ഡിസൈൻ ഗുരു

HIGHLIGHTS
  • അച്ചടിയിൽ ദൃശ്യവിസ്മയം കൊണ്ടുവന്നയാൾ അനൂപ് രാമകൃഷ്ണൻ
kadhakkoottu-by-thomas-jacob-on-designer-anoop-ramakrishnan
അനൂപ് രാമകൃഷ്ണൻ
SHARE

അനൂപ് രാമകൃഷ്ണനെപ്പറ്റി (Anoop Ramakrishnan) എന്നെങ്കിലും എഴുതേണ്ടി വരും എന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹത്തിന്റെ മരണത്തെപ്പറ്റിയാവുമെന്നു തീരെ കരുതിയില്ല. മലയാളത്തിലെ ഏറ്റവും സർഗധനനായ ഡിസൈനറായിരുന്നു പ്രിയപ്പെട്ട അനൂപ്, മനോരമയിൽ പതിനൊന്നു വർഷം (1999–2010) ഡിസൈൻ വിഭാഗത്തിന്റെ മേധാവിയായിരുന്നു അനൂപ്. മനോരമ വിട്ടിട്ടും ഇപ്പോൾ പതിനൊന്നു വർഷമായി.

ഒരു സ്ഥാപനത്തിന് 133 വർഷത്തെ ചരിത്രം പറയാനുണ്ടാവുമ്പോൾ അതിനൊപ്പം നിന്ന ആയിരങ്ങളെ മാത്രമല്ല കാലാവധിയെത്തും മുൻപു പടിയിറങ്ങിപ്പോയ ചിലയാളുകളെക്കൂടി ഓർക്കേണ്ടതുണ്ട്.

മനോരമയിൽ നിന്ന് അങ്ങനെ പോയവരിൽ രണ്ടുമൂന്നു പേരുടെ രാജിയെപ്പറ്റി മാത്രമേ ഞാൻ ദുഃഖിച്ചിട്ടുള്ളൂ. അതിൽ മുൻപനാണ് അനൂപ്.

മനോരമയിൽ ഒരു വ്യാഴവട്ടക്കാലം പോലും ഇല്ലായിരുന്നെങ്കിലും ഒരു തലമുറക്കാലത്തു ചെയ്യാവുന്നതെല്ലാം ചെയ്തു തന്നിട്ടാണ് അദ്ദേഹം പിരി‍ഞ്ഞതെന്നു ഞാൻ ഓർമിക്കുന്നു. മനോരമയുടെ എല്ലാ അച്ചടി പ്രസിദ്ധീകരണങ്ങളുടെയും ടിവിയുടെയും ഓൺലൈനിന്റെയും മൾട്ടിമീഡിയ പ്രസിദ്ധീകരണങ്ങളുടെയും ദൃശ്യഭംഗി മെച്ചപ്പെടുത്തുന്നതിൽ ലോകപ്രശസ്ത ഡിസൈനർ മറിയ ഗാർഷ്യയോടൊപ്പം നിന്ന് അനൂപ് പ്രവർത്തിച്ചു.

മനോരമയിലെ അച്ചടി അക്ഷരങ്ങളെല്ലാം അനൂപ് ശുദ്ധീകരിച്ചെടുത്തു. മനോരമയിൽ നിന്നു പോയശേഷം ഒരു അക്ഷര ശ്രേണി അനൂപ് രൂപപ്പെടുത്തി. അതിനു മകളുടെ പേരു നൽകി: ശിവകാമി.

മനോരമയ്ക്കു വേണ്ടി 14 ഡിവിഡികളിലായി അനൂപ് എം.ടി. വാസുദേവൻ നായരെപ്പറ്റി (M.T. Vasudevan Nair) 2009–ൽ തയാറാക്കിയ മൾട്ടിമീഡിയ രചന എംടിയെപ്പറ്റിയുള്ള ഏറ്റവും വൈവിധ്യമാർന്ന കൃതിയാണ്. ‘‘അച്ഛനെപ്പറ്റി വന്ന ഏറ്റവും ബൃഹത്തായ രചനയാണിത്’’എന്ന് എംടിയുടെ മകൾ അശ്വതി സാക്ഷ്യപ്പെടുത്തുന്നു. മനോരമ ബുക്സ് അടുത്തു പുറത്തിറക്കുന്ന നമ്പൂതിരിയുടെ ‘രേഖകൾ’ രൂപകൽപന ചെയ്തിരിക്കുന്നതും അനൂപാണ്.

അമ്മ എന്നെഴുതുന്നതിനെപ്പറ്റി അനൂപ് ഒരിക്കൽ എഴുതി:

ഒരു സ്വതന്ത്രാക്ഷരവും ഒരു കൂട്ടക്ഷരവും ചേർന്ന അമ്മ എന്ന മലയാള വാക്ക്, അതിലെ ‘മ്മ’ എന്ന കൂട്ടക്ഷരത്തിന്റെ രൂപം. സ്ത്രീസ്വഭാവം – മറ്റ് ഇന്ത്യൻ ഭാഷകളിലെ അമ്മ വാക്കിന്റെ രൂപഘടനയെക്കാൾ വളരെയേറെ മാതൃത്വം അനുഭവപ്പെടുത്തുന്നതാണിത്. അച്ചടിയക്ഷരത്തെക്കാൾ കയ്യക്ഷരത്തിലാണ് അതു കൂടുതൽ പ്രകടമാവുന്നത്. പരസ്പരം കെട്ടിപ്പിടിച്ചു നിൽക്കുന്ന സമാനമായ രണ്ടക്ഷരങ്ങൾ. എപ്പോഴും ഒട്ടിനിൽക്കുന്ന വാത്സല്യം. അതിൽ ആദ്യത്തെ അക്ഷരം അൽപം ചെറുതാക്കിയാൽ അമ്മയും കുഞ്ഞുമായി മാറുന്ന രൂപവിശേഷം. പിറകിലേതു ചെറുതായാൽ അമ്മയെ അനുഗമിക്കുന്ന അനുസരണയുള്ള കുഞ്ഞ്. മലയാളത്തിൽ മറ്റൊരാളും അക്ഷരങ്ങളെപ്പറ്റി ഈ രീതിയിൽ ചിന്തിച്ചിട്ടില്ല.

വരയിലും അക്ഷരഭംഗിയിലും മാത്രമല്ല എഴുത്തിലും അനൂപ് സർഗധനനായിരുന്നു. അതു മനസ്സിലാക്കാൻ എനിക്കു കൂടി പകർപ്പു വച്ച് അദ്ദേഹം ചീഫ് എഡിറ്റർക്ക് ഇംഗ്ലിഷിൽ അയച്ച രാജിക്കത്തിൽ നിന്നുള്ള ഭാഗങ്ങൾ ഈ പേജിൽ ബാക്കിയുള്ള സ്ഥലത്തു ഞാൻ കൊടുക്കട്ടെ.

‘‘വലിയ ബഹുമാനത്തോടെയും ആരാധനയോടെയും ഈ കത്ത് സമർപ്പിക്കാൻ എന്നെ അനുവദിച്ചാലും. എന്റെ വ്യക്തി ജീവിതത്തിലും ജോലിയിലും വളരെ പ്രാധാന്യമുള്ള ഈ കത്ത് അർഥശങ്കയില്ലാത്തതും തൊഴിലിലെ മാന്യത പാലിക്കുന്നതുമായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. നന്ദിയോടും കൃതാർഥതയോടും കൂടി മനോരമയ്ക്കു ഞാൻ സമർപ്പിക്കുന്ന രാജിക്കത്താണിത്.

മനോരമയിൽ എന്റെ പതിനൊന്നാമത്തെ വർഷമാണിത്. ഈ കാലയളവിൽ എന്റെ ജീവിതം  വാക്കുകളിൽ പകർത്താനാവുന്നതല്ല. കാരണം  മനോരമ എന്നിൽ ചെലുത്തിയ സ്വാധീനം അത്ര അപരിമേയമാണ്. ഞാൻ സ്വപ്നത്തിൽ പോലും കാണാത്ത ഗുണപരമായ മാറ്റങ്ങളാണുണ്ടായത്. എന്റെ കഴിവുകളെ ഞാൻ നിരന്തരം വെല്ലുവിളിച്ചുണർത്തുന്ന സാഹചര്യങ്ങൾ. വലിയ ഉയരങ്ങളിലെത്താനുള്ള പ്രേരണകൾ. ഇവിടെ വന്നില്ലായിരുന്നെങ്കിൽ ഞാൻ ലക്ഷ്യമിടില്ലാതിരുന്ന വലിയ ഉയരങ്ങൾ.’’

ബോംബെ ഐഐടിയിൽ നിന്നുള്ള പാഠങ്ങൾ വലിയ കാൻവാസിൽ പകർത്താനാണ് ഞാൻ മനോരമയിൽ ചേരുന്നത്. രണ്ടോ മൂന്നോ വർഷങ്ങൾ ചെലവിടാനേ അന്നു ഞാൻ ഉദ്ദേശിച്ചിരുന്നുള്ളൂവെങ്കിലും ഇവിടെ ജോലിയിൽ എനിക്കു ലഭിച്ച രചനാത്മക സംതൃപ്തി എന്നെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നതിൽ നിന്നു പിന്തിരിപ്പിച്ചു. കർശനമെങ്കിലും നീക്കുപോക്കുകൾ അനുവദിക്കുന്ന ജോലി സമ്പ്രദായങ്ങൾ, ജോലി സ്ഥലത്തിന്റെ ശുഭ്രശാന്തത, കൂടെ പ്രവർത്തിക്കുന്നവരുടെ മികവ് എന്നിവ കാരണം ഞാൻ മനോരമ കുടുംബത്തിലെ അംഗമായി.’’

‘‘കുടുംബത്തിൽ നിന്ന് ആരും രാജി വയ്ക്കാറില്ല. അതുകൊണ്ട് ഇതു മറ്റൊരു രാജിക്കത്തല്ല, എന്റെ ജീവിതത്തിലെ പുതിയൊരു ഘട്ടം തുടങ്ങുന്നതിനുള്ള അംഗീകാരവും അനുഗ്രഹങ്ങളുമാണ് ഈ കത്തിലൂടെ ഞാൻ തേടുന്നത്. മനോരമയിൽ ഒരു സാന്ദ്രപൂർണതയിൽ ഞാൻ എത്തിയിരിക്കുന്നു. ഇനി തുടരുന്നതു മനോരമയ്ക്കോ എനിക്കോ നല്ലതായിരിക്കില്ല. ഇനി ന്യൂ മീഡിയയിൽകൂടി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആ രംഗത്തു മനോരമയുടെ ഏതു ജോലിയും ഏറ്റെടുക്കാൻ എനിക്കു സന്തോഷമേയുള്ളൂ. അതായിരിക്കട്ടെ മനോരമയിൽ എന്റെ രണ്ടാം ഇന്നിംഗ്സ്. ജീവിതകാലം മുഴുവൻ നീളുന്ന ഒരു ബന്ധത്തിനാഗ്രഹിച്ചുകൊണ്ട്..’’

വിട, പ്രിയ സുഹൃത്തെ...

Content Summary : Kadhakkoottu Column by Thomas Jacob on Designer Anoop Ramakrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS