവമായി എടുത്തപ്പൊഴാണ്.

കെ.ടി. സുകുമാരൻ എന്ന എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനും നാടറിയുന്ന സുകുമാർ അഴീക്കോടായത് അദ്ദേഹം മൂത്തകുന്നത്തു പ്രവർത്തിക്കുമ്പോഴാണ്. കോഴിക്കോടു ദേവഗിരി കോളജിൽ 120 രൂപ ശമ്പളത്തിൽ അധ്യാപകനായിരിക്കുമ്പോഴാണു 400 രൂപ ശമ്പളത്തിലും 100 രൂപ അലവൻസിലും മൂത്തകുന്നം എസ് എൻ എം ബിഎഡ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായി നിയമിതനായത്. 1962 ലും 1963 ലും കോളജ് റജിസ്റ്ററിൽ കെ ടി സുകുമാരൻ എന്നായിരുന്നു പേരെങ്കിൽ പുതിയ അധ്യയനവർഷം ആരംഭിച്ചപ്പോൾ റജിസ്റ്ററിൽ സുകുമാർ അഴീക്കോട് എന്നെഴുതിയാണ് അദ്ദേഹം ഹാജർ രേഖപ്പെടുത്തിയത്. ഇതു സംഭവിച്ചത് 1963 ൽ ആണെങ്കിലും 1947 ൽ കൊച്ചിയിൽ ദീനബന്ധുവിൽ സബ് എഡിറ്റർ ആയിരുന്നപ്പോൾ ‘ഹരിജനി’ലെ ലേഖനങ്ങൾ ദീനബന്ധുവിൽ തർജമ ചെയ്തു ചേർത്തിരുന്നതു സു. അ. എന്ന പേരിലായിരുന്നു.

പേരും തറവാട്ടുപേരും ഇനീഷ്യലും ഒന്നുമില്ലാതെ നമ്പൂതിരി എന്നു വായിക്കുമ്പോൾ ആൾ ആരാണെന്ന് നമുക്കു ഒരു സംശയവും ഉണ്ടാകാറില്ല. ‘‘കരുവാടു വാസുദേവൻ നമ്പൂതിരി എന്നതു നീണ്ടപേരാണ്. വരയുന്ന വാസുദേവൻമാർ ഒന്നിലധികം. പേരു കുറച്ചുവന്നപ്പോൾ നമ്പൂതിരി എന്നുമാത്രം പോരേ എന്നു തോന്നി. അത് അംഗീകരിക്കപ്പെട്ടു’’. നമ്പൂതിരി പറയുന്നു.

കാമ്പിശ്ശേരി വീട്ടിലെ കരുണാകരൻ ചാന്നാരും തോപ്പിലെ ഭാസ്കരപിള്ളയും  പുതുശ്ശേരിയിലെ രാമചന്ദ്രൻപിള്ളയും ചേർന്ന് 1943 ൽ ഒരു കൈയെഴുത്തു മാസിക പ്രസിദ്ധീകരിച്ചു: ‘ഭാരതതൊഴിലാളി’, വള്ളികുന്നത്തുനിന്നുള്ള ഈ മാസികയുടെ മുഖ്യ പത്രാധിപർ പേര് കാമ്പിശ്ശേരി കരുണാകരൻ എന്നു പരിഷ്കരിച്ചു. ഭാസ്കരപിള്ള തോപ്പിൽ ഭാസിയായി. ‘ഒരു ചാന്നാരും രണ്ടു പിള്ളമാരും’ എന്ന തലക്കെട്ടിൽ 1973 ൽ മഞ്ജുഷ മാസികയിൽ ഭാസി എഴുതി:രാമചന്ദ്രൻ പിള്ളയുടെ പേര് ഞങ്ങൾ പുതുശ്ശേരി രാമചന്ദ്രൻ എന്നാക്കി.

സർക്കാരുദ്യോസ്ഥർക്കു കഥയോ നോവലോ എന്നുവേണ്ട ഏതുതരം രചനയ്ക്കും മുൻകൂറായി അനുവാദം വാങ്ങണമെന്നു വ്യവസ്ഥയുള്ളതിനാൽ പേരുമാറ്റിയ പല എഴുത്തുകാരുണ്ട്. പട്ടാളത്തിലായിരുന്നു കെ. ഇ. മത്തായി പാറപ്പുറം ആയതും പി. സി. ഗോപാലൻ നന്തനാർ ആയതും കെ. എം. മാത്യു ഏകലവ്യൻ  ആയതും വി. വി. അയ്യപ്പൻ കോവിലനായതുമൊക്കെ അങ്ങനെയാണ്. കുന്നംകുളത്തുകാരനായ മാത്യു കൊളംമ്പസ് എന്ന പേരിലാണ് ആദ്യം ചെറുകഥകൾ എഴുതിയത്. വിദേശി പേരുവേണ്ടെന്ന് കോവിലൻ മാത്യുവിനെ അറിയിച്ചു. കോവിലൻ നൽകിയ ഏകലവ്യൻ എന്ന പേര് മാത്യു സ്വീകരിക്കുകയും ചെയ്തു.

സി. ജെ. ചാക്കോ എന്ന പേരിലാണു ചെമ്മനം ചാക്കോ ആദ്യകാലത്ത് എഴുതിയത്. സി. ജെ. സി. മുളക്കുളം എന്നും സാഹിത്യവിശാരദ് സി. ജെ. ചാക്കോ എന്നുമൊക്കെ കാലാകാലങ്ങളിൽ പേരു മാറ്റിയെഴുതി. സാഹിത്യവിശാരദ് സി. ജെ. ചാക്കോ ചെമ്മനം എന്ന പേരിലും എഴുതിയപ്പോൾ സുഹൃത്തു മാത്തൻ കുഞ്ഞു ചോദിച്ചു: പൂച്ച വീടു മാറുംപോലെ താനെന്തിനാ പേരു മാറ്റിക്കൊണ്ടിരിക്കുന്നത്. ചെമ്മനം ചാക്കോ എന്ന പേരിൽ എഴുതിക്കൂടേ?

അങ്ങനെ ചെമ്മനം ചാക്കോ പിറന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA